കഴിഞ്ഞ നൂറ്റാണ്ടില്‍ എണ്‍പതുകളിലെ നടുക്കണ്ടം ഞാന്‍ കൊച്ചിയില്‍ ആയിരുന്നു.
തുറമുഖത്തിന്റെ അധ്യക്ഷന്‍.
വില്ലിംങ്‌ടന്‍ ദ്വീപിലാണ് തുറമുഖ കാര്യാലയം.
അവിടെ കെ.ഡബ്ല്യു.പി മാരാര്‍ എന്ന ഐ.സി.എസ് ഉദ്യോഗസ്ഥന്റെ പ്രേതം അലയുന്നതായി
സംസാരം ഉണ്ടായിരുന്നു. ആരേയും ഉപദ്രവിക്കില്ല. വെള്ളിയാഴ്‌ചയും അമാവാസിയും
ഒത്തുവന്നാല്‍ ഒരു കറുത്ത കുതിര പാതിരാക്കാലത്ത് അവിടെ കറങ്ങുന്നുണ്ടാവും.
ബ്രഹ്മമുഹൂര്‍ത്തത്തിനു മുമ്പ് ചെയര്‍മാന്റെ ഓഫീസില്‍ നിന്ന് കുതിര
ഗോവണിയിറങ്ങും. നേരേ ചെന്ന് വെള്ളത്തില്‍ ചാടും. കുറെ നേരംകൂടെ മാരാരുടെ ചെണ്ട
കെട്ടിത്തീരാത്ത ചെണ്ട പോലെ വെള്ളത്തിനു മീതെ കാണും. ഇതാണ് കഥ. കണ്ടവരുണ്ട്.
ഉറക്കംതൂങ്ങിയാല്‍ സെക്യൂരിറ്റിക്കാരന് നേര്‍ത്ത ഒരടി കിട്ടും.
മാരാര്‍
എന്ന മുന്‍ഗാമിയെ ഞാന്‍ ഒരിക്കല്‍ നേരില്‍ കണ്ടു. ത്രീപീസ് സ്യൂട്ട് ധരിച്ച്
എന്റെ കുളിമുറിയില്‍ നില്‍ക്കുന്നു. കണ്ടതേ ഓര്‍മ്മയുള്ളൂ. പിന്നെ നേരം വെളുത്തു.
മാരാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മിസിസ് മാരാര്‍ തൃശിവപേരൂരില്‍
ജീവിച്ചിരിപ്പുള്ളതായി അറിവ് കിട്ടി. അടുത്ത റിപ്പബ്ലിക് ദിനത്തില്‍
പങ്കെടുക്കാന്‍ ഞാന്‍ ആ അമ്മയെ ക്ഷണിച്ചു.
മാരാര്‍ ആകെ രണ്ടാഴ്‌ചയാണ്
കൊച്ചിയില്‍ ജീവിച്ചത്. നന്നായി മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതായി ശ്രുതി.
ചാര്‍ജെടുത്ത് പതിമൂന്നാം നാള്‍ അത്താഴം പുറത്ത് ആയിരുന്നു. പത്തര മണി കഴിഞ്ഞു
മടങ്ങിയെത്തിയപ്പോള്‍. പാതിരായോടെ മരിച്ചു. ഭക്ഷണത്തില്‍ ആരോ വിഷം ചേര്‍ത്തുവത്രേ.
മദ്യപാനത്തെക്കുറിച്ച് അമ്മ ഒന്നും പറഞ്ഞില്ല. അക്കാലത്ത് ഒരു
ഐ.സി.എസുകാരന്‍ അസാരം മദ്യപിക്കുന്നത് വാര്‍ത്തയല്ലല്ലോ. വിഷം എന്ന വാര്‍ത്ത
കേട്ടിട്ടുണ്ടെങ്കിലും അസംഭവ്യം എന്നായിരുന്നു ആ സ്വാധിയുടെ പക്ഷം. എന്നാല്‍
രണ്ടുകാര്യങ്ങള്‍ അന്ന് എനിക്ക് മനസിലായി. ഒന്ന്, മാരാര്‍ക്ക് കുതിര സവാരി
കുറവായിരുന്നു. കറുത്ത കുതിരകളെ ആയിരുന്നു ഇഷ്‌ടം. രണ്ട്, അസം കേഡറിലെ
ഉദ്യോഗസ്ഥന്‍ ആയിരുന്നതിനാല്‍ നാട്ടില്‍ വരാന്‍ വിരോധം ഉണ്ടായിരുന്നില്ലെങ്കിലും
ഏതാണ്ട് കൊച്ചി ദിവാന്‍ -ഒരുവേള റസിഡന്റ് തന്നെ- ആകാനുള്ള സീനിയോറിറ്റി
ആയിക്കഴിഞ്ഞിരുന്നതിനാല്‍ വലിയ സന്തോഷം ഉണ്ടായിരുന്നില്ല. മാത്രവുമല്ല കൊച്ചിയില്‍
വച്ച് അകാലമൃത്യ പ്രതീക്ഷിച്ചുകൊള്ളണം എന്ന ഒരു സ്വപ്‌നം കണ്ടിരുന്നു താനും.
വൈധവ്യം ഒരു സ്‌ത്രീയുടേയും സ്വപ്‌നമല്ലല്ലോ. അതുകൊണ്ട് ഭാര്യ തടസ്സം പറഞ്ഞു.
അങ്ങനെയുള്ള വിപരീത ചിന്തകള്‍ വകവെയ്‌ക്കുന്നയാളായിരുന്നില്ല മാരാര്‍.
പരേതാന്മാക്കളുമായി സന്ധിക്കുന്നതിനും സംസാരിക്കുന്നതിനേയും കുറിച്ചല്ല ഈ
കുറിപ്പ്. കോര സ്വാമി എന്നറിയപ്പെട്ടിരുന്ന ഒരാള്‍ ഉണ്ടായിരുന്നു. കൊച്ചിന്‍
പോര്‍ട്ടില്‍ ചീഫ് എന്‍ജിനീയര്‍. ജ്യോതിഷപണ്‌ഡിതന്‍. ന്യൂമറോളജിസ്റ്റ്.
ഒക്കള്‍ട്ടിസ്റ്റ്. ആത്മാക്കളെ തിരിച്ചറിയാനുള്ള പ്രാഥമിക പാഠങ്ങള്‍ എന്നെ
പഠിപ്പിച്ചത് കോരസ്വാമിയാണ്. വെളുത്ത ആത്മാക്കളും കറുത്ത ആത്മാക്കളും ഉണ്ട്.
വെളുത്ത ആത്മാക്കള്‍ നമ്മെ സഹായിക്കുന്നവരും നമുക്ക് ശുഭം കാംക്ഷിക്കുന്നവരുമാണ്.
കറുത്തവരാണ് അപകടം. എന്നെ നോട്ടമിട്ട് എന്റെ വളപ്പില്‍ എത്തും. അതിന് ശ്‌ലോം
ലേക്ക് മറിയം മലിയസ് തൈബൂസോ എന്നു തുടങ്ങുന്ന ഒരു മന്ത്രവും പെട്ടെന്ന്
കാട്ടാവുന്ന ചില ആംഗ്യങ്ങളും ആജ്ഞാശക്തിയോടെ ഗറ്റൗട്ട് അടിക്കുന്നതും ആണ്
പ്രതിവിധി. ചിലപ്പോള്‍ നമ്മോട് മത്സരിക്കും. അവറ്റകളെ ഓടിക്കാന്‍ ക്ലേശം
കൂടുതലാവും. ഒടുവില്‍ നാം ജയിക്കും. അപ്പോഴേയ്‌ക്കും വല്ലാത്ത ക്ഷീണം തോന്നും. 2015
ജൂലൈ 16-ന് രാത്രി ഒരു പെണ്‍പിശാചാണ് ഭീഷണിപ്പെടുത്തിയത്. കൂടെ ഒരു കുഞ്ഞും.
കുറെക്കാലമായി ഇവറ്റകളെ കാണാതിരിക്കയായിരുന്നു. കര്‍ക്കിടകം പിറക്കുന്ന അമാവാസി
ആയതുകൊണ്ട് ഒരുകൈ നോക്കാന്‍ വന്നതാവും.
ഇതൊക്കെ വെറും തോന്നലാണ് എന്നു
വരാം. ഞാന്‍ തര്‍ക്കിക്കുന്നില്ല. തോന്നുന്നവന് തോന്നലും സത്യമാണ് എന്ന് അറിയുക.
ചെറുപ്പകാലത്ത് ശ്‌മശാനത്തിന് അടുത്തുകൂടെ പോകുവാന്‍ പകല്‍ പോലും പേടിയായിരുന്നു.
പിന്നെ അതുമാറി. രാത്രിയിലെ ഭയം എന്നിട്ടും വിട്ടുമാറിയില്ല. അതു മരിച്ചത് അച്ഛന്‍
മരിച്ചതിനുശേഷം. അമ്മ മരിച്ചിട്ട് നാലാം കൊല്ലമാണ് അച്ഛന്‍ മരിച്ചത്. അമ്മ
അപ്പുറത്തുണ്ടെന്നത് എനിക്ക് ധൈര്യം പകര്‍ന്നില്ല. അച്ഛന്‍ അപ്പുറത്തായപ്പോള്‍
സെമിത്തേരിയെക്കുറിച്ചുള്ള ഭയം പോയി. ഇപ്പോള്‍ പെരുമ്പാവൂര്‍ കുറുപ്പംപടി
ഭാഗത്തുകൂടി രാത്രിയില്‍ പോയാലും ഞാന്‍ ഞങ്ങളുടെ ഇടവകയിലെ സെമിത്തേരിയില്‍ കയറും.
അച്ഛന്റേയും അമ്മയുടേയും കബറിടങ്ങളില്‍ തലകുനിക്കും. എന്റച്ഛന്‍ എന്നെ
രക്ഷിക്കുമല്ലോ.
അച്ഛനും അമ്മയും എന്നെ തേടി വരാറുണ്ട്. വിരളമാണ് ഈയിടെ.
എങ്കിലും അത് ഒരു വലിയ അനുഭവമാണ്. തോന്നലായിരിക്കാം. തോന്നുന്നവന്റെ സത്യമാണ്
തോന്നല്‍.
അതുപോകട്ടെ. വിഷയത്തിലേക്ക് വരാം. എന്റെ `തോന്നലുകള്‍' സത്യമായ
സംഭവങ്ങള്‍.
ഇവിടെയും ഞാന്‍ ശ്രദ്ധിച്ച ആദ്യ സംഭവം കൊച്ചിയിലെ ചെയര്‍മാന്റെ
ബംഗ്ലാവില്‍ ആയിരുന്നു നടന്നത്. എന്റെ പിതൃസഹോദരന്‍- നേരേ ഇളയ ആള്‍; ഞാന്‍ വലിയ
കൊച്ചപ്പന്‍ എന്ന് വിളിച്ചുവന്നു- മരിച്ചിട്ട് കുറെ കാലമായി. വയനാട്ടിലാണ് അവര്‍
താമസിച്ചിരുന്നത്. ഒരു രാത്രി അദ്ദേഹം വന്നു. (എന്ന് എനിക്കു തോന്നി). `എന്ത്യേ
വല്യോപ്പച്ചാ പതിവില്ലാതെ?' എന്നു ഞാന്‍ കുശലം പറഞ്ഞു. 'ദേ ഞാന്‍ ഇവളെ വിളിക്കാന്‍
വന്നതാ': മറുപടി. അപ്പോള്‍ അന്ന് വയനാട്ടില്‍ ജീവിച്ചിരിക്കുന്ന കൊച്ചമ്മയേയും
കണ്ടു. അതോടെ അത് ഒരു സ്വപ്‌നമാണ് എന്ന് എനിക്ക് തീര്‍ച്ചയായി. ഇങ്ങനെയുള്ള
സ്വപ്‌നങ്ങള്‍ കണ്ടാല്‍ തൊണ്ണൂറ്റിയൊന്നാം സങ്കീര്‍ത്തനം വായിക്കണം. ഞാന്‍
വായിച്ചു. കുരിശടയാളം വരച്ചു. നെറ്റിയിലും തലയിണയിലും. ശേഷം സുഖമായി ഉറങ്ങി.
പിറ്റേന്ന് ഉച്ചതിരിഞ്ഞ് എനിക്ക് ഒരു ഫോണ്‍. വലിയ കൊച്ചപ്പന്റെ ഇളയ
മകന്‍. അബ്രഹാം എന്ന ഫോറസ്റ്റ് റേഞ്ചര്‍. (അതോ ഫോറസ്റ്ററോ) അഡ്വക്കേറ്റ്
ജനറലിന്റെ ഓഫീസില്‍ എന്തോ ഫയലുമായി വന്നതാണ്. ഉച്ചയ്‌ക്ക് ജോലി തീര്‍ന്നു.
കോഴിക്കോടിനുള്ള വണ്ടി രാത്രി വൈകിയിട്ടേ ഉള്ളൂ. `നീ ഫ്രീയാണെങ്കില്‍ ഞാന്‍
ഐലന്റിലേക്ക് വരാം'. ഞാന്‍ 'ഫ്രീ' ആയിരുന്നു.
ഞാന്‍ ചേട്ടനോട് പറഞ്ഞു,
വല്യോച്ചമ്മയ്‌ക്ക് ഇനി നാളേറെയില്ല; ആഗ്രഹം വല്ലോം പറഞ്ഞാല്‍ മറുവാക്ക് പറയാതെ
സാധിച്ചുകൊടുത്തുകൊള്ളണം.'
ചേട്ടന്‍ മൂളിക്കേട്ടു. അത്ര ബോധ്യം വന്നില്ല
എന്ന് മുഖം പറഞ്ഞു. മൂന്നാഴ്‌ച കഴിഞ്ഞു വലിയ കൊച്ചമ്മ മരിച്ചു.
അതിനടുത്ത
വര്‍ഷമാണ് എന്റെ അച്ഛന്‍ മരിച്ചത്. അച്ഛന്‍ പള്ളീലച്ചനും ആയിരുന്നു. ഒരു ദിവസം
ഒരു സ്വപ്‌നം കണ്ടു. കുറുപ്പംപടി പള്ളിയുടെ വടക്കേ മുറ്റത്ത് പൂജാവസ്‌ത്രങ്ങളൊക്കെ
അണിഞ്ഞ് അച്ഛന്‍ കിടുന്നുറങ്ങുന്നു. ഇതെന്താ മുറ്റത്തിങ്ങനെ എന്നോര്‍ത്തുകൊണ്ടാണ്
ഞാന്‍ ഉണര്‍ന്നത്.
അന്ന് അച്ഛന് 83 കഴിഞ്ഞിരുന്നു. 84-ല്‍ നടപ്പ്.
മരിക്കത്തക്കവണ്ണം അസുഖം ഒന്നും ഇല്ല. കുറെ കഴിഞ്ഞ് കണ്ണിലെ തിമിര ശസ്‌ത്രക്രിയ
ചെയ്‌ത് നീക്കാന്‍ കാലമായി. അച്ഛന്‍ എന്റെകൂടെ താമസിച്ചു. പോര്‍ട്ട്
ആശുപത്രിയിലാണ് ചെയ്‌തത്. പത്തുമുപ്പത് കൊല്ലമായി പ്രമേഹം ഉണ്ടായിരുന്നു.
അതുകൊണ്ട് പഞ്ചസാരയുടെ തോത് നിരീക്ഷിക്കുന്നതിനായി ആശുപത്രിയില്‍ കുറെ ദിവസം കൂടെ
കിടന്നു.
1987 നവംബര്‍ 21. ശനിയാഴ്‌ച. എനിക്ക് വൈകിട്ട് മൂന്നു
പരിപാടികള്‍ ഉണ്ടായിരുന്നു. പോര്‍ട്ടില്‍ ഉച്ചവരെയാണ് ഓഫീസ്. രണ്ടുമണിക്ക്
ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഞാന്‍ പ്രൈവറ്റ് സെക്രട്ടറി ജോര്‍ജിനോട് പറഞ്ഞു,
`ജോര്‍ജേ, മടി, മൂന്നിടത്തും മാപ്പപേക്ഷ കൊടുക്ക്. അച്ഛന്‍ ആശുപത്രിയിലാണെന്ന്
ഒരു ന്യായം ഉണ്ടല്ലോ പറയാന്‍.'
ഉണ്ടു, ഉറങ്ങി. ഉണര്‍ന്നു. സന്ധ്യയ്‌ക്കാണ്
ഞാന്‍ ആശുപത്രിയില്‍ പോയിരുന്നത്. അത്താഴം കഴിഞ്ഞിട്ട്. അന്നു തോന്നി നേരത്തേ
പോയേക്കാം. ഏതായാലും വെറുതെ ഇരിക്കുകയല്ലേ? പോയി. അച്ഛനും സന്തോഷമായി. ആ സന്ധ്യ
ഞങ്ങള്‍ മുഖദാവില്‍ സംസാരിച്ച അവസാന വേളയ്‌ക്ക് സാക്ഷിയായി. പെട്ടെന്ന് ഒരു
കാര്‍ഡിയാക് അറസ്റ്റ്. തീര്‍ന്നു. കഥാവശേഷന്‍ എന്നൊക്കെ പറയുമല്ലോ. അതു തന്നെ.
അപ്പോള്‍ എനിക്ക് പഴയ സ്വപ്‌നം ഓര്‍മ്മവന്നു. വൈദീകരുടെ മൃതദേഹം
സംസ്‌കരിക്കുന്നത് പൂജാവസ്‌ത്രങ്ങള്‍ ധരിപ്പിച്ചാണ്. അച്ഛന്
അന്ത്യവിശ്രമത്തിനായി അച്ഛനും ഞാനുംകൂടെ ഒരു സ്ഥലം തെരഞ്ഞെടുത്തിരുന്നു. അവിടെ
ആരേയും മറവു ചെയ്‌തിരുന്നില്ല. ആയിരത്തഞ്ഞൂറ് കൊല്ലത്തിനിടെ (പൊതുവര്‍ഷം 550-ലാണ്
ആ പള്ളി സ്ഥാപിതമായത്.) ഒരുപാട് മണ്ണും പുല്ലും കല്ലും ഒക്കെ കയറിക്കിടന്ന ഇടം.
അവിടം വൃത്തിയാക്കി അച്ഛന് കല്ലറ ഒരുക്കി. മാസങ്ങള്‍ക്കപ്പുറം സ്വപ്‌നത്തില്‍
ഞാന്‍ കണ്ട സ്ഥലത്ത്, ഞാന്‍ കണ്ട വേഷത്തില്‍, അച്ഛന്റെ നിശ്ചല ശരീരം.
മെത്രാന്മാര്‍ സംധഘഗാനം പാടി.
ആചാര്യേശാ മിശിഹാ
കൂദാശകളര്‍പ്പിച്ചോരീ-
യാചാര്യന്നേകുക മോക്ഷം, നാഥാ സ്‌തോത്രം.
ഈ
സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല. 2000 മാര്‍ച്ചില്‍ കണ്ട സ്വപ്‌നം 2000 ജൂണ്‍
6-ന് യാഥാര്‍ത്ഥ്യമായപ്പോള്‍ ഞാന്‍ ഈ വീട്ടില്‍ ഒറ്റയ്‌ക്കായി. മൂന്നോ നാലോ
സമാനാനുഭവങ്ങള്‍ എഴുതാന്‍ പേന തരിക്കുന്നുണ്ടെങ്കിലും കൈ കഴയ്‌ക്കുന്നതുകൊണ്ട്
ഇവിടെ നിര്‍ത്തുന്നു. തത്‌കാലം.