Image

എനിക്കെന്തിന് തള്ളപ്പെരുന്നാള്‍ ? (ഡി.ബാബുപോള്‍)

ഡി.ബാബുപോള്‍ Published on 13 May, 2015
എനിക്കെന്തിന് തള്ളപ്പെരുന്നാള്‍ ? (ഡി.ബാബുപോള്‍)
“ലോകമാതൃദിനം” എന്ന ശബ്ദം മലയാളത്തില്‍ കേള്‍ക്കാന്‍ അത്ര ഇമ്പമുള്ളതല്ല. ഏതായാലും അങ്ങനെ ഒന്ന് സായിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. 'വേള്‍ഡ് മദേഴ്‌സ് ഡേ' - ജീവിതത്തിന്റെ ഗ്രാമീണചാരുത കൈമോശം വരുമ്പോള്‍ മനുഷ്യനുണ്ടാകുന്ന നഷ്ടബോധത്തിന്റെ പ്രതിഫലമനമാണ് ഇത്തരം ഏര്‍പ്പാടുകള്‍. തന്തയ്‌ക്കൊരു നാള്‍, തള്ളയ്‌ക്കൊരു തിരുനാള്‍. പണ്ട് നമുക്ക് അതൊന്നും വേണ്ടിയിരുന്നില്ല. ഇന്നിപ്പോള്‍ നമുക്കും കൂടാതെ വയ്യെന്നായിരിക്കുന്ന അവസ്ഥയില്‍ ഉള്ളതാണ് ഇല്ലാത്തതിനെക്കാള്‍ ഭേദം എന്ന് സമ്മതിക്കാതെ വയ്യ.

സായിപ്പ് ഈ ദുരവസ്ഥയില്‍ എത്തിയിട്ട് കാലം കുറെ ആയി. നാം എത്തിവരുന്നതേയുള്ളൂ. അതുകൊണ്ടാണ് സായിപ്പ് അരനൂറ്റാണ്ടിലേറെ മുന്‍പ് തുടങ്ങിയ തള്ളപ്പെരുനാള്‍ ലോകമാതൃദിനമായി മലയാളി ഏറ്റെടുക്കാന്‍ വൈകിയത്. 

ജീവിതത്തിന്റെ വേഗം ഏറി. മാറ്റങ്ങളുടെ വേഗവും ഏറി.പൊതുവര്‍ഷം തുടങ്ങുന്നതിന് നാല് സഹസ്രാബ്ദങ്ങള്‍ക്കപ്പുറം-ക്രി.മു.അഥവാ ബി.സി 4000 എന്ന് ധരിക്കുക- മനുഷ്യന് പ്രാപ്യമായ പരമാവധി വേഗം മണിക്കൂറില്‍ 20 കി.മീ.ആയിരുന്നു. - അശ്വരഥവേഗം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ  അവസാനദശകത്തില്‍ ആവിവണ്ടി വന്നപ്പോള്‍ അത് നൂറായി ഉയര്‍ന്നു. ഏതാണ്ട് ആറായിരം സംവത്സരങ്ങള്‍ കൊണ്ട് അഞ്ചിരട്ടി. 1932-ല്‍ ഹിറ്റ്‌ലര്‍ റോക്കറ്റുവിമാനങ്ങള്‍ പറത്തി. ഗതിവേഗം നാനൂറായി. 1957. റഷ്യ ബഹിരാകാശം കീഴടക്കി. വേഗം നാല്‍പതിനായിരത്തിലേറെ. അതായത് മാറിയത് വേഗം മാത്രം അല്ല, വേഗം മാറുന്ന വേഗവും ആണ്. അഞ്ചിരട്ടിയാവാന്‍ ആറായിരം, പിന്നെ നാലിരട്ടിയാവാന്‍ അരശതകം, പിന്നെ നൂറിരട്ടി കടക്കാന്‍ വെറും ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍.

ഈ മാറ്റം കേവലം ഭൗതികമല്ല. മനുഷ്യന്റെ മനസ്സും മാറി. റിവോള്‍വിങ്ങ് റസ്റ്റോറന്റില്‍ ഇരിക്കുകയല്ല നാം. പുറത്ത് അരങ്ങേറുന്ന മാറ്റങ്ങള്‍ അന്യമായി സൂക്ഷിക്കുന്ന അമീഷുകളായി നമുക്ക് ജീവിക്കാനാവുകയില്ല. അങ്ങനെ നാഗരികത നമ്മുടെ ഇടയിലും കടന്നുവന്നു. നാട്ടിന്‍പുറങ്ങളില്‍ പോലും ഫ്‌ളാറ്റുസമുച്ചയങ്ങള്‍ ഉണ്ടാകുന്നതോ കേബിള്‍ ടിവിയും ഫെയ്‌സ്ബുക്കും ജീവിതത്തിന്റെ ഭാഗമാകുന്നതോ വെളിച്ചത്തിന് ബള്‍ബും കുടിവെള്ളത്തിന് പൈപ്പും അനിവാര്യമാകുന്നതോ മാത്രം അല്ല നാഗരികത. അതിലുപരി മത്സരമാണ് നാഗരികതയുടെ അടയാളം. മത്സരത്തിന്റെ ഭാഗവും തുടര്‍ച്ചയും ആണ് സ്വാര്‍ത്ഥത. ഈ സ്വാര്‍ത്ഥതയാണ് വര്‍ത്തമാനകാലത്തിന്റെ നിര്‍വ്വചനരാഗം. ഡെഫനിറ്റീവ് ട്യൂണ്‍.

സ്വാര്‍ത്ഥത നിര്‍വ്വചിക്കുന്ന ലോകത്തില്‍ അമ്മ ഒരു ഗൃഹാതുരത്വമാണ്. അതാണ് ഈ തള്ളപ്പെരുനാള്‍ നമ്മളൊക്കെ ഏറ്റുകഴിക്കുന്നതിന്റെ രഹസ്യം.

മുടിയനായ പുത്രന്റെ കഥ എന്ന് തെറ്റായി വിളിക്കപ്പെടുന്ന ഒരു അന്യോപദേശം ശ്രീയേശുവിന്റേതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സത്യത്തില്‍ ശ്രീയേശു ആ കഥ പറഞ്ഞത് പിതാവിന്റെ സ്‌നേഹം എന്താണ് എന്ന് പഠിപ്പിക്കാനാണ്. ആര്‍ദ്രഹൃദയനായ പിതാവിന്റെ ഉപമ എന്നാണ് നാം അതിനെ വിളിക്കേണ്ടത്.

ദൈവത്തിന് മനുഷ്യനോടുള്ള പൈതൃകവാത്സല്യം മനുഷ്യന്റെ നടപടികളുമായി ബന്ധപ്പെടുത്തിയല്ല നിര്‍ണ്ണയിക്കേണ്ടത് എന്നതാണ് ബൈബിളില്‍, പുതിയനിയമത്തില്‍, ലൂക്കോസിന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ കഥ പറഞ്ഞുതരുന്ന പാഠം. മുടിയനായ പുത്രന്‍ അനുതപിച്ചുവെന്നും അപ്പനോട് മാപ്പപേക്ഷിക്കാന്‍ പോയി എന്നും ഒക്കെയാണ് സാധാരണയായി വേദപാഠക്ലാസുകളില്‍ പഠിക്കുന്നത് സത്യത്തില്‍ ധൂര്‍ത്തപുത്രന് ഉണ്ടായത് സഹതാപമല്ല.  അവനവനോടുള്ള സഹാനുഭൂതി എന്നൊന്നുണ്ടല്ലോ. 'സെല്‍ഫ് പിറ്റി' എന്നാണ് സായിപ്പിന്റെ ഭാഷ. അതിന് കാരണം താന്‍ ചെന്നുപെട്ട നാട്ടിലെ തൊഴില്‍ നിയമങ്ങളാണ്. കറ്റ മെതിക്കുന്ന കാളയ്ക്ക് മുഖക്കൊട്ട കെട്ടരുത് എന്ന് ബൈബിളില്‍ ഉണ്ട്. യഹൂദസമൂഹത്തിലും ആ നിയമം പാലിക്കപ്പെട്ടിരുന്നു. അടിമകളായാലും വേലക്കാരായാലും ഭക്ഷണം വിലക്കിയിരുന്നില്ല. 

നമ്മുടെ കൊച്ചമ്മമാരെ പോലെ വേലക്കാര്‍ക്ക് അളന്നു തൂക്കി വിളമ്പുന്ന രീതി ഒന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല. ധൂര്‍ത്തപുത്രന്‍ ചെന്നുപെട്ട നാട്ടില്‍ അതായിരുന്നില്ല അവസ്ഥ. ആടുജീവിതത്തിലെ നജീബിന് താര്‍ബാഞ്ച് അനുവദിക്കുമായിരുന്നത് പോലും അവന് നിഷേധിക്കപ്പെട്ടു. അപ്പോഴാണ് ഓര്‍മ്മ വന്നത് താന്‍ വിട്ടുപോന്ന വീട്ടില്‍ വേലക്കാര്‍ക്ക് വിശപ്പ് അറിയേണ്ടിയിരുന്നില്ല എന്ന സത്യം. ആ ഓര്‍മ്മയില്‍ തന്റെ പ്രശ്‌നത്തിനുള്ള പരിഹാരം കണ്ടു ആ യുവാവ്. ജോലി ചെയ്യുന്നെങ്കില്‍ അവിടെ ചെയ്യാം. ശാപ്പാടെങ്കിലും കിട്ടും. അതിനാണ് വിദ്വാന്‍ പോയത്. മകനാണെന്നും പറഞ്ഞ് ചെന്നു കയറാന്‍ കഴിയുകയില്ല. അതുകൊണ്ട് ആ അവകാശവാദം ഉന്നയിക്കുന്നില്ല എന്ന് ആമുഖമായി പറഞ്ഞിട്ട് ജോലിക്ക് അപേക്ഷ കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം അതാണ് ചെയ്യാന്‍ പുറപ്പെട്ടതും.

ഈ ചെറുകഥയിലെ അതിമനോഹരമായ ട്വിസ്റ്റ് അവിടെയാണ്. തെറ്റ് സമ്മതിച്ച മകനെ പുത്രനായി പുനഃസ്ഥാപിക്കുന്ന ദയാലു ആയ പിതാവാണ് കഥയിലെ നായകന്‍, ധൂര്‍ത്തപുത്രനല്ല. മൂന്ന് വാക്യങ്ങള്‍ - ഞാന്‍ പാപി, മകനാകാന്‍ യോഗ്യതയില്ല, ജോലി തരണം- മനസ്സില്‍ രൂപപ്പെടുത്തി ജോലി അന്വേഷിച്ച് പുറപ്പെട്ട മകനെ അനുപാതത്തിന്റെ ആമുഖത്തില്‍ തളച്ചിട്ടുകൊണ്ട് മൂന്നാമത്തെ വാക്യം പറയാനുള്ള സന്ദര്‍ഭം തന്നെ നിഷേധിക്കുകയാണ് കരുണാമയനായ പിതാവ്.

അനുതപിക്കുന്ന മനുഷ്യനെ സ്വയം നഷ്ടപ്പെടുത്തിയ ശ്രേഷ്ഠാവസ്ഥയിലേയ്ക്ക് പുനരധിവസിപ്പിക്കുന്ന ദയയാണ് ഈശ്വരന്റെ സ്ഥായീഭാവം എന്ന് പഠിപ്പിക്കുകയാണ് ശ്രീയേശു. 

അതങ്ങനെ നില്‍ക്കട്ടെ- ഈശ്വരന്‍ എങ്ങനെയിരിക്കും എന്ന പ്രഹേളികയ്ക്ക് ഈശ്വരന്‍ ഒരു പിതാവിനെ പോലയിരിക്കും എന്ന ഉത്തരം പഠിപ്പിക്കുന്നു എന്നതാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. ആണ്‍കോയ്മ അരങ്ങുവാണ അക്കാലത്ത് പിതാവിനെക്കുറിച്ചേ പറയാനാവുമായിരുന്നുള്ളൂ. അന്തഃപുരത്തിലെ കണ്ണീരില്‍ നിന്ന് കഥ  ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് പിതാവ് എന്ന പദത്തില്‍ മാതാവ് എന്ന സങ്കല്പവും വായിക്കണം.

അതായത് തെറ്റുകള്‍ കണക്കിലെടുത്ത് കണക്ക് പറയാത്ത സ്‌നേഹം അതാണ് മാതാപിതാക്കളുടേത്. ലോകത്തില്‍ ആകെ ഉള്ള നിസ്വാര്‍ത്ഥസ്‌നേഹം മാതാപിതാക്കള്‍ക്ക് മക്കളോടുള്ളതാണ്. അതിന് ലഡ്ജറും പേരേടും ഇല്ല. 

നാല് പതിറ്റാണ്ടിനപ്പുറം നടന്ന ഒരു സംഭവം പറയാം. 1972 എന്നാണോര്‍മ്മ.   
എന്റെ മകള്‍. ഇപ്പോള്‍ എം.എ കഴിഞ്ഞ് അമ്മയായി കഴിയുന്നഅവള്‍ക്ക് അന്ന് തികഞ്ഞ വയസ്സ് അഞ്ച്. പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ വീട്ടിലാണ് സംഭവം. ഞാന്‍ അവളെ അടിക്കുകയോ അടിക്കാന്‍ പുറപ്പെടുകയോ ചെയ്തപ്പോള്‍ എന്റെ അമ്മ ഇടയില്‍ കയറി വിലക്കി. 

“ നിനക്കിത്ര വിവരമില്ലേ? നിനക്ക് ദേഷ്യം വരുമ്പോഴാണോ കുഞ്ഞിനെ അടിക്കുന്നത്? അവള്‍ തെറ്റ് ചെയ്താല്‍ സാവകാശമായി കാര്യം പറഞ്ഞ് മനസ്സിലാക്കണം. ഇപ്പോള്‍ നീ ചെയ്യുന്നത് പരീക്ഷിക്കയില്ല, നിന്റെ കോപം അടിച്ചുതീര്‍ക്കുകയാണ്.

ഞാന്‍ ചിരിച്ചുപോയി. അമ്മ പഴയ സ്റ്റേറ്റ് റാങ്കുകാരിയാണ്. നല്ല വായനാശീലം ഉള്ള അധ്യാപിക. അമ്മയോട് ഞാന്‍ ചോദിച്ചു: “ ഞാന്‍ വളര്‍ന്നു വലുതായിട്ടാണോ അമ്മ ഈ സംഗതി പറയുന്ന പുസ്തകം വായിച്ചത്?” അതിന് ഞാന്‍ നിന്നെ അങ്ങനെ തല്ലിയിട്ടൊന്നുമില്ലല്ലോ എന്ന് അമ്മ പരിഭവം ഭാവിച്ചു. അത് ഞാന്‍ നല്ല കുട്ടി ആയിരുന്നതുകൊണ്ടല്ലേ എന്ന് ഞാന്‍.

അപ്പോള്‍ അച്ഛന്‍ ഇടപെട്ടു. “എനിക്ക് നിന്നോട് എത്ര സ്‌നേഹമുണ്ട് എന്ന് നീ എന്നാണ് ഗ്രഹിച്ചത്?”

വടക്കന്‍ തിരുവിതാം കൂറിന്റെ നവോത്ഥാനനായകനായി വാഴ്ത്തപ്പെടുന്ന പി.ഒ.പൗലോസ് കോറെപ്പിസ്‌ക്കോപ്പാ നല്ല അദ്ധ്യാപകനായിരുന്നു; പ്രശസ്തനായ ശിഷ്യന്‍ പി.ഗോവിന്ദപ്പിള്ള എന്ന പി.ജി.സാക്ഷി. അച്ഛന് വേണ്ട മറുപടി എനിക്ക് അറിയാമായിരുന്നു. “അത് എനിക്കൊരു മോള്‍ ഉണ്ടായപ്പോള്‍.”

അച്ഛന്‍ പറഞ്ഞു: “ ഉത്തരം ശരി; ഇന്ന് എനിക്കറിയാം അവളോടും എന്റെ മകനോടും അച്ഛന് എത്ര സ്‌നേഹം ഉണ്ടായിരുന്നു എന്ന്, എന്റെ മകളുടെ മകന്‍ തിരുവനന്തപുരത്ത് ജോലിയില്‍ പ്രവേശിച്ചു. തൊട്ടടുത്താണ് താമസം. അവന്‍ രാവിലെ കാറോടിച്ചുപോവുന്നത് കാണുമ്പോള്‍ എന്റെ മനസ്സില്‍ കുളിരാണ്. ഇതെഴുതുമ്പോള്‍ സന്ധ്യ കഴിഞ്ഞു. അവന്‍ എത്തിയിട്ടില്ല. എട്ട് മണി ഒക്കെ ആവും. ഞാന്‍ കാത്തിരിക്കയാണ്.

പോകട്ടെ, അത് പേരക്കുട്ടിയോടുള്ള സ്‌നേഹം. എന്റെ മകന്‍ ബാംഗ്ലൂരിലാണ്. തിരക്കുള്ള ജോലി. ഔദ്യോഗികാവശ്യത്തിന് തിരുവനന്തപുരത്ത് വരുമ്പോഴാണ് എന്റെ കൂടെ താമസിക്കുക. ആ സായാഹ്നങ്ങള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നത്. അവന്റെ പ്രായത്തില്‍ എറണാകുളത്തും അതിന് വടക്കും സര്‍ക്കീട്ട് പോയിരുന്ന കാലത്ത് എന്നെ കാത്ത് പടിപ്പുരയും പൂമുഖവാതിലും തുറന്നിട്ട് കാത്തിരുന്ന എന്റെ അച്ഛനമ്മമാരെക്കുറിച്ചാണ് - രാത്രി എത്തുക, അത്താഴം, കുശലം, ഉറക്കം, രാവിലെ അവര്‍ക്കൊപ്പം ഈശ്വരവിചാരം, പ്രാതല്‍, അമ്മയ്‌ക്കൊരുമ്മ, അച്ഛന്റെ ആശീര്‍വ്വാദം, വണ്ടിയ്ക്കകത്ത് നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ നിറഞ്ഞ നാല് കണ്ണുകള്‍. എന്റെ മകന്‍ വന്നുപോകുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുന്നു. എന്റെ മാതാപിതാക്കള്‍ എനിക്ക് നല്‍കിയ സ്‌നേഹം ഞാന്‍ തിരിച്ചറിയുന്നു.

എന്റെ ദിവസം ആരംഭിക്കുന്നത് അമ്മയെ ഓര്‍ത്തുകൊണ്ടാണ്. അമ്മ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥനയുണ്ട്. അത് ഉരുക്കഴിച്ചിട്ടാണ് വലതുകാല്‍ നിലത്ത് ചവിട്ടുക. പിന്നെ എന്റെ അമ്മ എനിക്കായി ഉരുവിട്ട കൗസല്യയുടെ പ്രാര്‍ത്ഥന എന്റെ മകന് വേണ്ടി ഞാന്‍ ഉരുവിടുമ്പോഴും അമ്മയുടെ ഓര്‍മ്മ വരും. “എന്‍ മകനാശു നടക്കുന്ന നേരവും…..”

കിടപ്പുമുറിയില്‍ മാത്രം അല്ല അമ്മയുടെയും അച്ഛന്റെയും ചിത്രം. എന്റെ പൂജാമുറിയില്‍. ഓഫീസുമുറിയില്‍, കാറില്‍. ഓരോ ചിത്രവും എന്നോട് പറയുന്നത് ഞാന്‍ അങ്ങോട്ട് നല്‍കിയതിനേക്കാള്‍ എത്രയോ ഏറെ സ്‌നേഹം അവര്‍ എനിക്ക് തന്നു എന്നതാണ്.
അച്ഛന്‍ ഇഷ്ടസന്താനമായിരുന്നതിനാല്‍ മറ്റേമ്മയും അച്ഛന്റെ അമ്മ- അമ്മ 
ഏകസന്താനമായിരുന്നതിനാല്‍ അമ്മച്ചിയും- അമ്മയുടെ അമ്മ- ഞങ്ങള്‍ക്കൊപ്പം ആയിരുന്നു. എന്റെ മാതാപിതാക്കള്‍ അവരെ സ്‌നേഹിക്കുകയും കരുതുകയും ചെയ്തത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. എങ്കിലും അച്ഛനും അമ്മയും എന്നെ എത്ര സ്‌നേഹിച്ചു എന്നറിയാന്‍ എന്റെ മക്കള്‍ ഉണ്ടാകുവോളം കാത്തിരിക്കേണ്ടി വന്നു എനിക്ക്.

അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് നാല്പത്തിയാറാണ് വയസ്. ആകെ ഒരിക്കലാണ് ഞാനറിയാതെയെന്നവണ്ണം എന്റെ ശബ്ദം ഉയര്‍ന്നത്. കാര്യമൊക്കെ പറഞ്ഞു തീര്‍ന്നു. വീടകത്ത്  വീണ്ടും പൊട്ടിച്ചിരി ഉയര്‍ന്നു. ഭക്ഷണം കഴിച്ചു. ഉറങ്ങാന്‍ കിടന്നു. എനിക്ക് ഉറക്കം വന്നില്ല. ഞാന്‍ മാതാപിതാക്കന്മാരുടെ കിടപ്പുമുറിയിലേയ്ക്ക് ചെന്നു. അച്ഛന്റെ കട്ടിലിനടുത്ത് ഞാന്‍ എത്തിയതും ആ ഇരുളില്‍ അച്ഛന്റെ കണ്ണുകള്‍ എന്നെ കണ്ടു. അച്ഛന്‍ അല്പം മാറിക്കിടന്നു. വലതുകൈ നീട്ടി വച്ചു. ഞാന്‍ ആ കൈയ്യില്‍ തല വച്ചു. അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചു. അപ്പോള്‍ ഞാന്‍ ഗവണ്‍മെന്റ് സെക്രട്ടറി ആയിരുന്നു എന്നത് അപ്രസക്തസത്യം. എന്റച്ഛന്‍ പറഞ്ഞു: “ നീ വരും എന്ന് എനിക്കറിയാമായിരുന്നു.”

എന്റെ അമ്മ ആദ്യമായി അടുത്ത് കണ്ട കളക്ടര്‍ ഞാന്‍ ആയിരുന്നു. അന്നും അമ്മയ്ക്ക് അമ്മ ആദ്യം പ്രസവിച്ച കുഞ്ഞ് തന്നെ ആയിരുന്നു ഞാന്‍.

അമ്മ മരിച്ചത് എഴുപത്തിയഞ്ചാം വയസ്സില്‍. എനിക്കും ഇത് എഴുപത്തഞ്ചാം വയസ്. വല്ല പനിയോ തലവേദനയോ വരുമ്പോള്‍ ഞാന്‍ അമ്മയെ വിളിക്കുന്നു. എന്റെ അമ്മ മണ്‍മറഞ്ഞിട്ട് കൊല്ലം മുപ്പത്തിമൂന്നായി. എങ്കിലും ഞാന്‍ വിളിക്കുമ്പോള്‍ അമ്മ വരുന്നു. എന്റെ കട്ടിലില്‍  ഇരുന്ന് നെറ്റിയില്‍ തലോടുന്നു. എന്റെ പനി കുറയുന്നു, തലവേദന പോകുന്നു. അതാണ് അമ്മ. 
എല്ലാ ദിവസവും മാതൃദിനം ആവുമ്പോള്‍ എനിക്കെന്തിന് തള്ളപ്പെരുനാള്‍ !

എനിക്കെന്തിന് തള്ളപ്പെരുന്നാള്‍ ? (ഡി.ബാബുപോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക