Image

ഓർമ്മപ്പുലരികൾ (കവിത: രാജൻ കിണറ്റിങ്കര)

Published on 21 January, 2025
ഓർമ്മപ്പുലരികൾ (കവിത: രാജൻ കിണറ്റിങ്കര)

ഓർമ്മതൻ
നറുവല്ലിയിലെത്ര
ശലഭരാഗങ്ങൾ
മുകുള സുഗന്ധം
പൊഴിച്ചങ്ങു വിടരുന്നു

അമ്മ നടന്നൊരു
വഴിയും നടുമുറ്റവും
തെളിനീരൊഴുകുന്ന
നീരാട്ട് കടവുകളും

ചുക്കിച്ചുളിഞ്ഞ
വദനത്തിൻ പുഞ്ചിരി
ജലകണം ചിതറുന്ന 
ശാന്തമാം മിഴികളും

തെക്കേ തൊടിയിലെ
തേൻമാവിൻ ചോടും
കല്ലെറിഞ്ഞാട്ടിയ
അണ്ണാറക്കണ്ണനും

ഈരിഴ തോർത്തിൽ
പിടയും പരൽ മീനും
താളില കുമ്പിളിൽ
ഒഴുകും ഹിമകണവും

നാക്കില  ചോട്ടിൽ
മഴക്കുട തീർത്തതും
വഴികളിൽ ചെളിവെള്ളം
തട്ടി തെറിപ്പിച്ചതും

മുറ്റത്തെ നെല്ലിന്
കാവലിരുന്നതും
കാവതി കാക്കയെ
ആട്ടിയോടിച്ചതും

പുഞ്ചവയലിലെ
പെൺമയിനക്കൊരു
ആൺകിളി കൂട്ടിനായ്
പാടത്തലഞ്ഞതും

നാലണ തുട്ടുകൊണ്ടൊരു 
പൂരം നുണഞ്ഞതും
പൊട്ടാത്ത പടക്കങ്ങൾ
പെറുക്കി നടന്നതും

സന്ധ്യക്ക് മണ്ണെണ്ണ
വിളക്കിൻ വെളിച്ചത്തിൽ
തറ പറ എഴുതി
അക്ഷരം കുറിച്ചതും

കാലുകളിളകുന്ന
സ്കൂൾ ബഞ്ചിലെ
കാലം കവർന്നൊരു
ഗുരുശിഷ്യ ബന്ധവും

ആകാശം കാട്ടാതെ
സൂക്ഷിച്ച് വച്ചൊരു
പുസ്തകത്താളിലെ
മയിൽപ്പീലി തുണ്ടും

ഏകാന്ത നോവിൻ്റെ
പുലർകാല യാത്രയിൽ
നഗരമനസ്സിലെ
ഓർമ്മപ്പെരുക്കങ്ങൾ

വഴികളിൽ ഇപ്പോഴും
വഴി തെറ്റി നിൽക്കുന്ന
പഴയൊരു ബാല്യത്തിൻ
കാലടിപ്പാടുകൾ ....

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക