വാഷിംഗ്ടൺ, ഡിസി: ജന്മാവകാശ പൗരത്വം എടുത്തു കളഞ്ഞ "അമേരിക്കൻ പൗരത്വത്തിന്റെ അർത്ഥവും മൂല്യവും സംരക്ഷിക്കൽ" ഉത്തരവ് കുറഞ്ഞത് ഒരു മില്യൺ ഇന്ത്യാക്കാരെയെങ്കിലും ദോഷമായി ബാധിക്കും.
ഉത്തരവനുസരിച്ച് അനധികൃതമായി താമസിക്കുന്നവരുടെയും താൽക്കാലിക വിസയിലുള്ളവരുടെയും ഇവിടെ ജനിക്കുന്ന മക്കൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കില്ല. ഈ മാറ്റം ഇന്ത്യൻ കുടുംബങ്ങളെ, പ്രത്യേകിച്ച് H-1B വർക്ക് വിസ അല്ലെങ്കിൽ H-4 ആശ്രിത വിസ പോലുള്ള താൽക്കാലിക വിസകളിൽ ഉള്ളവരുടെ കുട്ടികളെ ബാധിക്കും.
ഒരു മില്യണിലേറെ ഇന്ത്യാക്കാരൻ ഇപ്പോൾ എച്ച്-1 വിസയിൽ നിന്ന് ഗ്രീ കാർഡിന് അപേക്ഷിച്ചു കാത്തിരിക്കുന്നു. അവരെല്ലാം വിഷമത്തിലാകും.
അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക്, അവരുടെ മാതാപിതാക്കൾ പൗരന്മാരല്ലെങ്കിൽ പോലും, ചരിത്രപരമായി ജന്മാവകാശ പൗരത്വം നൽകിയിട്ടുണ്ട്.
പതിറ്റാണ്ടുകളായി ഗ്രീൻ കാർഡ് ബാക്ക്‌ലോഗിൽ കുടുങ്ങിക്കിടക്കുന്ന ഒരു ദശലക്ഷത്തിലധികം പേർക്ക് അവരുടെ മക്കളുടെ ജന്മാവകാശ പൗരത്വം സ്ഥിരതയുടെ ഉറപ്പായിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കുന്നതോടെ ഗ്രീൻ കാർഡിന് കാത്തിരിക്കുന്ന മാതാപിതാക്കൾക്ക് യുഎസിൽ ജനിക്കുന്ന കുട്ടികളുടെ പൗരത്വ പദവി അപകടത്തിലാക്കുകയും ഇത് കുടുംബങ്ങളെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്യും.
ജന്മാവകാശ പൗരത്വം ഉറപ്പുനൽകുന്ന യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതിയാണ് ഈ ഉത്തരവ് ചോദ്യം ചെയ്യുന്നത്. 14-ാം ഭേദഗതി ഒരിക്കലും സാർവത്രികമായി ബാധകമാകാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും താൽക്കാലിക വിസ പോലെ യുഎസിന്റെ "അധികാരപരിധിക്ക് വിധേയമല്ലാത്ത" വ്യക്തികളെ ഒഴിവാക്കാമെന്ന് എക്സിക്യൂട്ടീവ് ഉത്തരവ് വാദിക്കുന്നു.
എന്നാൽ ഇതിനെതിരെ 14 സ്റ്റേറ്റുകൾ ട്രംപിനെതിരെ കേസുമായി രംഗത്തു വന്നു കഴിഞ്ഞു.
വിദേശ പൗരന്മാർ തങ്ങളുടെ കുട്ടികൾക്ക് പൗരത്വം ഉറപ്പാക്കുന്നതിനായി പ്രസവിക്കാൻ യുഎസിലേക്ക് വരുന്ന ബെർത്ത് ടൂറിസത്തെ നിയന്ത്രിക്കാനും എക്സിക്യൂട്ടീവ് ഉത്തരവ് ലക്ഷ്യമിടുന്നു. മെക്സിക്കൻ കുടുംബങ്ങൾക്കൊപ്പം ഇന്ത്യൻ കുടുംബങ്ങളും ബെർത്ത് ടൂറിസത്തിൽ ഏർപ്പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു.