Image

യാഥാസ്ഥികതയുടെ നാളുകള്‍ - ജോണ്‍മാത്യു

ജോണ്‍മാത്യു Published on 15 June, 2015
യാഥാസ്ഥികതയുടെ നാളുകള്‍ - ജോണ്‍മാത്യു
യാഥാസ്ഥികതയാണ് പുരോഗതി കൊണ്ടുവരുന്നതെന്ന് യാഥാസ്ഥികരും, അല്ല തങ്ങളാണെന്ന് ലിബറല്‍ ചിന്താഗതിക്കാരും വിശ്വസിക്കുന്നു. ഇരുകൂട്ടര്‍ക്കും വേണ്ടത്ര ന്യായങ്ങളുമുണ്ട്.
കച്ചവടക്കാരെ സംരക്ഷിക്കുകയും തീറ്റകൊടുക്കുകയും ചെയ്യുന്നതാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് യാഥാസ്ഥികര്‍ കരുതുന്നു. ''കുതിരയ്ക്ക് വൈയ്‌ക്കോല്‍ കൊടുത്താല്‍പ്പോരേ, ഈച്ചകള്‍ ചുറ്റിപ്പറ്റി ജീവിക്കാന്‍ വിധിക്കപ്പെട്ടവരും.'' കച്ചവടക്കാര്‍ക്ക് നികുതി കുറയ്ക്കുന്നതിലൂടെ രാഷ്ട്രത്തിന്റെതന്നെ സാമ്പത്തീകത സുരക്ഷിതമാകുമത്രേ. എന്നാല്‍ അതുവേണ്ട കര്‍ഷകരും തൊഴിലാളികളുമാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് മറുപക്ഷക്കാരും.
മുതിര്‍ന്ന ജനാധിപത്യരാജ്യങ്ങളിലെല്ലാം മാറിമാറി ഇരുകൂട്ടര്‍ക്കും ഭരണം നല്കി പരീക്ഷിച്ച് പരിക്ഷീണിതരാവുകയാണ് സാധാരണ ജനം. കൃത്യമായി ഇതൊന്നും ശരിയല്ലെങ്കിലും ഇതാണ് ഇന്നത്തെ കഥ. അല്ലെങ്കില്‍ ഒരു വശം മാത്രം. സ്റ്റോക്ക് മാര്‍ക്കറ്റ് വളര്‍ത്തുന്നതും സമൃദ്ധി കൊണ്ടുവരുന്നതും യാഥാസ്ഥികതയാണെന്നാണ് പറയപ്പെടുന്നത്, പക്ഷേ കണ്ടുവരുന്നത് നേരേ മറിച്ചും.

പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളിലെ പ്രവണതയാണ് ഒരേ ചിന്താഗതിയുടെ തുടര്‍ച്ചയായ വിജയം. ഡോമിനോ തീയറി! അതുകൊണ്ട് ഇനിയും വരാന്‍ പോകുന്നത് യാഥാസ്ഥികതയുടെ കാലമാണോ?
കാനഡ, ആസ്‌ട്രേലിയ, ഇന്ത്യ, ഇസ്രായേല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം യാഥാസ്ഥികരാണ് അടുത്തകാലത്ത് അധികാരം പിടിച്ചെടുത്തത്. ഈ യാഥാസ്ഥിക തേരോട്ടം തുടരുകയാണെങ്കില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലും ഇത് ആവര്‍ത്തിക്കാനുള്ള സാദ്ധ്യത ഏറെയാണ്. പ്രത്യേകിച്ചും എട്ടുവര്‍ഷം കഴിയുമ്പോള്‍ ഭരണം ഒന്ന് വെച്ചുമാറുന്ന പാരമ്പര്യം ഉള്ളതുകൊണ്ടും. ഇതിന് അപവാദങ്ങള്‍ ഇല്ലെന്നില്ല. കിട്ടിയ അവസരം കളഞ്ഞുകുളിക്കുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ടല്ലോ.
അമ്പതുകള്‍ മുതല്‍ ഒരു പത്തുനാല്പതു വര്‍ഷക്കാലം മൂന്നാം ലോകരാജ്യങ്ങളില്‍ സമ്പൂര്‍ണ്ണ ദാരിദ്ര്യമായിരുന്നു. ഇതില്‍നിന്ന് ഒരു പുരോഗതി ഒരിക്കലും സാദ്ധ്യമല്ലെന്നായിരുന്നു അന്ന് വിശ്വസിച്ചിരുന്നതും. പാശ്ചാത്യ ജനാധിപത്യരാജ്യങ്ങള്‍ യുദ്ധകാലത്തിന്റെ കെടുതികളെ തികച്ചും മുതലെടുത്ത് സമ്പത്തുകൂട്ടി. എന്നാല്‍ നാളുകള്‍ ചെല്ലുന്തോറും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉത്പാദനച്ചെലവ് കൂടുകയും അവരുടെ ഉത്പന്നങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുകയും ചെയ്തുതുടങ്ങി. ഈ അവസരത്തിലാണ് കിഴക്കും തെക്കുകിഴക്കുമുള്ള ഏഷ്യന്‍രാജ്യങ്ങളിലെ കുറഞ്ഞവേതനങ്ങളിലേക്ക് തൊഴിലവസരങ്ങള്‍ മാറ്റപ്പെട്ടത്. ഇതിനോടൊപ്പമാണ് സാങ്കേതികമേഖലയിലുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ച. ഈ അവസരങ്ങള്‍ മുതലെടുത്ത് ഒരു വിഭാഗം, അതായത് ഉപരിമദ്ധ്യവര്‍ഗ്ഗം അങ്ങ് വളര്‍ന്ന് കയറി. ഇത് രാജ്യത്തിന്റെ മൊത്തം വളര്‍ച്ചയായിട്ടാണ് രാഷ്ട്രീയക്കാര്‍ പറഞ്ഞുകൊണ്ട് നടക്കുന്നത്. ആരാണീ നേട്ടങ്ങള്‍ക്ക് കാരണമെന്ന് മാത്രമാണ് ഇടതും വലതും തമ്മിലുള്ള തര്‍ക്കം.

ലിബറല്‍ പ്രസ്ഥാനങ്ങള്‍ക്ക് എന്നും പരാതീനതയാണ്. അദ്ധ്വാനിച്ച്, സമരം ചെയ്ത്, മുദ്രാവാക്ക്യം വിളിച്ച്, പോലീസിന്റെ തല്ലുകൊണ്ട് ഉദ്ധരിക്കപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തിന്റെ പിന്‍തലമുറകള്‍ മെച്ചമായ വിദ്യാഭ്യാസവും വെള്ളക്കോളര്‍ ജോലിയും നേടിക്കഴിയുമ്പോള്‍ മൂടു മറക്കുകയായി. അവര്‍ തങ്ങളുടെ വര്‍ത്തമാനകാലത്തെ നേട്ടങ്ങള്‍ നിലനിര്‍ത്താനാണ് പിന്നീട് വലതുപക്ഷത്തേക്ക് ചേക്കേറുന്നത്.

വലതുപക്ഷത്തിന്റെ പിശുക്കും ഇടതിന്റെ ധാരാളിത്തവും എന്നും പ്രചരണവിഷയമാണ് പരസ്പരം പഴിചാരാന്‍, പ്രചരണത്തിന്‍ എന്നാല്‍ യാഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നില്ലതന്നെ. പിശുക്ക് ക്ഷേമരാഷ്ട്രസ്വഭാവപ്രകടനത്തില്‍ മാത്രമാണ്, ധാരാളിത്തം എല്ലാവര്‍ക്കും ഒരുപോലെയും. ഇതിനോട് ചേര്‍ത്ത്  കൂട്ടിവായിക്കേണ്ടതാണ് സാമ്പത്തീകരംഗത്ത് സര്‍ക്കാരില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന യാഥാസ്ഥികര്‍ അതേസ്വരത്തില്‍ പറയുന്നു സാമൂഹിക മതരംഗങ്ങളില്‍ 'ക്രൈസ്തവ ഷാരിയനിയമം' തന്നെ നടപ്പാക്കണമെന്ന്. ലിബറല്‍സ് ഇതിന് നേരെ വിപരീതവും!

ഇന്ന്, ഇത് ഇന്ത്യയിലായാലും അമേരിക്കയിലായാലും ഭരണം പിടിക്കാന്‍ പ്രത്യേകിച്ച് വലതുപക്ഷവും ഒരു പരിധിവരെ ഇടതും ഉപയോഗിക്കുന്ന തന്ത്രമാണ് മതവികാരങ്ങള്‍ ഇളക്കിവിടുന്നത്. രാഷ്ട്രീയക്കാരും മതപ്രതീകങ്ങള്‍ നിര്‍ലോഭം അണിഞ്ഞുകൊണ്ടാണ് നടപ്പ്, വിശ്വാസിയാണെന്ന മുദ്രപോലും.

രാഷ്ട്രീയക്കാര്‍ക്കറിയാം സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമല്ലെങ്കില്‍ സാമ്പത്തീക യാഥാസ്ഥികതയില്‍ അവര്‍ക്ക് താല്പര്യമില്ലെന്ന്. മെച്ചമായ സാമ്പത്തീകവളര്‍ച്ചയുള്ളപ്പോള്‍ യാഥാസ്ഥികര്‍ക്ക് മതം അപകടത്തില്‍ എന്ന മുദ്രാവാക്ക്യം മത്രമല്ലേ കരണീയം. പലപ്പോഴും അത് ഫലിക്കുകയും ചെയ്യും...

സോഷ്യലിസ്റ്റുകള്‍ക്കും, തൊഴിലാളികക്ഷികള്‍ക്കും ലിബറലുകള്‍ക്കും ഒന്നിനുപിന്നാലെ ഒന്നായി ഭരണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അടുത്ത ഒരു ദശാബ്ദക്കാലം വലതിന്റെ നാളുകളാണോ, കണ്ടിരുന്നുകാണാം.

-0-

യാഥാസ്ഥികതയുടെ നാളുകള്‍ - ജോണ്‍മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക