കോഴിക്കോട്: നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടനും സംവിധായകനുമായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് തിങ്കളാഴ്ച രാത്രി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസില്‍ നടന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതിയും കഴിഞ്ഞയാഴ്ച ഹൈക്കോടതിയും തള്ളിയിരുന്നു.
കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പൊലീസ് 2024 ജൂണിലായിരുന്നു പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ ജയചന്ദ്രന്‍ ഒളിവില്‍ പോയി. അന്നു മുതല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നടനെ പിടികൂടാനായില്ല.
അടുത്തിടെ, കേസില്‍ ജയചന്ദ്രനെതിരേ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിക്കും കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്‌കൂളില്‍ അയയ്ക്കുന്നില്ലെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.