Image

ദൈവത്തിന്റെ കൈയ്യൊപ്പുള്ള രാഷ്‌ട്രീയ നേതാവ്‌ (ഡി. ബാബു പോള്‍)

Published on 25 May, 2015
ദൈവത്തിന്റെ കൈയ്യൊപ്പുള്ള രാഷ്‌ട്രീയ നേതാവ്‌ (ഡി. ബാബു പോള്‍)
തങ്കച്ചന്‍ ചേട്ടനും ഞാനും തമ്മില്‍ കഷ്‌ടിച്ച്‌ രണ്ടു വയസിന്റെ വ്യത്യാസമേ ഉണ്ടാകാന്‍ ഇടയുള്ളൂ. അയല്‍ പ്രദേശങ്ങളിലാണ്‌ വളര്‍ന്നതെങ്കിലും അക്കാലത്ത്‌ അടുത്തറിയാന്‍ സന്ദര്‍ഭം ഉണ്ടായില്ലെന്ന്‌ മാത്രം. ചേട്ടന്‍ നിയമം പഠിച്ച്‌ വക്കീലായതും, ഞാന്‍ എന്‍ജിനീയറിംഗ്‌ പഠിച്ച്‌ വാധ്യാരായതും ഏകദേശം ഒരേ കാലത്താവണം. ഭാഗ്യസ്‌മരണാര്‍ഹനായ ഇട്ടിക്കുര്യന്‍ വക്കീലും, എന്റെ പിതാവും അടുത്ത സുഹൃത്തുക്കളായതിനാല്‍ എന്റെ വിദ്യാഭ്യാസം ഒക്കെ പൂര്‍ത്തിയായശേഷം അച്ഛനോടൊത്ത്‌ വക്കീല്‍സാറിനെ കാണാന്‍ പോയതും അന്ന്‌ തങ്കച്ചന്‍ ചേട്ടന്‍ വക്കീല്‍പണിയിലെന്നതുപോലെ രാഷ്‌ട്രീയത്തിലും സ്വന്തം കൊച്ചപ്പന്റെ വഴി പിന്‍തുടരുന്നതിനെക്കുറിച്ച്‌ പറഞ്ഞുകേട്ടതും ഓര്‍മ്മയുണ്ട്‌. തങ്കച്ചന്‍ അന്ന്‌ ആരംഭിച്ച വിനീതമായ പദയാത്രയാണ്‌ ഇന്നിപ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം എത്തിയ അശ്വമേധമായി മാറിയത്‌.

പൊതുവെ തങ്കച്ചന്‍ ചേട്ടന്‍ ഭാഗ്യവാനായിരുന്നു., സംശയമില്ല. തങ്കച്ചന്‍ എന്നു പേരുള്ള ഒരാള്‍ക്ക്‌ ആലോചിച്ചുറപ്പിച്ച വിവാഹത്തിലൂടെ തങ്കമ്മ എന്ന ഒരു സ്‌ത്രീ ഭാര്യയായി വരുന്നത്‌ തന്നെ ഭാഗ്യലക്ഷണമല്ലേ? കോടാനുകോടി മനുഷ്യരേയും, ലക്ഷോപലക്ഷം നക്ഷത്രങ്ങളേയും സൃഷ്‌ടിച്ച്‌ പരിപാലിക്കുന്നവന്‍ തങ്കച്ചനേയും തങ്കമ്മയേയും കൂട്ടിച്ചേര്‍ക്കുന്നതില്‍ ശ്രദ്ധിച്ചു എന്നതാണ്‌ ഭാഗ്യലക്ഷണമായി ഞാന്‍ ഇവിടെ വ്യാഖ്യാനിക്കുന്നത്‌.

രണ്ടാമതായി ഭാഗ്യം വെളിപ്പെട്ടത്‌ അവുക്കാദര്‍കുട്ടിനഹയിലൂടെയാണ്‌. മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ കാലാവധി നാലുകൊല്ലം ആയിരുന്ന കാലത്ത്‌ നാലാം കൊല്ലം `പിള്ളേര്‍ക്കതുമതി' എന്ന മട്ടില്‍ ഇട്ടിക്കൂര്യന്‍ വക്കീലിന്റെ സഹോദര പുത്രന്‌ പ്രാദേശിക നേതൃത്വം വച്ചുനീട്ടിയ ആശ്വാസ സമ്മാനം ആയിരുന്നു തങ്കച്ചന്‍ ചേട്ടന്റെ ചെയര്‍മാന്‍ പദവി. ആ നാലാം കൊല്ലം അവസാനിച്ചത്‌ ആ സഭയുടെ പതിനാലാം കൊല്ലം ആയിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റായി മജീദ്‌ മരയ്‌ക്കാറോ, പ്രസിഡന്റും ചെയര്‍മാനുമായി മണി സ്വാമിയോ എത്രകാലം പ്രവര്‍ത്തിച്ചു എന്നറിയുന്നില്ല ഞാന്‍. ഏതായാലും തുടര്‍ച്ചയായി ഇത്ര ദീര്‍ഘമായ ഒരു കാലയളവ്‌ പെരുമ്പാവൂരില്‍ മറ്റാരെങ്കിലും മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്നിട്ടുണ്ടെന്ന്‌ തോന്നുന്നില്ല.

രംഗവേദി തിരുവനന്തപുരം ആയതോടെ പിടിച്ചുകെട്ടാനാവാത്ത പടക്കുതിരയായി മാറി തങ്കച്ചന്‍ ചേട്ടന്‍. സ്വന്തം സഭയോട്‌ കാട്ടിയ സ്‌നേഹം ആദ്യഘട്ടത്തില്‍ എങ്ങനെ ഊര്‍ജ്ജമായി രൂപാന്തരപ്പെട്ടുവോ അതുപോലെ തന്നെ സ്വന്തം നേതാവിനോടും സ്വന്തം പ്രസ്ഥാനത്തോടും കാട്ടിയ അചഞ്ചലമായ കൂറ്‌ സംസ്ഥാന രാഷ്‌ട്രീയത്തില്‍ തങ്കച്ചന്റെ സ്ഥാനം വിമര്‍ശനാതീതമാക്കി. പി.ഐ. പൗലോസ്‌ ചേട്ടനേയും, ഗോപി ചേട്ടനേയും (പി.ജി) പോലെ തന്നെ സത്യസന്ധനും മര്യാദപുരുഷോത്തമനും ആയി തങ്കച്ചന്‍ ചേട്ടന്‍ ജനഹൃദയങ്ങളില്‍ തന്റെ ഇടം ഉറപ്പിച്ച നാളുകള്‍ക്കാണ്‌ നാം പിന്നെ സാക്ഷ്യംവഹിച്ചത്‌. സ്‌പീക്കറായും മന്ത്രിയായും തങ്കച്ചന്‍ ശോഭിച്ചപ്പോള്‍ ആരും അത്ഭുതപ്പെട്ടില്ല. എമ്മെല്ലെയും മന്ത്രിയുമൊക്കെ ആകുന്നത്‌ കവലചട്ടമ്പിയെപ്പോലെ പെരുമാറാനും മാന്യന്മാര്‍ ഉപയോഗിക്കാത്ത ചട്ട ഇംഗ്ലീഷില്‍ റാസ്‌കല്‍, ബ്ലഡി ഫൂള്‍ എന്നൊക്കെ പാവം ഹെഡ്‌ കോണ്‍സ്റ്റബിളിനെ വിരട്ടുമ്പോള്‍ `കൊടിയേറ്റ'ത്തിലെ ഗോപിയെപ്പോലെ `ഹൗ എന്തൊരു സ്‌പീഡ്‌' എന്നു പറയുന്ന മന്ദബുദ്ധികളാണ്‌ തന്നെ തെരഞ്ഞെടുത്ത ജനം എന്ന്‌ ധരിച്ച്‌ മണ്ടന്‍കളിക്കാനും തങ്കച്ചന്‍ ചേട്ടന്‍ ഒരിക്കലും തുനിഞ്ഞില്ല. അതാണ്‌ വിജയരഹസ്യം.

വിനയവും സത്യസന്ധതയും ജനോന്മുഖതയും ആണ്‌ പി.പി. തങ്കച്ചന്‍ എന്ന പൊതുപ്രവര്‍ത്തകനെ കേരളത്തിലെ കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തിന്റെ അമരത്തെ ത്രിമൂര്‍ത്തികളില്‍ ഒരാളാക്കിയത്‌. ഐ- ഗ്രൂപ്പില്‍ നിന്ന്‌ ഒരു മുഖ്യമന്ത്രിയുണ്ടായാല്‍ അത്‌ രമേശ്‌ ചെന്നിത്തല തന്നെ ആയിരിക്കും. എന്നാല്‍ ഇന്ന്‌ ഉമ്മന്‍ചാണ്ടി-സുധീരന്‍-തങ്കച്ചന്‍ എന്നാണല്ലോ നാം കോണ്‍ഗ്രസിന്റെ കേരള നേതൃത്വത്തെ കാണുന്നത്‌. സ്‌പീക്കറും മന്ത്രിയും ഒക്കെ ആയിരുന്ന സംവത്സരങ്ങളില്‍ ഒരൊറ്റെയാളെ എങ്കിലും കീഴ്‌പോട്ട്‌ നോക്കി കണ്ടില്ല ഈ നേതാവ്‌. സാധാരണ പൗരന്മാരെ ഒപ്പത്തിനൊപ്പമോ തന്നെക്കാള്‍ ഒരംഗുലം മേലെയോ കാണുന്നതാണ്‌ തങ്കച്ചന്റെ രീതി. അതാണ്‌ അദ്ദേഹത്തിന്റെ ബലവും.

പത്മാകരം ദിനകരോ വികചം കരോതി
ചന്ദ്രോ, വികാസയതി കൈരവചക്രവാളം
അഭ്യര്‍ത്ഥിതോ ജലധര്യോപി ജലം ദദാതി
സന്ത: സ്വയം പരഹിതേഷ്‌ഠ കൃതാഭിയോഗാ:

എന്ന്‌ ആര്‍ഷജ്ഞാനം പറഞ്ഞുതരുന്നുണ്ട്‌. സൂര്യന്‍ താമരപ്പൊയ്‌കയെ വിടര്‍ത്തുന്നു, ചന്ദ്രന്‍ ആമ്പല്‍ക്കൂട്ടത്തെ വികസിതമാക്കുന്നു, മേഘം ആവശ്യപ്പെടാതെ തന്നെ ജലം നല്‍കുന്നു, അതുപോലെ സ്വയം അന്യരുടെ ഹിതചര്യയില്‍ മുഴുകുന്നവരാണ്‌ സജ്ജനങ്ങള്‍ എന്നര്‍ത്ഥം. തങ്കച്ചന്‍ ചേട്ടന്റെ പൊതുജീവിതത്തിലെ നിയാമകതത്വവും ഇതുതന്നെ ആയിരുന്നു. അപരന്റെ ആവശ്യവും ആവലാതിയും അന്വേഷിച്ചറിഞ്ഞ്‌ ആയതിനു അനുയോജ്യമായ ആശ്വാസം, അനാവശ്യമായ കാലവിളംബം കൂടാതെ സംപ്രാപ്യമാക്കാന്‍ നിസ്വാര്‍ത്ഥമായി നിഷ്‌കാമകര്‍മ്മപരതയോടെ നിസ്‌തന്ദ്രം അധ്വാനിക്കുന്നു എന്നതാണ്‌ തങ്കച്ചന്‍ ചേട്ടന്റെ രാഷ്‌ട്രീയ ജീവിതത്തെ വേര്‍തിരിച്ച്‌ നിര്‍ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതി. അവിടെ ലാഭേച്ഛയോ, കര്‍മ്മഫലത്തെക്കുറിച്ചുള്ള അമിതമായ ആകാംക്ഷയോ ഇല്ല. കര്‍മ്മണ്യേവാധികാരസ്ഥേ മാ ഫലേഷു കദായനം അത്രതന്നെ.

നിരുത്തൂ നീതി നിപുണാ: യദി വാ സ്‌തുവന്തു
ലക്ഷ്‌മി: സമാവിശതു ഗച്ഛതു വാ യഥേച്ഛം
അദൈ്വത വാ മരണമസ്‌തു യുഗാന്തരേ വാ
ന്യായത്‌ പഥ: പ്രവിചലന്തി പദം ന ധീരാ:

അതായത്‌ നീതികുശലന്മാര്‍ നിന്ദിക്കുകയോ, സ്‌തുതിക്കുകയോ ചെയ്‌തുകൊള്ളട്ടെ, ഐശ്വര്യദേവ യഥേഷ്‌ടം പോവുകയോ ചെയ്യട്ടെ, മരണം ഇപ്പോഴോ ദീര്‍ഘകാലം കഴിഞ്ഞോ സംഭവിക്കട്ടെ, ധീരന്മാര്‍ ന്യായമാര്‍ഗ്ഗത്തില്‍ നിന്ന്‌ വിട്ടുമാറുകയില്ല എന്ന്‌ പറഞ്ഞത്‌ ഭര്‍ത്തൃഹരിയാണ്‌. ഭര്‍ത്തൃഹരി പി.പി. തങ്കച്ചനെ കണ്ടിട്ടുണ്ടാവുമോ!
ദൈവത്തിന്റെ കൈയ്യൊപ്പുള്ള രാഷ്‌ട്രീയ നേതാവ്‌ (ഡി. ബാബു പോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക