ജോ ബൈഡന്റെ ഭരണകാലത്തു നിയമിക്കപ്പെട്ട ആയിരത്തിലേറെ ജീവനക്കാരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റു ആദ്യ ദിവസം തന്നെ പിരിച്ചു വിട്ടു. ലോക പ്രശസ്തനായ ഷെഫ് യോസ് ആന്ദ്രെസും റിട്ടയർ ചെയ്ത ജനറൽ മാർക്ക് കെല്ലിയും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
"വൈറ്റ് ഹൗസിലെ എന്റെ ആദ്യത്തെ ദിവസം കഴിഞ്ഞിട്ടില്ല," ട്രംപ് തന്റെ ട്രൂത് സോഷ്യലിൽ കുറിച്ചു. "അമേരിക്കയെ മഹത്തരമാക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ അംഗീകരിക്കാത്ത ആയിരത്തിലധികം പേരെ തിരിച്ചറിഞ്ഞു പിരിച്ചു വിടാനുളള ശ്രമത്തിലാണ് എന്റെ പ്രസിഡൻഷ്യൽ പേഴ്‌സണൽ ഓഫിസ്."
ബൈഡൻ വിരമിക്കുന്നതിനു തൊട്ടു മുൻപ് ട്രംപിന്റെ പകയിൽ നിന്നു സംരക്ഷിക്കാൻ മാപ്പു കൊടുത്ത കെല്ലി നാഷനൽ ഇൻഫ്രാസ്ട്രക്ച്ചർ അഡ്വൈസറി കൗൺസിലിൽ ആണ് പ്രവർത്തിച്ചു വന്നത്. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് മുൻ ചെയർമാൻ കൂടിയായ കെല്ലി ട്രംപിനെ ഏകാധിപതിയാവാൻ ആഗ്രഹിക്കുന്നയാൾ എന്നു വിളിച്ചിരുന്നു. ചൈനയുമായി രഹസ്യ ചർച്ച നടത്തിയ കെല്ലിക്കു വധ ശിക്ഷ നൽകണമെന്നു ട്രംപ് പറഞ്ഞിരുന്നു.
ട്രംപ് അധികാരമേറ്റു വൈകാതെ പെന്റഗണിൽ നിന്ന് കെല്ലിയുടെ ചിത്രവും നീക്കി.
ബൈഡൻ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ച യോസ് ആന്ദ്രെസിനെ നീക്കം ചെയ്തത് പ്രസിഡൻഷ്യൽ കൌൺസിൽ ഓഫ് സ്പോർട്സ്, ഫിറ്റ്നസ് ആൻഡ് നുട്രീഷനിൽ നിന്നാണ്. പലസ്തീൻ ഉൾപ്പെടെയുള്ള യുദ്ധഭൂമികളിൽ ഭക്ഷണം എത്തിച്ച ചരിത്രമുളള വേൾഡ് സെൻട്രൽ കിച്ചൻ ഉടമ ട്രംപുമായി ഏറ്റുമുട്ടിയിട്ടുണ്ട്.
മെക്സിക്കൻ വംശജർ ക്രിമിനലുകളും വംശീയ വാദികളും ആണെന്ന ട്രംപിന്റെ അഭിപ്രായം ആയിരുന്നു ഒരു പ്രകോപനം. ഡി സി യിലെ ട്രംപ് ഹോട്ടലിൽ തുറക്കാനിരുന്ന റെസ്റ്റോറന്റ് അന്ന് ആന്ദ്രെസ് വേണ്ടെന്നു വച്ചു.
ട്രംപ് തന്നെ പിരിച്ചി വിട്ടെന്ന അറിയിപ്പിൽ ആന്ദ്രെസ് സഹതാപം രക്ഷപ്പെടുത്തി. തന്റെ കാലാവധി കഴിഞ്ഞിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പറഞ്ഞു: "ദൈവം നിങ്ങൾക്ക് വിവേകം നൽകട്ടെ പ്രസിഡന്റ്. രാഷ്ട്രീയവും ചീത്തവിളിയുമൊക്കെ മാറ്റി വയ്ക്കാൻ പഠിക്കുക."
വിൽസൺ സെന്റർ ഫോർ സ്കോളേഴ്സിൽ നിന്നു മുൻ ഡിപ്ലോമാറ്റ് ബ്രയാൻ ഹൂക്കിനെയും പ്രസിഡന്റ്‌സ് എക്സ്പോര്ട് കൗൺസിലിൽ നിന്നു മുൻ അറ്റ്ലാന്റ്റാ മേയർ കെയ്‌ഷ ലാൻസിനെയും ട്രംപ് നീക്കം ചെയ്തതു രാത്രി ഏറെ വൈകിയാണ്.
റെക്കോർഡ് നിയമനങ്ങളും
ആയിരത്തോളം പേരെ പിരിച്ചു വിട്ടെങ്കിൽ ആദ്യ ദിവസം തന്നെ 1,300 പേരെയെങ്കിലും നിയമിച്ചു റെക്കോർഡ് സൃഷ്ടിക്കാനും ട്രംപ് മറന്നില്ല.
ആദ്യ ഭരണകാലത്തെ പരാമർശിച്ചു ട്രംപ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു: "എന്റെ ഏറ്റവും വലിയ തെറ്റ് ഗുണമില്ലാത്ത ആളുകളെ നിയമിച്ചു എന്നതായിരുന്നു. കൂറില്ലാത്തവർ."
ഇക്കുറി ട്രംപ് കൂറുള്ളവരെ മാത്രം നിയമിക്കുക എന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. പ്രസിഡൻഷ്യൽ പേഴ്‌സണൽ ഓഫിസ് നയിക്കുന്ന ദീർഘകാല സുഹൃത്ത് സെർജിയോ ഗോർ നാലായിരത്തോളം പേരെ പുതിയ ഭരണകൂടത്തിലേക്കു കൊണ്ടുവരും. ട്രംപിനെ എതിർത്തിട്ടുള്ളവർക്കു റിപ്പബ്ലിക്കൻ പാർട്ടിയിൽ ആണെങ്കിൽ പോലും നിയമനം ലഭിക്കില്ല.
നിക്കി ഹേലി അതിൽ ഒരാളാണ്. മൈക്ക് പെൻസ്, ഡിക്ക് ചേനി, ലിസ് ചേനി, മിറ്റ് റോംനി, പോൾ റയാൻ, ജോൺ ബോൾട്ടൺ, ജനറൽ ജെയിംസ് മാറ്റിസ്, മാർക്ക് എസ്പെർ എന്നിങ്ങനെ നീളുന്നു ആ പട്ടിക.
Trump firing Biden folks, hiring loyalists