വാഷിംഗ്ടൺ, ഡി.സി: അനധികൃത കുടിയേറ്റക്കാരുടെയും താൽക്കാലിക വിസയിലുള്ളവരുടെയും മക്കൾക്ക് ജന്മാവകാശ പൗരത്വം നൽകുന്നത് നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചു. അതെ സമയം, നിയമപരമായ കുടിയേറ്റം കൂടുതൽ വേണമെന്നും ട്രംപ് പറഞ്ഞു
'അമേരിക്കൻ പൗരത്വത്തിന്റെ അർത്ഥവും മൂല്യവും സംരക്ഷിക്കൽ' (Protecting the Meaning and Value of American Citizenship) എന്ന തലക്കെട്ടിലുള്ള ഈ ഉത്തരവ്, 150 വർഷത്തിലേറെയായി നിലനിൽക്കുന്ന സംരക്ഷണങ്ങൾ അവസാനിപ്പിക്കുന്നു. ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം മാതാപിതാക്കളുടെ ലീഗൽ സ്റ്റാറ്റസ് നോക്കാതെ ഇവിടെ ജനിക്കുന്ന മക്കൾക്ക് പൗരത്വം ലഭിക്കുന്നു. അത് തടയാനാണ് ട്രംപ് ശ്രമിക്കുന്നത്.
ഈ ഉത്തരവ് ഗംഭീരം, ജന്മാവകാശം, അതൊരു വലിയ കാര്യമാണ്,' ഒപ്പുവെച്ചുകൊണ്ട് ട്രംപ് ഓവൽ ഓഫീസിൽ നിന്ന് പറഞ്ഞു. ജന്മാവകാശ പൗരത്വം നൽകുന്ന ലോകത്തിലെ ഒരേയൊരു രാജ്യം നമ്മളാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, ഇത് തികച്ചും പരിഹാസ്യമാണ്. പതിറ്റാണ്ടുകളായി ഈ മാറ്റം ജനം ആഗ്രഹിക്കുന്നു.
എന്നാൽ ഡസൻ കണക്കിന് രാജ്യങ്ങളിൽ ജന്മാവകാശ പൗരത്വ സംരക്ഷണങ്ങളുണ്ട്.
ഉത്തരവ് വന്ന് 30 ദിവസത്തിനു ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിക്കുന്ന കുട്ടികൾക്കാണ് ഈ ഉത്തരവ് ബാധകമാകുക. ഇത് നടപ്പിലാക്കാൻ സ്റ്റേറ്റ് സെക്രട്ടറി, അറ്റോർണി ജനറൽ, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി എന്നിവരോട് നിർദ്ദേശിക്കുന്ന വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് പൗരത്വം അംഗീകരിക്കുന്ന രേഖകൾ നൽകുന്നതിൽ നിന്നും സംസ്ഥാനം, പ്രാദേശിക അല്ലെങ്കിൽ മറ്റ് സർക്കാരുകൾ നൽകുന്ന പൗരത്വം അംഗീകരിക്കുന്നത്തിൽ നിന്നും ഉത്തരവ് ഫെഡറൽ ഏജൻസികളെ വിലക്കുന്നു . തിങ്കളാഴ്ച രാത്രി ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവ്, നിയമവിരുദ്ധമായോ താൽക്കാലിക വിസകളിലോ രാജ്യത്ത് താമസിക്കുന്ന മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾക്ക് യുഎസ് പൗരത്വം നിഷേധിക്കാൻ ഫെഡറൽ ഏജൻസികളോട് നിർദ്ദേശിക്കുന്നു. അല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാൾ യുഎസ് പൗരനോ നിയമപരമായ സ്ഥിര താമസക്കാരനോ ആയിരിക്കണം
ഈ സാഹചര്യങ്ങളിൽ ജനിക്കുന്ന കുട്ടികൾക്ക് പാസ്‌പോർട്ടുകൾ ഉൾപ്പെടെയുള്ള യുഎസ് പൗരത്വത്തിന്, ഒപ്പിട്ടതിന് 30 ദിവസം മുതൽ അർഹതയില്ലെന്ന് അതിൽ പറയുന്നു.
കോടതിയിൽ ഈ ഉത്തരവ് കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്, ഈ നീക്കം ഡെമോക്രാറ്റുകളിൽ നിന്ന് ഉടനടി വിമർശനത്തിന് കാരണമായി.
'ഭരണഘടന വ്യക്തമാണ്: നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിച്ച ആളാണെങ്കിൽ, നിങ്ങൾ ഒരു അമേരിക്കൻ പൗരനാണ്, നെവാഡ സെനറ്റർ ജാക്കി റോസൻ പറഞ്ഞു. 'അമേരിക്കക്കാരുടെ ജന്മാവകാശ പൗരത്വം എടുത്തുകളയാനുള്ള ഡൊണാൾഡ് ട്രംപിന്റെ ശ്രമം അതിരുകടന്നതും, ഭരണഘടനാ വിരുദ്ധവും, നിയമവിരുദ്ധവുമാണ്. നെവാഡക്കാരുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ ചെയ്യും.'
നിയമപരമായ കുടിയേറ്റം കൂടുതൽ വേണം: ട്രംപ്
നിയമപരമായ കുടിയേറ്റം തനിക്ക് പ്രശ്നമല്ലെന്നും തന്റെ താരിഫ് നയങ്ങൾ കാരണം ഉൽപ്പാദനം വികസിക്കാൻ പോകുന്നതിനാൽ രാജ്യത്തിന് കൂടുതൽ പേരെ ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.
'നിയമപരമായ കുടിയേറ്റം എനിക്ക് പ്രശ്നമല്ല. എനിക്ക് അത് ഇഷ്ടമാണ്. നമുക്ക് ആളുകളെ വേണം,' പ്രസിഡന്റ് എന്ന നിലയിൽ തന്റെ ആദ്യ വാർത്താ സമ്മേളനത്തിൽ തിങ്കളാഴ്ച അദ്ദേഹം പറഞ്ഞു.
ഓവൽ ഓഫീസിൽ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചുകൊണ്ടാണ് അദ്ദേഹം വാർത്താ സമ്മേളനം നടത്തിയത്.
അനധികൃത കുടിയേറ്റം തടയുന്നതിനും തീവ്രവാദികളെ തടയാൻ വിസ നടപടിക്രമങ്ങൾ കർശനമാക്കുന്നതിനുമുള്ള ഉത്തരവുകളിൽ ഒപ്പുവെച്ചപ്പോൾ, നിയമപരമായ കുടിയേറ്റത്തെക്കുറിച്ച് അദ്ദേഹം ഉറപ്പ് നൽകി.
'താരിഫ് ഒഴിവാക്കാൻ അമേരിക്കയിൽ ധാരാളം കമ്പനികൾ വരാൻ പോകുന്നു. നിങ്ങൾക്ക് താരിഫ് ആവശ്യമില്ലെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് യുഎസിൽ നിങ്ങളുടെ പ്ലാന്റ് നിർമ്മിക്കുക എന്നതാണ്. അതിനാൽ ഞങ്ങൾക്ക് ധാരാളം തൊഴിലാളികൾ വരാൻ പോകുന്നു. അതുകൊണ്ട് നിയമപരമായ കുടിയേറ്റം ഉണ്ടായിരിക്കണം.”
ദക്ഷിണ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ട്രംപ്, നാഷണൽ ഗാർഡിനെയും മറ്റ് സേനകളെയും വിന്യസിക്കാനും, അതിർത്തി മതിൽ പണിയുന്നത് ത്വരിതപ്പെടുത്താനും, അഭയം തേടുന്നവരെ മെക്സിക്കോയിൽ തന്നെ തുടരാൻ നിർബന്ധിക്കാനും അനുമതി നൽകി.
മറ്റൊരു ഉത്തരവ് മയക്കുമരുന്ന് കാർട്ടലുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുന്നു.
മെക്സിക്കോയ്ക്കുള്ളിലെ മയക്കുമരുന്ന് കാർട്ടലുകളെ പിന്തുടരാൻ ഇത് സൈന്യത്തെ അനുവദിക്കുമെന്ന് ട്രംപ് പറഞ്ഞു.
ഡോളറിന് പകരമുള്ള ഒരു കറൻസി വികസിപ്പിച്ചെടുത്താൽ ബ്രിക്സ് രാജ്യങ്ങൾക്ക് 100 ശതമാനം താരിഫ് ചുമത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇതിനകം തന്നെ ബ്രിക്സ് കറൻസി എന്ന ആശയം നിരസിച്ചു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന ഈ ഗ്രൂപ്പിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ.
ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ വാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അര ദിവസം മാത്രമേ കഴിഞ്ഞുള്ളൂ എന്ന് ട്രംപ് പരിഹസിച്ചു. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി ഒരു കരാറിൽ ഏർപ്പെടാൻ തയ്യാറായിരുന്നുവെന്നും എന്നാൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
'എനിക്ക് പ്രസിഡന്റ് പുടിനുമായി സംസാരിക്കണം,' ട്രംപ് പറഞ്ഞു. കരാറിൽ ഏർപ്പെടാത്തതിലൂടെ അദ്ദേഹം റഷ്യയെ നശിപ്പിക്കുകയാണ്. റഷ്യ വലിയ കുഴപ്പത്തിലാകുമെന്ന് ഞാൻ കരുതുന്നു,' അദ്ദേഹം പറഞ്ഞു.
ചൈന സന്ദർശിക്കാൻ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഈ വർഷം തന്നെ ആ യാത്ര സാധ്യമാകുമെന്നും ട്രംപ് പറഞ്ഞു.
രണ്ട് രാജ്യങ്ങളൊഴികെ മറ്റെല്ലാ രാജ്യങ്ങളുമായും യുഎസിന് വ്യാപാര കമ്മി ഉള്ളതിനാലും അത് മുതലെടുക്കുന്നതിനാലും എല്ലാ ഇറക്കുമതികൾക്കും 10 ശതമാനം തീരുവ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.