Image

തോട്ടം മേഖലയില്‍ പരമാവധി പത്തേക്കര്‍ വരെ ടൂറിസം ആവശ്യത്തിന് വിനിയോഗിക്കാം

Published on 16 September, 2015
തോട്ടം മേഖലയില്‍ പരമാവധി പത്തേക്കര്‍ വരെ ടൂറിസം ആവശ്യത്തിന് വിനിയോഗിക്കാം


തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖലയില്‍ പരമാവധി പത്തേക്കര്‍ വരെ ടൂറിസം ആവശ്യത്തിന് വിനിയോഗിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമത്തിന് കേന്ദ്രാനുമതിയായതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമം മന്ത്രിസഭായോഗം അംഗീകരിച്ചു. തോട്ടം മേഖലയില്‍ ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തോട്ടം മേഖലയില്‍ അഞ്ച് ശതമാനം വരെ ഭൂമി തോട്ട ഇതര ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ അനുമതി നല്‍കാന്‍ നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ്‌യൂണിയനുകളുടെ അടക്കം പിന്തുണയോടെയും അന്ന് ഉയര്‍ന്നുവന്ന പരാതികള്‍ കണക്കിലെടുത്തുമാണ് ഇങ്ങനെ അനുമതി നല്‍കാന്‍ വ്യവസ്ഥകള്‍ തയാറാക്കിയത്. ഇപ്രകാരം വിട്ടുനല്‍കുന്ന അഞ്ച് ശതമാനം ഭൂമിയുടെ പത്ത് ശതമാനം വരെയോ പരമാവധി പത്തേക്കര്‍ വരെയോ മാത്രം ടൂറിസം ആവശ്യത്തിന് വിനിയോഗിക്കാം. ഉദാഹരണത്തിന് ആയിരം ഏക്കര്‍ തോട്ടംഭൂമിയുള്ളിടത്ത് 50 ഏക്കര്‍ വരെ തോട്ട ഇതര ആവശ്യങ്ങള്‍ക്കും അതില്‍ അഞ്ചേക്കര്‍ വരെ മാത്രം ടൂറിസം ആവശ്യത്തിനും വിനിയോഗിക്കാം.

തോട്ടവിളകള്‍ക്ക് വിലയിടിവ് ഉണ്ടാകുമ്പോള്‍ വരുമാനവര്‍ദ്ധനവിന് ആവശ്യമായ സ്‌കീമുകളും ഏറ്റെടുക്കാന്‍ അനുമതിയുണ്ട്. ഹൈടെക് ഫാമിംഗ്, ഫ്‌ലോറി കള്‍ച്ചര്‍, ഡെയറി ഫാമിംഗ്, ഔഷധത്തോട്ടങ്ങള്‍, ആയുര്‍വ്വേദമരുന്ന് നിര്‍മ്മാണം തുടങ്ങിയവയ്ക്കാണ് അനുമതി. ഇതും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമപരമായല്ലാതെ തോട്ടമുടമകള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് നിയമനടപടികളിലൂടെ അതിന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. സംസ്ഥാനത്തെ തോട്ടം മേഖലകളിലാകെ സമരങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന ചോദ്യത്തിന് അതിന് അതിന്റേതായ നിയമനടപടികള്‍ ഉണ്ടല്ലോ എന്നായിരുന്നു മറുപടി.

ഒരു ഹെക്ടര്‍ വരെ ഭൂമിയില്‍ ക്വാറികള്‍ക്ക് പരിസ്ഥിതിഅനുമതി വേണ്ട
ക്വാറി ഉടമകള്‍ പലരും സമരരംഗത്തായതിനാല്‍ സംസ്ഥാനത്ത് വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഒരു ഹെക്ടര്‍ വരെയുള്ള ഭൂമിയില്‍ ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് ജില്ലയില്‍ കാര്‍ഷിക കടാശ്വാസ കമ്മിഷനില്‍ അപേക്ഷ നല്‍കാനുള്ള തീയതി ഒക്ടോബര്‍ 31 വരെ നീട്ടി.

കോട്ടയത്തിനടുത്ത് മണര്‍കാട്ട് വാഹനാപകടത്തില്‍ പെട്ടയാളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുംവഴി മറ്റൊരു വാഹനാപകടമുണ്ടായി കൊല്ലപ്പെട്ട ബിനോയിയുടെ ഭാര്യക്ക് മണര്‍കാട് പഞ്ചായത്തിലെ സര്‍ക്കാരാശുപത്രിയില്‍ ഒഴിവ് വരുന്ന മുറയ്ക്ക് സ്വീപ്പര്‍ തസ്തികയില്‍ ജോലി നല്‍കും. ബിനോയിയുടെയും മരിച്ച മറ്റേയാളുടെയും കുടുംബങ്ങള്‍ക്ക് ധനസഹായവും നല്‍കും. ദൗര്‍ഭാഗ്യകരമായ സംഭവമാണ് മണര്‍കാട് സംഭവിച്ചത്. മരിച്ച ബിനോയിയുടെ വീട്ടില്‍ താന്‍ സന്ദര്‍ശിച്ചവേളയില്‍ വീട്ടുകാരുടെ ആവശ്യം അദ്ദേഹത്തിന്റെ ഭാര്യക്ക് ഒരു ജോലിയായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക