Lawson Travels

അക്ഷരമുറ്റത്തെ ഓര്‍മ്മകള്‍ - ലേഖനം (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 01 June, 2015
അക്ഷരമുറ്റത്തെ ഓര്‍മ്മകള്‍ - ലേഖനം (മീട്ടു റഹ്മത്ത് കലാം)
അക്ഷരമുറ്റേത്തേയ്ക്കുള്ള എന്റെ പുടപ്പുറപ്പാട് അത്ര സംഭവബഹുലം ആയിരുന്നില്ല. ഉമ്മയുടെ ഒക്കത്തിരുന്ന് അച്ചുവിനെ ( ചേച്ചി) സ്‌കൂള്‍ ബസില്‍ കയറ്റിവിടാന്‍ കൂടെപോകുമ്പോള്‍ ആ യാത്ര ഞാന്‍ കൊതിച്ചതാണ്. ഗൃഹപാഠങ്ങള്‍ ചെയ്യുന്ന ചേച്ചിയുടെ അടിത്തിരുന്ന് പുസ്തകങ്ങള്‍ തൊടുകയും, മണക്കുകയും എഴുതുന്നത് നോക്കി ഇരിക്കുകയും ചെയ്യുമ്പോള്‍ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മോള്‍ക്കും പുസ്തകം കിട്ടുമല്ലോ എന്ന ആശ്വാസവാക്ക് വിദ്യാര്‍ത്ഥിനിയാകാനുള്ള ആഗ്രഹത്തിന്റെ വിത്ത് എന്റെയുള്ളില്‍ പാകിയിട്ടിരുന്നു.

ഏറെ കാത്തിരിപ്പിനൊടുവില്‍ ആ ദിനം സമാഗമമായി. എന്റെ കന്നിയങ്കം. ജൂണ്‍ ഒന്നിന് പതിവുള്ള മഴ അന്ന് പെയ്തില്ല. അന്തരീക്ഷവും മനസ്സും എല്ലാം പ്രസന്നം. ചേച്ചിയുടെ സ്‌കൂള്‍ തന്നെയെന്ന് നേരത്തെ തീരുമാനിച്ചിരുന്നതുകൊണ്ട് യൂണിഫോമൊക്കെ നേരത്തെ തയ്ച്ചുകിട്ടി- വെള്ള ഷര്‍ട്ടും, ചുവന്ന പീനാഫോമും. കഴുത്തിലെ കുരുക്കും അരയിലെ ബെല്‍റ്റും എന്നെ പത്രാസുകാരിയാക്കി. തലയില്‍ ചുവന്ന റിബണും യൂണിഫോമിന്റെ ഭാഗമാണ്. രണ്ടായി പകുത്ത് കെട്ടാന്‍ നീളമില്ലാതിരുന്ന എന്റെ കോലന്‍മുടിയെ എങ്ങനെയോ ഒത്ത നടുക്കൊരു പൂവ് വിരിഞ്ഞു നില്‍ക്കുംപോലെ ആക്കിയെടുത്തു. അതുവരെ ഹെയര്‍ബോ മാത്രം വെച്ച് കണ്ട എന്റെ മുഖത്തിന്റെ ആ മാറ്റം കണ്ണാടിയില്‍ നോക്കി ഞാന്‍ ആസ്വദിച്ചു. ഷൂവും സോക്‌സും ഒക്കെ ഇടിയിച്ചിട്ടും എന്തോ കുറവ് ഓര്‍ത്തെടുത്ത് ഉമ്മയൊരു തൂവാല ത്രികോണാകൃതിയില്‍ മടക്കി ഇസ്തിരിയിട്ട് നെഞ്ചിന്റെ ഭാഗത്തായി പിന്‍ ചെയ്തു തന്നു. അന്ന് കുട്ടികള്‍ക്കിടയില്‍ അങ്ങനൊരു ഫാഷന്‍ ഉണ്ടായിരുന്നിരിക്കാം. ഒരു കാര്യത്തില്‍ എനിക്ക് അതൃപ്തി തോന്നി. പേരെഴുതിയ മഞ്ഞ നെയിപ്ലെയിറ്റ് അച്ചുവിനുണ്ട്. എനിക്കതില്ല. സ്‌കൂളില്‍ പോകുമ്പോള്‍ അതുകിട്ടും എന്നു പറഞ്ഞപ്പോള്‍ ഉഷാറായി.

എനിക്കുവേണ്ടി കൂടി സ്‌കൂള്‍ ബസിന്റെ ഹോണ്‍ അന്നാദ്യമായി മുഴങ്ങി. ഉമ്മ കൂടെ വരില്ലെന്ന് ഒരു ചെറിയ വിഷമം ഉള്ളില്‍ നീറി. അച്ചു എന്നെ കൈപിടിച്ച് ബസില്‍ കയറ്റി ബാഗ് ഊരി വാങ്ങി സീറ്റിലിരുത്തി. രണ്ട് പേര്‍ക്കും മിക്കി മൗസിന്റെ പടമുള്ള ഒരു പോലെയുള്ള ബാഗുകളാണ് വാപ്പ വാങ്ങിത്തന്നത്. സ്‌കൂള്‍ എത്തുമ്പോള്‍ എന്റെ ബാഗ് എനിക്ക് തരുമോ എന്ന ആശങ്കയോടെ ചുറ്റുവട്ടത്തെ കാഴ്ചകള്‍ കാണാതെ ഞാന്‍ എന്റെ ബാഗില്‍ നോക്കിയിരുന്നു. മദ്ധ്യവേനല്‍ അവധി കഴിഞ്ഞ് കൂട്ടുകാര്‍ക്ക് തമ്മില്‍ ഒരുപാട് വിശേഷങ്ങള്‍ പങ്കുവെയ്ക്കാനുണ്ടായിരുന്നു. ബസിനുള്ളില്‍ ഒരു ക്ലാസ്‌റൂമിന്റെ കലപില ശബ്ദം. വിദേശത്ത് അച്ഛന്മാരുള്ള കുട്ടികള്‍ കൗതുകം തോന്നുന്ന സ്‌കെയിലും റബറും കട്ടറുമൊക്കെ ബോക്‌സില്‍ നിന്നെടുത്ത് കാണിച്ച്  ജാഡയില്‍ നില്‍ക്കുമ്പോള്‍ 'ഇതാണെന്റെ അനിയത്തി എന്നു പറഞ്ഞ് അച്ചു എന്നെ പരിചയപ്പെടുത്തി' ഏതോ വിലയേറിയ കളിപ്പാട്ടം സ്വന്തമായുള്ള സുഹൃത്തിനെ നോക്കുംപോലെ കുട്ടികള്‍ തുറിച്ചു നോക്കി. ഒരു രക്ഷിതാവിന്റെ വേഷപകര്‍ച്ചയോടെ അഭിമാനത്തില്‍ അച്ചു നിന്നു. ആ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും സ്‌നേഹം എനിക്കൊരു ഊര്‍ജം പകര്‍ന്നു.

സ്‌കൂള്‍ എത്തി - എസ്.ഡി.വി.സെന്‍ട്രല്‍ സ്‌കൂള്‍. സനാതന ധര്‍മ്മ വിദ്യാലയം എന്ന പൂര്‍ണ്ണനാമം അന്നൊന്നും അറിയില്ല. കൈവിട്ടുപോയോ എന്ന് കരുതിയ ബാഗ് എനിക്ക് തന്നെ തന്നപ്പോള്‍ ആശ്വാസമായി. എന്നെ എന്റെ ക്ലാസിലാക്കി അച്ചു നടന്നിറങ്ങിയപ്പോള്‍ മാത്രമാണ് സ്‌കൂളില്‍ പല ക്ലാസ്സുണ്ടെന്ന് എനിക്ക് പിടികിട്ടിയത്. അതുവരെ ഞങ്ങള്‍ക്കൊരുമിച്ചിരിക്കാം എന്നാണ് ഞാന്‍ കരുതിയിരുന്നത്.

ഓരോരുത്തര്‍ക്കും ഇരിക്കാന്‍ നിറമുള്ള കസേരകളും കുഞ്ഞുമേശയും. മഞ്ജരിയും ലക്ഷമിയുമാണ് ആദ്യം പരിചയപ്പെട്ട കൂട്ടുകാര്‍. ഇംഗ്ലീഷ് പഠിപ്പിക്കുന്ന എലിസബേത്ത് മിസ്സായിരുന്നു എല്‍.കെ.ജി (ബി) യുടെ ക്ലാസ് ടീച്ചര്‍. സംസാരിക്കുമ്പോള്‍ അങ്ങിങ്ങ് ആടുന്ന പോണിടെയില്‍ കെട്ടിവെച്ച മിസ്സിന്റെ മുടി എനിക്കിഷ്ടമായി. അറ്റന്‍ഡന്‍സ് എടുത്തപ്പോഴാണ് എനിക്കേറ്റവും രസം തോന്നിയത് അത്രയധികം പേരുകള്‍ ഒരുമിച്ച് അതിനു മുന്‍പ് ഞാന്‍ കേട്ടിട്ടില്ല. രണ്ട് വര്‍ഷമേ അവിടെ പഠിച്ചുള്ളൂ എന്നതുകൊണ്ട് പേരുകളൊന്നും അത്ര ഓര്‍മ്മയില്ല.

എന്റെ വിചാരം ഒരു പേര് ഒരാള്‍ക്കേ ഉണ്ടാകൂ എന്നായിരുന്നു. ഹിന്ദി പഠിപ്പിച്ചിരുന്ന ടീച്ചറുടെ മകന്‍ എന്റെ ക്ലാസിലായിരുന്നു - ജയറാം. ജയറാം എന്ന സിനിമാനടനെയേ എനിക്കറിയൂ. വീട്ടില്‍ ചെന്നത് പറഞ്ഞപ്പോള്‍ ആണ് ഒരു പേര് തന്നെ പലര്‍ക്കും ഇടാം എന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നത്.
ആഷിഷ് എന്ന പേരുള്ള ഒരു കുട്ടിയെയും ഓര്‍ക്കാന്‍ കാരണമുണ്ട്. അസംബ്ലിയുടെ ഒടുവില്‍ 'ജനഗണമന' പാടുമ്പോള്‍ 'ആഷിഷമാഗേ' എന്ന വരി എത്തുമ്പോള്‍ ഞങ്ങളെല്ലാം അവനെ നോക്കി ചിരിക്കുമായിരുന്നു.

ബ്രൗണ്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് പുസ്തകങ്ങളിലൊക്കെ നെയിംസ്ലിപ്പ് ഒട്ടിച്ച് എന്റെ പേരെഴുതുമ്പോള്‍ വായിക്കാനറിയില്ലെങ്കിലും വല്ലാത്തൊരു നിര്‍വൃതിയായിരുന്നു. പച്ചയില്‍ വെള്ള നിറത്തില്‍ പേരെഴുതിയ നെയിംപ്ലെയിറ്റ് കിട്ടിയപ്പോഴും സ്വന്തമായെന്തോ കിട്ടിയതിന്റെ ഗമ തോന്നി.
ആദ്യത്തെ ചുണ കുറഞ്ഞു തുടങ്ങി. എന്തിനും ഏതിനും എന്തൊക്കെയോ നിയമങ്ങളുള്ള ലോകം എനിക്ക് അപരിചിതമായി തോന്നി. വിശക്കുമ്പോള്‍ മാത്രം കഴിച്ചോണ്ടിരുന്ന ഞാന്‍ ബെല്ലടിക്കുമ്പോള്‍ കഴിക്കും, ഉറക്കം വന്നില്ലെങ്കിലും കിടക്കണം, മിണ്ടാതിരിക്കണം. ഒന്നും വേണ്ടായിരുന്നെന്ന് തോന്നി. ഇംഗ്ലീഷിന് നാല് വരയുള്ള ബുക്ക്, ഹിന്ദിയ്ക്കും  മലയാളത്തിനും ഇരട്ട വര, കണക്കിന് ചെക്ക് ബുക്ക്. ഇതാണോ ഇനിയെന്റെ ലോകം ? ഞാന്‍ നെടുവീര്‍പ്പിട്ടു. നാല് വരയുള്ള ബുക്കില്‍ മൂന്ന് വരയില്‍ മാത്രമേ എഴുതാവൂ, ഒന്ന് വെറുതേ ഇടണം എന്ന് കേട്ടപ്പോള്‍ മൂന്ന് വരെയുള്ള ബുക്ക് വാങ്ങിയാല്‍ മതിയായിരുന്നില്ലേ എന്ന ചോദ്യം മനസ്സില്‍ വന്നെങ്കിലും ഇതുവരെ ഉത്തരം കിട്ടാതെ ഉള്ളില്‍ തന്നെ അവശേഷിക്കുകയാണ്.

പിന്നീടുള്ള ദിവസങ്ങള്‍ ഏറെ പണിപ്പെട്ടാണ് ഉമ്മ എന്നെ സ്‌കൂളിലേക്ക് വിട്ടത്. കരച്ചിലും പിഴിച്ചിലും ഉമ്മവയ്ക്കലും ഞാന്‍ പോകില്ല എന്ന് പറച്ചിലും അങ്ങനൊരു മടി കുറച്ചു നാള്‍ നീണ്ടു. പിന്നീടെപ്പൊഴോ  അതുമായി പൊരുത്തപ്പെട്ടു. സ്‌കൂളിനെ ഞാന്‍ സ്‌നേഹിച്ചു തുടങ്ങി.
എല്ലാ മതത്തിനു കീഴിലുള്ള മാനേജ്‌മെന്റിന്റെയും സ്‌കൂളുകളില്‍ പഠിച്ചിട്ടുള്ളത് മതത്തിന്റെ വേലിക്കെട്ടിനപ്പുറം മനുഷ്യത്വപരമായ ഒരു കാഴ്ചപ്പാട് എനിക്ക് പ്രദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ചിന്താമണ്ഢത്തില്‍ നമ്മള്‍ പോലും അറിയാതെ വിദ്യാഭ്യാസകാലയളവ് മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് വ്യക്തമാണ്.

ആദ്യക്ഷരം കുറിക്കുമ്പോള്‍ മുതല്‍ നമ്മുടെ സ്വഭാവരൂപവല്‍ക്കരണം തുടങ്ങുകയാണ്. ഒരാളുടെ വ്യക്തിത്വത്തിന്റെ ആകെത്തുക അവന്‍ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളുടെ സംഭാവനയാണ്. ബുദ്ധി ഉറയ്ക്കുന്ന പ്രായത്തില്‍ കൂടുതല്‍ സമയം ചെലവിടുന്ന സ്ഥലം എന്ന നിലയ്ക്ക് വിദ്യാലയങ്ങളുടെ സ്വാധീനം വളരെ വലുതാണ്. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും തിരിഞ്ഞു ചിന്തിച്ചാല്‍ നിറം മങ്ങാത്ത ഓര്‍മ്മയും അക്ഷരമുറ്റത്തായിരിക്കും. ഒരു വട്ടം കൂടി ആ തിരുമുറ്റത്തേയ്ക്ക് ഒ.എന്‍.വി യുടെ വരികളിലേതുപോലെ ഓടിയെത്താന്‍ കൊതിക്കാത്തവരുണ്ടോ ?
അധ്യയനവര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ പേറുന്നവരുടെയും പുതുതായി കാലെടുത്ത് വയ്ക്കുന്നവരുടെയും മുന്നില്‍ വിദ്യാലയത്തിന്റെ പടിവാതില്‍ ഒരുപോലെ തുറക്കപ്പെടും.

മീട്ടു റഹ്മത്ത് കലാം

അക്ഷരമുറ്റത്തെ ഓര്‍മ്മകള്‍ - ലേഖനം (മീട്ടു റഹ്മത്ത് കലാം)
കൃഷ്ണ 2015-06-02 20:42:10
Beautiful Article. It made me remember my school days too. Congrats to little Meettukkutty.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക