Image

കൂത്താട്ടുകുളം 'കിഡ്നാപ്പ്' നിയമസഭയില്‍ കത്തിക്കയറി; തെമ്മാടിത്തരമെന്ന് വി.ഡി സതീശന്‍ (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 21 January, 2025
 കൂത്താട്ടുകുളം 'കിഡ്നാപ്പ്' നിയമസഭയില്‍ കത്തിക്കയറി; തെമ്മാടിത്തരമെന്ന് വി.ഡി സതീശന്‍  (എ.എസ് ശ്രീകുമാര്‍)

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാമാജികരെ കൂട്ടത്തോടെ കൊണ്ടുപോയി പഞ്ചനക്ഷത്ര റിസോര്‍ട്ടുകളില്‍ താമസിപ്പിച്ച് മദ്യവും മദിരാക്ഷിയും പിന്നെ പണവും യഥേഷ്ടം കൊടുത്ത് നടത്തുന്ന ഇതര സംസ്ഥാന രാഷ്ട്രീയക്കളികള്‍ കേരളത്തിന് പരിചിതമല്ല. പക്ഷേ, സി.പി.എമ്മിന്റെ ഒരു വനിതാ സഖാവിനെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കിഡ്നാപ്പ് ചെയ്ത് ശാരീരീകവും മാനസികവും സാമ്പത്തികവുമായി പീഡിപ്പിച്ച സംഭവം കേരളത്തിലുണ്ടായി. കൂറുമാറുമെന്ന് ഭയന്ന് കൂത്താട്ടുകുളം നഗരസഭയിലെ സി.പി.എം കൗണ്‍സിലറായ കലാ രാജുവിനെയാണ് പാര്‍ട്ടി സഖാക്കള്‍ കാറില്‍ കടത്തിക്കൊണ്ടുപോയത്.

കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും എതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പോലീസുകാര്‍ നോക്കിനില്‍ക്കെയാണ് കൗണ്‍സിലറെ തട്ടികൊണ്ടുപോയതെന്നാണ് ആരോപണം. ഇരുപതോളം ആളുകള്‍ ചേര്‍ന്നാണ് കലയെ വാഹനത്തിലേക്ക് വലിച്ചിഴച്ച് കയറ്റിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സംജാതമായി. വനിതാ പ്രവര്‍ത്തകരടക്കം ആക്രോശിച്ചെത്തി വാഹനത്തില്‍ വലിച്ചു കയറ്റിയെന്നായിരുന്നു കലാ രാജു ആരോപിച്ചത്.

''തട്ടിക്കൊണ്ടുപോയത് സി.പി.എം പ്രവര്‍ത്തകരാണ്. എന്റെ കാല് കാറില്‍ കുടുങ്ങിയപ്പോള്‍ വെട്ടിമാറ്റി തരാമെന്ന് മകനേക്കാള്‍ പ്രായം കുറവുള്ള സി.പി.എം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തി. ഞാനൊരു വനിതയല്ലേ, ആ പരിഗണന പോലും തന്നില്ല. ചതിച്ചിട്ട് രക്ഷപ്പെടാമെന്ന് കരുതേണ്ട, വലിച്ചെറിയടാ വണ്ടിയിലേക്ക് എന്നായിരുന്നു ആക്രോശം. പൊതുജനമധ്യത്തില്‍ തന്നെയാണ് ഇതൊക്കെ നടന്നത്. പാര്‍ട്ടിയുടെ മുഴുവന്‍ ആളുകളും അവിടെ ഉണ്ടായിരുന്നു. വലിച്ചിഴച്ച് കാറില്‍ കയറ്റി ദേഹോപദ്രവം ചെയ്തു. എന്റെ സാരി വലിച്ചഴിച്ചു. തട്ടിക്കൊണ്ടു പോയതിനുശേഷം സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലാണ് എന്നെ എത്തിച്ചത്. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചില്ല. നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ ഗ്യാസിന്റെ ഗുളിക തന്നു...'' കല രാജു പറഞ്ഞു.

തന്നെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന സി.പി.ഐ.എം വാദത്തെ തള്ളിയ കലാ രാജു പാര്‍ട്ടിയുമായി ഇനി സംസാരിക്കാനില്ലെന്നും പറഞ്ഞു. ''ജീവിതകാലം മുഴുവന്‍ പാര്‍ട്ടിയോടൊപ്പം ചെലവഴിച്ച എനിക്ക് കിട്ടിയ സമ്മാനമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. കോണ്‍ഗ്രസ് പണം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് കാണിക്കട്ടെ. ഒരു പാര്‍ട്ടിയില്‍ നിന്നും ഞാന്‍ പണം വാങ്ങിയിട്ടില്ല...'' കലാ രാജു കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫിലെ 11 കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നത്. ചെയര്‍പേഴ്‌സണെതിരേയുള്ള അവിശ്വാസപ്രമേയം ഇക്കഴിഞ്ഞ 19-ാം തീയതി ശനിയാഴ്ച രാവിലെ 11-നും വൈസ് ചെയര്‍മാനെതിരേയുള്ള അവിശ്വാസപ്രമേയ ചര്‍ച്ച ഉച്ച കഴിഞ്ഞ് മൂന്നിനുമാണ് തീരുമാനിച്ചിരുന്നത്. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണ സമിതിയില്‍ 25 കൗണ്‍സിലര്‍മാരാണ് ആകെ ഉള്ളത്. ഇതില്‍ 13 പേര്‍ എല്‍.ഡി.എഫും 11 പേര്‍ യു.ഡി.എഫും ഒരു സ്വതന്ത്രനുമാണുള്ളത്.

അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെയാണ് സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്.  യു.ഡി.എഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസിലാക്കിയതാണ് തട്ടിക്കൊണ്ടുപോകാനുള്ള കാരണം.  പിന്നീട് സി.പി.എമ്മുകാര്‍ മോചിപ്പിച്ച കലാരാജുവിനെ എം.എല്‍.എമാരായ മാത്യു കുഴല്‍നാടന്‍, അനൂപ് ജേക്കബ് ഉള്‍പ്പെടെയുള്ളവരാണ് പരിക്കേറ്റ നിലയില്‍ കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സി.പി.എം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി കല രാജുവിന്റെ മകന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിത്തിരുന്നു. സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകനായ അരുണ്‍ ബി മോഹനും ബ്രാഞ്ച് സെക്രട്ടറിയും സാധാരണ പ്രവര്‍ത്തകരുമടക്കം നാലു പേരെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പിക്കെതിരെ ആലുവ റൂറല്‍ എസ്.പി അന്വേഷണത്തിന് ഉത്തരവിടുകയുണ്ടായി.

എന്നാല്‍ കേസിലെ പ്രധാന പ്രതികളായ സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ക്കെതിരെ പൊലീസ ചെറുവിരലനക്കിയിട്ടില്ല. കേസിന്റെ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് ഭാഷ്യം. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് ചെയര്‍പേഴ്സന്റെ കാറില്‍ ആണെന്നും വനിതാ കൗണ്‍സിലര്‍ അടക്കം തട്ടിക്കൊണ്ടു പോകലിന് കൂട്ടുനിന്നുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സി.പി.എം ഏരിയാ സെക്രട്ടറി അടക്കം കൗണ്‍സിലറെ മര്‍ദ്ദിച്ചു. കലാ രാജു വന്ന കാര്‍ തടഞ്ഞത് തട്ടിക്കൊണ്ടു പോകണം എന്ന ഉദ്ദേശത്തോടെയാണെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. പ്രതികളായ പ്രധാന നേതാക്കളെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്ന ആരോപണം യു.ഡി.എഫും ശക്തമാക്കുകയാണ്.

അതേസമയം, കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവം നിയമസഭയില്‍ വലിയ ബഹളത്തിന് കാരണമായി. പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍മേലുള്ള  മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മറുപടി പറയുമ്പോള്‍ ഭരണപക്ഷം തടസ്സമുണ്ടാക്കിയതില്‍ പ്രകോപിതനായ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ''എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നത്, എന്തും ചെയ്യാമെന്നാണോ...'' എന്ന് ചോദിച്ചു കൊണ്ട് ഭരണപക്ഷത്തിന് നേരെ ആഞ്ഞടിച്ചു.

ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി വസ്ത്രാക്ഷേപം ചെയ്തു. ഇതാണോ കേരളത്തില്‍ അമ്മമാരോടും സഹോദരിമാരോടുമുള്ള നീതിബോധമെന്നായിരുന്നു സതീശന്റെ ചോദ്യം. സി.പി.എമ്മിനെ അനുകൂലിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ കൗണ്‍സിലര്‍ക്ക് രാജി വയ്ക്കാമായിരുന്നല്ലോയെന്നും യു.ഡി.എഫ് കൂറുമാറ്റത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്. ഇതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്.

കലാ രാജുവിന്റെ സങ്കടം മുഖ്യമന്ത്രി അന്വേഷിക്കണം. മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കാന്‍ നിന്നാല്‍ കേരളം മുഴുവന്‍ അത് ആവര്‍ത്തിക്കും. ഈ വിഷയത്തെ ലാഘവത്തോടെ കണ്ട് സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുന്നെന്നും സതീശന്‍ ചോദിച്ചു. പരിഷ്‌കൃത സമൂഹമായ കേരളത്തില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് നീതീയുടെ സംരക്ഷണം കൊടുക്കേണ്ട പോലീസ് വൃത്തികേടിന് കൂട്ടുനിന്നു. കൗരവസഭയിലെ പ്പോലെയാണ് ഇത്. ഭരണപക്ഷം അഭിനവ ദുശാസനന്‍മാരായി മാറുന്നുവെന്ന്  സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഭരണപക്ഷം ബഹളമുണ്ടാക്കിയതോടെ അദ്ദേഹം പ്രകോപിതനായി  കൈയിലിരുന്ന പേപ്പര്‍ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. ബഹളത്തിന് സ്പീക്കര്‍ കൂട്ടുനില്‍ക്കുന്നെന്ന് സതീശന്‍ ആരോപിച്ചു. എന്നാല്‍ അത്തരം സംസാരമൊന്നും ഇങ്ങോട്ട് വേണ്ടെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം ഇതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച ശേഷം ഇറങ്ങിപ്പോയി.

കലാ രാജുവിന്റെ ചികിത്സയ്ക്കായി ഭര്‍ത്താവ് സഹകരണ ബാങ്കില്‍നിന്ന് 2016-ല്‍ 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ 2021-ല്‍ അദ്ദേഹം കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് കാലയളവില്‍ ലഭിക്കേണ്ട ഇളവുകളൊന്നും ലഭിച്ചില്ല. വീട് വിറ്റാണ് വായ്പയൊടുക്കിയയതെന്ന് കലാ രാജു പറഞ്ഞു. പലിശയടക്കം കൂടുതല്‍ തുക അടയ്ക്കേണ്ടിവന്ന കാര്യം പാര്‍ട്ടി വേദികളില്‍ ഉന്നയിച്ചിട്ടും ആരുംസഹായിച്ചില്ല.

പാര്‍ട്ടി ഇടപെട്ടാണ് കലാ രാജുവിന്റെ വീട് കച്ചവടമാക്കിയത്. അവര്‍തന്നെ അത് മൂന്നിരട്ടി വിലയ്ക്ക് മറിച്ച് വില്‍ക്കുകയും ചെയ്തു. അത്യവശ്യ ഘട്ടങ്ങളില്‍ പാര്‍ട്ടി ഇടപെടാത്തതില്‍ കലാ രാജുവിന് വിഷമമുണ്ടായിരുന്നു. സഹകരണ ബാങ്കിലുള്ള വായ്പ എഴുതിത്തള്ളാത്തതിനാല്‍ താന്‍ കൂറുമാറാനൊരുങ്ങി എന്ന സി.പി.എം പ്രചാരണം ശരിയല്ലെന്നും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച തന്നെയാണ് പൊതുജനമധ്യത്തില്‍ അധിക്ഷേപിച്ചതെന്നും അത് തടുക്കാന്‍ സി.പി.എമ്മിലെ ആരുമുണ്ടായില്ലെന്നും പറഞ്ഞ കലാ രാജു, സംഭവ സ്ഥലത്തും ആശുപത്രിയിലും ഒപ്പമുണ്ടായിരുന്നത് യു.ഡി.എഫ് ആണെന്നും വ്യക്തമാക്കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക