യുഎസിൽ ജനിക്കുന്നവർക്കു പൗരത്വം അവകാശമാക്കുന്ന നിയമം റദ്ദാക്കിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. സിവിൽ റൈറ്സ്-ഇമിഗ്രെഷൻ ഗ്രൂപ്പുകളുടെ സഖ്യമാണ് വലിയൊരു നിയമയുദ്ധത്തിലേക്കു നയിക്കുന്ന കേസ് കൊടുത്തത്.
യുഎസിൽ അനധികൃതമായി കഴിയുന്നവർക്ക് ജനിക്കുന്ന മക്കൾക്കു പൗരത്വം നിഷേധിക്കണം എന്നാണ് ഫെഡറൽ ഏജൻസികൾക്കു ട്രംപിന്റെ ഉത്തരവിൽ നൽകുന്ന നിർദേശം. മാതാപിതാക്കളിൽ ആരെങ്കിലും യുഎസ് പൗരത്വം ഉളളയാളാണെങ്കിൽ കുട്ടിക്കു പൗരത്വം ലഭിക്കും എന്നാണ് നിലവിലുള്ള നിയമം.
എന്നാൽ ട്രംപിന്റെ ഉത്തരവ് അനുസരിച്ചു ഈ കുട്ടികൾക്കു പൗരത്വം നിഷേധിക്കപ്പെടും. 30 ദിവസം കഴിഞ്ഞാൽ പാസ്പോർട്ട് പോലും നിഷേധിക്കും.
അമേരിക്കൻ സിവിൽ ലിബെർട്ടീസ് യുണിയനും (എ സി എൽ യു) അവരുടെ പല സ്റ്റേറ്റ് ചാപ്റ്ററുകളും മറ്റു സംഘടനകളും ചേർന്നു ന്യൂ ഹാംപ്‌ഷെയറിലെ ഫെഡറൽ കോടതിയിലാണ് 17 പേജുള്ള ലോസൂട്ട് നൽകിയത്. ട്രംപിന്റെ ഉത്തരവ് ഭരണഘടനയുടെ ലംഘനവും നിയമവിരുദ്ധവും ആണെന്ന് അതിൽ ചൂണ്ടിക്കാട്ടുന്നു.
ഉത്തരവിന്റെ പ്രത്യാഘാതം നേരിടുന്ന സംഘടനകൾ, കുട്ടികൾക്കു അമൂല്യമായ പൗരത്വം നിഷേധിക്കപ്പെടുന്ന മാതാപിതാക്കൾ എന്നിവർക്കു വേണ്ടിയാണു ഈ അപേക്ഷയെന്നു അതിൽ വ്യക്തമാക്കുന്നു. ഒരു ജീവിതകാലം മുഴുവൻ അകറ്റിനിർത്തലും നാടുകടത്തലുമാണ് ഈ കുട്ടികൾ നേരിടുന്നത്.
"പക്ഷെ ഇത് നിയമവിരുദ്ധമാണ്. അമേരിക്കൻ സമൂഹത്തിൽ ആർക്കാണ് പൂർണ പൗരത്വം ലഭിക്കാവുന്നത് എന്നു തീരുമാനിക്കുന്നത് ഭരണഘടനയും കോൺഗ്രസുമാണ്, പ്രസിഡന്റ് ട്രംപ് അല്ല."
ട്രംപിന്റെ ഉത്തരവ് നിയമവിരുദ്ധമെന്നു പ്രഖ്യാപിക്കണം എന്നു അപേക്ഷയിൽ ആവശ്യപ്പെടുന്നു. അത് നടപ്പാക്കുന്നത് തടയാൻ താത്കാലികവും സ്ഥിരവുമായ ഇൻജൻക്ഷൻ പുറപ്പെടുവിക്കണം.
Trump order on birthright faces court challenge