മേരിലാൻഡ്: ബാൾട്ടിമോറിലെ പ്രമുഖ മലയാളി അസോസിയേഷനായ കൈരളി ഓഫ് ബാൾട്ടിമോറിന്റെ(കെ ഒ ബി) അധികാരമാറ്റ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. 2025 ജനുവരി 17 ന് ബാൾട്ടിമോറിലെ പാരഡൈസ് ഇന്ത്യൻ ക്യുസീനിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 2024ലെ കമ്മിറ്റിയിൽ നിന്ന് 2025ൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടീമിന് കമ്മ്യൂണിറ്റി സേവനത്തിൻ്റെയും സാംസ്കാരിക സമ്പുഷ്ടീകരണത്തിൻ്റെയും മാതൃകയ്‌ക്കൊപ്പം ഔദ്യോ ഗിക ഉത്തരവാദിത്തങ്ങളും വേദിയിൽ കൈമാറി.
2024ലെയും 2025ലെയും കമ്മിറ്റി അംഗങ്ങൾക്കായുള്ള മീറ്റ്-ആൻഡ്-ഗ്രീറ്റ് സെഷനോടെയാണ് ആഘോഷ സായാഹ്നത്തിന് തുടക്കം കുറിച്ചത്. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ഡോ. അൽഫോൻസ റഹ്മാൻ്റെ ആശീർവാദത്തോടെ മൗന പ്രാർത്ഥന നടത്തിക്കൊണ്ടാണ് ഔദ്യോഗിക നടപടികൾ ആരംഭിച്ചത്.
പോയ വർഷം നിർലോഭമായ പിന്തുണ നൽകിയ എക്‌സിക്യൂട്ടീവിനും കമ്മിറ്റി അംഗങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ഡോ. റഹ്മാൻ സ്വാഗത പ്രസംഗം നടത്തി. ഓർഗനൈസേഷൻ്റെ വിജയത്തിനായി സഹിഷ്ണുതയുടെയും ടീം വർക്കിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് 2024-ൽ തങ്ങൾ അഭിമുഖീകരിച്ച വെല്ലുവിളികൾ അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിഫലിച്ചു. 2024-ലെ ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾ മികച്ച രീതിയിൽ നടത്താൻ സാധിച്ചതുൾപ്പെടെയുള്ള നേട്ടങ്ങളും വ്യക്തമാക്കി.
എക്‌സിക്യൂട്ടീവ് ടീമിൻ്റെ കഠിനാധ്വാനത്തെയും സഹകരണത്തെയും അഭിനന്ദിച്ചുകൊണ്ടാണ് സ്ഥാനമൊഴിയുന്ന സെക്രട്ടറി ബെറ്റിന ഷാജു സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചത്. ഭരണസമിതിയുടെ നീക്കിയിരിപ്പ് തുക 2025ലെ കമ്മിറ്റിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. 2024 ലെ ട്രഷറർ രാജൻ എബ്രഹാം പിന്നിട്ട കമ്മിറ്റിയുടെ സാമ്പത്തിക സംഗ്രഹം പങ്കിട്ടു. സുവനീർ കമ്മിറ്റി മുഖേനയുള്ള ധനസമാഹരണ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സംഘടനയിലേക്ക് 10 പുതിയ ലൈഫ് അംഗങ്ങളെ ചേർത്തതും എടുത്തുപറഞ്ഞു.
സംഘടനയുടെ ഒരു ഇൻവെൻ്ററി തയ്യാറാക്കി 2025 ലെ പ്രസിഡൻ്റ് മൈജോ മൈക്കിളിന് മുൻ സെക്രട്ടറി കൈമാറിക്കൊണ്ട് സുതാര്യതയും പ്രവർത്തനക്ഷമതയും വെളിവാക്കി. യൂത്ത് വോളൻ്റിയർമാരുടെ സംഭാവനകൾക്ക് അംഗീകാരം എന്ന നിലയിൽ സർട്ടിഫിക്കറ്റുകളും പ്രത്യേക അവാർഡുകളും നൽകി. ബെതിയ, അയറിൻ, ആഞ്ജലീന എന്നിവരാണ് അവാർഡ് നേടിയത്.
സ്ഥാനമൊഴിയുന്ന സെക്രട്ടറിയും ട്രഷററും ഔദ്യോഗിക രേഖകൾ നിയുക്ത സെക്രട്ടറി റോഷിത പോൾ, ട്രഷറർ മരിയ തോമസ് എന്നിവർക്ക് കൈമാറി. മുൻ ജോയിൻ്റ് സെക്രട്ടറി സാജു മാർക്കോസ്, ഡോ. റഹ്മാന്റെയും ടീമിന്റെയും മാതൃകാപരമായ നേതൃത്വത്തെ അഭിനന്ദിക്കുകയും സമൂഹത്തിൽ പ്രസ്തുത സംഘടനയ്ക്ക് വർദ്ധിച്ചുവരുന്ന കരുത്ത് എടുത്തുപറയുകയും ചെയ്തു.
2025 ലെ കമ്മിറ്റിയിലെ സെക്രട്ടറി റോഷിത പോൾ, വൈസ് പ്രസിഡൻ്റ് ഓസ്റ്റിൻ ആലുവത്തിങ്കൽ, ട്രഷറർ മരിയ തോമസ്, ജോയിൻ്റ് സെക്രട്ടറി ഡോ. സൂര്യ ചാക്കോ, ജോയിൻ്റ് ട്രഷറർ ബിജോ തോമസ് എന്നിവരുൾപ്പെടെയുള്ള പ്രധാന അംഗങ്ങളെയും നിയുക്ത പ്രസിഡൻ്റ് മൈജോ മൈക്കിൾ വെടിക്കുമുന്പാകെ പരിചയപ്പെടുത്തിക്കൊണ്ട് സ്വാഗതം ചെയ്തു. മുൻകൂട്ടിയുള്ള ആസൂത്രണത്തിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്പോർട്സ് മീറ്റ്, വിമൻസ് ഫോറം സമ്മേളനങ്ങൾ, ആരോഗ്യ സംരംഭങ്ങൾ, ഓണം, കേരളപ്പിറവി തുടങ്ങിയ സാംസ്കാരിക ആഘോഷങ്ങൾ, ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ മ്യൂസിക് ഷോ തുടങ്ങിയ പ്രധാന പരിപാടികൾ ഉൾപ്പെടെ 2025-ലെ കമ്മിറ്റി നടത്താനിരിക്കുന്ന പരിപാടികളെക്കുറിച്ചും സംസാരിച്ചു. ബ്ലഡ് ഡ്രൈവ്, യൂത്ത് വെൽനസ് പ്രോഗ്രാമുകൾ, സിപിആർ സർട്ടിഫിക്കേഷൻ, ഓണം, കേരളപ്പിറവി, ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ എന്നിവയുൾപ്പെടെ നിരവധി കമ്മ്യൂണിറ്റി പരിപാടികളും നടത്താൻ പദ്ധതിയുണ്ടെന്ന് 2025 ലെ ജോയിൻ്റ് സെക്രട്ടറി ഡോ. സൂര്യ ചാക്കോ വിശദീകരിച്ചു.
2025-ലെ സെക്രട്ടറി ഓരോ കമ്മിറ്റിയുടെയും ചെയർമാരെയും അവരുടെ ടീമിനെയും പരിചയപ്പെടുത്തിക്കൊണ്ട് ഈ വർഷത്തെ അവരുടെ ലക്ഷ്യങ്ങൾ ചർച്ച ചെയ്തു.
വിവിധ കമ്മിറ്റികളും ചെയർമാരും
രജിസ്ട്രേഷൻ ആൻഡ് മാർക്കറ്റിംഗ്: ജിലു ലെഞ്ചി, ജോ ചിറയത്ത്
ഫിനാൻസ്: അനിൽ അലോഷ്യസ്
വിനോദം: സ്റ്റാൻലി എത്തിനിക്കൽ
ഹോസ്പിറ്റാലിറ്റി: മുഹമ്മദ് നിഷാർ
പബ്ലിക് റിലേഷൻസ് & സോഷ്യൽ മീഡിയ: ജോബി ജോസ്
വെബ്: ജൂബിൻ ജോസഫ്
വിമൻസ് ഫോറം: ദീപാ മേനോൻ
കമ്മ്യൂണിറ്റി ഔട്ട്റീച്ച്. : റഹ്മാൻ കദബ
സ്പോർട്സ്: ജോഷ്വ സിറിയക്, ആശിഷ് തോമസ്
സുവനീർ: നീന ഈപ്പൻ
യൂത്ത്: ജെസീക്ക ജോൺ , ടോണി തോമസ്
ഓഡിറ്റ്: ബെന്നി തോമസ്.
അഡൈ്വസറി ബോർഡ് അംഗം ടൈസൺ തോമസാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിർവഹിച്ചത്. വൈസ് പ്രസിഡൻ്റ് ഓസ്റ്റിൻ ആലുവത്തിങ്കൽ നന്ദി പ്രകാശിപ്പിച്ചു. അത്താഴവിരുന്നോടെയാണ് പരിപാടി സമാപിച്ചത്.