Image

പി.സി. ജോര്‍ജ് എം.എല്‍.എയെ കേരളാ നിയമസഭ താക്കീത് ചെയ്തു

Published on 15 July, 2015
പി.സി. ജോര്‍ജ് എം.എല്‍.എയെ കേരളാ നിയമസഭ താക്കീത് ചെയ്തു

തിരുവനന്തപുരം: മുന്‍മന്ത്രി കെ.ആര്‍. ഗൗരിയമ്മക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എം.എല്‍.എയെ കേരളാ നിയമസഭ താക്കീത് ചെയ്തു. കെ. മുരളീധരന്‍ അധ്യക്ഷനായ നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് നടപടി.  

സഭയുടെ തീരുമാനം ആദരവോടെ അംഗീകരിക്കുന്നുവെന്ന് പി.സി ജോര്‍ജ് പറഞ്ഞു. സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി വാര്‍ത്തയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

2013 മാര്‍ച്ച് 14നാണ് ഗൗരിയമ്മക്കെതിരെ മോശം പരാമര്‍ശം പി.സി ജോര്‍ജ് നടത്തിയത്.  "ജോര്‍ജിനെ അന്വേഷിച്ച് നിയമസഭയില്‍ ഒരു സ്ത്രീയും കുഞ്ഞും വന്നിരുന്നെന്നും അവര്‍ക്ക് 2000 രൂപ നല്‍കി മടക്കി അയച്ചത് താനാണെന്നും" ഗൗരിയമ്മ പറഞ്ഞിരുന്നു.

"ഗൗരിയമ്മയുടെ തലക്ക് വല്ല കുഴപ്പം കാണുമെന്നും ഭര്‍ത്താവ് ടി.വി. തോമസിനെ ഓര്‍മിച്ചാണ് ഗൗരിയമ്മ പരാമര്‍ശം നടത്തിയതെ"ന്നുമായിരുന്നു ജോര്‍ജിന്‍െറ പരാമര്‍ശം.

മോശം പരാമര്‍ശത്തിന്‍െറ പേരില്‍ കേരളാ നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരംഗത്തെ താക്കീത് ചെയ്യുന്നത്.

ജോര്‍ജിനെ കൂറുമാറ്റ നിരോധ നിയമപ്രകാരം എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ് തീരുമാനിച്ചു. ചൊവ്വാഴ്ച രാത്രി കെ.എം. മാണിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. തീരുമാനം സംബന്ധിച്ച കത്ത് ഉടന്‍ സ്പീക്കര്‍ക്ക് നല്‍കും.

ഇതിനായി പാര്‍ട്ടി വിപ്പ് കൂടിയായ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെ ചുമതലപ്പെടുത്തി. ജോര്‍ജിനെ അയോഗ്യനാക്കാനുള്ള ഉപസമിതി ശിപാര്‍ശ ഉന്നതാധികാരസമിതി അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടിയെ  അപമാനിക്കുന്നതരത്തിലും കൂറുമാറ്റ നിരോധ നിയമ പരിധിയില്‍ വരുന്നതുമായ പ്രവര്‍ത്തനങ്ങളാണ് ജോര്‍ജിന്‍െറ ഭാഗത്തുനിന്ന് തുടര്‍ച്ചയായി  ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക