സിംഗപ്പൂര്‍ സന്ദര്‍ശനം കഴിഞ്ഞ് മലേഷ്യയിലേക്കുള്ള വിമാനത്തില്‍
കയറിയിരുന്നപ്പോള്‍ വിഷാദത്തിന്റെ നേരിയ ഒരു ചുടുക്കാറ്റ് മനസ്സിലടിച്ചു. രണ്ട്
വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെ തനിച്ചാക്കി ദൈവ സന്നിധിയിലേക്ക് പോയ എന്റെ
പ്രിയപ്പെട്ടവന്റെ ആഗ്രഹമായിരുന്നു മലേഷ്യ സന്ദര്‍ശിക്കുക എന്നത്.അദ്ദേഹത്തിന്റെ
അത്മാവ് വസിക്കുന്ന എന്നിലൂടെ അദ്ദേഹത്തിന്റെ അഭിലാഷം ഞാന്‍ നിറവേറ്റുകയാണ്.
ഇപ്പോള്‍ ഈ ഫ്‌ളൈറ്റില്‍ എന്റെയടുത്ത് അദ്ദേഹം ഉണ്ടെന്ന് ഞാന്‍ വളരെ സങ്കടത്തോടെ
സങ്കല്‍പ്പിച്ചു.യുവത്വം ജോലി ചെയ്യാനും വാര്‍ദ്ധക്യം വിശ്രമിക്കാനുമാണെന്ന്
വിശ്വസിച്ചിരുന്ന അദ്ദേഹം ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷമുള്ള കാലങ്ങള്‍ വിനോദ
സഞ്ചാരത്തിനായി ചിലവഴിക്കാനാണെന്ന് എപ്പോഴും പറയുമായിരുന്നു. ലോകത്തിലെ
പ്രധാനപ്പെട്ട സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിനിഷ്‌ടമായിരുന്നു. മാന്‍
പ്രൊപ്പൊസസ് ഗോഡ് ഡിസ്‌പൊസ്സസ് (Man proposes God disposes ) എന്ന് പറഞ്ഞപോലെ
അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടും മുമ്പേ ദൈവം തന്റെ അരികിലേക്ക്
അദ്ദേഹത്തെ വിളിച്ചു.എന്റെ നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യനായി അദ്ദേഹം ആകാശത്തിന്റെ
ഗോവണിപ്പടിക്കല്‍ വിമാനം പൊങ്ങുന്നത് കാത്ത് നില്‍പ്പുണ്ടായിരിക്കും എന്ന് ഞാന്‍
വെറുതെ മോഹിച്ചുകൊണ്ടിരുന്നു. മാനസിക വിഭ്രങ്ങള്‍ക്ക് വശംവദയാകരുതെന്ന്
യാഥര്‍ത്ഥ്യബോധം എന്നെ ഉപദേശിച്ചെങ്കിലും വിമാനത്തിന്റെ ജാലക പാളികളിലൂടെ ഞാനൊന്നു
പാളി നോക്കി. നിലാവൊഴുക്കുന്ന ആകാശത്തിന്റെ നീലിമയില്‍ വെണ്മേഘങ്ങള്‍
പാറിക്കളിക്കുന്നത് ഞാന്‍ കണ്ടു. എനിക്കായി സ്‌നേഹത്തിന്റെ പട്ടു തൂവ്വാലകള്‍
അദ്ദേഹം വീശുകയായിരിക്കും. ഞാന്‍ എന്റെ മനസ്സിനെ നിയന്ത്രിച്ചു.
വിമാനത്തിന്റെ ജനലിലൂടെ നോക്കുമ്പോള്‍ സിംഗപൂര്‍ പട്ടണം അതിന്റെ അഴകും
ശുദ്ധിയും കാണിച്ചുകൊണ്ട് മിന്നി തിളങ്ങുന്നു. മലേഷ്യയില്‍ രണ്ട്‌ദിവസത്തെ
സന്ദര്‍ശനത്തിനാണു്‌പോകുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഒരു രാജ്യം മുഴുവന്‍
കാണുക പ്രയാസമാണെങ്കിലും മുഖ്യ സ്‌ഥലങ്ങള്‍ കാണാന്‍ സാധിക്കുമെന്നത് തൃപ്‌തി
നല്‍കുന്നുണ്ടായിരുന്നു. വിമാനം പൊങ്ങാന്‍ ഇനിയും ഏതാനും നിമിഷങ്ങള്‍
മാത്രം.മാനത്തെ മാലാഖമാരെപ്പോലെ ആകാശ സുന്ദരിമാര്‍ മന്ദഹാസം പൊഴിഞ്ഞു വീഴുന്ന
ചുണ്ടുകളോടെ കൈ വീശികൊണ്ട് ഞങ്ങളെ എതിരേറ്റു യാത്രക്കാരില്‍ അധികം പേരും
മലേഷ്യക്കാര്‍തന്നെ. സഞ്ചാരികള്‍ വിരളം. മലേഷ്യയെ കുറിച്ച് വായിച്ച അറിവ് വച്ച്
ആ രാജ്യം ഞാന്‍ ഭാവന ചെയ്‌തിരുന്നു. എന്നെ മനോരാജ്യത്തില്‍ നിന്നും
വിളിച്ചുണര്‍ത്തികൊണ്ട് പൈലറ്റിന്റെ അറിയിപ്പ് കേട്ടൂ ഇവിടെ നിന്നും 45 മിനിറ്റ്
യാത്ര. നമ്മള്‍ അവിടെ ചെല്ലുമ്പോള്‍ അവിടത്തെ സമയം രാവിലെ 8.30. ഭൂമിയെ ഒന്നു
തൊട്ട് നമസ്‌കരിച്ചുകൊണ്ട് വിമാനത്തിന്റെ ചക്രങ്ങള്‍ മടങ്ങി അവ വായുവിലേക്ക്
ചിറക് വിടര്‍ത്തി.
യു.എസ്.എ യിലെ പോലെ ഇമ്മിഗ്രേഷന്‍ മലയക്കാര്‍ക്ക്
പ്രത്യേകം ക്യുവും വിദേശികള്‍ക്ക് വെറെ ക്യുവുമുണ്ട്. അവര്‍ നമ്മുടെ രണ്ടു
കയ്യിലേയും ചൂണ്ടാണി വിരലടയാളം എടുക്കും.ബോര്‍ഡുകളില്‍ മലയ ഭാഷയാണു് എഴുതി
വച്ചിരിക്കുന്നത്. ഒപ്പം ഇംഗ്ലീഷുമുണ്ട്. `സമ സമ' എന്ന മലയ വാക്കിനു
നിങ്ങള്‍ക്ക് സ്വാഗതമെന്ന് അര്‍ത്ഥം. `തെരുങ്കാശി' എന്നാല്‍ നിങ്ങള്‍ക്ക് നന്ദി.
കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ ഗൗരവ്വപൂര്‍വ്വം നടത്തുന്നു.
കസ്‌റ്റം ഓഫീസര്‍മാര്‍ പ്രതീക്ഷിച്ചില്ലെങ്കിലും ഞങ്ങള്‍ ഒരു `തെരുങ്കാശി'
പറഞ്ഞപ്പോള്‍ അവര്‍ അമ്പരക്കുകയും ചിരിക്കുകയും ചെയ്‌തു. അവര്‍ സമ സമ എന്ന്
ഞങ്ങളോട് തിരിച്ച്‌് പറഞ്ഞു. മലയ ഭാഷ അങ്ങനെ പഠിച്ചു കഴിഞ്ഞു എന്ന അഭിമാനത്താടെ
ഞങ്ങള്‍ പുറത്തേക്കുള്ള വാതില്‍ ലക്ഷ്യമാക്കി നടന്നു.
വിമാനത്തില്‍ നിന്ന്
ഇറങ്ങി ഇമ്മിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് പുറത്ത് വന്നപ്പോള്‍ പ്രഭാതത്തിന്റെ
കുളിരുവിട്ട് മാറി അന്തരീക്ഷം ചൂട് പിടിക്കാന്‍ തുടങ്ങി. നമ്മുടെ നാട്ടിലെ പോലെ
ടൂറിസ്‌റ്റുകളെ റാഞ്ചി കൊണ്ട് പോകാന്‍ ഇവിടെ ടാക്‌സിക്കാര്‍ ബദ്ധപ്പെടുന്നില്ല.
ടൂറിസ്‌റ്റ് ടാകിസികള്‍ വളരെ വൃത്തിയുള്ളതും ഡ്രൈവര്‍മാര്‍ ആവശ്യത്തിനു മാത്രം
ഉപചാരങ്ങള്‍ കാണിക്കുന്നവരുമാണ്. നമ്മള്‍ പറയുന്ന സ്‌ഥലത്തേക്ക് അവര്‍ കൊണ്ട്
പോകും. ടാക്‌സി കൂലിക്ക് വില പേശലില്ല. ഓരോ സ്‌ഥലത്തേക്ക്‌മുള്ള ചാര്‍ജുകള്‍
ടൂറിസ്സം വകുപ്പ്‌കാര്‍ നിശ്‌ചയിച്ചിട്ടുണ്ട്.
സിംഗപൂരിലെ സന്ദര്‍ശനം
സുഖകരവും എളുപ്പവുമാക്കാന്‍ സിംഗപ്പൂരില്‍ ഞങ്ങളെ സഹായിച്ച ശാന്ത ജോണ്‍ ജോലി
ചെയ്യുന്ന ടൂറിസ്സം കമ്പനികാരുടെ പ്രതിനിധികള്‍ മലേഷ്യയില്‍ ചെന്നിറങ്ങിയപ്പോള്‍
ഞങ്ങളെ കൂട്ടികൊണ്ട് പോകാന്‍കാത്ത് നില്‍പ്പുണ്ടായിരുന്നു. അത് കൊണ്ട് ഒരു
ഗൈഡിനെ ഞങ്ങള്‍ക്ക് അന്വേഷിക്കേണ്ടി വന്നില്ല..
കാര്‍ ഓടിച്ചിരുന്ന ഡ്രൈവറെ
കണ്ടാല്‍ ഇന്ത്യക്കാാരനാണെന്നെ തോന്നുകയുള്ളു. ഇന്ത്യ്‌കാരായ ടൂറിസ്‌റ്റുകളെ കണ്ട്
സൗഹ്രുദ പുഞ്ചിരിയോ കുശലാന്വേഷണമോ ഒന്നും നടത്താതെ തന്റെ കര്‍മ്മം നിര്‍വ്വഹിക്കുക
എന്ന കാര്യത്തില്‍ മുഴുകി അയാള്‍ കാര്‍ ഓടിച്ചു. മലയേഷ്യയില്‍ ഒരു സങ്കര
സംസ്‌കാരമാണുള്ളത്. അവിടത്തെ ആളുകളില്‍ വിവിധ മതങ്ങളുടെ, സംസ്‌കാരങ്ങളുടെ
വിശ്വാസങ്ങളുടെ അംശങ്ങള്‍ അടങ്ങിയിരിക്കുന്നു. ഭൂരിപക്ഷം മുസ്ലീം
വിശാസികളായത്‌കൊണ്ട് അവിടത്തെ ജനങ്ങള്‍ യാഥാസ്‌തിതികരാണ്. പാശ്‌ചാത്യ
സംസ്‌കാരത്തിന്റെ അലകള്‍ അടിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും മതത്തെ വളരെ
ബഹുമാനത്തോടെ അവര്‍ കരുതുന്നു.
എയര്‍പോര്‍ട്ടില്‍ നിന്നും കോലാലുമ്പുര്‍
സിറ്റിയിലേക്ക് ഒരു മണിക്കൂര്‍ കാറില്‍ സഞ്ചരിക്കണം. ഞങ്ങള്‍ അവിടെ നേരത്തെ
ബുക്ക് ചെയ്‌തപ്രകാരം ഒരു ഹോട്ടലില്‍ സുഖമായി എത്തിചേര്‍ന്നു.എയര്‍ പോര്‍ട്ടില്‍
നിന്നും വരുംവഴി ഒറ്റ റെസ്‌റ്റോറന്റ് പോലും കണ്ടില്ല. ചുറ്റുമുള്ള പള്ളികളില്‍
നിന്നും നിസ്‌കാരത്തിനുള്ള ബാങ്ക് വിളികള്‍ മുഴങ്ങുന്നുണ്ടായിരുന്നു.റോഡുകള്‍
എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. വാഹന നിയമങ്ങള്‍ എല്ലാവരും
പാലിക്കുന്ന പോലെ കാണപ്പെട്ടു. എണ്ണപ്പെട്ട ദിവസങ്ങള്‍ കയ്യില്‍ പിടിച്ച്
എന്തൊക്കെ കാണാന്‍ കഴിയുമെന്നതിനു ഒരു രൂപവുമുണ്ടായിരുന്നില്ലെങ്കിലും കഴിയുന്നത്ര
പ്രധാനപ്പെട്ട സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.
മലയേഷ്യയില്‍
കാണേണ്ട ഒന്നാണ് അവിടത്തെ സുല്‍ത്താന്റെ കൊട്ടാരം. മുമ്പ് കോടീശരനായ ഒരു
ചൈനക്കാരന്റെ വസതിയായിരുന്നു ഇത്. പിന്നീട് ജപ്പാന്‍കാരുടെ ഭരണകാലത്ത് ഇത്
അവരുടെ ഓഫീസ്സര്‍മാരുടെ ഭക്ഷണശാലയായി. ജപ്പാന്‍ കാര്‍ വിട്ട്‌പോയപ്പോള്‍ അത്
സുല്‍ത്താനു വേണ്ടി വിട്ട് കൊടുക്കയായിരുന്നു. ഇതിനെ മലയ ഭാഷയില്‍ ഇസ്‌താന നെഗാര
എന്ന് വിളിക്കുന്നു. ഇസ്‌താന എന്ന മലയ വാക്കിന്റെ അര്‍ത്ഥം രാജ്‌കീയമായ കൊട്ടാരം
എന്നാണു്. നെഗാര എന്ന വാക്കിനു രാജ്യം, സംസ്‌ഥാനം എന്നൊക്കെ അര്‍ത്ഥം ഉണ്ട്.
മുന്‍ കാലങ്ങളില്‍ സഞ്ചാരികള്‍ക്ക് കൊട്ടാര സന്ദര്‍ശനം അനുവദിച്ചിരുന്നു.
സുല്‍ത്താന്‍ സ്‌ഥലത്തുള്ളപ്പോള്‍ കൊട്ടരത്തില്‍ നാട്ടിയിരിക്കുന്ന പതാക
പാറികളിച്ചുകൊണ്ടിരിക്കും. പതാക താഴ്‌ത്തികെട്ടിയിട്ടുണ്ടെങ്കില്‍ സുല്‍ത്താന്‍
സ്‌ഥലത്തില്ലെന്നാണു സൂചന.
മലയേഷ്യയുടെ തലസ്‌ഥാനം കോലലുമ്പൂര്‍ ആണ്. കോല
ലുമ്പൂര്‍ എന്ന മലയ വാക്കിനര്‍ത്ഥം `ചെളിമയമായ അഴിമുഖം' എന്നത്രെ.മറ്റൊരു
ആകര്‍ഷണമാണ് ഇവിടെ സ്‌ഥിതിചെയ്യുന്ന ഇരട്ട സൗധങ്ങള്‍. ഇവ 2004 വരെ ലോകത്തിലെ
ഏറ്റവും ഉയരം കൂടിയതായി കണക്കാക്കിയിരുന്നു.ഇവിടത്തെ നാഷണല്‍ മോണുമെന്റും
സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇത് പണികഴിക്കുന്നതിനു മുമ്പ് രാജ്യത്തിനു വേണ്ടി
ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് വേണ്ടി ഒരു ചെറിയ സ്‌മാരകകുടീരം
നിര്‍മ്മിച്ചിരുന്നു. മലയേഷ്യയിലെ ആദ്യത്തെ പ്രധാനമന്ത്രി അമേരിക്ക
സന്ദര്‍ശിച്ചപ്പോള്‍ ഇവിടെ പണികഴിച്ചിട്ടുള്ള മറൈനെ കോര്‍പ്‌സ് വാര്‍ മെമോറിയല്‍
കണ്ട് ആ മാതൃകയില്‍ പണികഴിപ്പിച്ചതാണു ഇപ്പോഴത്തെ ഇവിടത്തെ നാഷണല്‍ മോണുമന്റ്‌്.
ഇതിനെ മലയയില്‍ റ്റുഗു നെഗാര എന്ന് പറയുന്നു.
ലാസ് വേഗസ് പോലെ തന്നെ
പര്‍വ്വത നിരകള്‍ക്ക് മുകളില്‍ പണികഴിച്ചിട്ടുള്ള കാസിനൊ, പാര്‍ക്ക്, മുതലായവ ഒരു
അപൂര്‍വ്വതയാണ്‌്. ഭരണകാര്യങ്ങളില്‍ മുസ്ലീം മതത്തിന്റെ സ്വാധീനമുള്ളത്‌കൊണ്ട്
ചൂതാട്ടം മലയയില്‍ അനുവദനീയമല്ല. എന്നാല്‍ ഈ കാസിനോയില്‍ അതിനുള്ള സൗകര്യങ്ങളുണ്ടു.
ഇത് 24 മണിക്കൂറും തുറന്നിരിക്കുന്നു. അവിടേക്ക് എത്തിചേരാന്‍ സഞ്ചാരികള്‍
ഇഷ്‌ടപ്പെടുന്നത് സ്‌കൈ ബസ്സുകളാണ് (Cable car) ) അതിലൂടെ യാത്ര ചെയ്യുമ്പോള്‍
താഴെ കാണപ്പെടുന്ന നഗരവും ചുറ്റ് പ്രദേശങ്ങളും
വളരെനയനാനന്ദകരമാണു്.
മറ്റൊരാകര്‍ഷണമാണ് അവിടത്തെ `ബേര്‍ഡ് പാര്‍ക്ക്'
(Bird Park). വിവിധതരത്തിലുള്ള പക്ഷികളെ അവിടെ കണ്ടു. നിത്യവും ധാരാളം
ടൂറിസ്‌റ്റുകളെ കാണുന്നത്‌കൊണ്ടായിരിക്കും പക്ഷികള്‍ ഭയരഹിതമെന്യേ
ഞങ്ങള്‍ക്കിടയിലൂടെ പറന്നു കളിച്ചുകൊണ്ടിരുന്നു. ഏറ്റവും ആകര്‍ഷണീയമായി തോന്നിയത്
മയിലുകളെയാണ്. അവ പീലിവിടര്‍ത്തി ആടികൊണ്ട് സന്ദര്‍ശ്‌കരെ സ്വാഗതം
ചെയ്യുന്നുണ്ടായിരുന്നു.മയിലുകള്‍ മുരുകന്റെ വാഹനമായത് കൊണ്ട് ഇവിടെയുള്ള തമിഴ്
പൗരന്മാര്‍ ഈ പക്ഷിയെ ആദരവോടെ കാണുന്നു. മയില്‍ മുഴുവനായി പീലി വിടര്‍ത്തുമ്പോള്‍
അത് ഓങ്കാരം എന്ന രൂപം കൈകൊള്ളുന്നു എന്ന് മുരുക വിശ്വാസികള്‍ കരുതുന്നു. കൂടാതെ
ഹിന്ദുക്കളുടെ ഇഷ്‌ടദേവനായ ശ്രീ ക്രുഷ്‌ണന്‍ തന്റെ തലമുടിയില്‍ പീലികള്‍
തിരുകുന്നു. ഏതൊ സ്വപനത്തിലെന്ന പോലെ നടക്കുന്ന മയിലുകളെ കണ്ടപ്പോള്‍ ഞാന്‍
മയൂരസന്ദേശം എന്ന സന്ദേശ കാവ്യം ഓര്‍ത്തുപോയി.
നിര്‍ഭയം ചുറ്റിലും പറന്ന്
കൊണ്ടിരുന്ന പക്ഷികള്‍ ചിലപ്പോള്‍ നമ്മുടെ തോളില്‍ തട്ടി തട്ടിയില്ലെന്ന മട്ടില്‍
പറന്നു പോകും. ഒരു പക്ഷെ നമ്മെ ഒന്ന് പരിഭ്രമിപ്പിക്കാനുള്ള അവയുടെ
വിനോദമായിരിക്കും. പക്ഷെ മരചുവട്ടില്‍ നില്‍ക്കുമ്പോള്‍ സൂക്ഷിക്കണം. അവര്‍
മുകളില്‍ നിന്നും അവരുടെ പ്രക്രുതി വിളികള്‍ നിര്‍വ്വഹിച്ച്‌് നമ്മുടെ ഉടുപ്പുകള്‍
വൃത്തികേടാക്കും.വാസ്‌തവത്തില്‍ പാര്‍ക്കില്‍ കഴിച്ച മണിക്കൂറുകള്‍
ആഹ്ലാദനിര്‍ഭരമായിരുന്നു. പലതരം പക്ഷികള്‍ അവിടെ പറന്നു കളിച്ചു. നമ്മുടെ നാട്ടിലെ
കുഞ്ഞാറ്റ കിളികളെ പോലുള്ള കിളികള്‍ മുതല്‍ മുട്ടന്‍ പക്ഷികള്‍ വരെ. ദൈവ
സ്രുഷ്‌ടിയിലെ മനോഹാരിത കണ്ടപ്പോള്‍ ഒരു നിമിഷം ഞാന്‍ കരുണാമയനായ ദൈവത്തെ ഓര്‍ത്ത്
മനസ്സ് കൊണ്ട് നമിച്ചു. ഈ ഭൂമിയും അതിനു ചുറ്റുമുള്ള എന്തെല്ലാം കാര്യങ്ങള്‍
നമുക്ക് അപരിചിതമാണ്. വിശാലമായ ഈ വിശ്വത്തില്‍ ദൈവം മനുഷ്യാനായി എന്തൊക്കെ
കരുതിയിരിക്കുന്നു. പക്ഷികളുടെ പാട്ടും, മൂളലും, മേലോട്ടും താഴോട്ടുമുള്ള
പറക്കലുമെല്ലാം വളരെ രസകരമായിരുന്നു.
പക്ഷികളെ കണ്ട് കഴിഞ്ഞ അടുത്തുള്ള
റെസ്‌റ്റോറന്റില്‍ കയറി. അത് തമിഴ് സംസാരിക്കുന്ന ഇന്ത്യയില്‍ നിന്നും കുടിയേറി
പാര്‍ക്കുന്നവര്‍ നടത്തുന്ന റെസ്‌റ്റോറന്റാണ് അവിടെ നിന്നും നമ്മുടെ നാടന്‍
സ്‌റ്റയിലില്‍ വടയും ഇഡ്‌ഡലിയും സാമ്പാറും കൂട്ടി ലഘുഭക്ഷണം കഴിച്ചു. നാട്ടിലെ പോലെ
ക്യാഷിര്‍ ഇരിക്കുന്ന സ്‌ഥലത്ത് ചന്ദനതിരികള്‍ പുകയുന്നുണ്ട്. ശ്രീ മുരുകന്റെ
പടവും അവിടെയുണ്ട്. തമിള്‍ നാട്ടില്‍ നിന്നും വന്നവര്‍ ഏഴു ശതമാനത്തോളമുണ്ട്
മലയേഷ്യയില്‍. അവരുടെ ഇഷ്‌ട ദേവനായ മുരുകനു വേണ്ടി മകരമാസത്തില്‍ (ഫെബ്രുവരി)
തൈപ്പൂയം ഇവിടെ കൊണ്ടാടുന്നു. നിലത്ത് നിന്ന് 100 മെയില്‍ ഉയരത്തില്‍ സ്‌ഥിതി
ചെയ്യുന്ന ബാടു ഗുഹകള്‍ എന്ന പേരിലറിയപ്പെടുന്ന ഒരു കുന്നിന്‍ മുകളില്‍ മുരുകനായി
ഒരുമ്പലമുണ്ട്. 272 പടികള്‍ കയറി പോകുമ്പോള്‍ ഒരു ഗുഹക്കകത്തായി മുരുക വിഗ്രഹം
കാണം.മുഴുവന്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ആ വിഗ്രഹം വിശ്വാസികള്‍ തൊഴുതു
വന്ദിക്കുന്നു. പടികള്‍ ചവിട്ടുന്നതിനുമുമ്പ് സ്വര്‍ണ്ണം പൂശിയ വളരെ വലുപ്പമുള്ള
മുരുക വിഗ്രഹം ഭക്‌തരേയും സഞ്ചാരികളേയും ആശീര്‍വദിച്ചുകൊണ്ട്
നില്‍ക്കുന്നുണ്ട്.ഗുഹയുടെ കവാടത്തിനുമുരുകന്‍ കയ്യീലേന്തുന്ന `വേല്‍' ആക്രുതി
കണ്ടിട്ടാണത്രെ അവിടെ ശ്രീ മുരുകനെ പ്രതിഷ്‌ഠിച്ചത്.
ഇവിടത്തെ ഗവണ്‍മന്റ്
ഓഫീസ്സുകള്‍ എല്ലാം ഒരിടത്ത് പ്രവര്‍ത്തിക്കുന്നു. ഇതിനെ മൊത്തത്തില്‍ പുത്രജയ
എന്നാണു വിളിക്കുന്നത്.പുത്രജയ എന്ന ആശയം കൊണ്ട് വന്നത് ഒരിക്കല്‍
പ്രധാനമന്ത്രിയായിരുന്ന ടുണ്‍ ഡോക്‌ടര്‍ മഹാതിര്‍ മൊഹമ്മദ് എന്ന
വ്യക്‌തിയായിരുന്നു.
ടുണ്‍ എന്ന ബഹുമതി മല്യേഷകാരില്‍ നൂറ്റാണ്ടുകളോളം നില
നിന്നു. ഈ പദവി അച്‌ഛന്‍ വഴി മക്കള്‍ക്ക്‌് കിട്ടുന്നു. എന്നാല്‍ ഒരേസമയം ഈ ബഹുമതി
മുപ്പത്തിയഞ്ച് പേരില്‍ കൂടുതല്‍ പേര്‍ക്ക് പാടില്ലെന്നാണു നിയമം. ഈ നിയമം
മലയാകാര്‍ക്ക് മാത്രം ബാധ്‌കം. വിദേശികള്‍ക്ക് എത്ര പേര്‍ക്ക് വേണമെങ്കിലും ഈ
പദവി നല്‍കാം. പുത്ര എന്ന വാക്കിനു ` രാജകുമാരന്‍' അല്ലെങ്കില്‍ `പുത്രന്‍'
എന്നൊക്കെ അര്‍ത്ഥമുണ്ട്. ജയ എന്ന വാക്കിനു വിജയമെന്നും. എന്നാല്‍ ഈ വാക്ക് രൂപം
കൊണ്ടത് മലര്‍ഷ്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ടുങ്കു അബ്‌ദുള്‍ റഹ്‌മന്‍
പുത്ര എന്ന ആളുടെ പേരില്‍ നിന്നാണു. ഇപ്പോള്‍ അവര്‍ സൈബര്‍ജയ എന്ന പ്രൊജക്‌റ്റും
രൂപീകരിച്ചിട്ടുണ്ട്ര്. ചില മന്ത്രാലയങ്ങളുടെ പേരുകള്‍ ഇങ്ങനെ: പെര്‍ദാന പുത്ര -
ഓഫീസ്‌ഓഫ് തി പ്രൈം മിനിസ്‌റ്റര്‍, വിസ്‌മ പുത്ര - മലയേഷ്യന്‍ മിനിസ്‌റ്ററി ഓഫ്
ഫോറിന്‍ അഫയേഴ്‌സ്. പിന്നെ പുത്ര മോസ്‌ക്, പുത്രജയ ലാന്റ്‌മാര്‍ക്ക്, പുത്രജയ
വെറ്റ് ലാന്റ്‌സ് പാര്‍ക്ക് ഇങ്ങനെയും കാണാം.പുത്രജയ തടാകം പുത്രജയ നഗരിയുടെ
ഹ്രുദയഭാഗത്ത് സ്‌ഥിതി ചെയ്യുന്നു. ഈ തടാകം തീര്‍ത്തിരിക്കുന്നത് നഗരം മുഴുവന്‍
നൈസര്‍ഗ്ഗികമായ തണുപ്പ് കിട്ടുന്ന വിധത്തിലാണു്. കൂടാതെ ഈ തടാകത്തില്‍ നിന്നും
മീന്‍ പിടിക്കാനും, ജലക്രീഡകള്‍ നടത്തുന്നതിനും സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മലയേഷ്യയിലെ മറ്റൊരു ആകര്‍ഷണമാണു അവിടത്തെ
കണവെന്‍ഷന്‍ സെന്റര്‍.ഇതിനെ പുത്രജയ ഇന്റെര്‍നാഷണല്‍ കണ്വെന്‍ഷന്‍ സെന്റര്‍ എന്ന്
ഔദ്യോഗികമായി അറിയപ്പെടുന്നു.മലയേഷ്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ
ആഹ്ലാദസൂചകമായാണ് ഇവിടത്തെ ദേശീയ മുസ്ലീം പള്ളി പണികഴിപ്പിച്ചത്. സ്വാതന്ത്ര്യം
ലഭിക്കാന്‍ വേണ്ടി പരിശ്രമങ്ങള്‍ നടത്തിയ റ്റുങ്കു അബ്‌ദുള്‍ റഹ്‌മന്‍ പുത്ര
അല്‍,ഹജ്‌ജിനോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഈ പള്ളിക്ക് അദ്ദേഹത്തിന്റെ പേരു
നിര്‍ദ്ദേശിക്കപ്പേട്ടെങ്കിലും അദ്ദേഹം നിരസിക്ക്യാണുണ്ടായത്. അദ്ദേഹം അതിനു
മസ്‌ജിത് നെഗാര എന്ന് പേരു നല്‍കി. അതായ്‌ത് നാഷ്‌ണല്‍ മോസ്‌ക്. സഞ്ചാരികള്‍
എല്ലാവരും ഈ പള്ളി സന്ദര്‍ശിക്കുന്നു, മുസ്ലീം വിശ്വാസികള്‍ അവരുടെ നിസ്‌കാരങ്ങള്‍
ഇവിടെ അനുഷ്‌ഠിക്കുന്നു.
ജനസംഖ്യയില്‍ ഭൂരിപക്ഷം ഇസ്ലാം വിശ്വാസികളെങ്കിലും
മറ്റ് മതക്കാരെ വിവേചനത്തോടെ കാണുന്നില്ല. രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ മലയ ആണ്.
എങ്കിലും ഓരോ രാജ്യത്ത് നിന്നും കുടിയേറിയവര്‍ അവരുടെ ഭാഷ സംസാരിക്കുന്നു. ഏഴ്
ശതമാനത്തോളം ഇന്ത്യക്കാര്‍, വ്യക്തമായി പറയുകയാണെങ്കില്‍ തമിഴര്‍ അവരുടെ ഭാഷയായ
തമിഴ് സംസാരിക്കുന്നു. മലയ ഭാഷയില്‍ ധാരാളം സംസ്‌ക്രുത പദങ്ങള്‍
ഉള്‍ക്കൊള്ളുന്നതായി അറിയാന്‍ കഴിഞ്ഞു. എന്നാല്‍ സംസ്‌ക്രുത പദങ്ങളുടെ
ഉച്‌ഛാരണത്തില്‍ വ്യത്യാസം ഉണ്ട്. മലയ ഭാഷ സംസാരിക്കുമ്പോള്‍ ഒരു വാചകത്തിലെ
പകുതിയോളം സംസ്‌കൃത പദങ്ങളായിരിക്കുമത്രെ.(ചില ഉദാഹരണങ്ങള്‍ പുത്ര- പുത്രി, സമുദ്ര,
കെഞ്ചന (സ്വര്‍ണ്ണം) സഹജ, സാക്ഷി, സോദര, സെരോജ, (സരോജ),ഗജ (ആന)സുര്‍ഗ (സ്വര്‍ഗ്ഗം)
നീര (വെള്ളം), പെരീക്ഷ (പരീക്ഷ).ഭാരതത്തിലെ പ്രമുഖ മതങ്ങളായ ഹൈന്ദവ്-ബുദ്ധ
മതങ്ങളുടെ സ്വാധീനം ഏഴാം നൂറ്റാണ്ട് വരെ മലയായില്‍ നില നിന്നിരുന്നതിന്റെ
സൂചനയാണ് ് ഈ സംസ്‌ക്രുത ഭാഷാ ശകലങ്ങളുടെസ്വാധീനം നമ്മുടെ ഭാരതത്തിലെ പോലെ നാനാ
ജാതി മതങ്ങളും, നാനാ ജാതി സംസ്‌കാരങ്ങളും ഇവിടേയും കാണാന്‍ കഴിഞ്ഞു,.സംസ്‌ക്രുത
പദങ്ങള്‍ മലയാളത്തിലും ഉപയോഗിക്കുന്നത് കൊണ്ട് മലയ ഭാഷ പഠിക്കാന്‍ വലിയ
ബുദ്ധിമുടുണ്ടാകിക്ലെന്ന് ഞാന്‍ ആലോചിച്ചുകൊണ്ട് മലയേഷ്യയോട്‌് വിട
പറഞ്ഞു.
(മലയ ഭാഷയില്‍ സരോജ എന്ന പദം സെരോജ എന്നാണ്
ഉപയോഗിക്കുന്നത്)