Image

`നിങ്ങളുടെ ജോലി നിര്‍വഹിക്കുക' തൂക്കിലേറ്റപ്പെട്ട യാക്കൂബ്‌ മേമന്റെ വാക്കുകള്‍ പുറത്തായി

Published on 03 August, 2015
`നിങ്ങളുടെ ജോലി നിര്‍വഹിക്കുക' തൂക്കിലേറ്റപ്പെട്ട യാക്കൂബ്‌ മേമന്റെ വാക്കുകള്‍ പുറത്തായി
ഡല്‍ഹി: തൂക്കിലേറും മുമ്പ്‌ ജയില്‍ ജീവനക്കാരോട്‌ യാക്കൂബ്‌ മേമന്‍ പറഞ്ഞ വാക്കുകള്‍ പുറത്ത്‌. `ഞാന്‍ തെറ്റു ചെയ്‌തിട്ടില്ലെന്ന്‌ എനിക്കും എന്റെ ദൈവത്തിനും അറിയാം. നിങ്ങള്‍ നിങ്ങളുടെ ജോലിയാണ്‌ ചെയ്യുന്നത്‌, അതുകൊണ്ട്‌ നിങ്ങളോട്‌ എനിക്ക്‌ ക്ഷമിക്കാനാകും. ഇതായിരുന്നു അവസാന വാക്കുകള്‍. ജയിലിലെ ഒരുദ്യോഗസ്ഥനാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. സെല്ലില്‍ നിന്ന്‌ കഴുമരത്തിലേക്കു കൊണ്ടുപോകും വഴിയാണ്‌ അവസാനമായി മേമന്‍ ഈ വാക്കുകള്‍ പറഞ്ഞത്‌.

രാവിലെ 6.50നാണ്‌ മേമനെ സെല്ലില്‍ നിന്നും തൂക്കുമരത്തിലേക്ക്‌ കൊണ്ടുപോകാന്‍ പുറത്തെത്തിച്ചത്‌. ആ സമയത്ത്‌ അയാള്‍ക്ക്‌ ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. അയാള്‍ വിറയ്‌ക്കുന്നുണ്ടായിരുന്നില്ല. അയാള്‍ ശാന്തനായി കാണപ്പെട്ടു. തന്റെ അവസാന നിമിഷങ്ങള്‍ അന്തസ്സുറ്റതാക്കി മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു അയാളെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുഖം കറുത്തതുണി കൊണ്ട്‌ മൂടി കൈകള്‍ പിന്നിലേക്കു കെട്ടി മൂന്നു കോണ്‍സ്റ്റബിള്‍മാര്‍ ചേര്‍ന്നാണ്‌ മേമനെ കഴുമരത്തിലേക്ക്‌ കൊണ്ടുപോയത്‌. നടക്കുന്നതിനിടെ ചെരുപ്പ്‌ എന്ന്‌ പറഞ്ഞ കോണ്‍സ്റ്റബിളിനോട്‌ അഴിക്കാം എന്നുപറഞ്ഞ്‌ ചെരുപ്പ്‌ അഴിച്ചു മാറ്റി ശാന്തനായി നടന്നു.

കൃത്യം ഏഴുമണിക്ക്‌ മേമനെ തൂക്കിലേറ്റി. ജയില്‍ സൂപ്രണ്ട്‌ യോഗേഷ്‌ ദേശായി ആണ്‌ ഇരുമ്പ്‌ ലിവര്‍ വലിച്ചത്‌. ഏഴരയോടെ മൃതദേഹം തൂക്കില്‍ നിന്നഴിച്ചു. ഉടന്‍ തന്നെ ജയില്‍ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. യാക്കൂബിന്റെ ഭാഗത്തുനിന്ന്‌ എന്തെങ്കിലും എതിര്‍പ്പുണ്ടായാല്‍ നേരിടാന്‍ പൊലീസുകാരും സജ്ജരായിരുന്നു. എന്നാല്‍ എല്ലാം ശാന്തമായി പര്യവസാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക