Image

ഒരു സവ്യസാചിയുടെ സ്മരണയില്‍ (ഡോ. ഡി. ബാബുപോള്‍)

ഡോ. ഡി. ബാബുപോള്‍ Published on 19 May, 2015
ഒരു സവ്യസാചിയുടെ സ്മരണയില്‍ (ഡോ. ഡി. ബാബുപോള്‍)
ഷെവ. കെ.സി. ചാക്കോയുടെ നൂറാം ജന്മദിനമാണ് ഇന്ന്; കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിന്റെ ആധുനികീകരണത്തിന്റെ ശില്പി ചാക്കോസാര്‍ ആയിരുന്നു

പണ്ഡിതപ്രകാണ്ഡം, വാഗ്മി. രണ്ടു വിശേഷണങ്ങളും ഇണങ്ങുന്നയാളായിരുന്നു ചാക്കോസാര്‍. എഴുത്തുകാരന്‍, എന്‍ജിനീയറിങ് കോളേജിലെ വകുപ്പധ്യക്ഷന്‍. സ്വസമുദായത്തില്‍ സാര്‍വത്രികാംഗീകാരം സ്വായത്തമാക്കിക്കഴിഞ്ഞിരുന്ന പ്രഭാപൂരിതവ്യക്തിത്വം. എങ്കിലും തന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു പ്രതിഭാസ്ഫുലിംഗത്തിന്റെ പിറകെ സാധാരണശ്രോതാവായി പിന്‍ബെഞ്ചിലിരിക്കുന്നത് ചാക്കോസാര്‍ ഒരു കുറവായിക്കണ്ടില്ല, ഒരിക്കലും.


കുളത്തൂര്‍ കാമ്പസിലെ ആദ്യത്തെ പ്രിന്‍സിപ്പല്‍ ചാക്കോസാറും ആദ്യത്തെ യൂണിയന്‍ നേതാവ് ഞാനും ആയിരുന്നു. വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ സാര്‍ താഴെയിറങ്ങിവന്ന് എന്റെ സതീര്‍ഥ്യരുടെ ആഹ്‌ളാദപ്രകടനത്തില്‍ പങ്കുചേര്‍ന്ന് എനിക്കു ഹസ്തദാനംചെയ്തത് ഇപ്പോഴും മായാത്ത ചിത്രമായി മനസ്സിലുണ്ട്.

ജലക്ഷാമം രൂക്ഷമായിരുന്ന പുതിയ കാമ്പസില്‍, ഒരുദിവസം ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ ക്ലാസ്സില്‍ പോകേണ്ട എന്നു തീരുമാനിച്ചു. അതിനെക്കാള്‍ വലിയ സമരമുറയൊന്നും അക്കാലത്ത് എന്‍ജിനീയറിങ് കോളേജിലില്ല. പ്രിന്‍സിപ്പലിനെ വിവരമറിയിക്കാന്‍ പോകേണ്ടത് ഞാനാണല്ലോ. ഞാനും സെഷണല്‍ പേടി ഇല്ലാത്ത കുറെപ്പേരും ചേര്‍ന്നാണു പോയത്. നഗരത്തില്‍നിന്നു വരുന്നവര്‍ക്ക് ഹോസ്റ്റലുകാര്‍ നാറ്റക്കേസാവാതിരിക്കാനാണ് വരാത്തതെന്നു ഞാന്‍ പറഞ്ഞപ്പോള്‍, സാര്‍ ആ നര്‍മം ആസ്വദിച്ചു. 

''ഞാനിപ്പോള്‍ത്തന്നെ താണുപിള്ളസാറിനെക്കണ്ട് കാര്യം പറയാം. വൈകുന്നേരത്തിനകം വെള്ളം കിട്ടിയില്ലെങ്കില്‍ കോളേജ് അടയ്‌ക്കേണ്ടിവരുമെന്നു പറഞ്ഞുനോക്കാം'' എന്ന് ഞങ്ങളോടു പറഞ്ഞശേഷം, സാര്‍ താഴെയിറങ്ങി, 2345 എന്ന നമ്പറുണ്ടായിരുന്ന ആ പഴഞ്ചന്‍കാര്‍ തന്നെത്താനോടിച്ച് പോയി. വിദ്യാഭ്യാസമന്ത്രികൂടിയായിരുന്ന മുഖ്യമന്ത്രി പട്ടം താണുപിള്ളയെ കണ്ടു. അപ്പോള്‍ ആറാംമണിനേരമായിരുന്നു, ബൈബിള്‍ ഭാഷയില്‍. ഒമ്പതാംമണിനേരമായപ്പോള്‍ തിരശ്ശീല കീറുകയോ പാറ പിളരുകയോ ഉണ്ടായില്ല. മൂന്നു ഫയര്‍ എന്‍ജിന്‍ വന്നു. ഹോസ്റ്റലിലെ ഓവര്‍ഹെഡ് ടാങ്കില്‍ വെള്ളം നിറഞ്ഞു. അതു പതിവായി. പിന്നെയൊരിക്കലും ജലദൗര്‍ലഭ്യം ഞങ്ങള്‍ക്കു പ്രശ്‌നമായില്ല.

1961 ബാച്ചില്‍ ശ്രീമാന്‍ ഗോപാലകൃഷ്ണപിള്ള (58, സിവില്‍) ഐ.എ.എസ്. പരീക്ഷ ജയിച്ചത് ഞങ്ങള്‍ മൂന്നുപേര്‍ക്ക് ധൈര്യം പകര്‍ന്നു. പി.ആര്‍. ചന്ദ്രന്‍, എസ്. കൃഷ്ണമൂര്‍ത്തി, ഞാനും. ഞങ്ങള്‍ സാറിനെക്കണ്ട് വിവരം പറയാനും അനുഗ്രഹം തേടാനും പുറപ്പെട്ടു. അന്ന് എന്‍ജിനീയര്‍മാര്‍ ഐ.എ.എസ്സില്‍ വിരളമാണ്. എങ്കിലും സാര്‍ പ്രോത്സാഹിപ്പിച്ചു. ഒരുപദേശം മാത്രം പറഞ്ഞു: എന്‍ജിനീയറിങ് പേപ്പര്‍ എടുക്കരുത്. കാരണവും പറഞ്ഞു, ''കോളേജിലെ മട്ടല്ല വാല്വേഷന്‍. ഞാന്‍ പരീക്ഷകനായിരുന്നിട്ടുണ്ട്.''

ചാക്കോസാര്‍ എന്നെ ക്ലാസില്‍ പഠിപ്പിച്ചിട്ടില്ല. ഒന്നാംവര്‍ഷത്തിലെ അടിസ്ഥാനമുറപ്പിക്കാന്‍ അവിടെ അപ്‌ളൈഡ് മെക്കാനിക്‌സ് പഠിപ്പിക്കും. ശേഷം പി.ജി. ക്ലാസുകള്‍. ഞങ്ങളുടെ ഒന്നാംവര്‍ഷം സാര്‍ കോളേജിലുണ്ടായിരുന്നില്ല. അങ്ങനെയാണ് നേര്‍ശിഷ്യത്വം നഷ്ടപ്പെട്ടത്. എന്നാല്‍, ജീവിതത്തിലെ ഒരുപാട് പാഠങ്ങള്‍ സാറില്‍നിന്നാണു ഞാന്‍ പഠിച്ചത്; സാര്‍പോലും അറിയാതെ ഏകലവ്യനെപ്പോലെ.

കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിന്റെ ആധുനികീകരണത്തിന്റെ ശില്പി ചാക്കോസാറായിരുന്നു. ഇക്കണോമിക്‌സും കണക്കും അമേരിക്കയില്‍ അക്കാലത്തുതന്നെ അംഗീകരിക്കപ്പെട്ട ഒരു കോമ്പിനേഷനായിരുന്നുവെന്ന് സാറിനറിയാമായിരുന്നു. ഇവിടെ ഇക്കണോമെട്രിക്‌സ് പതുക്കെ പഠിപ്പിച്ചുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ അറുപതുകളിലെന്നോര്‍ക്കണം. ആ അറിവില്‍നിന്നു രൂപപ്പെടുത്തിയതാണ് ഇപ്പോഴത്തെ ബി.ടെക്. പരിപാടിയുടെ അടിസ്ഥാനഘടന. 

ഞങ്ങളൊക്കെ 11+6=17 വര്‍ഷംകഴിഞ്ഞ് ബിരുദം നേടിയവരാണ്. ഇപ്പോളത് 12+4 ആണല്ലോ. ഒരുവര്‍ഷം കുറവ്. അതിന്റെ പിന്നിലെ ആശയം ചാക്കോസാറിന്റെതാണ്. മാനേജ്‌മെന്റിന് ഏറ്റവും നല്ല അടിസ്ഥാനബിരുദം എന്‍ജിനീയറിങ്ങിലേതാണെന്ന തിരിച്ചറിവാണതിനുപിന്നില്‍. എന്നെപ്പോലെ ഗതികേടുകൊണ്ട് എന്‍ജിനീയറിങ്ങിനു ചേരുന്നവര്‍ക്ക് ഒരു മിഡ് ടേം കോഴ്‌സ് കറക്ഷന്‍ നടത്തുമ്പോളുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും ഈ പരിപാടി സഹായിക്കുന്നു. ഇന്ന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഈ ആശയം അരനൂറ്റാണ്ടിനപ്പുറം തന്നോളം ദൂരക്കാഴ്ചയില്ലാത്ത സമകാലികര്‍ക്കിടയിലവതരിപ്പിക്കാന്‍ ധൈര്യംകാട്ടിയ പ്രത്യുത്പന്നമതിയായിരുന്നു ചാക്കോസാര്‍.

ഇങ്ങനെ പറയാന്‍തുടങ്ങിയാല്‍ അന്തമില്ല. യു.ജി.സി. ചെയര്‍മാനാകേണ്ടിയിരുന്നയാള്‍ ഒരു പ്രോ വൈസ് ചാന്‍സലറായി ഒതുങ്ങിയതിന്റെ നഷ്ടം ഭാരതത്തിലെ വിദ്യാഭ്യാസമേഖലയ്ക്കാണ്. ഷെവ. കെ.സി. ചാക്കോ എനിക്ക് ഗുരു മാത്രമായിരുന്നില്ല. എന്റെ അപ്പന്‍ കഴിഞ്ഞാല്‍ എന്നെ ഏറ്റവും സ്വാധീനിച്ച, എന്റെ റോള്‍മോഡലുമായിരുന്നു. ആ ധന്യസ്മരണയെ നമസ്‌കരിക്കുമ്പോള്‍ അത് ഒരു വിനീതദക്ഷിണയായി ഗുരു അംഗീകരിക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
(Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക