വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഭരണസിരാകേന്ദ്രമായ ഗവർണറേറ്റിന്റെ തലപ്പത്തു നിന്നും, കർദിനാൾ ഫെർണാണ്ടോ വേർഗെസ് അൽസാഗ വിരമിക്കുമ്പോൾ, മാർച്ചു മാസം മുതൽ പുതിയ പ്രസിഡന്റായി, സിസ്റ്റർ റഫയെല്ല പെത്രിനി ചുമതലയേൽക്കുമെന്നു ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചു. ഇറ്റാലിയൻ ദൃശ്യമാധ്യമപരിപാടിയായ 'കെ തെമ്പോ കെ ഫാ' യിൽ ഫ്രാൻസിസ് പാപ്പാ, അവതാരകാരനായ ഫാബിയോ ഫാത്സിയുമായി നടത്തിയ അഭിമുഖസംഭാഷണത്തിനിടയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പാപ്പാ അറിയിച്ചത്. വത്തിക്കാനിൽ ഭരണകേന്ദ്രങ്ങളിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമായി, കഴിഞ്ഞ ദിവസം സമർപ്പിതർക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായി സിസ്റ്റർ സിമോണ ബ്രാംബില്ലയെയും പാപ്പാ നിയമിച്ചിരുന്നു.
ഭരണത്തിന്റെ സുഗമമായ നടത്തിപ്പുകൾ കൈകാര്യം ചെയ്യുന്നതിന് പുരുഷന്മാരേക്കാൾ സ്ത്രീകൾക്കുള്ള കഴിവിനെയും പാപ്പാ പ്രത്യകം എടുത്തു പറഞ്ഞു. തന്റെ സംഭാഷണത്തിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള പദ്ധതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളുടെ വെളിച്ചത്തിൽ, അത്തരം കാര്യങ്ങൾ വളരെയധികം നിർഭാഗ്യകരമായിരിക്കുമെന്നു അഭിപ്രായപ്പെട്ടു. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന ഒരു മനഃസ്ഥിതി എല്ലാവരും വളർത്തിയെടുക്കണമെന്നും പാപ്പാ പറഞ്ഞു.
ഗാസയിലെ വെടിനിർത്തൽ കരാർ ആരംഭിക്കുകയും, ബന്ദികളെ മോചിപ്പിക്കുകയും ചെയ്തതിനെക്കുറിച്ചും പാപ്പായോട് അഭിപ്രായം ആരാഞ്ഞു. കരാറിനായി മധ്യസ്ഥ ചർച്ചകൾ നടത്തിയവരോട് തനിക്കുള്ള നന്ദി പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളുടെ സിദ്ധാന്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏറെ ഉചിതമാണെന്നും, യുദ്ധം നിർത്തിക്കൊണ്ട് സമാധാനത്തിൽ ഏർപ്പെടുവാൻ വലിയ ധൈര്യം ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. സാമ്പത്തിക ദുരുപയോഗം നടത്തുന്ന ആയുധ ഫാക്ടറികളെ പാപ്പാ അപലപിക്കുകയും ചെയ്തു.
ക്ഷമിക്കപ്പെടാത്ത ഒരു പാപം പോലുമില്ലെന്നും, ക്ഷമിക്കുവാൻ ഒരിക്കലും ദൈവം മടി കാണിക്കുകയില്ലെന്നും, മറിച്ച് ക്ഷമിക്കുവാൻ അമാന്തിക്കുന്നത് മനുഷ്യരാണെന്നും പാപ്പാ അഭിമുഖത്തിൽ പറഞ്ഞു. എല്ലാവരും തന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളും, സഹോദരീസഹോദരന്മാരായും തന്നോടുകൂടി ആയിരിക്കുവാനാണ് ദൈവം ഇഷ്ടപെടുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.