അഭയാർഥി പദ്ധതി മരവിപ്പിക്കുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് താലിബാൻ ഭീകരതയിൽ നിന്നു പലായനം ചെയ്തു പാക്കിസ്ഥാനിൽ അഭയം തേടിയ ആയിരക്കണക്കിന് അഫ്ഘാൻ വംശജർക്കു കെണിയായി. പാക്കിസ്ഥാൻ അവരെ സ്വീകരിച്ചത് ആത്യന്തികമായി അവർക്കു യുഎസിൽ അഭയം ലഭിക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു.
വർഷങ്ങളായി അവർ കാത്തിരിപ്പ് തുടങ്ങിയിട്ട്. ഏതാണ്ട് 25,000 പേർ. യുഎസ് സേനയെ സഹായിച്ചു എന്നതാണു താലിബാൻ അവരെ ശത്രുക്കളായി കാണാൻ കാരണം. അവർക്കു അഭയം ലഭിക്കാൻ കഴിയുമായിരുന്ന യുഎസ് പദ്ധതി ആദ്യ ദിവസം തന്നെ ട്രംപ് കുട്ടയിൽ എറിഞ്ഞു.
ബൈഡൻ ഭരണകൂടവും പാക്കിസ്ഥാനും തമ്മിൽ ഉണ്ടാക്കിയ ധാരണ അനുസരിച്ചു യുഎസ് സേനയ്ക്കു വേണ്ടി ജോലി ചെയ്ത ഇവരെ യുഎസ് സ്വീകരിക്കും എന്നാണ് വ്യവസ്ഥ. എന്നാൽ ഇനി അത് നടക്കില്ല എന്ന സാഹചര്യത്തിൽ ഇവർ എങ്ങോട്ടു പോകും എന്നത് വലിയൊരു ചോദ്യ ചിഹ്നമാണ്.
അവരെ ചുമക്കാൻ പാക്കിസ്ഥാന് ധാർമികമായി ബാധ്യതയില്ല. അവർക്കു അത് സാധ്യവുമല്ല. യുഎസ് സേനയ്ക്കു വേണ്ടി ജോലി ചെയ്തു എന്നതു കൊണ്ട് താലിബാൻ അവരുടെ തലയെടുക്കും എന്നതു കൊണ്ട് ധാർമിക ബാധ്യത യുഎസിന് തന്നെയാണ്. അഫ്ഘാൻ-പാക്ക് ശതൃത രൂക്ഷമായിരിക്കെ അവർ ആ രാജ്യത്തു തുടരുന്നത് സാമൂഹ്യ പ്രശ്നങ്ങളും സൃഷ്ടിക്കും.
നാലു വർഷത്തിനിടയിൽ ഇവരുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമുണ്ടാക്കാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചില്ല എന്നതാണ് വാസ്തവം. സ്പെഷ്യൽ ഇമിഗ്രന്റ് വിസ (എസ് ഐ വി), റെഫ്യൂജി അഡ്മിഷൻ പ്രോഗ്രാം (യുഎസ് ആർ എ പി) എന്നിങ്ങനെയുള്ള ആയുധങ്ങൾ ബൈഡൻ ഉപയോഗിക്കും എന്നായിരുന്നു പ്രതീക്ഷ.
അതുണ്ടായില്ല. ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡർ കൂടി വന്നതോടെ ഒന്നും നടക്കില്ല എന്ന സ്ഥിതിയായി. 1,660 അഫ്ഘാൻ വംശജർക്ക് വരാനുള്ള വിസ ആയിരുന്നു എന്ന് റിപ്പോർട്ടുണ്ട്. അതും ഇനി നടക്കില്ല.
Door shut for Afghan refugees waiting in Pakistan