ടിക്ടോക്കിനു യുഎസിൽ 75 ദിവസം കൂടി തടസമില്ലാതെ പ്രവർത്തിക്കാൻ അനുമതി നൽകുന്ന ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച്ച ഒപ്പുവച്ചു. യുഎസ് കോൺഗ്രസ് പാസാക്കിയ നിയമം അനുസരിച്ചു ഉടമാവകാശം യുഎസ് കമ്പനിക്കു കൈമാറിയില്ലെങ്കിൽ ജനുവരി 19 മുതൽ ടിക്ടോക് നിരോധിക്കപ്പെടും എന്നായിരുന്നു വ്യവസ്ഥ.
പ്രസിഡന്റിന് ആ നിരോധനം 90 ദിവസത്തേക്ക് ഒഴിവാക്കി കൊടുക്കാം. പക്ഷെ ആ കാലാവധിക്കുള്ളിൽ ടിക്ടോക്കിന്റെ ചൈനീസ് ഉടമകളായ ബൈറ്റ്ഡാൻസ് ഓഹരികൾ യുഎസ് കമ്പനിക്കു കൈമാറുമെന്ന് പ്രസിഡന്റ് കോൺഗ്രസിനെ ബോധ്യപ്പെടുത്തണം.
ജനുവരി 19നു അധികാരത്തിൽ ഇരിക്കെ ജോ ബൈഡൻ അതിനു തുനിഞ്ഞില്ല. അന്ന് ടിക്ടോക് യുഎസിൽ അപ്രത്യക്ഷമായി. പക്ഷെ ഏതാനും മണിക്കൂറുകൾ കഴിഞ്ഞു ഭാഗികമായി തിരിച്ചു വന്നു.
നിരോധനം മരവിപ്പിക്കാമെന്നു ട്രംപ് പരസ്യമായി പറഞ്ഞിരുന്നു. ആ വാക്ക് പാലിച്ചാണ് അദ്ദേഹം തിങ്കളാഴ്ച്ച എക്സിക്യൂട്ടീവ് ഓർഡർ ഇറക്കിയത്. ടിക്ടോക് ആപ്പ് ലഭ്യമാക്കുന്ന ആപ്പ് സ്റ്റോറുകൾക്കു പിഴയടിക്കേണ്ട എന്ന് ഉത്തരവിൽ പറയുന്നു.
നിയമപരമായി, സംശയകരമായ നടപടിയാണ് ഇതെന്നു വിദഗ്‌ധർ പറയുന്നു. ചില റിപ്പബ്ലിക്കൻ നേതാക്കളും അങ്ങിനെ ചിന്തിക്കുന്നുണ്ട്.
ടിക്ടോക് സി ഇ ഒ: ഷു ച്യു തിങ്കളാഴ്ച ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഡയറക്റ്റർ ഓഫ് നാഷനൽ ഇന്റലിജൻസ് ആയി ട്രംപ് നിര്ദേശിച്ചിട്ടുളള തുൾസി ഗബ്ബാർഡിന്റെ തൊട്ടടുത്താണ് അദ്ദേഹം ഇരുന്നത്.
സത്യപ്രതിജ്ഞ ആഘോഷിക്കാൻ ടിക്ടോക് വിരുന്നും ഒരുക്കി.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള ടിക്ടോക് യുഎസിലെ 170 മില്യൺ ഉപയോക്താക്കൾ വഴി ഒട്ടേറെ ഡാറ്റ ചോർത്തുന്നു എന്നാണ് ആരോപണം. അത് തടയാനാണ് കോൺഗ്രസ് അവരോടു ഓഹരികൾ യുഎസ് കമ്പനിക്കു കൈമാറാൻ ആവശ്യപ്പെട്ടത്. എന്നാൽ തിരഞ്ഞെടുപ്പിൽ ടിക്ടോക് തന്നെ സഹായിച്ചെന്നു ട്രംപ് കരുതുന്നു.
Trump lets TikTok hang on