Image

പൂമ്പാറ്റയുടെ പുഞ്ചിരിയുമായി `കാവല്‍മാലാഖ' -നോവല്‍ റിവ്യൂ

ഷിഹാബ്‌ കുരീപ്പുഴ Published on 13 September, 2015
പൂമ്പാറ്റയുടെ പുഞ്ചിരിയുമായി `കാവല്‍മാലാഖ' -നോവല്‍ റിവ്യൂ
ഒരു സാഹിത്യകൃതി സമൂഹത്തിലിറങ്ങിയാല്‍ അതിനെ പ്രണയിക്കുന്നതും നൊമ്പരപ്പെടുത്തുന്നതും വായനക്കാരും വിമര്‍ശകരുമാണ്‌. സിനിമയെന്ന കലയെ കച്ചവടച്ചരക്കാക്കി വില്‌പന നടത്തിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്‌ സാഹിത്യസൃഷ്‌ടികളെ അതിന്റെ കലാപരമായ സവിശേഷതകള്‍കൊണ്ടും പരിജ്ഞാനംകൊണ്ടും മാത്രമെ തിരിച്ചറിയാന്‍ കഴിയൂ. ആസ്വാദക ഹൃദയങ്ങളില്‍ ആഴത്തില്‍ പതിയുന്ന കൃതികളും പതിയാത്തവയുമുണ്ട്‌. അത്‌ അദൃഷ്‌ടശാലി മണ്ണുതൊട്ടാല്‍ അത്‌ പൊന്നാകും എന്ന്‌ പറയുന്നതുപോലെയാണ്‌. ആദര്‍ശശാലികളായ എഴുത്തുകാരുടെ സാഹിത്യകൃതികളെന്നും സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കും തിന്മകള്‍ക്കുമെതിരെ പോരടിക്കുന്നവയാണ്‌. അങ്ങനെയുള്ള കൃതികള്‍ സമഹൂത്തിനെന്നും ചൈതന്യമാണ്‌. അത്‌ അഴകും ആഴവമുള്ള കൃതികളായി നിലനില്‍ക്കുന്നു. ജീവിതത്തെക്കാള്‍ മരണമാണ്‌ നല്ലതെന്ന്‌ വിശ്വസിക്കുന്ന മണ്ടീമണ്ടന്‍മാരുടെ മദ്ധ്യത്തില്‍ മരണത്തെക്കാള്‍ നല്ലത്‌ ജീവിതമെന്ന്‌ വിശ്വസിക്കുന്ന സമാശ്വസിപ്പിക്കാന്‍ ആരുമില്ലാത്തവരുടെ മദ്ധ്യത്തില്‍ നിന്നുവരുന്ന ഒരു സ്‌ത്രീയുടെ വികാര തീവ്രമായ ശബ്‌ദമാണ്‌ സാഹിത്യ സഹകരണ സംഘം പ്രസിദ്ധീകരിച്ച മലയാളത്തിലും ഇംഗ്ലീഷിലുമെഴുതുന്ന സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ ചാരുംമൂടിന്റെ `കാവല്‍ മാലാഖ' എന്ന നോവല്‍. എന്നാല്‍ ഇതിന്റെ അന്ത്യം ദാരുണമായ ഒരു പര്യവസാനമായി എന്തിനുമാറ്റി എന്നത്‌ എന്നിലുണ്ടാക്കുന്ന ചോദ്യമാണ്‌. `ദിവസങ്ങളായി ചത്തുകിടന്ന കണ്‍പോളകള്‍ ഒന്നു ചലിച്ചു. ജീവനില്ലാത്ത കൃഷ്‌ണമണികളില്‍ ഒരനക്കം മങ്ങിയ പ്രകാശത്തിന്റെ നേര്‍ത്ത വീചികളില്‍ സൈമണ്‍ കണ്ടു. സൂസ്സന്‍. രണ്ടുവര്‍ഷത്തിനുശേഷം അവള്‍ക്കായൊരു ചിരി ചുണ്ടിന്റെ കോണിലെവിടെയോ കൊളുത്തിവലിച്ചു.' വിമര്‍ശനങ്ങള്‍ തള്ളുന്നതും കൊള്ളുന്നതും നീതിയോടും നിഷ്‌പക്ഷവുമാകണമെന്നില്ല. ഒരു കൃതിയെ ആഴത്തില്‍ എത്തിക്കാനല്ല അവരുടെ ശ്രമം.

ലണ്ടനില്‍ നേഴ്‌സായി ജോലി ചെയ്യുന്ന സൂസ്സന്‍ ഒരു സാധാരണ കുടുംബത്തില്‍ പിറന്നവളാണ്‌. കേരളത്തിലെ പല നേഴ്‌സന്‍മാരുടെയും ദാമ്പത്യജീവതിത്തിലേക്ക്‌ കടന്നു ചെല്ലുമ്പോള്‍ കാണുന്ന കാഴ്‌ച തന്നെക്കാള്‍ ഉയരത്തിലുള്ള ഒരു ഭര്‍ത്താവ്‌, കുടുംബം, സമ്പത്ത്‌ ഇതവര്‍ സ്വപ്‌നം കാണുന്നു. അവരെക്കാള്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‌ക്കുന്നവരും ഈ കൂട്ടിത്തിലുണ്ട്‌. ഇത്‌ കാലത്തിനു നേരെയുള്ള ഒരു മനസ്സിന്റെ വ്യാപാരമായി നമുക്കു കാണാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സമ്പത്തിനോടുള്ള ആഭിമുഖ്യം. ഇന്നത്തെ നേഴ്‌സന്‍മാര്‍ക്ക്‌ ഭൂതകാലത്തിന്റെ മനസ്സല്ല. അവരുടെ മനസ്സ്‌ സമ്പത്തിലേക്കല്ല മറിച്ച്‌ വിദ്യാഭ്യാസ യോഗ്യതകള്‍, വ്യക്തിത്വം മുതലായവയിലാണ്‌ കാവല്‍ മാലാഖ എന്ന നോവലിലെ നായിക സൂസ്സന്‍ സ്വഭാവ വിശുദ്ധിയില്‍ മാത്രമല്ല സൗന്ദര്യത്തിന്റെ ശില്‍പ്പഗോപുരം കൂടിയാണ്‌. അവളുടെ മുഖത്ത്‌ നോക്കിയാല്‍ ഉദയ സൂര്യന്റെ തേജസ്സുപോലെയാണ്‌. വിദ്യാസമ്പന്നനായ ഉന്നതകുലത്തില്‍ പിറന്ന സൈമന്‌ അവളെ ഇഷ്‌ടപെടാന്‍ കാരണവും മറ്റൊന്നായിരുന്നില്ല. കൈയ്യില്‍ ചായയുമായി വരുമ്പോള്‍ അവനത്‌ പൂജാപുഷ്‌പമായി അനുഭവപ്പെട്ടു. സ്വഭാവശുദ്ധിയില്ലാത്തവന്‌ സ്വഭാവശുദ്ധി വരുത്താനാണ്‌ സമ്പന്നരായ മാതാപിതാക്കള്‍ ലണ്ടനിലേക്ക്‌ സൈമനെ വിവാഹം കഴിപ്പിച്ചയച്ചത്‌. സൂസ്സന്‌ കാണാന്‍ കഴിഞ്ഞത്‌ നാട്ടിലെ സൈമനെയല്ല. തികച്ചും വ്യത്യസ്‌തനായ ഒരാളെയാണ്‌. അവളുടെ ശരീരത്തിനും മനസ്സിനും മങ്ങലേറ്റു. രാഷ്‌ട്രീയത്തിനും, മദ്യത്തിനും, വേശ്യകള്‍ക്കൊപ്പം ജീവിച്ച സൈമന്‍ ലണ്ടനിലും മദ്യത്തിനടിമയാകുക മാത്രമല്ല അവളുടെ ശരീരത്തെ വേദനിപ്പിക്കകൂടി ചെയ്യുന്നു. സൈമന്റെയുള്ളിലെ കാമഭ്രാന്തന്‍കോശങ്ങള്‍ മൃഗീയമായി അവളുടെ ശരീരത്തിലേക്ക്‌ തുന്നിചേര്‍ക്കപ്പെടുന്നു. കിടപ്പുമുറിയില്‍ ലഭിക്കുന്ന സ്‌നേഹചുംബനങ്ങളൊക്കെയും മൂര്‍ച്ചയുള്ള ആയുധമായി മാറുന്നു. ഇവിടെ കാണുന്നത്‌ ശിവനും പാര്‍വ്വതിയും തമ്മിലുള്ള അനുരാഗമല്ല മറിച്ച്‌ കാമകുണ്‌ഠത്തിനു മുന്നില്‍ നൃത്തം ചവിട്ടുന്ന സൈമനെയാണ്‌. ഇതിനിടയിലാണ്‌ അവര്‍ക്കൊരു ആണ്‍കുഞ്ഞ്‌ ജനിക്കുന്ന്‌. പേര്‌ വൈസ്യ ചാര്‍ളി. അവിടെയും സൈമന്റെ ഇരട്ടമുഖം പുറത്തു കാട്ടുന്നു. അതോടെ സൂസ്സന്‍ പ്രതികരിച്ചു തുടങ്ങി. കൈകളിലുള്ള ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുപോലും കാശുകൊടുത്തു വാങ്ങിയതെന്ന്‌ തിരിച്ചറിയുന്നു. നാട്ടിലേതുപോലെ ഒരു പണിയും ചെയ്യാതെ മദ്യവും സംഘടനകളും മറ്റ്‌ സ്‌ത്രീകളുമായി ജീവിതം നയിക്കുന്ന സൈമനെ ജീവിതത്തില്‍ നിന്ന്‌ തുടച്ചുമാറ്റാന്‍ തീരുമാനിക്കുന്നു. വയസ്സായ ചാര്‍ളിയെ ലണ്ടനില്‍ നോക്കണമെങ്കില്‍ ഒന്നുകില്‍ ജോലി രാജി വെക്കണം അല്ലെങ്കില്‍ കിട്ടുന്ന ശമ്പളത്തിന്റെ പകുതി ആയമാര്‍ക്കു കൊടുക്കണം. പല ഭര്‍ത്താക്കന്‍മാരും കുട്ടികളെ നോക്കി വീട്ടിലിരിക്കുന്നുണ്ടെങ്കിലും സൈമന്‌ അതിനും താല്‌പര്യമില്ല. തീരെ നിര്‍വ്വാഹമില്ലാത്തതിനാല്‍ ചാര്‍ളിയെ സൈമനറിയാതെ നാട്ടില്‍ സ്വന്തം അമ്മയെ ഏല്‌പിക്കുന്നു. തുടര്‍ന്ന്‌ സൈമന്റെ പിതാവ്‌ ഗുണ്ടകളെകൂട്ടി അവളുടെ വീട്ടിലെത്തുന്നു. ഇതറിഞ്ഞ്‌ സൂസ്സന്റെ നാട്ടിലെ ചട്ടമ്പിയായ അമ്മാവന്‍ വീട്ടിലെത്തി ഗുണ്ടകളെ നേരിടുന്നു. സൈമന്‌ കുട്ടിയെ സ്വന്തമാക്കാന്‍ കഴിയുന്നില്ല. ഇതോടെ വിവാഹമോചനത്തിന്‌ സൂസ്സന്‍ മുന്നോട്ടുവരുന്നു. ഇവിടെയാണ്‌ സ്‌ത്രീത്വം ശബ്‌ദിച്ചു തുടങ്ങുന്നത്‌. അവള്‍ ഒരു ഈറ്റപ്പുലിയായി മാറുന്നത്‌. ഭര്‍ത്താവിനൊപ്പം മൗനനൊമ്പരങ്ങളും, വേദനകളും കടിച്ചമര്‍ത്തി ജീവിക്കേണ്ടവളല്ല ഭാര്യയെന്ന്‌ അവള്‍ വെളിപ്പെടുത്തുന്നു. നൂറ്റാണ്ടുകളായി ഇന്‍ഡ്യയിലെ സ്‌ത്രീകള്‍ പീഢനങ്ങള്‍ ഏറ്റുവാങ്ങുന്നവരാണ്‌. അത്‌ വിദ്യാസമ്പന്നരായ സ്‌ത്രീകള്‍ക്ക്‌ മുന്നില്‍ വിലപ്പോവില്ലെന്ന്‌ സൂസ്സന്‍ തെളിയിക്കുന്നു. ദുഷ്‌ട മനസ്സുള്ള പുരുഷന്‌ സൂസ്സന്‍ ഒരു വെല്ലുവിളിയായി മാറുന്നു. അത്‌ കുറ്റം ചെയ്‌തവരെ ശിക്ഷിക്കാത്ത നിയമവ്യവസ്ഥിതിയോടുള്ള ഒരു വെല്ലുവിളിയാണ്‌. വിവാഹബന്ധം വേര്‍പെടുത്തുന്ന സൂസ്സന്‍ സ്വതന്ത്രയാകുന്നു. ഇന്നവളുടെ മനസ്സു നിറയെ സന്തോഷമാണ്‌. മറ്റൊരു വിവാഹം കഴിച്ച സൈമന്‍ അവരുടെ കൈകളാല്‍ ദാരുണായി കൊല്ലപ്പെടുന്ന കാഴ്‌ചയാണ്‌്‌ ഈ നോവല്‍ നല്‌കുന്നത്‌. സ്വന്തം മക്കളെ നേരായ പാതയില്‍ വളര്‍ത്താത്ത മാതാപിതാക്കള്‍ക്ക്‌ ഈ നോവല്‍ ഒരു മുന്നറിയിപ്പുകൂടി നല്‌കുന്നുണ്ട്‌.

സര്‍ഗ്ഗാത്മഭാവത്തോടെ സ്‌ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി കാവല്‍ മാലാഖയില്‍ മാത്രമല്ല കാരൂര്‍ സോമന്റെ `കാല്‍പ്പാടുകള്‍' എന്ന നോവലും ഞാന്‍ വായിച്ചിട്ടുണ്ട്‌. മറ്റ്‌ നോവലുകളിലും അത്‌ കാണാന്‍ കഴിയും. മോഹങ്ങളും മോഹഭംഗങ്ങളും പ്രതീക്ഷകളും പ്രത്യാശകളും നിറഞ്ഞ കാവല്‍ മാലാഖയില്‍ സൂസ്സനെ സ്‌ത്രീകളുടെ മാത്രമല്ല സമൂഹത്തിന്റെ ഒരു മാലാഖയായിട്ടാണ്‌ നോവലിസ്റ്റ്‌ പ്രതിഷ്‌ഠിക്കുന്നത്‌. ഇതുപോലെ ധാരാളം സൂസ്സന്‍മാരുടെ ശബ്‌ദം ജനരോഷമായി അന്തരീക്ഷത്തിലുയരട്ടെയെന്ന്‌ ആശംസിക്കുന്നു.

പ്രസാദകന്‍ : സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം
നോവല്‍ - കാവല്‍ മാലാഖ
വില - 60 രൂപ


കാരൂര്‍ സോമന്‍

മാവേലിക്കരയ്‌ക്കടുത്ത്‌ ചാരുംമൂട്‌ താമരക്കുളത്ത്‌ ജനനം. നാടകം, നോവല്‍, കഥ, കവിത, ലേഖനങ്ങള്‍, സഞ്ചാരസാഹിത്യം, ശാസ്‌ത്ര സാങ്കേതികം, കായികം, ടൂറിസം എന്നീ സാഹിത്യമേഖലകളിലെ സജീവ സാന്നിധ്യം. ഇംഗ്ലീഷിലും കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നാലു പതിറ്റാണ്ടുകളിലായി പ്രമുഖ പ്രസാധകര്‍ പ്രസിദ്ധീകരിച്ച നാല്‍പ്പതിലധികം കൃതികള്‍. സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖ ആനുകാലികങ്ങളില്‍ എഴുതുന്നു. സാഹിത്യ സാംസ്‌ക്കാരിക രംഗവുമായി ബന്ധപ്പെട്ട്‌ 35-ലധികം രാജ്യങ്ങളില്‍ പര്യടനം നടത്തി. പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിവിധ സാംസ്‌ക്കാരിക സാമൂഹിക സാഹിത്യ നായകന്മാരില്‍ നിന്നും ഇരുപതിലേറെ സാഹിത്യ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്‌.

ബാലരമയില്‍ കവിതകളെഴുതി സാഹിത്യലോകത്ത്‌ പിച്ചവെച്ചു. 1972-73 കാലഘട്ടത്തില്‍ ആകാശവാണി തിരുവനന്തപുരം-തൃശൂര്‍ നിലയങ്ങള്‍ കര്‍ട്ടനിടു, കാര്‍മേഘം നാടകങ്ങള്‍ പ്രക്ഷേപണം ചെയ്‌തു. 1970-73 വര്‍ഷങ്ങളില്‍ മലയാളമനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യുവജന സാഹിത്യസഖ്യത്തിന്റെ മാവേലിക്കരയില്‍ നിന്നുള്ള ഏക വ്യക്തി. 1972-ല്‍ ഇരുളടഞ്ഞ താഴ്‌വര എന്ന നാടകം വി.വി.എച്ച്‌.എസ്സില്‍ അവതരിപ്പിച്ചു. പോലീസിനെതിരേയുള്ള നാടകമായിരുന്നതിനാല്‍ അവരുടെ നോട്ടപ്പുള്ളിയായി. നാടകം നൂറനാട്‌ ലെപ്രസി സാനിട്ടോറിയത്തില്‍ അവതരിപ്പിക്കുമെന്ന്‌ അറിവ്‌ ലഭിച്ചതിനെത്തുടര്‍ന്ന്‌ നക്‌സല്‍ ബന്ധം ആരോപിച്ച്‌ മാവേലിക്കര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു ലോക്കപ്പിലടച്ചു മര്‍ദ്ദിച്ചു. വീട്ടുകാര്‍ ഇടപെട്ട്‌ പുറത്തിറക്കി. പോലീസില്‍ നിന്നും വീട്ടുകാരില്‍ നിന്നുമുള്ള ഭീഷണിയെത്തുടര്‍ന്ന്‌ ജ്യേഷ്‌ഠന്‍ ജോലി ചെയ്‌തിരുന്ന റാഞ്ചിയിലേക്ക്‌ ഒളിച്ചോടി. ഏതാനും മാസങ്ങള്‍ക്ക്‌ ശേഷം അവിടുത്തെ എയ്‌ഞ്ചല്‍ തീയറ്റേഴ്‌സിനു വേണ്ടി നാടകങ്ങളും ഗാനങ്ങളുമെഴുതി. അവരുടെ സഹായത്താല്‍ ബൊക്കാറോ, ആഗ്ര, ഡല്‍ഫി, മുംബൈ, ലുധിയാന തുടങ്ങിയ സ്ഥലങ്ങളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു. റാഞ്ചി എക്‌സ്‌പ്രസ്‌ ദിനപത്രത്തിലായിരുന്നു ആദ്യ കാലത്ത്‌ ജോലി ചെയ്‌തിരുന്നത്‌. 1975-ല്‍ റാഞ്ചി മലയാളി അസോസിയേഷന്റെ മലയാളി മാസികയില്‍ കലയും കാലവും എന്ന ലേഖനം ആദ്യമായി വെളിച്ചം കണ്ടു. 1985-ല്‍ ആദ്യ സംഗീതനാടകം കടല്‍ക്കര, ശ്രീമൂലനഗരം വിജയന്റെ അവതാരികയോടെ വിദ്യാര്‍ത്ഥിമിത്രവും 1990-ല്‍ ആദ്യ നോവല്‍ കണ്ണീര്‍പ്പൂക്കള്‍ തകഴി ശിവശങ്കരപ്പിള്ളയുടെ അവതാരികയോടെ സാഹിത്യസഹകരണ സംഘവും ഗള്‍ഫില്‍ നിന്നുള്ള ആദ്യസംഗീത നാടകം കടലിനക്കരെ എംബസി സ്‌കൂള്‍ തോപ്പില്‍ ഭാസിയുടെ അവതാരികയോടെ അസ്സന്റ്‌ ബുക്‌സും പുറത്തിറക്കി. 2005-ല്‍ പ്രവാസി മലയാളി മാസിക ലണ്ടനില്‍ നിന്നും ആരംഭിച്ചു. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സ്‌ മാധ്യമം പത്രത്തിനു വേണ്ടി റിപ്പോര്‍ട്ട്‌ ചെയ്‌തു. 2015-ല്‍ ആദ്യ ഇംഗ്ലീഷ്‌ നോവല്‍ മലബാര്‍ എ ഫ്‌ളെയിം മീഡിയ ബുക്‌സ്‌ ന്യൂഡല്‍ഹി പുറത്തിറക്കി.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ്‌ ആഫ്രിക്കയുടെ കലാ സാംസ്‌ക്കാരിക വിഭാഗം ചെയര്‍മാനായും യുകെയിലെ പ്രമുഖ സംഘടനയായ യുഗ്മയുടെ സാഹിത്യവിഭാഗം കണ്‍വീനറായും ജ്വാല മാഗസിന്റെ ചീഫ്‌ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇപ്പോഴും നിരവധി സ്വദേശി-വിദേശി മാസികകളുടെ അസോസിയേറ്റ്‌ എഡിറ്ററായും, എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗമായും, പ്രതിനിധിയായും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഭാര്യ ഓമന തീയാട്ടുക്കുന്നേല്‍, മക്കള്‍: രാജീവ്‌, സിമ്മി, സിബിന്‍.

വിലാസം:
Karoor Soman
113, Oakfield Road, London- E61LN
Tel: 00447940570677, 02084701533
E Mail: Karoorsoman@yahoo.com
Web: Karursoman.com
പൂമ്പാറ്റയുടെ പുഞ്ചിരിയുമായി `കാവല്‍മാലാഖ' -നോവല്‍ റിവ്യൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക