Image

പാലക്കാട് ഐഐടിയില്‍ ക്ലാസുകള്‍ തുടങ്ങി

Published on 03 August, 2015
പാലക്കാട് ഐഐടിയില്‍ ക്ലാസുകള്‍ തുടങ്ങി

 
പാലക്കാട്: കേരളത്തിലെ പ്രഥമ ഐഐടി പാലക്കാട്ട് പ്രവര്‍ത്തനം തുടങ്ങി. കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി ഡല്‍ഹിയില്‍നിന്നു നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് മുഖാമുഖത്തിലൂടെ ആദ്യബാച്ചിന് ആശംസകള്‍ നേര്‍ന്നതോടെയാണ് ഔപചാരികമായി ക്ലാസുകള്‍ക്കു തിങ്കളാഴ്ച രാവിലെ തുടക്കമായത്. തുടര്‍ന്ന് ഇന്‍ഫോസിസ് സഹസ്ഥാപകനും മദ്രാസ് ഐഐടി ഗവേണിംഗ് ബോര്‍ഡ് അംഗവുമായ ക്രിസ് ഗോപാലകൃഷ്ണന്‍ ക്ലാസെടുത്തു. ലോകത്തിനേറെ ഗുണകരമായ മാറ്റത്തിനുളളതാകണം വിദ്യാഭ്യാസം എന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ വാക്കുകളാകണം ഐഐടിയുടെ ലക്ഷ്യമെന്നു ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.


ഐഐടിയുടെ ഔദ്യോഗിക ഉദ്ഘാടനം ചിങ്ങം ഒന്നിനാകും നടക്കുക. 2014 ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച അഞ്ച് ഐഐടികളില്‍ ആദ്യം യാഥാര്‍ഥ്യമാകുന്നതു പാലക്കാട്ടേതാണ്. വാളയാറിനടുത്തു കനാല്‍പിരിവില്‍ അഹല്യ ഇന്‍സ്റ്റിറ്റിയൂട്ടിലാണു താത്കാലിക കാമ്പസ് ഒരുങ്ങിയിരിക്കുന്നത്. 55,000 ചതുരശ്ര അടിയിലാണു താത്കാലിക കാമ്പസ് ഒരുക്കിയിരിക്കുന്നത്. 12 മലയാളികള്‍ ഉള്‍പ്പെടെ 117 വിദ്യാര്‍ഥികളാണ് ആദ്യ ബാച്ചിലുള്ളത്. പത്ത് അധ്യാപകരുമുണ്ടാകും.

കമ്പ്യൂട്ടര്‍, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ തുടങ്ങി നാല് എന്‍ജിനിയറിംഗ് കോഴ്‌സുകളാണു തുടക്കത്തില്‍ ആരംഭിക്കുന്നത്. പ്രവേശനപരീക്ഷയില്‍ 2,800 മുതല്‍ 10,000 റാങ്ക് വരെ ലഭിച്ചവരാണ് ഇവിടെ പ്രവേശനം നേടിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക