Image

അമൃതവഴികള്‍ക്ക്‌ അവതാരിക (ഡി. ബാബു പോള്‍)

Published on 07 June, 2015
അമൃതവഴികള്‍ക്ക്‌ അവതാരിക (ഡി. ബാബു പോള്‍)
കൊല്ലം ലത്തീന്‍ കത്തോലിക്കാ രൂപതയിലെ ഒരു യുവ വൈദീകനായ ബഞ്ചമിന്‍ പള്ളിയാടി രചിച്ച `അമൃതവഴികള്‍' എന്ന കൃതി അത്യന്തം സന്തോഷത്തോടെയാണ്‌ ഞാന്‍ വായിച്ചത്‌. അദ്ദേഹം നേരത്തെ രചിച്ച തനിമയുടെ വഴികള്‍, നിറവിന്റെ വഴികള്‍ എന്ന രണ്ട്‌ കൃതികള്‍ വായിച്ചപ്പോള്‍ തന്നെ പുതിയ പുസ്‌തകവും മോശമാവില്ല എന്നു തോന്നിയിരുന്നു. ആ ചിന്തയെ സാധൂകരിക്കുന്നതായി പാരായണാനുഭവം.

ഇന്ത്യയിലെ ആദ്യത്തെ ഭദ്രാസനമാണ്‌ കൊല്ലം രൂപത. രണ്ടാം സഹസ്രാബ്‌ദത്തിന്റെ തുടക്കത്തില്‍ കൊല്ലം ഒരു വലിയ വാണിജ്യകേന്ദ്രമായിരുന്നു. കുരുമുളക്‌ ആയിരുന്നു പ്രധാനപ്പെട്ട കയറ്റുമതി. അതിന്റെ ചുമതല ഈ നാട്ടിലെ ക്രസ്‌ത്യാനികള്‍ക്കായിരുന്നു. ചൈനയിലേക്ക്‌ പോകുന്ന യൂറോപ്യന്‍ കപ്പലുകള്‍ക്ക്‌ കൊല്ലം മുസിരിസിനേക്കാള്‍ പ്രാപ്യതരം ആയിരുന്നതിനാല്‍ ആവാം കൊല്ലത്ത്‌ അവ നങ്കൂരമിട്ടുവന്നത്‌. പതിന്നാലാം നൂറ്റാണ്ടുവരെ മുസിരിസ്‌ പ്രവര്‍ത്തനക്ഷമം ആയിരുന്നു എന്നതും ആ പ്രദേശത്ത്‌ എന്‍ജിനീയര്‍മാര്‍ മഡ്‌ബാങ്ക്‌സ്‌ എന്നു വിളിക്കുന്ന ചാകര കടലിനെ ശാന്തമാക്കി പരിപാലിച്ചിരുന്നു എന്നതും ഓര്‍മ്മിക്കുന്നതിനാലാണ്‌ അന്തര്‍ദേശീയ കപ്പല്‍ച്ചാലിനോടുള്ള ദൂരം ആയിരുന്നിരിക്കാം കാരണമെന്ന്‌ ഊഹിക്കുന്നത്‌. ഇപ്പോഴും കൊച്ചി അന്തര്‍ദേശീയ മാരിടൈം ഹൈവേയോട്‌ താരതമ്യേന അടുത്താണ്‌ എങ്കിലും അതിലേറെ അടുത്താണല്ലോ വിഴിഞ്ഞം.

ചൈനയിലേക്ക്‌ പോകുന്ന കപ്പലില്‍ വന്ന സായിപ്പുമാര്‍ ഭാരതത്തില്‍ ക്രിസ്‌ത്യാനികളെ കണ്ട്‌ അത്ഭുതം കൂറി. അവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നത്‌ സായിപ്പിനു അപരിചിതമായ ഭാഷയിലും സമ്പ്രദായത്തിലും ആയിരുന്നു. അവര്‍ മാര്‍ത്തോമാശ്ശീഹായെ ക്രിസ്‌തുവിനൊപ്പം ആരാധിച്ചിരുന്നു എന്നുവരെ കണ്ടെത്തി അവരില്‍ ചിലര്‍. അവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്‌ മാര്‍പ്പാപ്പ കൊല്ലത്തിനു ഒരു മെത്രാനെ നിയമിച്ചത്‌. മോണ്ടി കൊര്‍വീനോയോടൊപ്പമോ തൊട്ട്‌ പിന്നാലെയോ വന്ന കാറ്റലിനി (JourdanCatalini ole Severac) മിറാബിലിയെ ഡിസ്‌ക്രിപ്‌റ്റാ എന്ന കൃതിയില്‍ നമ്മുടെ പൂര്‍വ്വികരെ കുറിച്ച്‌ എഴുതിയത്‌. 1982-ല്‍ പ്രകാശിതമായ വെനി, വിദി, വിചി എന്ന കൃതിയില്‍ ഞാന്‍ ഉദ്ധരിച്ചിട്ടുണ്ട്‌. ഇവിടുത്തുകാര്‍ ക്രിസ്‌ത്യാനികളായിരുന്നുവെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും, സത്യത്തില്‍ ക്രിസ്‌ത്യാനികളല്ലെന്നും വിശ്വാസം എന്താണെന്ന്‌ അവര്‍ക്ക്‌ അറിഞ്ഞുകൂടാ എന്നും അവര്‍ക്ക്‌ മാമ്മോദീസാ എന്നൊരു പരിപാടിയേ ഇല്ല എന്നും താന്‍ മൂന്നൂറ്‌ ആത്മാക്കളെ ജ്ഞാനസ്‌നാനം നല്‍കി രക്ഷിച്ചു എന്നും മറ്റും കാറ്റിലിനി രേഖപ്പെടുത്തി. പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യക്കാരനായ ജോസഫ്‌ മാര്‍പാപ്പയോട്‌ പറഞ്ഞത്‌ കൂട്ടിവെച്ച്‌ ഇക്കാര്യം ചിന്തിച്ചാല്‍ പില്‍ക്കാലത്ത്‌ മെനേസിസിനും സമ്പാളൂര്‍ പാതിരിമാര്‍ക്കും ഉണ്ടായ ചിന്താക്കുഴപ്പം തന്നെയാണ്‌ കാറ്റിലിനിയേയും ഗ്രസിച്ചത്‌ എന്ന്‌ ഊഹിക്കാം.

അവരെ കുറ്റം പറയേണ്ടതില്ല. അക്കാലത്ത്‌ വാര്‍ത്താവിനിമയ സൗകര്യങ്ങളില്ല. ക്രിസ്‌തുമതത്തിലെ അവാന്തരവിഭാഗങ്ങള്‍ ഒരു പൗരസ്‌ത്യരഹസ്യം മാത്രം ആയിരുന്നുതാനും. ഏതായാലും കൊല്ലത്തെ ഈ ആത്മാക്കളെ രക്ഷിക്കാന്‍ ജോണ്‍ ഇരുപത്തിരണ്ടാമന്‍ നിശ്ചയിച്ചു. അദ്ദേഹം ജോര്‍ദന്‍ എന്ന സന്യാസ വൈദീകനെ കൊല്ലം മെത്രാന്‍ ആയി നിയമിച്ചു. പോര്‍ച്ചുഗീസുകാര്‍ വരുന്നതിനു മുമ്പായിരുന്നു അത്‌. ആ നിയമനത്തിന്‌ തെളിവുണ്ടെങ്കിലും ആ പിതാവ്‌ കൊല്ലം കണ്ടതായി വിവരമില്ല. എന്നിരുന്നാലും പതിന്നാലാം നൂറ്റാണ്ടില്‍ കൊല്ലം ഒരു രൂപതയായി റോമില്‍ അംഗീകരിക്കപ്പെട്ടു എന്നത്‌ നിസ്‌തര്‍ക്കമാണ്‌.

ആ പാരമ്പര്യത്തില്‍ അഭിരമിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നവരാണ്‌ കൊല്ലത്തെ കത്തോലിക്കര്‍. വരാപ്പുഴ ഒഴിച്ചാല്‍ മറ്റൊരു ലത്തീന്‍ രൂപതയ്‌ക്കും അവകാശപ്പെടാനാവാത്തവിധം കേരളീയ സംസ്‌കാരസ്വാധീനത കൊല്ലത്ത്‌ കാണാം. മയ്യനാണ്‌ ഏ. ജോണ്‍, ഫാ. പള്ളിയാടിയുടെ കാരണവരായ സരസകവി ഏ.ജെ. പള്ളിയാടി എന്നീ പേരുകള്‍ പെട്ടെന്ന്‌ ഓര്‍മ്മവരുന്നു.

ഈ സ്വാധീനതയും പോര്‍ച്ചുഗീസുകാര്‍ക്ക്‌ മുമ്പ്‌ നിലനിന്നിരുന്ന ഏതദ്ദേശീയസഭയുടെ സ്വഭാവത്തിലേക്ക്‌ വിരല്‍ചൂണ്ടുന്നു. അതിന്റെ തുടര്‍ച്ച പള്ളിയാടി അച്ചന്റെ കൃതികളിലും നമുക്ക്‌ കാണാം.

മറ്റ്‌ രണ്ട്‌ പുസ്‌തകങ്ങള്‍ പോലെ അച്ചന്റെ ഈ കൃതിയും പ്രസംഗത്തിന്റെ രൂപരേഖയാണ്‌. ഞായാറാഴ്‌ചകളിലെ വചനപ്രഘോഷണം അതിപ്രധാനമാണ്‌. എങ്കിലും പല വൈദീകരും വേണ്ടത്ര അറിവോ ഒരുക്കമോ കൂടാതെ ആയത്‌ നിര്‍വഹിക്കുമ്പോള്‍ വിശ്വാസികള്‍ക്ക്‌ ഒരു നന്മയും കിട്ടുന്നില്ല. ഇക്കാലത്ത്‌ ശ്രോതാക്കള്‍ പൊതുവെ വിദ്യാസമ്പന്നരാണെന്നത്‌ പോലും മറന്ന മട്ടിലാണ്‌ ചില അച്ചന്മാരുടെ പ്രസംഗം. പത്തുപതിനഞ്ച്‌ മിനിറ്റിലേറെ ദീര്‍ഘിക്കാതെ, കൃത്യമായ ഒന്നോ പരമാവധി രണ്ടോ ആശയങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കി ലളിതവും ഹൃദ്യവും ആയ ഭാഷയില്‍, വചനേതരപരിഗണനകള്‍ തീര്‍ത്തും മാറ്റിവെച്ച്‌ ചെയ്യുന്ന പ്രഭാഷണമാണ്‌ ഫലം ചെയ്യുന്നത്‌. വടക്കന്‍ തിരുവിതാംകൂറിന്റെ നവോത്ഥാന നായകരില്‍ ഒരാളായി വാഴ്‌ത്തപ്പെടുന്ന പി.ഏ. പൗലോസ്‌ കോര്‍എപ്പിസ്‌കോപ്പ (1904 - 87), അദ്ദേഹത്തിന്റെ സഹോദരന്‍ മലങ്കര കത്തോലിക്കാ സഭയിലെ ഏബ്രഹാം കോര്‍എപ്പിസ്‌കോപ്പ (1921- 2009), ഓര്‍ത്തഡോക്‌സ്‌ സഭയിലെ ടി.ജെ. ജോഷ്വാ കത്തനാര്‍, മാര്‍ത്തോമാ സഭയിലെ സഖറിയാസ്‌ മാര്‍ തെയോഫിലോസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത, കല്‍ദായ സുറിയാനി സഭയിലെ ഡോ. മാണി പുതിയിടം തുടങ്ങി ചില പേരുകള്‍ ഇപ്പോള്‍ ഓര്‍മ്മവരുന്നുണ്ട്‌. ആ പ്രശസ്‌ത പ്രഭാഷകരുടെ നിരയിലേക്കാണ്‌ ഈ യുവ വൈദീകന്‍ കടന്നുവന്നുകൊണ്ടിരിക്കുന്നത്‌ എന്നതിന്‌ അദ്ദേഹത്തിന്റെ പ്രസംഗ കുറിപ്പുകള്‍ തെളിവാണ്‌. വേണ്ടിവന്നാല്‍ അഞ്ചു മിനിറ്റില്‍ പ്രസംഗം ഒതുക്കാന്‍ കഴിയുന്നവരാണ്‌ ഏറ്റവും നല്ല പ്രഭാഷകര്‍. പൗലോസ്‌ കോര്‍എപ്പിസ്‌കോപ്പയും ഇപ്പോള്‍ അമേരിക്കയിലുള്ള സി.സി മാത്യൂസ്‌ കത്തനാരും എണ്‍പതുകളില്‍ കൊച്ചി- വെല്ലിംഗ്‌ടണ്‍ ഐലന്റിലെ സ്റ്റെല്ലാമാരിസ്‌ പള്ളിയില്‍ വികാരിയായിരുന്ന കൊച്ചി രൂപതയിലെ ഒരു കൊച്ചച്ചനും ഇത്തരം ഫൈവ്‌- മിനിറ്റ്‌-സേര്‍മണ്‍സിന്റെ ആശാന്മാരായി ഇപ്പോള്‍ മനസിലുണ്ട്‌.

ഈ പുസ്‌തകത്തില്‍ നാല്‍പ്പത്‌ പ്രസംഗക്കുറിപ്പുകളാണ്‌. സിദ്ധിയെ സാധന ചെയ്യുന്നതും കുടുംബബന്ധങ്ങളുടെ പവിത്രതയും, നവജീവന്റെ നവ്യാനുഭവത്തിന്‌ അടിസ്ഥാനമാകേണ്ട വിശ്വാസതീക്ഷ്‌ണത, കര്‍ത്താവ്‌ കരുണയോടെ കഴുകുമ്പോള്‍ വെളിപ്പെടുന്ന വിശുദ്ധി, ഉഴുതുമറിക്കപ്പെടുന്ന മണ്ണില്‍ ഫലം കായ്‌ക്കുന്ന വിത്ത്‌, താഴ്‌മയിലെ വലിപ്പം, ഉദാരമായി പങ്കുവെയ്‌ക്കുമ്പോള്‍ നിത്യജീവന്‌ അടിത്തറ പണിയുകയാണ്‌ എന്ന സത്യം, അനുതാപം, സത്യത്തെ നിശബ്‌ദമാക്കാനുള്ള നീക്കം എങ്ങനെ പാപമാകുന്നു, ഭാരമുള്ള കുരിശിന്റെ പ്രയുക്തവേദശാസ്‌ത്രം എന്നിത്യാദി വൈവിധ്യം നിറഞ്ഞതാണ്‌ പ്രതിപാദ്യവിഷയങ്ങള്‍. ഞായറാഴ്‌ചകളിലെ വേദവായനകളുടെ അടിസ്ഥാനത്തിലാണ്‌ ഓരോ പ്രസംഗവും.വേദഭാഗങ്ങള്‍ അവിടവിടെ സൂചിപ്പിച്ചിരിക്കുന്നത്‌ വായനക്കാര്‍ക്കും വിശിഷ്യാ പ്രസംഗത്തിന്‌ ഒരുങ്ങുന്ന യുവ വൈദീകര്‍ക്കും ഏറെ പ്രയോജനപ്പെടും.

ആദ്യത്തെ പ്രഭാഷണത്തിലെ ആദ്യത്തെ വാചകം നാം ഇങ്ങനെ വായിക്കുന്നു: ദൈവസന്നിധിയില്‍ നമ്മുടെ ജീവിതം കൂടുതല്‍ സുന്ദരവും ആകര്‍ഷണീയവും സമ്പന്നവുമാകുന്നത്‌ ദൈവം നമ്മില്‍ നിക്ഷേപിച്ച കൃപകള്‍ നാം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌. ബഞ്ചമിനച്ചന്റെ കൃതികള്‍ വായിച്ചുകഴിയുമ്പോള്‍ ഈ തത്വം സ്വാംശീകരിച്ച വ്യക്തിയാണ്‌ അദ്ദേഹം എന്നു നമുക്ക്‌ ബോധ്യപ്പെടും. അഞ്ച്‌ താലന്തുകളെ പത്താക്കി വളര്‍ത്തുന്ന അര്‍പ്പണ ബോധത്തിന്റെ സന്ദരവും പ്രചോദകവും ആയ തെളിവാണ്‌ അമൃതവഴികള്‍ എന്ന കൃതി. കലത്തിലെ മാവ്‌ തീരാതെയും ഭരണിയിലെ എണ്ണ വറ്റാതെയും സൂക്ഷിക്കുന്ന ദൈവം ഈ ഗ്രന്ഥകാരന്റെ പേനയിലെ മഷി ഉണങ്ങാതെയും വറ്റാതെയും സംരക്ഷിക്കട്ടെ.

കൊല്ലം ആതിര പബ്ലിക്കേഷന്‍സ്‌ ആണ്‌ പ്രസാധകര്‍. (പിന്‍ 691502)
അമൃതവഴികള്‍ക്ക്‌ അവതാരിക (ഡി. ബാബു പോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക