സിവില്‍ സര്‍വീസ് പരീക്ഷയില്‍ നമ്മുടെ കുട്ടികള്‍ അഭിമാനാര്‍ഹമായ വിജയം
നേടിയതിന്റെ ആഹ്ലാദത്തിലാണ് സാക്ഷരകേരളം. സര്‍ക്കാരിന്റെ അക്കാദമിയില്‍
ആദ്യംതൊട്ട് പഠിച്ച രേണുവിനെപ്പോലെയുള്ളവരും, മെയിന്‍ പരീക്ഷ
ജയിച്ചതിനെതുടര്‍ന്ന് അക്കാദമി ദത്തെടുത്ത ആശയെപ്പോലുള്ളവരും ചേര്‍ന്നാല്‍ 34
പേര്‍. എന്റെ അയലത്ത് താമസിക്കുന്ന റോഷ്‌നിയെ പോലെ ഇതിലൊന്നും പെടാത്ത മലയാളികളും,
മറുനാടന്‍ മലയാളികളും ഒട്ടാകെ ഒരു നല്ല കാലം.
ഇരുപത്തിയൊന്നാം
നൂറ്റാണ്ടിന്റെ ഈ കൗമാരകാലത്തും സിവില്‍ സര്‍വീസ് ആകര്‍ഷകമായിരിക്കുന്നത് സവിശേഷ
ശ്രദ്ധ പതിയേണ്ട സംഗതിയാണ്. ഐ.സി.എസ് രൂപകല്‍പ്പന ചെയ്‌ത മഹാമസ്‌തിഷ്‌കത്തെ
നമിച്ചുപോകുന്നു നാം. സ്വാതന്ത്ര്യപ്രാപ്‌തിക്കുമുമ്പ് തന്നെ അവസ്ഥാന്തരങ്ങളോട്
സമരസപ്പെട്ടും പ്രതികരിച്ചും സത്‌കീര്‍ത്തി ആര്‍ജ്ജിച്ചിരുന്നു നമ്മുടെ
സവില്‍സര്‍വീസ്. സ്വതന്ത്രഭാരതത്തില്‍ അന്തരീക്ഷം തീര്‍ത്തും വിഭിന്നവും
മാറ്റങ്ങളുടെ ഗതിവേഗം അഭൂതപൂര്‍വ്വവും ആയിരുന്നിട്ടും ഐ.സി.എസുകാരും അവര്‍
പരിശീലിപ്പിച്ച ഐ.എ.എസുകാരും പൊതുവെ കാലിടറാതെ മുമ്പോട്ടു പോയി. പിന്നെ
ഐ.സി.എസുകാരില്‍ അവസാനത്തെയാള്‍ (എന്‍.കെ. മുഖര്‍ജി എന്നാണോര്‍മ്മ) പിരിഞ്ഞു.
ഞങ്ങളുടെ സംഘടന ഐ.സി ആന്റ് എ.എസ് അസോസിയേഷന്‍ എന്ന പേര് മാറ്റി ഐ.എ.എസ്
അസോസിയേഷന്‍ ആയി രൂപാന്തരപ്പെട്ടു. പത്ത് ഐ.സി.എസുകാരെ പ്രതിവര്‍ഷം
നിയമിച്ചിരുന്നതിനുപകരം നൂറ് ഐ.എ.എസുകാരെ നിയമിക്കാന്‍ തുടങ്ങിയതോടെ അല്‌പസ്വല്‌പം
അപചയം ദൃശ്യമാകാന്‍ തുടങ്ങി. നാടാകെ അഴിമതിയായപ്പോള്‍ അതിന്റെ പ്രതിഫലനം
സര്‍വീസിലും കാണാമെന്നായി. ഇതൊക്കെയാണെങ്കിലും `ദ് ഇക്കോണമിസ്റ്റ്' നടത്തിയ ഒരു
പഠനത്തില്‍ ഇന്ത്യയെ നിലനിര്‍ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഒറ്റഘടകം - Single Most
Important Factor- നമ്മുടെ കളക്‌ടര്‍മാരാണ്. എന്ന് കണ്ടെത്തി. അവര്‍ നിഴല്‍പോലെ
പിന്തുടര്‍ന്ന് നിരീക്ഷണവിധേയരാക്കിയ കളക്‌ടര്‍മാര്‍ ഒരേ സ്വഭാവം ഉള്ള ജില്ലകളല്ല
ഭരിച്ചിരുന്നത് എങ്കിലും എല്ലായിടത്തും കര്‍മ്മനൈപുണ്യവും പ്രവര്‍ത്തനശൈലിയും
പൊതുവെ സമാനമായിരുന്നു എന്ന് അവര്‍ കണ്ടെത്തി. കേരളത്തില്‍ അന്ന് എറണാകുളം
കളക്‌ടര്‍ ആയിരുന്ന മുഹമ്മദ് ഹനീഷിനെ അവര്‍ പ്രശംസിച്ചു എന്നത് കേരള കേഡറിന്
അഭിമാനം പകര്‍ന്നു. (ഈ യുവാവ് സി.ഇ.ടിയില്‍ പഠിച്ചയാളും കൃഷ്‌ണകുമാറിനേയും
കൃഷ്‌ണമൂര്‍ത്തിയേയും -എന്നേയും പോലെ യൂണിയന്‍ ചെയര്‍മാനും ആയിരുന്നയാളാണ് എന്നത്
അസാമാദൃസ്യര്‍ പ്രത്യേകം ശ്രദ്ധിച്ചത് സ്വാഭാവികം; മാപ്പ്).
ഇങ്ങനെ
തികച്ചും വ്യത്യസ്‌തമായ സാഹചര്യങ്ങളില്‍ പ്രാഗത്ഭ്യം സംരക്ഷിക്കാന്‍ പോന്ന ഒരു
സര്‍വീസ് രൂപാന്തരപ്പെടുത്തിയവരെ നമിച്ചുപോകും എന്നു പറഞ്ഞല്ലോ. ലോകത്ത്
മറ്റൊരിടത്തും ഇല്ലാത്തതാണ് ഈ പരിപാടി. പാക്‌സിഥാനും തുടര്‍ന്ന് ബംഗ്ലാദേശും
ഐ.സി.എസിനു പിന്തുടര്‍ച്ചക്കാരെ കണ്ടെത്തിയെങ്കിലും പട്ടാളഭരണം അതിന്റെ സ്വഭാവം
മാറ്റി. കുറച്ചെങ്കിലും പരിക്കില്ലാതെയുള്ളത് ശ്രീലങ്കയിലാണ് എന്നു തോന്നുന്നു.
സര്‍വീസ് കാലചക്രത്തെ അതിജീവിച്ച് ഇന്ന് നിലനില്‍ക്കുന്നതിന്റെ പ്രധാന
കാരണം യു.പി.എസ്.സിയാണ്. സുപ്രീംകോടതി ഉള്‍പ്പടെ നമ്മുടെ എല്ലാ ഭരണ സംവിധാനങ്ങളും
ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിധേയരായപ്പോഴും യു.പി.എസ്.സി അതിന്റെ
വിശ്വാസ്യത നിലനിര്‍ത്തി, നിലനിര്‍ത്തുന്നു എന്നതാണ് നമ്മുടെ സിവില്‍ സര്‍വീസിന്റെ
വിജയരഹസ്യം. ആണ്ടോടാണ്ട് ലക്ഷക്കണക്കിന് യുവതീയുവാക്കള്‍ സിവല്‍സര്‍വീസ്
ആകര്‍ഷകമായി കാണുന്നു എന്നത് സര്‍വീസില്‍ ഉണ്ടായിരുന്നവരും ഇപ്പോള്‍ ഉള്ളവരും ആയ
പ്രഗത്ഭമതികള്‍ക്കുള്ള പ്രശംസാപത്രം മാത്രമല്ല, യൂണിയന്‍ പബ്ലിക് സര്‍വീസ്
കമ്മീഷനുള്ള പ്രശസ്‌തിപത്രം കൂടെയാണ്.
ഒട്ടാകെ പത്തുലക്ഷം പേരാണ് ഈ
പരീക്ഷയ്‌ക്കുള്ള ആദ്യഘട്ടത്തില്‍ രംഗത്തെത്തുന്നത്. അതിന്റെ പകുതിയോളം പ്രാഥമിക
പരീക്ഷയ്‌ക്കു മുമ്പുതന്നെ ആയുധം താഴെവെച്ച് പലായനം ചെയ്യും. അഞ്ച് ലക്ഷം
യുവതീയുവാക്കള്‍ പരീക്ഷ എഴുതും. അതില്‍ നിന്ന് പത്തുപന്തീരായിരം പേര്‍ പ്രധാന
പരീക്ഷ എഴുതുവാന്‍ യോഗ്യത നേടും. അങ്ങനെ എഴുതുന്നവരില്‍ നിന്ന് ഏകദേശം മൂവായിരം
പേരെ വ്യക്തിത്വപരിശോധന എന്ന പേഴ്‌സണാലിറ്റി ടെസ്റ്റിനു വിളിക്കും. ഒടുവില്‍
ആയിരത്തോളം ചെറുപ്പക്കാര്‍ തെരഞ്ഞെടുക്കപ്പെടും. പത്തുലക്ഷത്തില്‍ നിന്ന് ആയിരം!
ഏതാണ്ട് 0.1 ശതമാനം. നമുക്ക് ഈ കുഞ്ഞുങ്ങളെ അഭിമാനിക്കാം, അസൂയയോ പിശുക്കോ
കൂടാതെ.
ഈ പരീക്കയ്‌ക്ക് കോച്ചിംഗ് വേണോ? നിര്‍ബന്ധമില്ല. കോച്ചിംഗ്
കൊണ്ട് ഗുണം ഉണ്ടാകുമോ? സാധാരണ ഗതിയില്‍ ഉണ്ടാകും എന്നാല്‍ സ്വഭാവേന കഴിവുള്ളവരുടെ
കഴിവുകള്‍ തേച്ചുമിനുക്കി എടുക്കാനല്ലാതെ ആരേയും ഉന്തി മരംകേറ്റാന്‍ ഒരു കോച്ചിനും
കഴിയുകയില്ല.
ഞങ്ങളുടെ കാലത്ത് ഇന്നത്തെ മാതിരി കോച്ചിംഗ് ഡല്‍ഹിയില്‍
മാത്രം ആയിരുന്നു കിട്ടിയിരുന്നത്. ഇവിടെ യൂണിവേഴ്‌സിറ്റി കോളജില്‍ പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരു പരിപാടി 1962-ല്‍ നടത്തി. അവിടെ അഞ്ച്
വിദ്യാര്‍ത്ഥികളെയോ മറ്റോ ഓപ്പണ്‍ ക്വോട്ടയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന്
പഠിപ്പിക്കാന്‍ നിയുക്തരായ അധ്യാപകര്‍ക്ക് ഈ പരീക്ഷയെക്കുറിച്ചോ അതിനു
തയാറെടുക്കേണ്ടവിധത്തെക്കുറിച്ചോ ഒന്നും ഒരു ധാരണയും ഉണ്ടായിരുന്നില്ല എന്നു
പറയുന്നത് ഗുരുനിന്ദയല്ല. കുറ്റം അവരുടെതായിരുന്നില്ല. അവര്‍ ബിരുദാന്തര
ക്ലാസുകളില്‍ പഠിപ്പിക്കുന്നതുപോലെ സാവകാശത്തില്‍ പഠിപ്പിച്ചു. പരീക്ഷ
ഗൗരവമായെടുക്കുന്നവര്‍ക്ക് ആ സ്‌പീഡ് പോരായിരുന്നതിനാല്‍ അവര്‍ പബ്ലിക്
ലൈബ്രറിയും യൂണിവേഴ്‌സിറ്റി ലൈബ്രറിയും കേന്ദ്രീകരിച്ച് തന്നത്താന്‍
പഠിച്ചുതുടങ്ങി.
ഈ അവസ്ഥയ്‌ക്ക് ഗുണപരമായ ഒരു മാറ്റം ഉണ്ടായത് 2005-ല്‍
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി
തുടങ്ങിയതോടെയാണ്. പത്തുവര്‍ഷംകൊണ്ട് ഏതാണ്ട് മുന്നൂറോളം യുവതീയുവാക്കളാണ്
അക്കാദമി വഴി സിവില്‍ സര്‍വീസില്‍ എത്തിയത്. 1,2,4,10 എന്നിങ്ങനെയുള്ള ഉയര്‍ന്ന
റാങ്ക് മുതല്‍ ഇക്കൊല്ലം 1223-മത് റാങ്ക് നേടിയ ചെറുപ്പക്കാരന്‍ വരെ
ഇക്കൂട്ടത്തിലുണ്ട്. അക്കാദമിയുടെ നേട്ടത്തിനുള്ള ഏറ്റവും വലിയ സാക്ഷ്യം അവിടെ
പരിശീലനത്തിന് കുട്ടികളെ തെരഞ്ഞെടുക്കുന്നത് എന്‍ട്രന്‍സ് പരീക്ഷ
നടത്തിയിട്ടാണ് എന്നത് തന്നെ; അത്രയ്‌ക്കുണ്ട് തിരക്ക് പ്രവേശനം കിട്ടാന്‍.
അക്കാദമിക്ക് നല്ല ഒരു പുസ്‌തകശേഖരം ഉണ്ട്. ഒരേസമയം 120 പേര്‍ക്ക്
ഉപയോഗിക്കാവുന്ന എയര്‍കണ്ടീഷന്‍ഡ് റീഡിങ് റൂം. ഹൈസ്‌പീഡ് ഇന്റര്‍നെറ്റ്, വൈഫൈ
ഒക്കെ ഉണ്ട് ലൈബ്രറിയില്‍. രാത്രി ഒമ്പതര വരെ ലൈബ്രറി സൗകര്യങ്ങള്‍ ഉപയോഗിക്കാം.
പ്രിലിമിനറിയുടെ പരിശീലനത്തിന് മുപ്പതിനായിരം രൂപ ഫീസ് ഉണ്ടെങ്കിലും പ്രിലിമിനറി
ജയിച്ചവര്‍ക്ക് മെയിന്‍ പരീക്ഷയ്‌ക്കുള്ള പരിശീലനം സൗജന്യമാണ്. അവിടുന്നങ്ങോട്ട്
സര്‍ക്കാര്‍ അവരെ ദത്തെടുക്കുകയാണ്.
അക്കാദമിയുടെ കീര്‍ത്തി വ്യാപിച്ചതോടെ
തിരുവനന്തപുരത്ത് സമാന സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയിലും ഉണ്ടാകാന്‍ തുടങ്ങി.
അവയില്‍ ചിലത് അവര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന വിഷയങ്ങളില്‍ ഏറെ മേന്മയുള്ളവയാണ്.
പാലാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മലയാളം കോച്ചിംഗ് എടുത്തുപറയാവുന്ന ഒരു
ഉദാഹരണമാണ്. യശ:ശരീരനായ പ്രൊഫ. നാരായണന്‍ സ്വകാര്യമായി നടത്തിയിരുന്ന
ഇക്കണോമിക്‌സ് പരിശീലനവും ഓര്‍മ്മവരുന്നു. ഇപ്പോള്‍ ഒരു വിഷയം മാത്രമാണ് ഐശ്ചികം.
അതുകൊണ്ട് എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന അക്കാദമി പോലെയുള്ള സ്ഥാപനങ്ങളെ
ഒഴിവാക്കരുത്.അക്കൂട്ടത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ പഠിക്കുന്നതിനാല്‍
അക്കാദമിക്ക് ഒരു പ്രമുഖ സ്ഥാനം അംഗീകരിക്കേണ്ടതുണ്ട്. ഗൗരവമായി പരീക്ഷ എഴുതുന്ന
പത്തിരൂനൂറ് പേര്‍ ഒരു കാമ്പസില്‍ ഉണ്ടാകുമ്പോള്‍ ചര്‍ച്ചകള്‍ വഴിയും മറ്റും വളരെ
പ്രയോജനം കിട്ടും. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സും, ജെ.എന്‍.യുവും ഒക്കെ ഇത്തരം
ഇടങ്ങളാണ്. ആകെ പത്തുപേര്‍ പഠിക്കുന്ന സ്ഥാപനം നന്നായിക്കൂടെന്നില്ല. എങ്കിലും
`സിവില്‍സര്‍വീസേ ശരണം' എന്ന മട്ടില്‍ ലൈബ്രറിയും ഇന്റര്‍നെറ്റും ആയി നടക്കുന്ന
പത്തിരുന്നൂറ് പേരുടെ സാന്നിധ്യം തന്നെ ഒരു വലിയ പ്രചോദനമാണ് എന്ന്
നിരീക്ഷിക്കാതെ വയ്യ.
മെയിന്‍സ് ഫലം വന്നാല്‍ പേഴ്‌സണാലിറ്റി ടെസ്റ്റിന്
പലരും സൗകര്യം ഒരുക്കും. ആരൊക്കെയാണ് ഇന്റര്‍വ്യൂ നടത്തുന്നത് എന്ന്
പരിശോധിച്ച് കഴിയുന്നത്ര മോഡല്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നത് കൊള്ളാം.
വിദേശകാര്യ സെക്രട്ടറിയായിരുന്ന കെ.പി.എസ് മേനോന്‍, യു.പി.എസ്.സി
അംഗമായിരുന്ന കെ. റോയ് പോള്‍, ഇന്റര്‍വ്യൂ മാര്‍ക്കിലെ റാങ്കുകാരി ലളിതാംബിക
മുതല്‍പേര്‍ ആയിരിക്കും അക്കാദമിയില്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍. ഓരോ
പരിശീലനാര്‍ത്ഥിക്കും മൂന്ന് ഇന്റര്‍വ്യൂ വരെ അനുവദിക്കും. അതുകൊണ്ട്
അക്കാദമിയില്‍ പരിശീലനം നേടുന്നവര്‍ക്കും മറ്റ് സ്ഥാപനങ്ങളിലെ ഇന്റര്‍വ്യൂവിനു
പോകാന്‍ കഴിയും. പോകുന്നതുകൊണ്ട് ദോഷമില്ലല്ലോ. അധികസ്യ അധികഫലം.
നമ്മുടെ
നാട്ടില്‍ കുട്ടികള്‍ കൂടുതലായി സിവില്‍സര്‍വീസില്‍ വരണം. രാഷ്‌ട്രീയമായ ബലംകൊണ്ട്
കേരളം ഏറെയൊന്നും നേടുകയില്ല. കൊച്ചി വിമാനത്താവളം ഏറ്റവും നല്ല ഉദാഹരണം.
പത്തിരുപത് വിദേശ സര്‍വീസുകളില്‍ കൊച്ചി മുരടിച്ച് കിടന്നപ്പോഴാണ് ബീഹാര്‍
കേഡറിലെ ഒരു മലയാളി - കെ. റോയി പോള്‍- കേന്ദ്രത്തില്‍ വ്യോമയാന സെക്രട്ടറിയായത്.
അടുത്ത രണ്ടുവര്‍ഷം കൊണ്ട് കൊച്ചി നടത്തിയ കുതിച്ചുചാട്ടം ചരിത്രമാണ്. 22
വളര്‍ന്ന് 122 ആയി സര്‍വീസുകള്‍. വല്ലാര്‍പാടം മറ്റൊരു ഉദാഹരണം. 1985-ല്‍ ഞാന്‍
എഴുതിക്കൊടുത്തതാണ്. രണ്ട് ദശാബ്‌ദം ഒന്നും നടന്നില്ല. ഒടുവില്‍ ടി.കെ.എ നായരും,
കെ.എം. ചന്ദ്രശേഖറും കെ. മോഹന്‍ദാസും താക്കോല്‍ സ്ഥാനങ്ങളില്‍ ഒത്തുവന്നപ്പോള്‍
ശിലാസ്ഥാപനം നടന്നു. പെട്ടെന്ന് ഓര്‍മ്മ വന്ന രണ്ട് ഉദാഹരണങ്ങള്‍ കുറിച്ചു എന്നു
മാത്രം.
നമുക്ക് ഇപ്പോള്‍ വേറൊരു സൗകര്യംകൂടിയുണ്ട്. ഒ.ബി.സിയില്‍ പെട്ട
രണ്ട് പ്രമുഖ സമുദായങ്ങള്‍ സംവരണാനുകൂല്യം കൂടാതെ തന്നെ സിവില്‍ സര്‍വീസ് പരീക്ഷ
ജയിക്കാന്‍ പോന്നവരായി കേരളത്തില്‍ ഉണ്ട്. ഈഴവരും, മുസ്‌ലീമുകളും. സംവരണം
ഉള്ളതുകൊണ്ട് കൂടുതല്‍ പേര്‍ക്ക് കിട്ടും എന്ന അധിക സൗകര്യം ഈ സമുദായങ്ങള്‍
പ്രയോജനപ്പെടുത്തിയാല്‍ സിവില്‍ സര്‍വീസിലെ മലയാളി സാന്നിധ്യം കുറെക്കൂടെ
വര്‍ധിച്ചുകിട്ടും.
പൊതുവെ ശകുനങ്ങളൊക്കെ കൊള്ളാം. `കര്‍മ്മസമായുക്തം ദൈവം
സാധു വിവര്‍ദ്ധതേ' എന്ന് മഹാഭാരതത്തില്‍ എവിടെയോ പറയുന്നുണ്ട്. കര്‍മ്മവുമായി
ഒത്തുചേരുമ്പോള്‍ വിധി മികച്ച ഫലം നല്‍കും. നേര്‍ത്ത തീയും കാറ്റടിക്കുമ്പോള്‍
ഉയര്‍ന്നു കത്തുമല്ലോ. അതുകൊണ്ട് ഉത്സാഹത്തോടെ യത്‌നിച്ചാല്‍ നമുക്ക് സിവില്‍
സര്‍വീസിലെ സാന്നിധ്യം ഇനിയും മെച്ചപ്പെടുത്താം.