Image

കോന്നി സംഭവം: കുട്ടികള്‍ക്ക് മൊബൈലും ഉണ്ടായിരുന്നുവെന്നു സൂചന; ദുരൂഹത തുടരുന്നു

Published on 14 July, 2015
കോന്നി സംഭവം: കുട്ടികള്‍ക്ക് മൊബൈലും ഉണ്ടായിരുന്നുവെന്നു സൂചന; ദുരൂഹത തുടരുന്നു


 പത്തനംതിട്ട: കോന്നിയില്‍നിന്നു കാണാതായ പെണ്‍കുട്ടികളുടെ കൈയില്‍ ടാബ്‌ലെറ്റിനു പുറമേ മൊബൈല്‍ ഫോണ്‍കൂടി ഉണ്ടായിരുന്നതായി പോലീസിനു സൂചന ലഭിച്ചു. എന്നാല്‍, കുട്ടികളെ കാണാതായ ശേഷം മൊബൈല്‍ ഫോണില്‍നിന്നു കോളുകള്‍ പോയിട്ടില്ലെന്നാണു നിഗമനം. മൂന്നു കുട്ടികളും ഒരേ മൊബൈല്‍ ഫോണ്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഇവരുടെ മൊബൈലിലേക്കു സ്ഥിരമായി വിളിച്ചവര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. പത്തനംതിട്ട ജില്ലയ്ക്കു പുറത്തുനിന്നുള്ളവരാണു നമ്പറുകളിലേക്കു വിളിച്ചിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണു പത്തനംതിട്ട കോന്നിയില്‍നിന്നു രാജി, ആതിര, ആര്യ എന്നീ പെണ്‍കുട്ടികളെ കാണാതാകുന്നത്. ഇതില്‍ രാജി, ആതിര എന്നിവരെ തിങ്കളാഴ്ച ഒറ്റപ്പാലത്തിനടുത്തു റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലും ആര്യയെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്‌ടെത്തിയിരുന്നു.

കോന്നിയില്‍ നിന്നു തൃശൂരിലേക്കു അന്വേഷണത്തിനായി പോയ പോലീസ് സംഘത്തിന്, ഗുരുതരമായി പരിക്കേറ്റ ആര്യയുടെ മൊഴി എടുക്കുവാന്‍ സാധിച്ചിട്ടില്ല.
സംഭവം ആത്മഹത്യ തന്നെയെന്ന് പോലീസിന്റെ നിഗമനം. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.
വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികള്‍ മരിക്കുന്നതിന് മുമ്പ് രണ്ട് തവണ ബെംഗലൂരുവില്‍ പോയതായി ഐ.ജി മനോജ്കുമാര്‍ അറിയിച്ചു. കുട്ടികള്‍ക്കൊപ്പം മറ്റാരും യാത്രയില്‍ ഒപ്പമുണ്ടായിരുന്നില്ല. ആഭരണം പണയം വച്ച് കിട്ടിയ 8000 രൂപ ഉപയോഗിച്ചായിരുന്നു യാത്ര. ഇവരില്‍ ഒരാളുടെ പക്കലുണ്ടായിരുന്ന ടാബ്‌ലറ്റ് വിറ്റിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
ജീവിതവിരക്തിയുള്ളതായി പെണ്‍കുട്ടികളുടെ ഡയറിയില്‍ സൂചനയുള്ളതായാണ് വിവരം. കോന്നി ഗവ. എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥിനികളായ മൂന്നു പേരില്‍ പരിക്കുകളോടെ ആസ്പത്രിയില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുന്നു.

പെണ്‍കുട്ടികള്‍ കൈകളില്‍ തങ്ങളുടെ പേരും വിലാസവും ഫോണ്‍നന്പരും എഴുതിവെച്ചിരുന്നു.

ഗുരുതര പരിക്കേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍േകാളേജ് ആസ്പത്രിയില്‍ കഴിയുന്ന ആര്യയുടെ കൈകളിലും പേരും വിലാസവുമുണ്ട്. ഈ നന്പരില്‍ വിളിച്ചപ്പോള്‍ സ്‌കൂളിലേക്കാണ് ലഭിച്ചത്. ആതിരയുെട കൈകളില്‍ക്കണ്ട വിലാസമാണ് ഇവര്‍ കോന്നിയില്‍നിന്ന് കഴിഞ്ഞദിവസം കാണാതായ കുട്ടികളാണെന്ന് ഉറപ്പാക്കാന്‍ സഹായിച്ചത്.
 
കൈകളില്‍ വിലാസമെഴുതിവെച്ചതുകൊണ്ടാണ് ഇവര്‍ ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചിരുന്നതായി പോലീസ് സംശയിക്കുന്നത്. ഇവരെ തിരിച്ചറിയാന്‍ മറ്റൊരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല.

പത്തനംതിട്ട കോന്നി ഐരവണ്‍ തിരുമല വീട്ടില്‍ രാമചന്ദ്രന്‍നായരുടെ മകള്‍ ആതിര ആര്‍. നായര്‍ (17), കോന്നി തെങ്ങുംകാവ് പുത്തന്‍പറമ്പില്‍ സുജാതയുടെ മകള്‍ എസ്. രാജി (16) എന്നിവരെയാണ് മങ്കരയ്ക്കും ലക്കിടിക്കുമിടയില്‍ പൂക്കാട്ടുകുന്നില്‍ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടത്.

ആതിരയുടെ മൃതദേഹം പാളങ്ങള്‍ക്കിടയിലും രാജിയുടേത് പാളത്തിന് നടുവിലുമായാണ് കണ്ടത്. കോന്നി ഐരവണ്‍ തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ സുരേഷിന്റെ മകള്‍ ആര്യ കെ. സുരേഷാണ് (16) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജാസ്പത്രിയില്‍ ചികിത്സയിലുള്ളത്.

മൂവരെയും കാണാതായതിനെത്തുടര്‍ന്ന് കൊടകര പേരാമ്പ്ര തേശ്ശേരി സ്വദേശി മനുവിനെ (25) ഞായറാഴ്ച വൈകീട്ട് കോന്നി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫേസ്ബുക്ക് സുഹൃത്തായ ഇയാളുടെ മൊബൈലില്‍ പെണ്‍കുട്ടികളില്‍ ഒരാളുടെ 'മൂന്നുപേരും എത്തി' എന്ന വാട്ട്‌സ് ആപ്പ് സന്ദേശം കണ്ടതിനെത്തുടര്‍ന്നാണ് ചോദ്യംചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഒന്പതിന് രാവിലെ സ്‌കൂളിലേക്ക് പോകുന്നെന്നുപറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയതാണ് മൂവരും.

മരണവിവരമറിഞ്ഞ് സ്‌കൂള്‍ അധ്യാപകര്‍ മൂന്നു കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിച്ചു. പി.ടി.എ. പ്രസിഡന്റ് എന്‍.പി.ഗോപാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ജോളി ഡാനിയേല്‍, അധ്യാപകരായ ഫിറോസ്, ജയകുമാര്‍, എസ്.സന്തോഷ്‌കുമാര്‍, അനീസ് ബാരി എന്നിവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തി. ഒപ്പം കുട്ടികളുടെ ബന്ധുക്കളും ഉണ്ടായിരുന്നു.

പത്താം ക്ലാസ്സില്‍ ആതിരയും ആര്യയും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലൂസ്സോടുകൂടിയാണ് ജയിച്ചത്. രാജിക്ക് 9 എ പ്ലൂസായിരുന്നു. പ്ലൂസ് വണ്‍ പഠനത്തിനായി മൂന്നുപേരും കോന്നി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ചേര്‍ന്നത്. ആതിര സയന്‍സ് വിഷയവും രാജിയും ആര്യയും കംപ്യൂട്ടര്‍ സയന്‍സുമാണ് തുടര്‍പഠനത്തിനായി തിരഞ്ഞെടുത്തത്. മൂന്നുപേരും പ്ലൂസ് വണ്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. രാജി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സ്‌കൂളിലെ സജീവപ്രവര്‍ത്തകയാണ്.  സ്‌കൂളിലെ ഒപ്പന ടീം അംഗമാണ് ആതിര.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക