Image

മാല പിടിച്ചു പറിച്ചു; കുരങ്ങനെതിരെ കേസെടുക്കണമെന്ന് യുവതിയുടെ പരാതി; വകുപ്പില്ലെന്ന് പോലീസ്

Published on 14 July, 2015
മാല പിടിച്ചു പറിച്ചു; കുരങ്ങനെതിരെ കേസെടുക്കണമെന്ന് യുവതിയുടെ പരാതി; വകുപ്പില്ലെന്ന് പോലീസ്


ലക്‌നൗ: സ്വര്‍ണമാല പിടിച്ചുപറിച്ച കുരങ്ങനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവുമായി യുവതി പൊലീസ് സ്‌റ്റേഷനില്‍. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. യുവതിയുടെ ആവശ്യം കേട്ടപ്പോള്‍ കാണ്‍പൂര്‍ പൊലീസും അന്തം വിട്ടു! ഏതെങ്കിലും വ്യക്തിയാണ് മാല പൊട്ടിച്ചതെങ്കില്‍ കേസെടുക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ഒരു കുരങ്ങനെതിരെ എങ്ങിനെയാണ് കേസെടുക്കുകയെന്ന് അറിയില്ലെന്ന് നസിയര്‍ബാദ് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ അമ്പലത്തിലേക്ക് പോകുന്ന വഴിക്കാണ് സംഭവം ഉണ്ടായത്. കൗസല്‍പുരിയില്‍ ജീവക്കുന്ന ഊര്‍മിള സക്‌സേന എന്ന യുവതിയുടെ മാലയാണ് കുരങ്ങന്‍ പൊട്ടിച്ചത്. മാലയുടെ പകുതി ഭാഗമേ കുരങ്ങന് കൊണ്ടു പോകാന്‍ സാധിച്ചുള്ളുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ മാലയുടെ മറുപകുതിയും കണ്ടെത്താന്‍ സാധിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഈ പ്രദേശത്ത് കുരങ്ങുകളുടെ ഉപദ്രവം രൂക്ഷമാണെന്നും ഇവയെ പിടികൂടാന്‍ മുനിസിപ്പല്‍ കോപ്പറേഷനോട് ആവശ്യപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക