കഴിഞ്ഞയാഴ്‌ച ഞാന്‍ എഴുതിയത് സ്‌പീഡിംഗ് ടിക്കറ്റുകള്‍ കിട്ടിയാല്‍
അറ്റോര്‍ണിമാരുടെ സഹായം ഇല്ലാതെ എങ്ങിനെ കോടതിയില്‍ പോയി അവ ഡിസ്‌മിസ്
ചെയ്യിക്കാനാവും എന്നതിനെപ്പറ്റി ആയിരുന്നുവല്ലോ.
ഇത്തവണ വിവരിക്കുന്നത്
ട്രാഫിക് ടിക്കറ്റ് കോടതിയില്‍ പോകാതെ തന്നെ, അറ്റോര്‍ണിമാരുടെ പോലും
സഹായമില്ലാതെ, ഓണ്‍ലൈനിലൂടെ ഡിസ്‌മിസ് ചെയ്യിച്ച സംഭവമാണ്. 2009 ല്‍
ന്യൂയോര്‍ക്ക് സിറ്റിയുടെ ഹൃദയഭാഗത്തുള്ള 58 സ്‌ട്രീറ്റില്‍ വെസ്റ്റ് 330
അപ്പാര്‍ട്‌മെന്റ് നമ്പര്‍ 11 ജെയില്‍ താമസിക്കുന്ന സ്വാമി ഭുവയെ യോങ്കേഴ്‌സിലുള്ള
ഇന്‍ഡോ അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കൊണ്ടുവരുന്നതിനു പോയപ്പോള്‍
ഉണ്ടായ അനുഭവമാണിത്.
സ്വാമി ഭുവയെ 2009 സെപ്‌റ്റംബര്‍ 30ന് വൈകീട്ട് 6
മണിക്ക് യോങ്കേഴ്‌സിലുള്ള യോഗാ സെന്ററിലേക്ക് ഞാന്‍ ക്ഷണിച്ചിരുന്നു.
അതനുസരിച്ച് ഉച്ച കഴിഞ്ഞ് 3 മണിക്ക് ഞാന്‍ അദ്ദേഹത്തിന്റെ
അപ്പാര്‍ട്ട്‌മെന്റിന്റെ മുമ്പില്‍ എത്തി.വന്ന വിവരം സെല്‍ ഫോണിലൂടെ
വിളിച്ചറിയിച്ചു. സ്വാമി ഭുവയുടെ ഇളയമകള്‍ പ്രേമലതയും അവരുടെ ഭര്‍ത്താവ് രാജാറാമും
സ്വാമിയോടൊപ്പം ഇറങ്ങി വരാന്‍ അല്‌പം താമസിച്ചുപോയി.
സൗകര്യപ്രദമായ
രീതിയില്‍ ആര്‍ക്കും ഒരു തടസ്സവും വരാതിരിക്കത്തക്ക വിധത്തില്‍ പാര്‍ക്കു ചെയ്‌ത്
കാറിനകത്ത് ഞാനിരിക്കുമ്പോള്‍ എതിര്‍ വശത്തു നിന്നും ഒരുട്രാഫിക് പോലീസ് ഓഫീസര്‍
എന്റെ നേരെ പാഞ്ഞടുക്കുന്നു. ചൈനീസ് വംശജനാണെന്നു കാഴ്‌ചയില്‍ മനസിലായി.അയാള്‍
ആവശ്യപ്പെട്ടാല്‍ കാര്‍ മാറ്റാന്‍ തയ്യാറായി ഞാന്‍ കിടന്നു.
എനിക്ക്
ടിക്കറ്റു തന്നിട്ടേ ഉള്ളൂ എന്ന് തീരുമാനിച്ചിരുന്നതുപോലെ എനിക്കു തോന്നി അയാ ളുടെ
പെരുമാറ്റം കണ്ടപ്പോള്‍. വന്നപാടെ 'ഇന്ത്യാക്കാരനാണ് അല്ലേ' എന്ന ഒരു ചോദ്യം. 'നീ
ചൈനക്കാരനാണല്ലേ' എന്നു ചോദിക്കണമെന്ന് തോന്നിയെങ്കിലും അതു വിഴുങ്ങിക്കളഞ്ഞു.
പോലീസിനോട്, അതും ഒറ്റയ്‌ക്കുള്ളപ്പോള്‍ അവര്‍ ടിക്കറ്റ് തന്നാല്‍ അനങ്ങാതെ
വാങ്ങുകയണു നല്ലത് എന്നറിയാമായിരുന്നു.
(അടുത്തയിടക്കു ഉണ്ടായത്
ഓര്‍ക്കുക:താന്‍ പഠിച്ച കോളേജില്‍ ജോലിക്കു ഇന്റര്‍വ്യൂവിനായി പോയ സാന്ദ്രാ
ബ്ലാന്‍ഡ് എന്ന 28 വയസ്സുള്ളകറുത്ത വര്‍ഗ്ഗക്കാരിയെ ഒരു ടെക്‌സാസ് പോലീസുകാരന്‍
ശോഭകേടു ചെയ്‌ത് കൂച്ചിക്കെട്ടി ജയിലില്‍ കൊണ്ടുപോയിട്ട് 2 ദിവസത്തിനകം ആ
ചെറുപ്പക്കാരി ആറ്റ്‌മഹത്യ ചെയ്യാനിടയായ സംഭവവമാണു ഒന്നു.സിന്‍സിനാറ്റിയില്‍ ഒരു
വെള്ളക്കാരന്‍ ട്രാഫിക് പോലീസുകാരന്‍ കറുത്ത വര്‍ഗ്ഗക്കാരനായ സാമൂവേല്‍ ഡൂബോസ്
എന്ന ചെറുപ്പകാരനെ ട്രാഫിക് സ്‌റ്റോപ്പിന്റെ പേരു പറഞ്ഞ് നിര്‍ദ്ദയം വെടിവെച്ചു
കൊന്നതും ഓര്‍ക്കുമ്പോള്‍ പോലീസ് തടഞ്ഞാല്‍ ആരാണ് ഭയപ്പെടാത്തത്.) ഏതായാലും
പോലീസ് എന്നോട് ചെയ്‌തത് എന്നതാണെന്നു കേള്‍ക്കേണ്ടേ? അയാള്‍ വന്നപാടെ എന്റെ
കാറിന്റെ ്രൈഡവര്‍ സൈഡില്‍ ഉള്ള മുമ്പിലത്തെ വീലിന്റെ മുമ്പിലേയ്‌ക്ക് കാലെടുത്തു
വെച്ച് എന്റെ രജിസ്‌ട്രേഷനില്‍ നിന്നും വിവരങ്ങള്‍ കുറിച്ചെടുത്തു. ഞാന്‍ കാര്‍
മാറ്റാന്‍ പോവുകയാണെന്നു പറഞ്ഞപ്പോഴാണ് വീലിന്റെ മുമ്പില്‍ കാലെടുത്ത് വെച്ച്
എന്നെ വിടാതെ നോക്കിയത്. ഞാന്‍ മാറ്റാന്‍ പോവുകയാണെന്നു പറഞ്ഞപ്പോള്‍ മാറ്റിയാല്‍
എന്നെ ലോക്കപ്പ് ചെയ്യും എന്നാണ് പറഞ്ഞത്.
ആ സമയം എന്റെ കാറിനു മുമ്പിലും
പിമ്പിലുമെല്ലാം വേറെ കാറുകള്‍ പാര്‍ക്ക് ചെയ്‌ത് കിടന്നിരുന്നു. അവ ഒന്നുകില്‍
ഏതെങ്കിലും ഗാങ്ങില്‍പ്പെട്ടവരുടെയോ അതല്ലെങ്കില്‍ അയാള്‍ക്കു പേടിയുള്ളവരുടെതോ
ആയിരിക്കണം. അതു കൊണ്ടു തന്നെയാവും ഇന്ത്യക്കാരനായ എന്നെ ടാര്‍ജറ്റ് ചെയ്‌ത്
എനിക്കുമാത്രം ടിക്കറ്റ് തന്നത്.
ടിക്കറ്റ് എഴുതിയെന്നു മനസ്സിലായി ഞാന്‍
കാറില്‍ നിന്നിറങ്ങി എന്റെ കാറിനു മുമ്പിലുള്ള കാറുകളുടെയും പിമ്പിലുള്ള
കാറുകളുടെയും ഫോട്ടോ എടുത്തതിനു പുറമെ അയാളുടെയും ഫോട്ടോ എടുത്തു. അയാള്‍
ടിക്കറ്റ് എഴുതി എന്റെ കാറിന്റെ വൈപ്പര്‍ ബ്ലേഡിന്റെ ഇടയില്‍ തിരുകിയിട്ടു സ്ഥലം
വിട്ടു.
ഇതിനിടെ പ്രേമലതയും, രാജാറാമും സ്വാമി ഭുവയുമായി എത്തി. എനിക്കു
ടിക്കറ്റു കിട്ടിയ വിവരം ഞാനാരോടും പറഞ്ഞതുമില്ല. അവരോടു പറഞ്ഞിട്ടെന്തു പ്രയോജനം.
ഞാന്‍ യോങ്കേഴസിലുള്ള യോഗാ സെന്ററില്‍ എത്തിയപ്പോള്‍ അറിയപ്പെടുന്ന മലയാളി
നേതാക്കളായ അലക്‌സ് കോശി വിളനിലം, ശാന്തിഗ്രാം ആയുര്‍വേദ ഗ്രൂപ്പിന്റെ മാനേജിംഗ്
ഡയറക്ടര്‍ ഡോ. ഗോപിനാഥന്‍ നായര്‍, കാര്‍ട്ടൂണിസ്റ്റ് എബ്രഹാം ജി, ഈയിടെ അന്തരിച്ച
നോവലിസ്റ്റ് ജോര്‍ജ് കുര്യന്‍ തുടങ്ങി പലരും സ്വാമി ഭുവയെ കാണാന്‍ എന്റെ ക്ഷണം
സ്വീകരിച്ച് എത്തിയിരുന്നു. എനിക്ക് അന്നത്തെ ചടങ്ങുകള്‍ക്കു ശേഷം സ്വാമി ഭുവയെ
വീണ്ടും മന്‍ഹാട്ടനില്‍ കൊണ്ടുപോയി വിടേണ്ടി വന്നു. അന്ന് എന്നെ സഹായിക്കാന്‍ ആരും
ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. സ്വാമി ഭുവയ്‌ക്ക് ചെറിയൊരു പാരിതോഷികം
കൊടുത്തതിനു പുറമെയാണ് ട്രാഫിക് ടിക്കറ്റു കിട്ടിയത്. അതും കുറ്റം സമ്മതിച്ചാല്‍
115 ഡോളര്‍ പിഴ.
പിറ്റെന്നു തന്നെ ഞാന്‍ തോറ്റാലും ജയിച്ചാലും ട്രാഫിക്
ടിക്കറ്റ് ഡിസ്‌മിസ് ചെയ്യിക്കാനുള്ള ശ്രമം ആരംഭിച്ചു. ആദ്യമായി ന്യൂയോര്‍ക്ക്
സിറ്റിയുടെ 311 എന്ന നമ്പറില്‍ വിളിച്ച് എനിക്കുണ്ടായ സംഭവം വിശദീകരിച്ചു. ഫോണ്‍
അറ്റന്റു ചെയ്‌ത ഓപ്പറേറ്റര്‍ എന്നോട് ന്യൂയോര്‍ക്ക് സിറ്റിയുടെ ഒരു സൈറ്റില്‍
പോയി സംഭവം വിശദീകരിച്ച് എഴുതുകയും ഒരു ഫോം ഉള്ളത് പൂരിപ്പിക്കാനും
ആവശ്യപ്പെട്ടു. അതനുസരിച്ച് എനിക്കറിയാവുന്ന ഭാഷയില്‍ ഞാന്‍ എഴുതി എന്റെ ഇമെയിലും
കൊടുത്തു. അതോടൊപ്പം എന്റെ കാറിനു മുമ്പില്‍ കാറുകള്‍ കിടക്കുന്നതും, പിറകില്‍
കാറുകള്‍ കിടക്കുന്നതുമായ ഫോട്ടോകള്‍ സ്‌കാന്‍ ചെയ്‌ത് അയച്ചു കൊടുത്തു. എന്റെ
വാദം ഒരു അഡ്‌മിനിസ്‌ട്രേറ്റീവ് ലോ ജഡ്‌ജ് റിവ്യൂ ചെയ്‌ത് 30 ദിവസത്തിനകം വിവരം
അറിയിക്കുന്നതായിരിക്കും എന്നു പറഞ്ഞു. കൂടാതെ പോലീസുകാരനെതിരെ കേസു ഫയലു
ചെയ്യണമെന്നുണ്ടെങ്കില്‍ അതിന് മറ്റൊരു അഡ്രസ് കൂടി തന്നു.
ഏതായാലും
പറഞ്ഞതു പോലെ 30 ദിവസത്തിനുള്ളില്‍ റിസള്‍ട്ട് ഇമെയിലിലൂടെ കിട്ടി. എന്റെ
ട്രാഫിക് ടിക്കറ്റ് ഡിസ്‌മിസ് ചെയ്‌തതായിട്ട്, അതിന്റെ കോപ്പികള്‍ ഇതോടൊപ്പം
വയ്‌ക്കുന്നു.
എനിക്കു കിട്ടിയ ട്രാഫിക് ടിക്കറ്റില്‍ ആ ചൈനക്കാരന്‍
പോലീസ് എഴുതിയതു പച്ചക്കള്ളമായിരുന്നു എന്ന് പിന്നീട് ശ്രദ്ധിച്ചപ്പോള്‍ എനിക്കു
മനസ്സിലാക്കാന്‍ കഴിഞ്ഞു. അതായത്, അയാളെ കണ്ടിട്ടും ഞാന്‍ വണ്ടി മാറ്റാന്‍
കൂട്ടാക്കിയില്ല എന്നാണ് അയാള്‍ എഴുതിപ്പിടിപ്പിച്ചത്. വാസ്‌തവത്തില്‍ വണ്ടി
മാറ്റാന്‍ ശ്രമിച്ച എന്റെ വണ്ടിയുടെ മുമ്പില്‍ കാലെടുത്തുവെച്ച് വണ്ടി മാറ്റിയാല്‍
എന്നെ ലോക്കപ്പിലിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.
പ്രസ്‌തുത ടിക്കറ്റ്
ഡിസ്‌മിസ് ചെയ്യിക്കാന്‍ ഞാന്‍ ധൈര്യപൂര്‍വ്വം പോരാടിയിരുന്നില്ലെങ്കില്‍
തീര്‍ച്ചയായും എനിക്ക് 115 ഡോളര്‍ കൊടുക്കേണ്ടി വന്നേനേ. ഒരു അറ്റോര്‍ണിയെ പോയി
കണ്ടിരുന്നെങ്കില്‍ അയാളുടെ ഫീസും കൊടുക്കേണ്ടി വരുമായിരുന്നു. അന്ന്
ജോലിയില്ലായിരുന്ന ഞാന്‍ യോഗ പഠിപ്പിച്ചാല്‍ എന്തെങ്കിലും കിട്ടിയേക്കുമെന്ന
ഉദ്ദേശത്തേടെയാണ് യോഗാപ്രസ്ഥാനം തുടങ്ങിയതു തന്നെ. അങ്ങനെയുള്ള എനിക്ക്
ഇത്തരത്തില്‍ കുറെ ടിക്കറ്റുകള്‍ കിട്ടിയാലത്തെ അവസ്ഥ
ഊഹിക്കാമല്ലോ.
മലയാളികളായ സാധാരണക്കാര്‍ക്ക് എന്തെങ്കിലും ഗുണം
കിട്ടുമെങ്കില്‍ കിട്ടട്ടെ എന്നു കരുതി സാധാരണക്കാര്‍ക്കുവേണ്ടി മാത്രമാണ്
ഞാനിതെഴുതുന്നത് എന്നു പറഞ്ഞു കൊള്ളട്ടെ. കാരണം സമൂഹത്തിലെ ഉന്നതന്മാര്‍ക്കും,
ബിസിനസ്സ് എക്‌സിക്യൂട്ടിവുകള്‍ക്കും, ഡോക്ടര്‍മാര്‍, തുടങ്ങിയ പ്രൊഫഷണല്‍
ആള്‍ക്കാര്‍ക്കും ഇത്തരത്തിലുള്ള ട്രാഫിക് ടിക്കറ്റിന്റെ പിറകെ പോകാന്‍ സമയമില്ല.
ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് അവരുടെയായ
അറ്റോര്‍ണിമാരുടെ ഒരു ഗ്രൂപ്പു തന്നെ ഉണ്ടെന്നുള്ളതും എനിക്കറിയാം. അവരെ
സംബന്ധിച്ചേടത്തോളം ഞാന്‍ ഇതെഴുതുന്നത് തികച്ചും ബാലിശമാണെന്നുള്ളതിന്റെ ധ്വനി
കഴിഞ്ഞ തവണത്തെ എന്റെ ഓര്‍മ്മക്കുറപ്പിന്റെ പ്രതികരണത്തില്‍ നിന്നും
മനസ്സിലാകുന്നു.
എന്താണെങ്കിലും അമേരിക്കയില്‍ അധിവസിക്കുന്ന മലയാളികളില്‍
വളരെ ചെറിയ ഒരു വിഭാഗം മാത്രമേ ഓണ്‍ലൈനിലൂടെ വരുന്ന മലയാളം വായിക്കാറുള്ളൂ എന്ന
പരമാര്‍ത്ഥം ഈയിടെ എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. അമേരിക്കന്‍ മലയാളി എന്ന
പദപ്രയോഗം തന്നെ അവജ്ഞയോടെ കാണുന്ന മലയാളികള്‍ നമ്മുടെ ഇടയില്‍ വര്‍ദ്ധിച്ചു
വരുകയാണ്. അതിനുള്ള കാരണം ഇപ്പോഴാണു മനസ്സിലാകുന്നത്.
നമ്മുടെ
ചെറുപ്പക്കാരായ മലയാളികളിലധികവും കേരളത്തിനു വെളിയില്‍ പോയി പഠിച്ച് മലയാളം മറന്ന
മറുനാടന്‍ മലയാളികളാണെന്ന്. അവര്‍ക്ക് മലയാളം വായിക്കാന്‍ പോലും അറിഞ്ഞു കൂടാ
എന്നുള്ള സത്യം സാക്ഷാല്‍ മലയാളികള്‍ അറിയുന്നുണ്ടോ ആവോ? ഇത്തരത്തിലുള്ള മറുനാടന്‍
മലയാളികള്‍ മലയാളികളെ നയിക്കാനിടയായാല്‍ മലയാളികളുടെ നിലനില്‍പു തന്നെ
അപകടത്തിലാകുമെന്നുള്ള കാര്യത്തില്‍ സംശയം വേണ്ട.
മലയാള ഭാഷ
നിലനിര്‍ത്താനുള്ള ഏകമാര്‍ഗ്ഗം ഓണ്‍ലൈനിലൂടെയുള്ള മലയാളം ന്യൂസുകള്‍ ലേഹ്യം
കഴിക്കുന്നതുപോലെയെങ്കിലും ദിവസവും അരമണിക്കൂറെങ്കിലും വായിച്ചു നോക്കുക
എന്നുള്ളതാണ്. അറിവുളളവര്‍ വായിച്ചശേഷം മറ്റുള്ളവര്‍ക്ക് ആ അറിവ്
പങ്കുവെയ്‌ക്കുകയും ചെയ്‌താല്‍ ഭാഷയെ വളര്‍ത്താനും ഒരു പരിധിവരെ
കഴിഞ്ഞേക്കും.
അടുത്ത ലക്കത്തില്‍ ഞാന്‍ താമസിക്കുന്ന എന്റെ വീടിനുമുമ്പില്‍
അല്‌പസമയത്തേയ്‌ക്കു മാത്രം പാര്‍ക്കു ചെയ്‌തതിന് യോങ്കേഴ്‌സ് സിറ്റി ട്രാഫിക്
പോലീസ് എനിക്കു നല്‍കിയ ടിക്കറ്റ് കോടതിയില്‍ പോകാതെ തനിയെ ഡിസ്‌മിസ് ചെയ്യിച്ച
സംഭവമാണ്. കണ്ണുള്ളവര്‍ കാണുക.
തോമസ് കൂവള്ളൂര്‍