ഒരു തലമുറ കാണുന്ന ഏറ്റവും ശക്തമായ ശീത കൊടുംകാറ്റ് ടെക്സസ് മുതൽ ലൂയിസിയാനയും ഫ്ലോറിഡയും വരെ ആഞ്ഞടിക്കുന്നു. കനത്ത മഞ്ഞും മഞ്ഞുകട്ടിയും ഹിമപാതവും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
235 മില്യൺ ആളുകളെ ബാധിച്ച കാറ്റിൽ ഗതാഗതം ഫലത്തിൽ മരവിച്ചു.
ഇതാദ്യമായാണ് തെക്കൻ ലൂയിസിയാനയ്ക്കും കിഴക്കൻ ടെക്സസിനും ഹിമവാത താക്കീതു നൽകുന്നത്. കനത്ത മഞ്ഞും ശക്തമായ കാറ്റും ഈ മേഖലകളെ വിറപ്പിക്കയാണ്. എവിടെ നോക്കിയാലും വെള്ള പുതച്ചു കിടക്കുന്നു.
റോഡ് യാത്രകൾ പരിമിതമാക്കണമെന്നു നാഷനൽ വെതർ ബ്യുറോ നിർദേശിച്ചു. സ്കൂളുകൾ, ഗവൺമെന്റ് ഓഫിസുകൾ, റസ്റ്റോറന്റുകൾ എന്നിവയ്ക്കു പുറമെ ഒട്ടു മിക്ക കടകമ്പോളങ്ങളും അടഞ്ഞു കിടപ്പാണ്.
ഏതാണ്ട് 2,100 ഫ്ലൈറ്റുകൾ ഈ മേഖലയിൽ ചൊവാഴ്ച റദ്ദാക്കി. മിസിസിപ്പി, അലബാമ, ഫ്ലോറിഡ എന്നിവിടങ്ങളിൽ ഏതാനും എയർപോർട്ടുകൾ അടച്ചിട്ടു.
ടെക്സസിലും ലൂയിസിയാനയിലും ഇന്റെർസ്റ്റേറ്റ് 10ന്റെ ഭൂരിഭാഗവും അടച്ചിട്ടു. ടെക്സസിന്റെ ഏറ്റവും വലിയ നഗരമായ ഹ്യുസ്റ്റണിൽ മൂന്ന് മുതൽ ആറിഞ്ച് വരെ മഞ്ഞു വീണു. ലൂയിസിയാനയുടെ പല ഭാഗങ്ങളിലും ആറിഞ്ച് വരെയും. ചൊവാഴ്ച ഉച്ച വരെയുള്ള സ്ഥിതിയാണിത്.
ടെക്സസിന്റെ ബീച്ചുകളിൽ മണ്ണിനു പകരം മഞ്ഞാണ്. ഗൾഫ് തീര സംസ്ഥാനങ്ങളുടെ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഫ്ലോറിഡയുടെ അടിസ്ഥാന സൗകര്യങ്ങൾ ഇത്തരം കാലാവസ്ഥ പ്രതീക്ഷിച്ചു ഡിസൈൻ ചെയ്തതല്ലെന്നു ഗവർണർ റോൺ ഡിസന്റിസ് പറഞ്ഞു. വാഹനങ്ങൾ ഓടിക്കുന്നവർ ഏറെ സൂക്ഷിക്കണമെന്നു അദ്ദേഹം താക്കീത് നൽകി.
ഇത്രയും കഠിന തണുപ്പും മഞ്ഞും ഈ തലമുറയ്ക്ക് പരിചിതമല്ലെന്നു ലൂയിസിയാന കാലാവസ്ഥാ വിദഗ്‌ധൻ ജയ് ഗ്രിമാസ് പറഞ്ഞു.
Once-in-a-generation winter storm hits US