Image

ഡൊണാൾഡ് ട്രംപിന് ആശംസകൾ നേർന്നു ഫ്രാൻസിസ് പാപ്പാ

ഫാ. ജിനു തെക്കേത്തലക്കൽ Published on 20 January, 2025
ഡൊണാൾഡ് ട്രംപിന് ആശംസകൾ നേർന്നു ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച്, 2025 ജനുവരി മാസം ഇരുപതാം തീയതി അമേരിക്കയുടെ നാല്പത്തിയേഴാമത്‌ രാഷ്ട്രപതിയായി ഡൊണാൾഡ്  ട്രംപ് അവരോധിക്കപ്പെടുന്ന അവസരത്തിൽ, ഫ്രാൻസിസ് പാപ്പാ തന്റെ ആശംസകളും പ്രാർത്ഥനകളും അറിയിച്ച് സന്ദേശമയച്ചു. പ്രസിഡന്റ് എന്ന നിലയിൽ തന്റെ ഉയർന്ന കടമകൾ നിർവഹിക്കുന്നതിനു സർവശക്തനായ ദൈവം തന്റെ ജ്ഞാനവും ശക്തിയും സംരക്ഷണവും പ്രദാനം ചെയ്യട്ടെ എന്ന് താൻ പ്രാർത്ഥിക്കുകയും, ആശംസിക്കുകയും ചെയ്യുന്നുവെന്നു സന്ദേശത്തിൽ പാപ്പാ കുറിച്ചു.

അവസരങ്ങളും, സ്വാഗതവും മറ്റുള്ളവർക്ക് നൽകുന്ന രാജ്യത്തിന്റെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിൽ അമേരിക്കൻ ജനത അഭിവൃദ്ധി പ്രാപിക്കട്ടെയെന്നും, വിദ്വേഷത്തിനോ വിവേചനത്തിനോ പുറന്തള്ളലിനോ ഇടമില്ലാത്ത, കൂടുതൽ നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. യുദ്ധം പോലെയുള്ള നിരവധി വെല്ലുവിളികളെ മനുഷ്യകുടുംബം മുഴുവൻ അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തിൽ, ജനങ്ങൾക്കിടയിൽ സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള  പരിശ്രമങ്ങളെ നയിക്കണമേയെന്നു ദൈവത്തോട് താൻ അഭ്യർത്ഥിക്കുന്നുവെന്നും പാപ്പാ തന്റെ സന്ദേശത്തിൽ കുറിക്കുന്നു. പ്രാർത്ഥനാശംസകളോടെയാണ് പാപ്പാ  തന്റെ സന്ദേശം  ഉപസംഹരിക്കുന്നത്.

ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ താൻ അക്ഷീണം  പ്രവർത്തിക്കുമെന്ന്, ഡൊണാൾഡ്  ട്രംപ്, തിരഞ്ഞെടുപ്പിന് ശേഷം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. തൻ്റെ ഭരണത്തിന്റെ  കീഴിൽ അമേരിക്ക  പുതിയ സംഘർഷങ്ങളിൽ ഏർപ്പെടില്ലെന്നും അദ്ദേഹം ഉറപ്പു നൽകിയിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക