ലോകാരോഗ്യ സംഘടനയിൽ (ഡബ്ലിയു എച് ഒ) നിന്നു യുഎസ് പിന്മാറുകയാണെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച അധികാരമേറ്റതിനു പിന്നാലെ പ്രഖ്യാപിച്ചു. യുഎൻ പൊതുജനാരോഗ്യ വിഭാഗത്തിൽ നിന്നു പിന്മാറുന്നത് ആദ്യ ദിവസം തന്നെ ഉണ്ടായി എന്നതിന് ഏറെ പ്രാധാന്യമുണ്ട്.
2020 ജൂലൈയിൽ കോവിഡ് മഹാമാരി വ്യാപിക്കുന്ന സമയത്തു ട്രംപ് ഭരണകൂടം ഡബ്ലിയു എച് ഒ യിൽ നിന്നു പിന്മാറിയിരുന്നു. ചൈനയിലെ വു ഹാനിൽ ഉദ്ഭവിച്ച മഹാമാരി നിയന്ത്രിക്കുന്നതിൽ സംഘടന പരാജയപ്പെട്ടു എന്നാണ് അന്നത്തെ ഉത്തരവിൽ പറഞ്ഞത്. പിന്മാറ്റത്തിനുള്ള ഒരു വർഷം നീളുന്ന നടപടിക്രമം അന്ന് തുടങ്ങിവച്ചെങ്കിലും പിന്നീട് പ്രസിഡന്റായ ജോ ബൈഡൻ അത് റദ്ദാക്കി.
പുതിയ ഉത്തരവ് ഒപ്പിടും മുൻപ് ട്രംപ് സഹായിയോട് പറഞ്ഞു: "ഇതൊരു വമ്പൻ നടപടിയാണ്." സംഘടനയ്ക്കു യുഎസ് അമിതമായി പണം നൽകുന്നു എന്ന ആക്ഷേപം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അനാവശ്യമായി പണം ചോദിക്കുന്നു എന്ന ആക്ഷേപവും. ചൈനയുടെ കളിപ്പാവയാണ് ഡബ്ലിയു എച് ഒ എന്ന ആരോപണവും ട്രംപ് ഉന്നയിച്ചു.
ആരോഗ്യ വിഷയങ്ങളിൽ വിവാദ പുരുഷനായ വാക്സീൻ വിരോധി റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ ആണ് ട്രംപ് ആരോഗ്യ വകുപ്പ് ഏല്പിച്ചിട്ടുള്ളത്.
Trump pulls out US from WHO