Image

അരവിന്ദന്റെ ഭാഗവതകഥ (ഡി. ബാബു പോള്‍)

Published on 07 May, 2015
അരവിന്ദന്റെ ഭാഗവതകഥ (ഡി. ബാബു പോള്‍)
മഹാപുരാണം മദീയം എന്ന്‌ ഭാരതീയരായ നാം അഭിമാനിക്കുന്ന കൃതിയാണ്‌ ഭാഗവതം.

ഭാരതത്തില്‍ പ്രാചീനകാലത്ത്‌ ശൂദ്രര്‍ക്കും അവര്‍ണ്ണര്‍ക്കും സ്‌ത്രീകള്‍ക്കും വേദപഠനം നിഷേധിച്ചിരുന്നു എന്നതു ശരിയാണ്‌. എന്നാല്‍ ഭാരതത്തിലെ പ്രാചീനസ്‌മൃതിനിയമങ്ങള്‍ െ്രെതവര്‍ണികര്‍ക്കായി വേദപഠനം അങ്ങനെ സംവരണം ചെയ്‌തുവെങ്കിലും, ഇതരവിഭാഗങ്ങളായ ശൂദ്രാദികള്‍ക്ക്‌ അധ്യാത്മസംസ്‌കാരം പ്രാപ്യമാകുവാന്‍ വേണ്ടി പല മഹദ്‌ഗ്രന്ഥങ്ങളും വിരചിതമായി. അവയാണ്‌ ഇതിഹാസങ്ങളും പുരാണങ്ങളും.

ഇതിഹാസം പൂര്‍വ്വചരിത്രമാണ്‌. ഇതി, ഹാസം: പണ്ട്‌ ഇപ്രകാരം സംഭവിച്ചു. ഇതിഹാസങ്ങളില്‍ രാമായണവും മഹാഭാരതവും ആണ്‌ പ്രാമാണികം എന്നു പറയേണ്ടതില്ല. ധര്‍മ്മത്തെ ആശ്രയിച്ചും ഉപജീവിച്ചും ഭരണം നടത്തിയ രാജാക്കന്മാരുടെ ചരിത്രം പറയുന്നതിലൂടെ ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം, എന്നിവയെ വര്‍ണ്ണിക്കുകയാണ്‌ ഇതിഹാസകാരന്മാര്‍ ചെയ്യുന്നത്‌.

പുരാണങ്ങള്‍ പതിനെട്ട്‌. ഉപപുരാണങ്ങള്‍ വേറെ. അതിന്റെ സംഖ്യ തര്‍ക്കവിഷയമാണ്‌. പതിനെട്ട്‌ ഉപപുരാണങ്ങള്‍ എന്ന ആശയമാണ്‌ പ്രബലം എന്നു മാത്രം. അഷ്ടാദശപുരാണങ്ങളുടെ കര്‍ത്താവ്‌ മഹാഭാരതം നിര്‍മ്മിച്ച വേദവ്യാസന്‍ തന്നെ എന്നാണു കരുതപ്പെടുന്നത്‌. സൃഷ്ടി, പുനഃസൃഷ്ടി, വംശചരിതം, മന്വന്തരം, വംശാനുചരിതം എന്നിങ്ങനെ അഞ്ച്‌ മാധ്യമങ്ങളിലൂടെ ധര്‍മ്മാര്‍ത്ഥകാമമോക്ഷം അതായത്‌ പുരുഷാര്‍ത്ഥചതുഷ്ടയം വിശദീകരിക്കുന്നു.

ശൈവം, വൈഷ്‌ണവം, ശാക്തേയം എന്നിങ്ങനെയാണല്ലോ, പുരാണങ്ങള്‍ പ്രായേണ തിരിച്ചറിയപ്പെടുന്നത്‌. ഇവയില്‍ വൈഷ്‌ണവം എന്ന വര്‍ഗ്ഗത്തിലാണ്‌ ശ്രീമദ്‌മഹാഭാഗവതപുരാണം ഉള്‍പ്പെട്ടിരിക്കുന്നത്‌. മുകളില്‍ കുറിച്ചതു പോലെ പഞ്ചലക്ഷണയുക്തമാണ്‌ പുരാണങ്ങള്‍ പൊതുവെ എന്നിരിക്കിലും ഭാഗവതം ദശലക്ഷണസമ്പന്നം എന്നാണ്‌ പണ്ഡിതര്‍ പറഞ്ഞുവച്ചിട്ടുള്ളത്‌. സര്‍ഗ്ഗം, വിസര്‍ഗ്ഗം, സ്ഥാനം, പോഷണം, ഊതികള്‍, മന്വന്തരം, ഈശാനുചരിതം, നിരോധം, മുക്തി, ആശ്രയം എന്നിവയാണ്‌ ദശലക്ഷണങ്ങള്‍. ഇവ ലളിതവും ഹ്രസ്വവും ആയി പ്രതിപാദിക്കാനുള്ള ജ്ഞാനം എനിക്കില്ല. ദീര്‍ഘമായി ഉപന്യസിക്കേണ്ടത്‌ ഭാഗവതത്തെക്കുറിച്ചറിയാന്‍ സാധാരണമനുഷ്യര്‍ക്ക്‌ അത്യന്താപേക്ഷിതവുമല്ല. വിവിധങ്ങളും വിചിത്രങ്ങളും വിശിഷ്ടങ്ങളുമായ പരശ്ശതം കഥാസന്ദര്‍ഭങ്ങളിലൂടെ നമ്മെ സദാചാരനിരതരാക്കി മാറ്റുവാന്‍ ഈ മഹാകൃതി സഹായിക്കുന്നു എന്നു പറഞ്ഞാല്‍ മതി.

നാലു വേദങ്ങള്‍ (ഋക്‌, യജുസ്‌, സാമം, അഥര്‍വം), നാല്‌ ഉപവേദങ്ങള്‍ (ആയുര്‍വേദം, ധനുര്‍വേദം, ഗാന്ധര്‍വവേദം, സ്ഥാപത്യവേദം), ആറ്‌ വേദാംഗങ്ങള്‍ (ശിക്ഷ, വ്യാകരണം, കല്‌പം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്‌) എന്നിവയും മീമാംസ, ന്യായം, ധര്‍മ്മശാസ്‌ത്രം, പുരാണം എന്നിവയും ചേര്‍ന്നാല്‍ ഭാരതീയസംസ്‌കൃതിയുടെ അടിസ്ഥാനമായി എന്നു പറയാറുണ്ട്‌. മനുഷ്യനായി ജനിക്കുന്നത്‌ മഹാഭാഗ്യം എന്നാണല്ലോ സങ്കല്‌പം. സൃഷ്ടികളില്‍ പരമോന്നതമായ അവസ്ഥയാണ്‌ മനുഷ്യന്റേത്‌ എന്നു ബൈബിളും, ജന്മങ്ങളില്‍ പരമോന്നതമായ ജന്മമാണ്‌ നരജന്മം എന്ന്‌ പുനര്‍ജന്മവിശ്വാസികളും പറയുന്നുമുണ്ട്‌. ഈ മഹാഭാഗ്യം അലക്ഷ്യമായി ധൂര്‍ത്തടിക്കാനുള്ളതല്ല എന്ന്‌ ഓര്‍മ്മിപ്പിക്കുകയാണ്‌ ആര്‍ഷജ്ഞാനം.

വ്യാസന്‍ മഹാഭാരതം രചിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ അസ്വസ്ഥത മാറിയില്ല. കുറേക്കൂടി ലളിതമായി ശ്രീകൃഷ്‌ണന്റെ മാഹാത്മ്യവും ലീലാവിലാസങ്ങളും വര്‍ണ്ണിക്കുന്നതാണ്‌ കൃതകൃത്യത സംപ്രാപ്‌തമാക്കാനുള്ള മാര്‍ഗ്ഗം എന്ന്‌ നാരദമഹര്‍ഷിയാണ്‌ വ്യാസനു പറഞ്ഞുകൊടുത്തത്‌. അങ്ങനെ ഭാഗവതം വന്നു. മകനായ ശുകന്‌. ശുകന്‍ തക്ഷകദംശം കാത്തിരുന്ന പരീക്ഷിത്തിനും.

ഭാഗവതം പന്ത്രണ്ട്‌ സ്‌കന്ധങ്ങളായി വിഭജിച്ചിരിക്കയാണല്ലോ. അതില്‍ പത്താമത്തേതാണ്‌ ഏറ്റവും പ്രധാനം. `ദശമസ്യവിശുദ്ധയര്‍ത്ഥം നവനാമിഹ കീര്‍ത്തനം' എന്നു പറയുന്നതിന്റെ കാരണം മറ്റൊന്നല്ല. ഒട്ടാകെ മുന്നൂറിലേറെ അധ്യായങ്ങള്‍. പതിനെണ്ണായിരം ശ്ലോകങ്ങളിലായി നിരവധി ആഖ്യാനോപാഖ്യാനങ്ങള്‍. ഈശ്വരന്റെ മാഹാത്മ്യം വെളിപ്പെടുത്തുകയും അതോടൊപ്പം മനുഷ്യന്റെ ഭക്തിയെ പരിപോഷിപ്പിച്ച്‌ അവന്റെ ആത്മശുദ്ധിക്ക്‌ വഴിയൊരുക്കുകയും ചെയ്യുന്നു എന്നതാണ്‌ ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ ഭാഗവതകഥകളുടെ പ്രസക്തി.

കലിയുഗത്തില്‍ ഭക്തി മാത്രമാണ്‌ സായൂജ്യം നല്‍കുക എന്നു പറയാറുണ്ട്‌. ഭക്തി, മുക്തി, ജ്ഞാനം, വിരക്തി എന്നിവര്‍ ഒരുമിച്ചാണ്‌ ഭൂമിയില്‍ വന്നത്‌. കൃതം, ദ്വാപരം എന്ന യുഗത്രയം കുഴപ്പം കൂടാതെ കഴിഞ്ഞു. എന്നാല്‍ കലിയുഗം എത്തിയപ്പോള്‍ ജ്ഞാനവും വിരക്തിയും വാര്‍ദ്ധക്യത്തിന്‌ അടിപ്പെട്ടു. ഭഗവാന്‍ ഭക്തിയെ സുശക്തമായി നിലനിര്‍ത്തി. അതുകൊണ്ട്‌ കലിയുഗത്തില്‍ ഭക്തിയുക്തരായി വസിക്കുക മാത്രം ആണ്‌ വൈകുണ്‌ഠപ്രാപ്‌തിക്കു വഴിയൊരുക്കുക. ശ്രീയേശു പറഞ്ഞ സമ്പൂര്‍ണ്ണസമര്‍പ്പണവും (സ്വന്തം കുരിശെടുത്ത്‌ അനുധാവനം ചെയ്യുക, കലപ്പയില്‍ കൈ വച്ചിട്ട്‌ പിന്നോട്ടു നോക്കാതിരിക്കുക), ശ്രീരാമന്‍ വിഭീഷണനെ സ്വീകരിക്കുമ്പോള്‍ സൂചിപ്പിച്ച ശരണാഗതിയും സൂചിപ്പിക്കുന്നതും ഇതു തന്നെയാണല്ലോ.

കഴിഞ്ഞ കുറേ ദശകങ്ങള്‍ക്കിടയില്‍ ഭാഗവതം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മലയാളിക്ക്‌ പൊതുവെ സപ്‌താഹങ്ങളേയും നവാഹങ്ങളേയും ആശ്രയിക്കാതെ ഭാഗവതം ഗ്രഹിക്കാന്‍ വഴിയില്ല എന്നതാണ്‌ അവസ്ഥ. ഇതിനു പരിഹാരം തേടുന്ന ശ്രേഷ്‌ഠമായ കൃതിയാണ്‌ ശ്രീ ജി. അരവിന്ദന്‍ രചിച്ച `ഭാഗവതകഥ'. ഇന്റര്‍നെറ്റും വാട്ട്‌സാപ്പും നിറഞ്ഞുനില്‍ക്കുന്ന ലോകത്തില്‍ പഴയ തലമുറയുടെ പാരായണപാരമ്പര്യത്തില്‍ നിന്നു വ്യത്യസ്‌തമായ ഒരു പുനരാഖ്യാനശൈലി സ്വീകരിച്ചിരിക്കുന്നു എന്നതാണ്‌ ശ്രീ അരവിന്ദന്റെ കൃതിയെ വ്യതിരിക്തമാക്കുന്നത്‌. ഒരു വ്യാഴവട്ടത്തിനപ്പുറം ഈ പുസ്‌തകത്തിന്റെ ഒന്നാം പതിപ്പിനും മുന്‍പ്‌ ഭാഗ്യസ്‌മരണാര്‍ഹനായ ശാശ്വതികാനന്ദസ്വാമികള്‍ പറഞ്ഞതു പോലെ, പാരമ്പര്യബദ്ധമായ ഭാഗവതപാരായണശൈലിയോട്‌ മനഃശാസ്‌ത്രപരമായി വൈമുഖ്യമുള്ളവര്‍ക്കു പോലും, ഭാഗവതത്തിന്റെ സാരസര്‍വ്വസ്വമായ സന്ദേശം ഗ്രഹിക്കുവാനുള്ള അസുലഭമായ അവസരമാണ്‌ `ഭാഗവതകഥ'യിലൂടെ ശ്രീ ജി. അരവിന്ദന്‍ സജ്ജീകരിച്ചിരിക്കുന്നത്‌.

പ്രസാദമധുരമാണ്‌ അരവിന്ദന്റെ ശൈലി. പ്രശസ്‌ത പണ്ഡിതനായ സുഹൃത്ത്‌ ഡോ. വെള്ളായണി അര്‍ജുനന്‍ (പത്മശ്രീ പുരസ്‌കാരാലംകൃതന്‍) `സാഹിത്യസുരഭിലവും ആശയപുഷ്‌ക്കലവും ഭാരതീയസംസ്‌കാരത്തിന്റെ ഗരിമ നിറഞ്ഞുല്ലസിക്കുന്നതും' എന്നാണ്‌ അവതാരികയില്‍ ഈ കൃതിയെ വിശേഷിപ്പിച്ചിട്ടുള്ളത്‌ എന്നു നിരീക്ഷിക്കുമ്പോള്‍ ശൈലിയുടെ ലളിതമായ പ്രസാദാത്മകത പ്രദാനം ചെയ്യുന്ന ശയ്യാസുഖം എടുത്തോതാതെ വയ്യ. ഭാഗവതമാഹാത്മ്യം പാരായണം ചെയ്‌ത ശേഷമേ ശ്രീമദ്‌ ഭാഗവതപുരാണ പാരായണം ആരംഭിക്കാവൂ എന്ന പ്രമാണം പാലിച്ചുകൊണ്ടാണ്‌ അരവിന്ദന്‍ ഈ കൃതി നിര്‍മ്മിച്ചിട്ടുള്ളത്‌ എന്നും, നൈമിഷാരണ്യത്തിലെ സഭാവാസികളെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ സൂതന്‍ ഭാഗവതമാഹാത്മ്യം വിവരിക്കുന്ന രീതിയിലാണ്‌ അവതരണം എന്നും പറയുന്നത്‌ പന്ത്രണ്ടു സ്‌കന്ധങ്ങളേയും മുന്നൂറ്റിമുപ്പത്തിരണ്ട്‌ അധ്യായങ്ങളേയും പതിനെണ്ണായിരം ശ്ലോകങ്ങളേയും ഗ്രന്ഥകാരന്റെ സ്വന്തം സമ്പ്രദായത്തില്‍ നൂറ്റിയിരുപത്തിമൂന്ന്‌ അധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു എന്നത്‌ രചനാസൌഷ്‌ഠവത്തേയോ മൂലകൃതിയോടുള്ള പ്രതിബദ്ധതയേയോ തെല്ലും ദോഷകരമായി ബാധിച്ചിട്ടില്ല എന്ന്‌ ഉറപ്പിക്കാനാണ്‌: ചുരുക്കിപ്പറഞ്ഞാല്‍ അടുത്ത കാലത്ത്‌ വായിക്കാനായ കൃതികളില്‍ വരിഷ്‌ഠമായതും ഒറ്റ വായനയില്‍ ഒതുക്കിമാറ്റാനാവാത്തതും ആണ്‌ ശ്രീമാന്‍ ജി. അരവിന്ദന്‍ നിര്‍മ്മിച്ച `ഭാഗവതകഥ' എന്ന കൃതി.
അരവിന്ദന്റെ ഭാഗവതകഥ (ഡി. ബാബു പോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക