ന്യൂയോര്‍ക്കില്‍ നിന്നും വാഷിങ്ങ്‌ടണിലേക്കുള്ള ട്രെയിന്‍ യാത്രയിലാണു ടോണി അയാളെ
പരിചയപ്പെട്ടത്. പഫിസര്‍ മരുന്ന് കമ്പനിയിലെ സെയില്‍സ് വിഭാഗത്തില്‍ വര്‍ക്ക്
ചെയ്യുന്ന സുന്ദരന്‍. വെള്ളാരംകണ്ണുകളും, വെള്ളിമുടികളുമായി ,കറുത്ത
സ്യൂട്ടും,കറുത്ത പാന്‍റ്റും, ചുവന്ന റ്റൈയും ധരിച്ച അലന്‍ എന്ന ചെറുപ്പക്കാരന്‍.
ഞങ്ങള്‍ അടുത്തടുത്ത സീറ്റുകളിലായിരുന്നു ഇരുന്നിരുന്നത്. താന്‍ വായിച്ചു
കൊണ്ടിരുന്ന `പേരന്റിംഗ്` മാഗസിന്‍ കണ്ടിട്ടാണെന്ന് തോന്നുന്നു`ആര്‍ യു ഗോയിംഗ്
റ്റു ബീ എ ഡാഡ്` എന്ന ചോദ്യം അലന്‍ തന്നോട് ചോദിച്ചത്. യേസ് എന്ന് അവന്റെ
മുഖത്ത് നോക്കി ഉത്തരവും നല്‍കി. കണ്‍ഗ്രാജുലേഷന്‍സ്. പിന്നിടങ്ങോട്ട് പരസ്‌പരം
വിശേഷങ്ങളും, ജോലിയും, ഒബാമ കേയറും, ഇനി വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പും ആയി
സംസാരവിഷയങ്ങള്‍. ഇത്രയധികം മറ്റ് രാജ്യക്കാരോട് സംസാരിക്കുന്ന വിദേശിവംശജര്‍
വിരളമായതിനാല്‍ ആദ്യം അത്ഭുതം തോന്നി. പെട്ടെന്നു തന്നെ സാമൂഹിക വിഷയങ്ങളില്‍
നിന്നും സംസാരം വ്യക്തിപരമായവിഷയങ്ങളിലേക്ക് നീങ്ങി.
അലന്‍ തന്റെ കഥ
ടോണിയോട് പറഞ്ഞു തുടങ്ങി.`വാഷിംങ്ങ്‌ടണിലാണു എന്റെ ഡാഡി താമസിക്കുന്നതു.
അമേരിക്കയില്‍ എളുപ്പത്തില്‍ എത്തിപ്പെടാന്‍ വേണ്ടി മമ്മി കണ്ടെത്തിയ മാര്‍ഗ്ഗം
ആയിരുന്നു അമേരിക്കന്‍ സിറ്റിസണ്‍ ആയ ഡാഡിയെ മാര്യേജ് ചെയ്യുക എന്നത്. അങ്ങനെ
കുറെ നാളത്തെ സോഷ്യല്‍നെറ്റ്വര്‍ക്കിന്റെ മാസ്‌മരിക ലോകത്തിലെ പ്രണയത്തില്‍ നിന്നും
ജീവിതമെന്ന യാഥാര്‍ഥ്യത്തിലേക്ക് അവര്‍ ഒന്നിച്ചു യാത്ര തുടങ്ങി. കല്യാണം കഴിഞ്ഞ്
5 വര്‍ഷം മമ്മി ഡാഡിയോടൊത്ത് സ്‌നേഹവും,സന്തോഷവും അഭിനയിച്ചു ജീവിച്ചു. അവരുടെ
ദാമ്പത്യജീവിതം മാത്യകാപരമായി സമൂഹത്തിലെ പലര്‍ക്കും തോന്നി. അത്രയും
നന്നായിട്ടായിരുന്നു ഡാഡിയോടുള്ള ഭാര്യറോളിലെ മമ്മിയുടെഅഭിനയം. അതിനുള്ളില്‍
ഡാഡിയുടെ ചെലവില്‍ മമ്മി അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പിനു അപേക്ഷിച്ചു. കരുതലോടെ
മമ്മി നീക്കിയ നാടകത്തിനിടയില്‍ എന്‍റെ ജനനവും സംഭവിച്ചു. ആദ്യമൊക്കെ അവര്‍ രണ്ടു
പേരും കൂടി എന്നെ സ്‌നേഹിച്ചു. പിന്നെ പതിയെപ്പതിയെ എന്റെ കാര്യങ്ങളില്‍ മമ്മി
ശ്രദ്ധിക്കാതെയായി. ജോലി കഴിഞ്ഞെത്തിയാല്‍ എന്നോട് മിണ്ടാനോ, എന്റെ കൂടെ
കളിക്കാനോ, എനിക്കു ആഹാരം തരാനോ മമ്മിക്ക് സമയം ഇല്ലായിരുന്നു. ഡാഡിയായിരുന്നു
എന്റെ എല്ലാ കാര്യവും ശ്രദ്ധിച്ചിരുന്നത്.
കുഞ്ഞിന്റെ കൂടെ സമയം
ചെലവഴിക്കാത്തതിനെ പറ്റി ഡാഡി മമ്മിയോട് എന്തെങ്കിലും ചോദിച്ചാല്‍ അപ്പോള്‍ മമ്മി
ഒച്ചയെടുത്ത് സംസാരം തുടങ്ങും. അതു പിന്നെ വാദത്തിലും, വഴക്കിലും അവസാനിക്കും.
ഇതൊക്കെ കണ്ട് പലപ്പോഴും ഞാന്‍ പേടിച്ചിട്ടുണ്ട്. എന്തിനാ ഡാഡി മമ്മിയെ മാര്യേജ്
ചെയ്‌തത്, അന്നുണ്ടായിരുന്ന സ്‌നേഹം ഇപ്പോള്‍ എവിടെപ്പോയി, എന്താ മമ്മിക്ക് എന്നെ
ഇഷ്ടമല്ലാത്തെ? എന്തിനാ മമ്മി ഒച്ചത്തില്‍ ചീത്ത വിളിച്ചു ഡാഡിയോട്
സംസാരിക്കുന്നതു ഇങ്ങനെ കുറേ ചോദ്യങ്ങള്‍ പലപ്പോഴും ഞാന്‍ എന്നോടു തന്നെ
ചോദിച്ചിട്ടുമുണ്ട്. ഞാന്‍ എന്തു ചെയ്‌താലും ദേഷ്യം. കൂടാതെ വഴക്കു പറച്ചിലും,
പണിഷ്‌മെന്റും വേറെ. എന്റെ സ്‌കൂളിലെ ബെസ്റ്റ് ഫ്രണ്ട് ആരോണിന്റെ വീട്ടിലെ
ബര്‍ത്ത്‌ഡേ സ്ലീപ് ഓവര്‍ നൈറ്റില്‍ അവന്റെ പപ്പായും മമ്മായും ഒരുമിച്ചു അവനു
നല്‍കുന്ന സ്‌നേഹം കണ്ടപ്പോള്‍, അടുത്തിരുന്ന് എന്നെ ഒന്നു
കൊഞ്ചിക്കാനും,വാല്‍സല്യത്തോടെ എന്നെ ഒന്നു കുളിപ്പിക്കാനും, ഒരു സ്‌റ്റോറി ബുക്ക്
വായിച്ചു തരാനും, എനിക്കിഷ്ടമുള്ള ആഹാരം ഉണ്ടാക്കി തരാനും മമ്മി ആഴ്‌ചയില്‍ ഒരു
ദിവസം മാറ്റി വെച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ കൊതിച്ചു പോയി. കരുതലോടെ,
സ്‌നേഹത്തോടെ പെരുമാറിയിരുന്ന ഡാഡിയെ എനിക്കിഷ്ടമായിരുന്നു. എന്നെ സ്‌നേഹിക്കാനും,
എന്റെ കൂടെ കളിക്കാനും, എനിക്കിഷ്‌ടപ്പെട്ട ആഹാരം വാങ്ങി തരാനും ഡാഡി
തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തിയിരുന്നു. മമ്മി എപ്പോഴും
പാര്‍ട്ടിയും,ഔട്ടിംഗും, ചാറ്റിംങ്ങുംമായി തിരക്കില്‍ ആയിരുന്നു. മമ്മിയുടെമനസ്സിനെ
ഭ്രമിപ്പിച്ച പണം എന്ന നീരാളി, മമ്മിയിലെ കുടുംബിനിയെയും, മാത്യത്വത്തെയും മറന്നു
തന്നിഷ്ടത്തിനു ജീവിക്കാന്‍ പ്രേരിപ്പിച്ചു. ഡാഡിയെ നിസ്സാരകാര്യങ്ങള്‍ക്ക് പോലും
കുറ്റപ്പെടുത്തുക, ദേഷ്യത്തോടെ പെരുമാറുക ഇതൊക്കെ വീട്ടിലെ പതിവു കാഴ്‌ചകള്‍ ആയി. ഈ
മല്‍സരങ്ങള്‍ക്കിടയില്‍ പിടയുന്ന, നിലവിളിച്ചു കരയുന്ന , വാല്‍സല്യം കൊതിക്കുന്ന
എന്റെ മനസ്സ് ആരും കണ്ടില്ല. സിറ്റിസണ്‍ഷിപ്പ് കിട്ടിയതിനു ശേഷം മമ്മിയില്‍ വന്ന
ഈ മാറ്റങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. ദിവസവും ഡാഡിയുമായി വാദപ്രതിവാദങ്ങളും,
ഡാഡിയുടെ വാക്കുകളെ ധിക്കരിക്കലും, ഡാഡിയുടെ മുന്നില്‍ വെച്ചു മറ്റ് ആണുങ്ങളുമായി
ഔട്ടിങ്ങും, അമിതമായ മദ്യപാനവും. കണ്ണു തുറിപ്പിച്ചു, ഒച്ചയെടുത്തു നടന്നു വരുന്ന
മമ്മിയെ കാണുമ്പോളെ ഞാന്‍ പേടിച്ച്‌വിറച്ച് മുറിക്കുള്ളില്‍ കയറി കതകടച്ച്
ഇരിക്കും. അങ്ങനെയിരിക്കെയാണു ഒരായുഷ്‌കാലം മുഴുവന്‍ അനുഭവിക്കാന്‍ ഉള്ളയത്ര സങ്കടം
എനിക്കു വേണ്ടി കാത്തിരിക്കുന്നു എന്ന തെളിവുമായ് ആ ദിവസം കടന്നു
വന്നത്..
അന്നു മമ്മിയുടെ പിറന്നാള്‍ രാത്രിയില്‍ കൂട്ടുകാരുമൊത്തുള്ള
ഡിന്നര്‍പാര്‍ട്ടി കഴിഞ്ഞു അമിതമായി മദ്യപിച്ച് ആണു മമ്മി വീട്ടില്‍ എത്തിയതു. പതു
പതുത്ത വെള്ളക്കളര്‍ സോഫസെറ്റിലേക്ക് പേര്‍സ് വലിച്ചെറിഞ്ഞ് കൂസലന്യേ മമ്മി
കിടന്നു. അപ്പോഴാണു അതില്‍ നിന്നും വീണ മമ്മിയുടെ പേരില്‍ ഉള്ള ഒരു മെംബെര്‍ഷിപ്
കാര്‍ഡ് അപ്രതിക്ഷീതമായി ഡാഡി കാണാന്‍ ഇടയായതു. അതു കണ്ട മാത്രയില്‍ ഡാഡിയുടെ മുഖം
ആകെ ചുവന്നു. അതിലുണ്ടായിരുന്ന എന്തോ കാര്യത്തെ ചൊല്ലിയാരുന്നു വഴക്കിന്റെ തുടക്കം.
കടിച്ചു കീറാന്‍ തോന്നുന്ന രീതിയിലെ തറുതല മറുപടിയും, ഉള്ളില്‍ ചൂടു
പിടിപ്പിക്കുന്ന ദ്രാവകം നല്‍കുന്ന ലഹരിയുമായ് മമ്മിയും, മമ്മിയുടെ നെഞ്‌ജില്‍
കത്തി കുത്തി ഇറക്കാന്‍ ഉള്ള ദേഷ്യത്തില്‍ രൗദ്രതയോടെ ഡാഡിയും. എന്താണു
നടക്കുന്നതെന്നറിയാതെ കണ്ണു മിഴിച്ച്, രണ്ട് പേരെയും മാറി മാറി നോക്കി പ്രതിമ
പോലെ ഭയചകിതനായ് ഞാനും. പരസ്‌പരമുള്ള വാക്കേറ്റങ്ങള്‍ക്കും,ചീത്തവിളികള്‍ക്കും
ഒടുവില്‍ സഹികെട്ട് ഡാഡിക്ക് മമ്മിയെ തല്ലേണ്ടി വന്നു. നീയെന്നെ തല്ലി അല്ലേ
എന്നാക്രോശിച്ചു കൊണ്ടു തല്ല് കിട്ടിയ ദേഷ്യത്തില്‍ മമ്മി ഉടന്‍ തന്നെ
സെല്‍ഫോണില്‍ നിന്നും എമര്‍ജന്‍സി ഹെല്‍പ്പ് നമ്പര്‍ 911 ലേക്ക് വിളിച്ചു. 15
മിനുട്ടിനുള്ളില്‍ രണ്ട് പോലിസുകാര്‍ വീട്ടില്‍ എത്തി. നടന്ന സംഭവങ്ങള്‍ പൊടിപ്പും
തൊങ്ങലും വെച്ചു മമ്മി അവരോട് വിശദീകരിച്ചു, കൂട്ടത്തില്‍ തല്ലിയ പാടും കാണിച്ചു.
ഈ പറഞ്ഞതൊക്കെ ശരിയാണോ എന്നു ചോദിച്ചപ്പോള്‍ താന്‍ ചെയ്‌തതു തെറ്റാണെന്ന
ബോധ്യത്തില്‍ യെസ് എന്നു ഡാഡിക്കു പറയേണ്ടി വന്നു. ഗാര്‍ഹികപീഡനം, ശാരീരിക പീഡനം
എന്ന്‌നീ കേസുകള്‍ ഫയല്‍ ചെയ്‌തു അവര്‍ ഡാഡിയെ അറസ്റ്റ് ചെയ്‌തു.
മമ്മിയുടെ ഈ പ്രവ്യത്തി ഡാഡിയെ മാനസ്സികമായി വല്ലാതെ തളര്‍ത്തി. ആ
മെംബെര്‍ഷിപ് കാര്‍ഡിലെ വാചകങ്ങള്‍ ഇനിയൊരിക്കലും പഴയതു പോലെ മമ്മിയോട്
പെരുമാറാന്‍ തന്നെ അനുവദിക്കില്ല എന്നുറപ്പായപ്പോള്‍ ഡാഡി ആണു ഡൈവോര്‍സ്സ് കേസ്
ഫയല്‍ ചെയ്‌തത്.സ്വതന്ത്ര്യമായ് , കെട്ടുപാടുകളില്ലാതെ തന്നിഷ്ടത്തിനുള്ള ജീവിതം
അതായിരുന്നു മമ്മിയുടെ ഉദ്ദേശവും. അങ്ങനെ അവര്‍ തമ്മില്‍ എന്നന്നേയ്‌ക്കുമായി
പിരിഞ്ഞു. നിയമങ്ങളുടെയും, മമ്മിയുടെ പിടിവാശിയുടെയും സമ്മര്‍ദ്ദത്താല്‍,
നിര്‍ഭാഗ്യവശാല്‍ എനിക്ക് മമ്മിയുടെ കൂടെ പോകേണ്ടി വന്നു. കുട്ടിയെ നോക്കാന്‍
സാമ്പത്തികമില്ല എന്നും പറഞ്ഞു ചൈല്‍ഡ് സപ്പോര്‍റ്റും, മാസാമാസം ജീവിതചെലവിനുള്ള
പണവും ആ ഡൈവോര്‍സ്സിനോടൊപ്പം മമ്മി നേടിയെടുത്തു. ഡാഡിയെ തോല്‍പ്പിക്കാനുള്ള
വാശിയില്‍ നേടിയ എന്റെ സംരക്ഷണവും, ഒറ്റയ്‌ക്കു കുഞ്ഞിനെ നോക്കേണ്ടി വന്നതിന്റെയും,
ഡാഡിയോട് അടുപ്പം കാണിക്കുന്നതിന്റെയും അമര്‍ഷവും പലപ്പോഴും മമ്മി എന്നോട്
തീര്‍ത്തു. രണ്ടാഴ്‌ച കൂടുമ്പോള്‍ ശനിയും ഞായറും ഡാഡിയോടൊപ്പം പോകാനുള്ള അനുമതി
മാത്രമായിരുന്നു എനിക്ക് അനുവദിച്ചു കിട്ടിയിരുന്നതു. എന്നെ അറിഞ്ഞ്
സ്‌നേഹിക്കുവാന്‍ ഒരാള്‍ ഉണ്ടല്ലോ എന്ന ഓര്‍മ്മപ്പെടുത്തലുകളും,കൂടുതല്‍ സന്തോഷം
അനുഭവിച്ചതുമായ ദിവസങ്ങളായിരുന്നൂ ആ ദിനങ്ങള്‍.` കൈയില്‍ കരുതിയിരുന്ന ഫേഷ്യല്‍
റ്റിഷ്യൂ കൊണ്ട് അലന്‍ കലങ്ങിയ കരഞ്ഞു ചുവന്ന കണ്ണുകള്‍ തുടയ്‌ക്കുമ്പോള്‍, കഥയിലെ
സങ്കടനിമിഷങ്ങള്‍ ഹൃദയത്തിലേക്ക് ആവാഹിച്ച ടോണിയുടെ കണ്ണുകളും കലങ്ങിയിരുന്നു.
അലന്‍, ഇപ്പോള്‍ എവിടെ പോകുന്നു ? എന്തായിരുന്നു ഇത്രയും പ്രശ്‌നം സ്യഷ്ടിച്ച ആ
കാര്‍ഡില്‍ ഉണ്ടായിരുന്നതു? കുറച്ചു നേരത്തെ മൗനത്തിനു ശേഷം ടോണി ചോദിച്ചു.
അത്..ഇടര്‍ച്ചയോടെ അലന്‍ പറഞ്ഞു. ഇന്നാണു എന്റെ ഡാഡിയുടെ ഫ്യൂണറല്‍. ഡാഡി ജോലി
ചെയ്‌തിരുന്ന കമ്പനിയിലെ ബോസ്സും, തൊഴിലാളികളും തമ്മിലുള്ള വാക്കേറ്റത്തിനിടയില്‍,
പിടിച്ചു മാറ്റാന്‍ പോയതായിരുന്നു ഡാഡി. അനുരഞ്‌ജനത്തിനായ് ശ്രമിക്കുന്ന ഡാഡി,
മുതലാളിയെ പിന്തുണയ്‌ക്കുന്നു എന്ന തെറ്റിദ്ധാരണയില്‍ കലി ബാധിച്ച, പരിസരബോധം മറന്ന
യൂണിയന്‍ ലീഡറായ തൊഴിലാളി , കൈയില്‍ കരുതിയ തോക്ക് എടുത്തു വെടിയുതിര്‍ത്തു.ആ
വെടിയുണ്ടയേറ്റ് എന്റെ ഡാഡി..!!
ജീവന്റെ വിലയ്‌ക്ക് ഒരു പ്രാധാന്യവും
നല്‍കാത്ത, അമേരിക്കയില്‍ ആര്‍ക്കും യഥേഷ്ടം കൊണ്ടു നടക്കാവുന്ന
തോക്കിനിരയാകുന്നവരുടെ പട്ടികയില്‍ എന്റെ ഡാഡിയും. ആ കാര്‍ഡ് അതിലെ ഉള്ളടക്കം
എന്തായിരുന്നുവെന്ന് എനിക്കറിയില്ല. കാരണം, ആ സംഭവത്തിനു ശേഷം മമ്മി ആ കാര്‍ഡ്
സൂക്ഷിച്ചു വെച്ചില്ല. അതില്‍ എഴുതിയിരുന്നതു എന്തായിരുന്നെന്നു പലവട്ടം ഞാന്‍
ഡാഡിയോടു ചോദിച്ചു. പക്ഷേ അന്നൊക്കെ ഡാഡിയുടെ മുഖത്തു നിഴലിച്ച വിഷാദം എനിക്ക്
ഉത്തരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞു മാറാന്‍ ഡാഡിയെ പ്രേരിപ്പിച്ചു. അലന്റെ സ്വരം നന്നേ
ഇടറിയിരുന്നു. അലന്‍ , `ഡോണ്ട് വറി, സോറി ഫോര്‍ യുവര്‍ ലോസ്സ്`. ഡാഡിയുടെ
വേര്‍പാടില്‍ വിഷമിക്കുന്ന അലനെ അങ്ങനെ പറഞ്ഞു ടോണി ആശ്വസിപ്പിച്ചു. താങ്ക് യൂ
ടോണി. അടുത്ത സ്‌റ്റോപ്പിലാണു തനിക്കിറങ്ങേണ്ടതെന്നു അറിയിപ്പു വന്നതിനെ
തുടര്‍ന്ന് പെട്ടി എല്ലാം ശരിയാക്കി വെച്ചു ഇരിക്കുമ്പോള്‍ അലന്‍ ടോണിയോട്
പറഞ്ഞു. ടോണി, ഐ ഹാവ് എ റിക്വ്‌സ്റ്റ്. `താന്‍ തന്റെ കുഞ്ഞിനെ അതു ആണായാലും
പെണ്ണായാലും ആവോളം സ്‌നേഹിക്കണം. അവരുടെ കൂടെ നടന്നു അവരെയും, അവരുടെ മനസ്സിനെയും
അറിയാന്‍ ശ്രമിക്കണം. അച്ഛനും അമ്മയും തമ്മിലൂള്ള വഴക്കുകള്‍ക്ക് ഇടയില്‍
ബലിയാടാവേണ്ടി വരുന്ന കുഞ്ഞുങ്ങളായി അവരെ രൂപപ്പെടുത്താതിരിക്കണം. അച്ഛനും അമ്മയും
ചേര്‍ന്നു നല്‍കേണ്ടുന്ന സ്‌നേഹം,അതാണു കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ സൗഭാഗ്യം.അതാണു
അവരെ നന്മയിലേക്ക് നയിക്കുന്ന പ്രകാശം`. ഷുവര്‍, അലന്‍, നൈസ് റ്റു മീറ്റ് യു.
അലനോട് ബൈ പറഞ്ഞു സ്‌റ്റേഷനില്‍ ഇറങ്ങുമ്പോള്‍ എങ്ങനെ നല്ല അച്ഛനാകാം എന്ന
പാഠങ്ങളിലേക്കുള്ള യാത്ര ടോണി തുടങ്ങികഴിഞ്ഞിരുന്നു.
അവസാന നാളിനു മുന്‍പ്
മൗനം ലംഘിച്ച് ഡാഡി തനിക്കയച്ച ഇമെയിലുകളിലെ ആ വാക്കുകള്‍. ` മിംഗിള്‍ ലെസ്‌ബിയന്‍
ക്ലബ്` അതായിരുന്നുവോ ഡാഡി ഇത്രയും നാള്‍ പറയാതെ കൊണ്ടു നടന്ന തനിക്കുള്ള
ഉത്തരങ്ങള്‍. ആണെങ്കില്‍ തന്നെയും ടോണിയുടെ `ഇത്രയും പ്രശ്‌നം സ്യഷ്ടിച്ച ആ
കാര്‍ഡില്‍ ഉണ്ടായിരുന്നത്` എന്ന ചോദ്യത്തിനുള്ള ഉത്തരത്തില്‍ ഒളിച്ചിരിക്കുന്ന
തന്റെ മമ്മിയുടെ മാനം അലന്‍ ഹ്യദയത്തിലൊരു നൊമ്പരമായ് ഏറ്റുവാങ്ങി യാത്ര
തുടര്‍ന്നുകൊണ്ടേയിരുന്നു...
സോയ