വാഷിംഗ്ടൺ, ഡിസി: സ്ഥാനമൊഴിയും മുൻപേ പ്രസിഡന്റ് ബൈഡൻ തന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്ക് മാപ്പ് നൽകി. അവർ എന്തെങ്കിലും തെറ്റ് ചെയ്തതുകൊണ്ടല്ല, മറിച്ച് ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള നിന്നുള്ള രാഷ്ട്രീയ ആക്രമണങ്ങളെ ഭയന്നാണ് അങ്ങനെ ചെയ്തതെന്ന് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.
എന്റെ കുടുംബം നിരന്തരമായ ആക്രമണങ്ങൾക്കും ഭീഷണികൾക്കും വിധേയരായിട്ടുണ്ട്. എന്നെ വേദനിപ്പിക്കാനുള്ള ആഗ്രഹത്താൽ മാത്രം പ്രേരിതമാണ് അവ. ഏറ്റവും മോശപ്പെട്ട പക്ഷപാതപരമായ രാഷ്ട്രീയം. നിർഭാഗ്യവശാൽ, ഈ ആക്രമണങ്ങൾ അവസാനിക്കുമെന്ന് എനിക്ക് വിശ്വസിക്കാൻ കാരണമില്ല.
സഹോദരൻ ജെയിംസ് ബി. ബൈഡൻ; ജെയിംസിന്റെ ഭാര്യ സാറ ജോൺസ് ബൈഡൻ; ബൈഡന്റെ സഹോദരി വലേരി ബൈഡൻ ഓവൻസ്; അവരുടെ ഭർത്താവ് ജോൺ ടി. ഓവൻസ്; മറ്റൊരു സഹോദരൻ ഫ്രാൻസിസ് ഡബ്ല്യു. ബൈഡൻ എന്നിവർക്കാൻ മാപ്പ്
പ്രസിഡൻസി കാലാവധി അവസാനിക്കാൻ 20 മിനിറ്റിൽ താഴെ മാത്രം ശേഷിക്കെയാണ് മാപ്പ് പ്രഖ്യാപിച്ചത്.
സൗത്ത് കരോലിനയിലെ മുൻ സിറ്റി കൗൺസിലറായ ഏണസ്റ്റ് വില്യം ക്രോമാർട്ടി, കെന്റക്കിയിൽ നിന്നുള്ള സംസ്ഥാന നിയമസഭാംഗമായ ജെറാൾഡ് ജി. ലണ്ടർഗൻ എന്നീ രണ്ട് ഡെമോക്രാറ്റിക് രാഷ്ട്രീയക്കാർക്കും പ്രസിഡന്റ് മാപ്പ് നൽകി.
1975-ൽ സൗത്ത് ഡക്കോട്ടയിലെ പൈൻ റിഡ്ജ് ഇന്ത്യൻ റിസർവേഷനിൽ രണ്ട് എഫ്.ബി.ഐ ഏജന്റുമാരെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട നേറ്റീവ് അമേരിക്കൻ ആക്ടിവിസ്റ്റ് ലിയോനാർഡ് പെൽറ്റിയറിന്റെ ജീവപര്യന്തം തടവും ഇളവ് ചെയ്തു. 80 വയസ്സുള്ള പെൽറ്റിയറിന് തന്റെ ശേഷിക്കുന്ന സമയം വീട്ടുതടങ്കലിൽ കഴിയാൻ ഈ നടപടി അനുവദിക്കുമെന്ന് ബൈഡൻ പറഞ്ഞു.