Image

ഏത് ഹിന്ദുവിന്‍െറ താത്പര്യമാണ് മനസ്സിലുള്ളതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം: പിണറായി

Published on 03 August, 2015
ഏത് ഹിന്ദുവിന്‍െറ താത്പര്യമാണ് മനസ്സിലുള്ളതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം: പിണറായി

കൊച്ചി: എസ്.എന്‍.ഡി.പിയും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നടേശന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍െറ രൂക്ഷവിമര്‍ശം. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച 'ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ' എന്ന തുടര്‍ലേഖനത്തിലാണ് പിണറായിയുടെ വിമര്‍ശം. സമുദായപ്രമാണിമാര്‍ക്കുണ്ടാകുന്ന അസഹിഷ്ണുത സാധാരണ ഈഴവ സമുദായാംഗങ്ങളുടെ പറ്റില്‍ ചേര്‍ക്കേണ്ട എന്ന് ലേഖനത്തില്‍ പറയുന്നു. പിന്നാക്ക ജാതിക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്ന് പറയുന്നവര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള ബി.ജെ.പിയുടെ സമരം ഓര്‍മിക്കണം.

ഹിന്ദുതാത്പര്യം സംരക്ഷിക്കുന്നതിന് ആരുമായും കൂട്ടുകൂടുമെന്ന് വെള്ളാപ്പള്ളി പറയുന്നു. ഏത് ഹിന്ദുവിന്‍െറ താത്പര്യമാണ് മനസ്സിലുള്ളതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. പിന്നാക്കക്കാരെയും ദലിത് വിഭാഗങ്ങളെയും ആക്രമിച്ചവര്‍ക്ക് ഒപ്പമായിരുന്നു ബി.ജെ.പി നിലകൊണ്ടതെന്ന് മറക്കരുത്.

മംഗലാപുരത്ത് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ "മഡെ സ്നാന' എന്നൊരു ആചാരമുണ്ട്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ചിട്ടു പുറത്തിടുന്ന ഇലയില്‍ അവര്‍ണ ജാതിക്കാര്‍ ഉരുളണം. ഇത് നടത്തിക്കൊണ്ടുപോകുന്നത് വി.എച്ച്.പി, ബി.ജെ.പി നേതാക്കളാണ്. അത് അവസാനിപ്പിക്കാന്‍ സമരം ചെയ്യുന്നത് സി.പി.എമ്മുകാരും. അവിടെച്ചെന്ന് വെള്ളാപ്പള്ളി നടേശന്‍ ഒന്നു പറഞ്ഞുനോക്കട്ടെ ഈ അനാചാരം അവസാനിപ്പിക്കണമെന്ന്. അപ്പോള്‍ അറിയാം, ബി.ജെ.പി സവര്‍ണ പാര്‍ട്ടിയാണോയെന്നു- പിണറായി ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക