Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍(നോവല്‍ : 34- കൊല്ലം തെല്‍മ, ടെക്‌സാസ്)

കൊല്ലം തെല്‍മ, ടെക്‌സാസ് Published on 12 June, 2015
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍(നോവല്‍ : 34- കൊല്ലം തെല്‍മ, ടെക്‌സാസ്)
അദ്ധ്യായം 34


രാവിലെ പതിനൊന്നുമണിയോടുകൂടി അജിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആബുലന്‍സ് മല്ല്യത്ത് തറവാട്ടില്‍ എത്തി. രാഘവമേനോനും സുജിത്തും ബന്ധുക്കളായ ചില പുരുഷ•ാരും ആബുലന്‍സിനൊപ്പം ഉണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നാണ് വരവ്.

അജിയുടെ അമ്മ മീനാക്ഷിയും സഹോദരിമാരായ സുസ്മിതയും സ്മിതയും വാഹനം എത്തിയതേ അലമുറയിട്ട് പുറത്തേക്കിറങ്ങി. കെല്‍സിയും കുട്ടികളും മാധവമേനോനും സുഭദ്രാമ്മയും നീനയും ഭര്‍ത്താവും എല്ലാം നേരത്തെ തന്നെ അവിടെ എത്തി.

കെല്‍സിക്ക് ദുഃഖം അടക്കുവാനായതില്ല. അജിയുടെ മൃതദേഹം ആബുലന്‍സില്‍ നിന്നിറക്കി അകത്തളത്തില്‍ വിടര്‍ത്തിയിട്ടിരുന്ന വാഴയിലയിലേയ്ക്ക് കിഴക്കഭിമുഖമായി കിടത്തി. വെളുത്ത തുണിയില്‍ പൊതിഞ്ഞ ശരീരത്തില്‍ മുഖംമാത്രം അനാവൃതമായി നിന്നു. ചുണ്ടുകള്‍ വീങ്ങി കരുവാളിച്ചിരിക്കുന്നു. മുഖത്തവിടിവിടെ ഒട്ടിച്ച മുറിപ്പാടുകള്‍.... കണ്ടു നില്‍ക്കുന്നവര്‍ ദാരുണ ദുരന്തത്തില്‍ ദുഃഖാര്‍ത്തരായി വിതുമ്പി. കത്തിനിന്ന നിലവിളക്കിലെ തീനാളങ്ങള്‍ കാറ്റില്‍ ചെറുനാഗങ്ങള്‍ കണക്കെ ഇളകിയാടി....

അന്തരീക്ഷത്തില്‍ ലയിച്ചുചേര്‍ന്ന സാബ്രാണി പുകച്ചുരുളുകള്‍ക്കൊപ്പം ഭാഗവതപാരായണവും ഉയര്‍ന്നു. അവിടവിടെയായി ചിലര്‍ അനുശോചന സംഭാഷണങ്ങളില്‍ മുഴുകി നില്‍ക്കുന്നു. തെക്കേത്തൊടിയില്‍ അജിയുടെ ശവസംസ്‌ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. അവിടെ നിന്നിരുന്ന വലിയൊരു മാവ് മുറിച്ച് കീറുകഷ്ണങ്ങളാക്കി അടുക്കുന്നതിരക്ക്....

അജിയുടെ ദേശക്കാരും അയല്‍ക്കാരും പരിചയക്കാരും സുഹൃത്തുക്കളും അടക്കം നിരവധിപ്പേര്‍ വന്നുംപോയും ഇരുന്നു. എല്ലാവരും അജിയുടെ ആകസ്മിക നിര്യാണത്തില്‍ ദുഃഖാര്‍ത്തരായി.
സുഖമില്ലാതെ കിടന്നിടത്തുനിന്ന് എഴുന്നേറ്റൊന്ന് നടക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും കഷ്ടകാലം വന്നു കയറി എന്നല്ലാതെ എന്തു പറയുവാനാ....'

'അല്ലെങ്കിലും ദുഃഖവും ദുരിതവും എപ്പോ വര്വാന്ന് നിശ്ചയിക്കാന്‍ ഒക്കുമോ.... കുഞ്ഞേപ്പേ.... എല്ലാം ഈശ്വരന്റെ നിശ്ചയപ്രകാരം നടക്കും.'

'അങ്ങിനെ പറഞ്ഞ് ഒഴിയാനും ഒക്കില്ലല്ലോ? മനുഷ്യന്‍മാരായ നമ്മളും സൂക്ഷിക്കേണ്ടത് സൂക്ഷിക്കണം.... അല്ലാതെ ഈശ്വരനെയും വിധിയെയും പഴിച്ചോണ്ടിരുന്നിട്ടും കാര്യം വല്ലതും ഉണ്ടോ?' അപ്പുനായര്‍ തന്റെ അഭിപ്രായം പറഞ്ഞു.

'അതുശരിയാ നായരെ.... മുമ്പും പിമ്പും നോക്കാതെ എടുത്തുചാടുന്ന ഇന്നത്തെ ചെറുപ്പക്കാരും കുറച്ചൊക്കെ ശ്രദ്ധിക്കുന്നത് നല്ലതുതന്ന്യാ.... വീട്ടില്‍ ആധിയായിട്ടിരിക്കണോരെ ഇവറ്റകള് ഓര്‍ക്കാറില്ലല്ലോ.... എന്തൊക്യാ കാട്ടിക്കൂട്ടണത്.... ഒന്നും പറയാതിരിക്കന്യാ ഭേദം....' കൂട്ടത്തില്‍ ഒരു കാരണവര്‍ ഏറ്റുപിടിച്ചു.

കല്യാണത്തിനായാലും ശവം അടക്കിനായാലും എന്തിനും ഏതിനും നാലുപേര്‍ ഒത്തുകൂടിയാല്‍ അവിടെ പലപല ലോകകാര്യങ്ങള്‍ ചര്‍ച്ചയില്‍ വരും. അഭിപ്രായങ്ങളും തര്‍ക്കങ്ങളും വിയോജിപ്പുകളും ചിന്താഗതികളും നിമിഷാര്‍ദ്ധങ്ങളില്‍ ഉരുത്തിരിയുകയായി....
ഇന്ന് ഒത്തുകൂടലിന്റെ നാട്ടുസൗഹൃദം അന്യമായിത്തുടങ്ങി. തിരക്കിട്ട് അനുദിനകാര്യങ്ങളില്‍ വ്യാപൃതരായിരിക്കെ പരസ്പരം സൗഹൃദം പങ്കുവയ്ക്കാനും ക്ഷേമാന്വേഷണം നടത്താനും പരിചയും പുതുക്കാനും ആര്‍ക്കുനേരം.... മുന്നില്‍ വരുന്ന മുഖങ്ങള്‍ ബന്ധുക്കളാണോ എന്നുപോലും അറിയില്ല. കല്യാണത്തിനായാലും ശവദാഹത്തിനായാലും സമയത്തു വന്നുപോകുന്ന ത്വരിതജീവിതമാണ് ഇന്ന്.

വൈകുന്നേരത്തോടുകൂടി ശവദാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ശരീരം ചിതയിലേക്ക് എടുക്കുവാന്‍ നിശ്ചയിച്ചു. മൃതശരീരം ബന്ധുക്കളായ പുരുഷന്‍മാര്‍ എടുത്തു. രാമനാമജപം മുഴങ്ങി. വെളുത്തകോടി ഉടുത്ത് തലമുണ്ഡനം ചെയ്ത് കൈ അഗ്നികലശവും വഹിച്ച് അപ്പു മുന്‍പേ നടന്നു. തെക്കേ ത്തൊടിയില്‍ ഒരുക്കിയ ചിതയ്ക്കരികെ ചെന്നുനിന്നു.

അടുക്കിവച്ച മാവിന്‍ വിറകുകള്‍ക്കു മീതെ മൃതശരീരം വച്ച് പാദം മുതല്‍ ശിരസോളം മറയത്തക്കവിധം വീണ്ടും വിറകുകഷ്ണങ്ങള്‍ അടുക്കി. മന്ത്രോച്ചാരണങ്ങള്‍ ഉയര്‍ന്നു....
അപ്പു അഗ്നികലശത്തില്‍നിന്നും അഗ്നി ചെറുപന്തത്തിലേയ്ക്ക് പകര്‍ന്നു. ഒരുകുടം വെള്ളം തോളില്‍ എടുത്തു. പരികര്‍മ്മി കുടത്തില്‍ ഒരു ദ്വാരം ഇട്ടു. ദ്വാരത്തിലൂടെ കണ്ണീര്‍പ്രവാഹം എന്നപോലെ ജലം ധാരയായി ഒഴുകി....ചിതയ്ക്ക് ചുറ്റും ഏഴുപ്രാവശ്യം വലംവച്ച് മൃതശരീരത്തിന്റെ തലയ്ക്കല്‍വന്ന് കുടം പിന്നോട്ടിട്ട് ഉടച്ചു. ഒരാത്മാവിന്റെ ഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.
ചെറുപന്തത്തില്‍നിന്നും ചിതയിലേയ്ക്ക് തീ പടര്‍ന്നു. ചുറ്റിലും കൂടി നിന്നവരുടെ ശരീരത്തില്‍ ചെമപ്പു വീശി അഗ്നിനാളങ്ങള്‍ സന്ധ്യാവാനിലേയ്ക്കുയര്‍ന്നു.... അപ്പുവിന്റെ കവിളിണകളിലൂടെ ഊര്‍ന്നിറങ്ങിയ കണ്ണുനീരില്‍ അഗ്നിജ്വാലകള്‍ മിന്നി..... കണ്ണുകളില്‍ ചിന്തപ്രതിഫലിച്ചു. അവിടെ നില്‍ക്കുന്നവരുടെ ഹൃദയത്തിലും ഓരോ ചിതകള്‍ എരിഞ്ഞടങ്ങുകയായിരുന്നു..... ഓര്‍മ്മകളുടെ ഒരു പിടിച്ചാരമായി......

*****  ******   ****** *******

മാസങ്ങള്‍ക്കുശേഷം കുട്ടികളെയും കൂട്ടി കെല്‍സി അമേരിക്കയിലേക്ക് മടങ്ങി. അവിടെ കെല്‍സിക്ക് ചെയ്തു തീര്‍ക്കുവാന്‍ നിരവധി കാര്യങ്ങള്‍ ബാക്കിയുണ്ട്.... അജിയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ ഭാരിച്ച സ്വത്തുക്കളുടെയും അവകാശം കെല്‍സിക്കും കുട്ടികള്‍ക്കുമായി കൈവന്നു. അതിന്റെ നിയമപരമായ നടപടികള്‍ ചെയ്തു തീര്‍ക്കേണ്ടതായുണ്ട്.

അമേരിക്കയില്‍ തുടരേണ്ടതില്ല എന്ന തീരുമാനത്തിലാണ് കെല്‍സി. കുട്ടികളുടെ പഠനവും അത്യാവശ്യം സിനിമാനിര്‍മ്മാണവുമായി നാട്ടില്‍ കഴിഞ്ഞുകൂടുവാനാണ് പ്ലാന്‍.
ഇന്‍ഷുറന്‍സ് തുകകളും നഷ്ടപരിഹാരങ്ങളും തങ്ങളുടെ സമ്പാദ്യവും സ്വത്തുവകകളും എല്ലാം ബാങ്കു വഴി കേരളത്തിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുവാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തി.....
മലയാളി അസോസിയേഷനിലുള്ളവരോടും അജിയുടെ ഫ്രണ്ട്‌സിനോടും ജോലി ചെയ്തിരുന്ന ഓഫീസിലും നന്ദിസൂചകമായി മടക്കയാത്രാ വിവരം അറിയിച്ചു. ഏവരും ദീര്‍ഘനാളത്തെ സ്‌നേഹബന്ധത്തിനു പര്യവസാനം കുറിച്ചുകൊണ്ട് മൗനാനുവാദം നല്‍കി.
ഏറെ നാളുകള്‍ ജീവിച്ച ടെക്‌സാസിനോട് വിടപറയുകയാണ്.... കുറുമ്പും പിണക്കവും വഴിപിരിയലിന്റെയും വേദിയായ ടെക്‌സാസില്‍ നിന്നുള്ള മടക്കം....

കുടുംബത്തിലെ ഒരംഗം എന്നപോലെ തങ്ങളോടൊപ്പം കഴിഞ്ഞ നാന്‍സി! രണ്ടു കുഞ്ഞുങ്ങളെയും വേണ്ടതുപോലെ പരിചരിച്ച് വച്ചുവിളമ്പിയ നാന്‍സിയെ വിസ്മരിക്കുവാന്‍ കെല്‍സിക്കാവുമായിരുന്നില്ല. കുട്ടികള്‍ രണ്ടു പേരും 'നാന്‍സി ആന്റിയെ'  വളരെയധികം സ്‌നേഹിച്ചു. അവരുടെ ചെറുപ്പത്തിലെ കുറുമ്പുകളുടെ കൂട്ടുകാരിയായി നിന്നത് നാന്‍സിയാണ്.
കെല്‍സിയെ സംബന്ധിച്ച് അവളുടെ ഏകാന്തനാളകളില്‍ കൂടെ നടന്നിരുന്ന നാന്‍സി ഹൗസ്‌മെയ്ഡിനും അപ്പുറമായിരുന്നു. തങ്ങളുടെ ജീവിതത്തിലെ താളപ്പിഴകളില്‍ സാക്ഷിയായിരുന്നിട്ടും അവയൊന്നും പുറംലോകം അറിയാതെ വിശ്വസ്തതയോടെ കഴിഞ്ഞവളാണ് നാന്‍സി. തങ്ങളുടെ കരിയറിനോ പേരിനോ സ്ഥാനമാനങ്ങള്‍ക്കോ കോട്ടം തട്ടാതെ എല്ലാം രഹസ്യമായി സൂക്ഷിച്ചവള്‍!

'നാന്‍സി....ഞങ്ങള്‍ ഇവിടെ നിന്നുപോയാലും ആ സ്‌നേഹസ്മരണകള്‍ ഞങ്ങള്‍ക്കെന്നും ഉണ്ടാവും.... ഒരു മെയ്ഡ് എന്നതിലുപരിയായി സഹോദരി എന്നപോലെ നാന്‍സിയെ കരുതുവാന്‍ കഴിഞ്ഞിട്ടുണ്ടാവും എന്നു ഞാന്‍ കരുതുന്നു..... എന്റെ പക്ഷത്തുനിന്ന് എന്തെങ്കിലും വേദനാജനകമായി വന്നു ഭവിച്ചിട്ടുണ്ടെങ്കില്‍ ഒന്നും ഇനി മനസില്‍ സൂക്ഷിക്കരുത്....' കെല്‍സി നന്ദിയോടെ നാന്‍സിയുടെ കരങ്ങള്‍ ചേര്‍ത്തുപിടിച്ചു.

നാന്‍സിയുടെ കണ്ണുകളില്‍നിന്നും ചുടുധാര ഉതിരുകയായി.....
'കെല്‍സി മാഡം.... എനിക്ക് വിശ്വസ്തതയോടെ നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, അത് ഇവിടെനിന്നും ലഭിച്ച പരിഗണനയും സ്‌നേഹവും കാരണമാണ്..... ഇനിയുള്ള കാലത്ത് എന്റെ ഓര്‍മ്മയിലെ നല്ല നാളുകളാണിവിടെ ഞാന്‍ ചെലവഴിച്ചത്.... അജിസാറും കെല്‍സിമാഡവും സ്വന്തം ദുഃഖങ്ങളില്‍പോലും എന്നോട് പരിഭവമോ ദേഷ്യമോ കാണിച്ചിരുന്നില്ല.... എല്ലാത്തിനും നന്ദിയുണ്ട് മാഡം' നാന്‍സിയുടെ കണ്ണുകള്‍ ആനന്ദാശ്രുക്കളാല്‍ നിറഞ്ഞു.

കെല്‍സി താനുപയോഗിച്ചിരുന്ന ബി.എം.ഡബ്ലൂ കാര്‍ നാന്‍സിക്ക് പാരിതോഷികമായി നല്‍കി; കൂടാതെ നല്ലൊരു തുകയും.

*****   *****  **** ****  *****

അടുത്തലക്കത്തില്‍ ഈ നോവല്‍ അവസാനിക്കുന്നു.

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍(നോവല്‍ : 34- കൊല്ലം തെല്‍മ, ടെക്‌സാസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക