ഐ.എ,എസ് പരിശീലനത്തിനിടയില്‍ അരദിവസം എനിക്ക് ഗുരു ആയിരുന്നു ഭാഗ്യസ്‌മരണാര്‍ഹനായ
പി.ഡി. കുരുവിള എന്ന് അനുസ്‌മരിച്ചുകൊണ്ട് ആ ഓര്‍മ്മയെ നമസ്‌കരിച്ചുകൊള്ളട്ടെ.
1968-ല്‍ കേരള സര്‍ക്കാര്‍ രണ്ട് കമ്പനികള്‍ തുടങ്ങി. ആഗ്രോ
ഇന്‍ഡസ്‌ട്രീസ് കോര്‍പറേഷനും, ഹാന്‍ഡ്‌ലൂം ഫിനാന്‍സ് കോര്‍പറേഷനും.
അരനൂറ്റാണ്ടിനപ്പുറം ഇപ്പറഞ്ഞ രണ്ടു കമ്പനികള്‍ക്കും രൂപഭാവങ്ങള്‍
ഉണ്ടായിട്ടുണ്ടെങ്കിലും തുടങ്ങിയകാലത്ത് കോറിയിട്ട വരകള്‍ പിന്തുടര്‍ന്നാണ്
ചരിത്രത്തില്‍ അവയുടെ ഉഴവുചാലുകള്‍ രൂപപ്പെട്ടിട്ടുള്ളത്. ഇവയില്‍ ആദ്യത്തേത്
പി.ഡി കുരുവിളയും, മറ്റേത് ഞാനും ആണ് തുടങ്ങിയത്. ആ നാളുകളില്‍ കൈത്തറി
കമ്പനികളുടെ ആസ്ഥാനമായിരുന്ന കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് വരുമ്പോള്‍
രണ്ടു പ്രഗത്ഭമതികളെയാണ് ഞാന്‍ കണ്ടുവന്നത്. ധനകാര്യവകുപ്പിലെ എസ്.വൈ
മുത്തുസ്വാമിയേയും ആഗ്രോ ഇന്‍ഡസ്‌ട്രീസിലെ കുരുവിളയേയും. അന്ന് എനിക്ക് വയസ്
27. ഐ.എ.എസില്‍ വയസ് 4. എല്ലാം അറിയാമെന്നാണ് ആ പ്രായത്തില്‍ എല്ലാവരുടേയും
വിചാരം. എനിക്കും ആ വിചാരം തീര്‍ത്തും അന്യമായിരുന്നുമില്ല. എങ്കിലും പ്രായത്തിലും
പക്വതയിലും മുതിര്‍ന്നവരെ തിരിച്ചറിയാനും ആദരിക്കാനുമുള്ള വിവേകം അന്നും ഈശ്വരന്‍
കാരുണ്യപൂര്‍വ്വം തന്നിരുന്നു. അതുകൊണ്ട് ആ കണക്കിലും കുരുള അവര്‍കള്‍ എനിക്ക്
ഗുരുതുല്യനാണ് എന്നു പറയാവുന്നതാണ്.
പില്‍ക്കാലത്ത് കുറെ നാള്‍ ഞങ്ങള്‍
ഒരേ സമയത്ത് ജില്ലാ കളക്‌ടര്‍മാര്‍ ആയിരുന്നു. എന്റെ ഓര്‍മ്മയെ
വിശ്വസിക്കാമെങ്കില്‍ വിശ്വനാഥന്‍ ആയിരുന്നു ഗവര്‍ണര്‍. മുഖ്യമന്ത്രി അച്യുതമേനോന്‍
തന്നെ. എന്നെ 1970-ല്‍ ആദ്യം കളക്‌ടറായി നിയമിച്ചതും പാലക്കാട്ട് അയച്ചതും പിന്നെ
അടിയന്തരാവസ്ഥയുടെ ഇരയായി അശക്തനായ ബാലനെ പോലെ മുഖ്യമന്ത്രിയായി തുടരാന്‍
നിര്‍ബന്ധിതനായ നാളുകള്‍ വരെ ഇടുക്കിയില്‍ മന്ത്രി പീഡകളില്‍ നിന്ന് എന്നെ
സംരക്ഷിച്ചു നിര്‍ത്തിയതും അച്യുതമേനോന്‍ ആയിരുന്നു എന്നതും ഞാന്‍ മറന്നുകൂടാ.
പി.ഡി കുരുവിള മുനിസിപ്പല്‍ കമ്മീഷണറായി നേരിട്ട് നിയമനം കിട്ടിയ ആള്‍
ആയിരുന്നു. സര്‍ സി.പിയുടെ മൂക്ക് യഥാസ്ഥാനത്ത് തുടര്‍ന്നിരുന്നുവെങ്കില്‍
സിവില്‍ സര്‍വീസിന്റെ പൊതുധാരയിലേക്ക് നേരത്തെ വരേണ്ടതായിരുന്നു അദ്ദേഹം. സി.പി
സര്‍വീസില്‍ മറ്റാരും ചിന്തിക്കാത്ത വഴിയെ ചിന്തിച്ചിരുന്നു. ടി.സി.എസ്
തുടങ്ങിയതിന് മൈസൂര്‍ പോലെ ചില നാട്ടുരാജ്യങ്ങളില്‍ മാതൃകകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ പല തലത്തില്‍ ഈ യുവരക്തസന്നിവേശം നടത്തിയത് സര്‍ സി.പി മാത്രം ആയിരുന്നു.
പി.ഡി. കുരിവിള മുനിസിപ്പല്‍ കമ്മീഷണറായി ഒതുങ്ങിപ്പോയതുപോലെ അതിനെക്കാള്‍
താഴെയുള്ള തലത്തില്‍ ഒതുങ്ങിപ്പോയവരും ഉണ്ട് സി.പി സൃഷ്‌ടിച്ച രക്തസാക്ഷികളായി.
ആറ് പേരെ സി.പി വില്ലേജ് ഓഫീസര്‍മാരായി നിയമിച്ചിരുന്നു. ഈ.എസ്.എല്‍.വി,
ഇന്റര്‍മീഡിയേറ്റ് ജയിച്ചവര്‍ക്കും പഞ്ചപാണ്‌ഡവരെപ്പോലെ ബി.എ ജയിച്ച ഒരാള്‍
വേറെയും. നിര്‍ഭാഗ്യവശാല്‍ ഇങ്ങനെ നിയമിച്ചവരെ അനാഥരാക്കി നാടുവിടാന്‍ ആയിരുന്നു
സി.പിയുടെ വിധി.
അതിരിക്കട്ടെ, പി.ഡി കുരുവിള കമ്മീഷണര്‍ ആയിരുന്ന കാലം
കോട്ടയം മുനിസിപ്പാലിറ്റിയുടെ സുവര്‍ണ്ണകാലം ആയിരുന്നു എന്ന് ആരാധ്യനായ ശ്രീമാന്‍
എം.പി. ഗോവിന്ദന്‍ നായര്‍ പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍
തന്നെ കേരളത്തില്‍ മന്ത്രിയായ ആള്‍ ആണല്ലോ പ്രഗത്ഭനായ ആ വക്കീല്‍. മിതഭാഷിയായ
ഗോവിന്ദന്‍ നായര്‍ വാചാലനാകുന്നത് കാണണമെങ്കില്‍ പി.ഡി കുരുവിളയെക്കുറിച്ച്
അന്വേഷിച്ചാല്‍ മതി.
കോട്ടയത്തെക്കാള്‍ കൂടുതല്‍ ഓര്‍മ്മകളാണ് കുരുവിള
എറണാകുളത്ത് അവശേഷിപ്പിച്ചത്. ആ ഓര്‍മ്മകള്‍ വൃക്ഷങ്ങളുടെ രൂപത്തില്‍ ഇന്നും
ചാമരംവീശി നിന്നുകൊണ്ട് ആ മഹാനഗരത്തിന് ശീതളച്ഛായ പകരുന്നു. പാര്‍ക്ക്
അവന്യൂവിലെ മരങ്ങളെക്കുറിച്ചാണ് പറയുന്നത്. കൈയ്യില്‍ കിട്ടുന്ന തൊട്ടാവാടിയും
ഒരു തലമുറയെ അതിജീവിക്കാന്‍ കെല്‌പില്ലാത്ത മഴമരങ്ങളും അല്ല കുരുവിള നട്ടത്.
അദ്ദേഹം സസ്യശാസ്‌ത്രജ്ഞന്മാരോടും ഹോര്‍ട്ടികള്‍ച്ചര്‍ വിദഗ്‌ധരോടും
കൂടിയാലോചിച്ച് എറണാകുളത്തെ മണ്ണിനും കടല്‍ക്കാറ്റിനും കായലോരത്തിനും ഒക്കെ
ചേരുന്ന മരങ്ങള്‍ തെരഞ്ഞെടുത്ത് നട്ടുപിടിപ്പിക്കുകയാണ് ചെയ്‌തത്. അതിനുശേഷം
നട്ട മരങ്ങള്‍ വീണുപോകുമ്പോഴും ചെറുപ്പക്കാരുടെ ചരമവാര്‍ത്ത പത്രങ്ങളില്‍
വായിക്കുന്ന അസ്‌മാദൃശ്യരായ വയോധികരെപ്പോലെ ആ `കുരുവിള മരങ്ങള്‍'വീഴുന്ന
ഇളയമരങ്ങള്‍ക്ക് അദൃശ്യാശ്രുക്കളെക്കൊണ്ട് ബലിയിട്ടുകൊണ്ട് വാര്‍ദ്ധക്യം
കഴിച്ചുകൂട്ടുന്നു.
ഇരുന്ന കസേരകളെയൊക്കെ സിംബാസനങ്ങളാക്കി മാറ്റിയ
വ്യക്തിത്വം ആയിരുന്നു പി.ഡി കുരുവിളയുടേത്. ചിലര്‍ അങ്ങനെയായിരുന്നല്ലോ.
അദ്ദേഹത്തിന്റെ സ്‌മരണ എന്നില്‍ ഉണര്‍ത്തുന്നത് 'സുഭാഷിതാവലി'യിലെ ഒരു
ശ്ശോകമാണ്.
മനുഷ്യാ, വരവംശജന്മ, വിഭവോ, ദീര്‍ഘായുരാരോഗ്യതാ
സന്മിത്രം,
സുസുതാ, സതീപ്രിയതമാ, ഭക്തിശയ നാരായണേ
വിദ്വത്വം, സുജനത്വമിശ്രിയജയ:
സത്‌പാശ്രദാനേത്തി
സ്‌തേ പുണ്യേന വിനാത്രയോദശഗുണം:
സംസാരിണാം
ദുര്‍ലഭം:
മനുഷ്യത്വം, നല്ല കുടുംബത്തില്‍ ജനനം, ഐശ്വര്യം, ദീര്‍ഘായുസ്,
ആരോഗ്യം, നല്ല സുഹൃത്ത്, നല്ല മക്കള്‍, ഉത്തമപാണി, ഈശ്വരഭക്തി, അറിവ്, നല്ലവന്‍
എന്ന പ്രശംസ, ഇന്ദ്രിയജയം, അര്‍ഹതയുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ താത്‌പര്യം എന്നീ
പതിമൂന്ന് ഗുണങ്ങള്‍ സുകൃതികളല്ലാത്തവര്‍ക്ക് ലഭിക്കാന്‍ വിഷമമാണ്. അതുകൊണ്ട്
ഭാഗ്യസ്‌മരണാര്‍ഹനായ പി.ഡി കുരുവിളയെ നാം സുകൃതിയായി തിരിച്ചറിഞ്ഞ്
അടയാളപ്പെടുത്തുന്നു.