Image

മഞ്ഞിൽ വിരിഞ്ഞ താമര (സനിൽ പി.തോമസ്)

Published on 22 January, 2025
മഞ്ഞിൽ വിരിഞ്ഞ താമര (സനിൽ പി.തോമസ്)

ലഫ്.കേണൽ ഡോ.സോണിയാ ചെറിയാൻ മാതൃഭൂമി വാരാന്തപ്പതിപ്പിൽ എഴുതിയ ഇന്ത്യൻ റയിൻബോ എല്ലാ അധ്യായവും വായിച്ചിരുന്നു.അതുകൊണ്ട് സോണിയ തൻ്റെ ആദ്യ നോവൽ "സ്നോ ലോട്ടസ് " ഇറങ്ങിയ വിവരം അറിയിച്ചപ്പോൾ പട്ടാള ജീവിത പശ്ചാത്തലത്തിൽ ഒരു നോവൽ എന്നു മാത്രമാണു കരുതിയത്.  വാങ്ങാൻ ഉറച്ചിരിക്കെ സോണിയ കൈയ്യൊപ്പിട്ട നോവൽ തപാലിൽ എത്തി. വായന പൂർത്തിയാകും മുമ്പുതന്നെ ആകാംക്ഷയോടെ ഞാൻ ചോദിച്ചു. "ഇതെഴുതാൻ എത്രനാൾ എടുത്തു.?" "രണ്ടു പതിറ്റാണ്ട് മനസ്സിൽ കൊണ്ടു നടന്ന ആശയം .രണ്ടു വർഷം മുൻപ് എഴുതിത്തുടങ്ങി.അവസാന ഒരു വർഷമാണ് കൂടുതലും എഴുതിയത് "എന്ന മറുപടി  അതിശയിപ്പിച്ചില്ല.കാരണം ആ രചനയ്ക്കു പിന്നിലെ ഗൃഹപാഠം മനസ്സിലാക്കിയിരുന്നു.

എപ്പോഴും ചിരിക്കുന്ന പെൺകുട്ടി എട്ടാം വയസ്സിൽ , കോപ്റ്റർ പൈലറ്റായിരുന്ന അച്ഛനെ നഷ്ടപ്പെട്ടതോടെ ചിരി നിർത്തി. ഏതാനും വർഷം കഴിഞ്ഞ് ,അച്ഛൻ കൊല്ലപ്പെട്ടുവെന്ന് സൈന്യം സ്ഥിരീകരിക്കുമ്പോഴും ഇല്ലായെന്നു വിശ്വസിച്ച്, അച്ഛൻ സഞ്ചരിച്ചിരുന്ന പാതയിലൂടെ സഞ്ചരിച്ചു. നഷ്ടബോധവും  കണ്ണീരും പ്രണയവും എല്ലാം സംയോജിക്കുന്ന നോവൽ.പലപ്പോഴും അത് സാഹസിക സഞ്ചാരവും പർവതാരോഹണവുമൊക്കെയാകുന്നു. ആർമി ഡോക്ടറും മൗണ്ടനീറും പാരാട്രൂപ്പറും ഷാർപ് ഷൂട്ടറുമായ നായിക ചരിത്രാന്വേഷി കൂടിയാകുമ്പോൾ വിവരണം ആധികാരികമാകുന്നു. തൻ്റെ വായനാനുഭവം അതിൻ്റെ തിളക്കമേറ്റുന്നു.

സോണിയ ചെറിയാൻ

എം.പി.വീരേന്ദ്രകുമാറിൻ്റെ "ഹൈമവതഭൂവിൽ " പോലെ ഒട്ടേറെ ഉപകഥകളും മിത്തും പശ്ചാത്തലവർണനയും നിറഞ്ഞ വിവരണം. ചിലപ്പോഴെങ്കിലും ഒരു സാഹസികയാത്രാ വിവരണമായി തോന്നും. മറ്റു ചിലപ്പോൾ ഡിറ്റക്ടീവ്സ് ഓൺ എവറസ്റ്റ്, സ്പൈസ് ഇൻ ദ് ഹിമാലയാസ്, എവറസ്റ്റ് എക്സ്പോസ്ഡ്, ഡോക്ടർ ഓൺ എവറസ്റ്റ് തുടങ്ങിയ പുസ്തകങ്ങൾ പറയുന്നതിനപ്പുറമുള്ള അതിസാഹസികത നിറഞ്ഞ പർവതാരോഹണമാകുന്നു. മേൽപ്പറഞ്ഞ പുസ്തകങ്ങളിലെ വിവരണം ഔദ്യോഗിക യാത്രയുടേതാണ്. അവിടെ ശത്രുഭയം വേണ്ട. രക്ഷാപ്രവർത്തനവും ഒരു പരിധിവരെ സാധ്യമാകും. മറിച്ച്,  സോണിയയുടെ നോവലിലെ  ഗോപുവും ദാവയും ചൈനീസ് പട്ടാളത്തിൻ്റെ കണ്ണിൽപ്പെടാതെയാണ് യാത്ര. അവർ ഇടയ്ക്ക് നദിയും കടക്കുന്നു. ഷംബാല ലക്ഷ്യമിട്ടുള്ള യാത്രയിലെ ചില വിശ്വാസ വിവരണങ്ങൾ വായിച്ചപ്പോൾ എവറസ്റ്റിൻ്റെ നെറുകയിൽ എത്തിയ ടെൻസിങ്, ഷെർപ വിശ്വാസപ്രകാരം  കുഴിയെടുത്ത് കുറച്ച് ആഹാര പദാർഥങ്ങൾ അതിലിട്ടു മൂടിയതും ഹിലരി ക്രിസ്തുവിൻ്റെ ക്രൂശിത രൂപം സ്ഥാപിച്ചതും ഓർത്തു.മഞ്ഞിൽ പൊതിഞ്ഞൊരു മനുഷ്യശരീരം കണ്ട അനുഭവം വായിച്ചപ്പോൾ ജോർജ് ലീ മാലറിയിലേക്ക് ചിന്തകൾ പോയി.(1924ൽ എവറസ്റ്റിൽ മരിച്ച മാലറിയുടെ ശരീരം 1999ൽ ആണ് കണ്ടെത്തിയത്; ഹിലരിക്കും ടെൻസിങ്ങിനും മുമ്പേ എവറസ്റ്റ് കീഴടക്കിയ മാലറി ഇറങ്ങുമ്പോഴാണ് കൊല്ലപ്പെട്ടതെന്നാണു വിശ്വാസം.)

ചരിത്രം പറയുംപോലെ പ്രകൃതി വർണനയിലും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ അനുഭവം സോണിയയെ തുണച്ചിട്ടുണ്ട്.ഇവിടെയാണ് നേരത്തെ സൂചിപ്പി ച്ച ഗൃഹപാഠം എത്ര വലുതാണെന്നു മനസ്സിലാകുന്നത്.( ആമുഖമില്ലാതെ, സഹായിച്ചവരെക്കുറിച്ചുള്ള വിവരണം അവസാനമാക്കിയത്  മനപ്പൂർവമാണോ?) ഇതിനൊപ്പമുള്ള  തനി നാടൻ പ്രയോഗങ്ങൾ സോണിയയുടെ കുട്ടിക്കാല ഓർമകൾ തന്നെ.അതിൽ തണുപ്പുടുപ്പുകളുടെ പെട്ടി, സാരി അലമാര തുടങ്ങി പലതും വരുന്നു.ഇത്തരം പ്രയോഗങ്ങൾ ഇന്ത്യൻ റയിൻ ബോയിലും വായിച്ച ഓർമ.
ഗോപയ്ക്കും ദാവയ്ക്കുമൊപ്പം സഞ്ചരിച്ച് ഷം ബാലയിൽ എത്തിയപ്പോൾ എൻ്റെ മനസ്സിൽ തോന്നിയത് എവറസ്റ്റ് കീഴടക്കിയപ്പോൾ എന്തു തോന്നി എന്ന ചോദ്യത്തിന് നവങ് ഗോംബു പറഞ്ഞ മറുപടിയാണ്." ഇനി എങ്ങനെ ഇറങ്ങും ?" (മാതൃഭൂമി ബുക്ക്സ് ആണ് പ്രസാധകർ )
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക