Image

കാര്‍ പാറമടയിലേക്കു വീണു നാലുപേര്‍ മരിച്ച സംഭവം: ദുരൂഹത തുടരുന്നു

Published on 03 August, 2015
കാര്‍ പാറമടയിലേക്കു വീണു നാലുപേര്‍ മരിച്ച സംഭവം: ദുരൂഹത തുടരുന്നു
കോലഞ്ചേരി: കാര്‍ പാറമടയിലേക്കു വീണു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകളേറെ. ഇടുക്കി സേനാപതി സ്വദേശിയും ജല അഥോറിറ്റി അസിസ്റ്റന്റ്‌ എന്‍ജിനിയറുമായ തൊടുപുഴ ആദിത്യാ നിവാസില്‍ ബിജു (42), ഭാര്യ ഷീബ (36), മക്കളായ മീനാക്ഷി (ഏഴ്‌), സൂര്യ(നാല്‌) എന്നിവരാണു ശാസ്‌താംമുകളിലെ പാറമടയില്‍ മരിച്ചത്‌.

ആത്മഹത്യയാണോയെന്നു പോലീസ്‌ പരിശോധിക്കുന്നുണ്‌ട്‌. അതേസമയം, സംഭവത്തിലെ പൊരുത്തക്കേടുകള്‍ കൊലപാതകം വരെ ആകാമെന്ന സംശയവും ജനിപ്പിക്കുന്നുണ്‌ട്‌.

ഞായറാഴ്‌ച രാത്രി പതിനൊന്നരയോടെയാണു സംഭവമെന്നു കരുതുന്നു. എറണാകുളത്തു ഷോപ്പിംഗിനു പോയിരുന്ന ഇവര്‍ രാത്രി 10.30ഓടെ അവിടെനിന്നു മടങ്ങുന്നതായി സുഹൃത്തുക്കളെ ഫോണില്‍ അറിയിച്ചിരുന്നു. എറണാകുളത്തുനിന്നു തൊടുപുഴയ്‌ക്കു മടങ്ങും വഴി കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേരേ പോകേണ്‌ട വാഹനം റോഡിന്റെ വലതുഭാഗത്തേക്കു തിരിഞ്ഞ്‌ ഏകദേശം 30 മീറ്റര്‍ ഇടറോഡിലേക്കു കയറി പാറമടയില്‍ വീണതാണു ദുരൂഹത സൃഷ്ടിക്കുന്നത്‌. ഈ ഭാഗത്ത്‌ മറ്റേതെങ്കിലും വാഹനവുമായി കൂട്ടിയിടിച്ചതിന്റെ യാതൊരു അടയാളവുമില്ല. ഇടറോഡില്‍ ഇവരുടെ കാറിന്റെ ടയറുകളുടെ പാടു മാത്രമേ കാണാനുണ്‌ടായിരുന്നുള്ളൂ.

വേലിക്കെട്ട്‌ ഇടിച്ചുതകര്‍ത്താണു കാര്‍ 200 അടിയോളം താഴ്‌ച്ചയുള്ള പാറമടയില്‍ വീണത്‌. 150 അടിയോളം വെള്ളമുള്ള പാറമടയില്‍നിന്നു പുറത്തെടുത്ത ടാറ്റാ സഫാരി കാര്‍ പൂര്‍ണമായും തകര്‍ന്നതും ദുരൂഹത കൂട്ടുന്നു. വേലിക്കെട്ടില്‍ ഇടിച്ചതല്ലാതെ മറ്റെങ്ങും കാര്‍ ഇടിച്ച ലക്ഷണമില്ല. അങ്ങനെയെങ്കില്‍ വാഹനം ഇത്രയും തകര്‍ന്നതെങ്ങനെ എന്ന ചോദ്യം ബാക്കിയാണ്‌. ഷീബയുടെ കൈത്തണ്‌ട മുറിഞ്ഞതായി പോലീസ്‌ കണെ്‌ടത്തിയിട്ടുണ്‌ട്‌. ഇവര്‍ ആത്മഹത്യ ചെയ്യാന്‍ ഒരു സാഹചര്യവുമില്ലെന്നാണ്‌ ഇവരുടെ സഹപ്രവര്‍ത്തകരും അയല്‍വാസികളും പറയുന്നത്‌. സാമ്പത്തികമായോ ദാമ്പത്യപരമായോ ഒരു പ്രശ്‌നവും ഇവര്‍ക്കുള്ളതായി അറിവില്ല.

സന്തോഷകരമായ കുടുംബജീവിതമാണ്‌ ഇവര്‍ നയിച്ചിരുന്നതെന്ന്‌ അയല്‍വാസികള്‍ പോലീസിനോടു പറഞ്ഞിട്ടുണ്‌ട്‌. എല്ലാ ആഴ്‌ചയും അവധി ദിവസങ്ങളില്‍ കുടുംബസമേതം യാത്രപോകുന്നത്‌ ഇവരുടെ ശീലമാണ്‌. ഇത്തരം ഒരു യാത്രയിലാണു ദുരന്തം സംഭവിച്ചത്‌.
കാര്‍ പാറമടയിലേക്കു വീണു നാലുപേര്‍ മരിച്ച സംഭവം: ദുരൂഹത തുടരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക