Image

ജനുവരി 6 കേസുകളിലെ പ്രതികൾക്കു ട്രംപ് കൂട്ടമാപ്പു നൽകി; അവരല്ല അക്രമം നടത്തിയതെന്നു വാദം (പിപിഎം)

Published on 21 January, 2025
ജനുവരി 6 കേസുകളിലെ പ്രതികൾക്കു ട്രംപ് കൂട്ടമാപ്പു നൽകി; അവരല്ല അക്രമം നടത്തിയതെന്നു വാദം (പിപിഎം)

യുഎസ് പ്രസിഡന്റായി തിങ്കളാഴ്ച അധികാരമേറ്റ ഡൊണാൾഡ് ട്രംപ് 2021 ജനുവരി 6നു ക്യാപിറ്റോൾ ആക്രമിച്ച കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ മാപ്പ് നൽകി. ജയിലിൽ ഉള്ളവരെ ഉടൻ മോചിപ്പിക്കണം എന്നാണ് ഉത്തരവ്.

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനപ്പെട്ട വാഗ്‌ദാനമായിരുന്നു അത്. ഏതാണ്ട് 1,500 പേർക്ക് പൂർണവും നിരുപാധികവുമായ മാപ്പു നൽകിയെന്നു ട്രംപ് പ്രഖ്യാപിച്ചു. വിവിധ കേസുകളിലായി 1,583 പ്രതികളാണ് ഉണ്ടായിരുന്നത്.  

"ഈ മനുഷ്യരോട് അവർ ചെയ്തത് കൊടും ക്രൂരതയാണ്," കോടതികളെയും പ്രോസിക്യൂഷനെയും പോലീസിനെയുമെല്ലാം വിരൽ ചൂണ്ടി ട്രംപ് പറഞ്ഞു. "അക്രമം കാട്ടിയതൊക്കെ പുറത്തു നിന്നു വന്നവരാണ്. ഞാൻ അങ്ങിനെ വിശ്വസിക്കുന്നു. അതേ അവർ പുറത്തു നിന്നു വന്നവരാണ്. എഫ് ബി ഐ ക്കും പങ്കുണ്ടായിരുന്നു."

ട്രംപ് പരാജയപ്പെട്ട 2020 തിരഞ്ഞെടുപ്പിലെ ഫലം സർട്ടിഫൈ ചെയ്യാൻ കോൺഗ്രസ് സമ്മേളിച്ചപ്പോൾ അതു തടയാൻ ആൾക്കൂട്ടം ഇരച്ചു കയറിയത് ചരിത്രമാണ്. അതിനു മുൻപ് ട്രംപ് അവരോടു സംസാരിച്ചതും വാസ്തവമാണ്.

ആറു കേസുകളിൽ ശിക്ഷ വെട്ടിക്കുറച്ചതായും പ്രഖ്യാപിച്ച അദ്ദേഹം പക്ഷെ അതിന്റെ വിശദാംശങ്ങൾ പറഞ്ഞില്ല.

"അവർ ദീർഘകാലം ജയിലിൽ കിടന്നു," ട്രംപ് പറഞ്ഞു. "അവരുടെ ജീവിതങ്ങൾ നശിച്ചു. അവരോടു ചെയ്തത് മഹാ ക്രൂരതയാണ്."

ഔദ്യോഗിക കണക്കനുസരിച്ചു 2024 ഓഗസ്റ്റ് വരെ 562 കലാപകാരികളെ ശിക്ഷിച്ചിട്ടുണ്ട്. പ്രൗഡ് ബോയ്‌സ് നേതാവ് എൻറിക്ക് ടാരിയോ ആണ് ഏറ്റവും നീണ്ട ജയിൽ ശിക്ഷ കിട്ടിയ ഒരാൾ: 22 വർഷം. ടാരിയോയ്ക്കു ട്രംപ് മാപ്പു നൽകി. അയാൾ ജയിലിൽ നിന്നു തിങ്കളാഴ്ച തന്നെ ഇറങ്ങുമെന്ന് അഭിഭാഷകൻ അറിയിച്ചു.  

മറ്റൊരു വൻ സംഘമായ ഓത്ത് കീപ്പേഴ്സിന്റെ സ്ഥാപകൻ സ്റ്റുവർട്ട് റോഡ്‌സിനെയും വിടും. അദ്ദേഹത്തിന് 18 വർഷം വിധിച്ചിരുന്നു.

വിധി വരാത്ത കേസുകൾ അടച്ചു പൂട്ടാനും ട്രംപ് ഉത്തരവിട്ടു. ഏതാണ് 470.

ജനുവരി 6നു അക്രമം കാട്ടിയവർക്കു മാപ്പു നൽകാൻ പാടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. നിയമം ലംഘിക്കുന്നവരുടെ അക്രമത്തെ അപലപിക്കുന്നുവെന്നു അറ്റോണി ജനറൽ ആവുന്ന പാം ബോണ്ടി കഴിഞ്ഞയാഴ്ച്ച സെനറ്റ് വിചാരണയിൽ പറഞ്ഞു.

ജയിലിൽ കിടക്കുന്നവരെ ബന്ദികൾ എന്നാണ് ട്രംപ് വിളിച്ചത്. "നിങ്ങൾ എല്ലാവരും സന്തുഷ്ടരാവുമെന്നു ഞാൻ കരുതുന്നു."

Trump issues mass pardon Jan 6 accused

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക