Image

റാബര്‍ട്ട് വാദ്രക്ക് ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന

Published on 16 September, 2015
റാബര്‍ട്ട് വാദ്രക്ക് ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന
ന്യൂഡല്‍ഹി : വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന ഒഴിവാക്കാനുള്ള പ്രത്യേക പരിഗണന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രക്ക് ഇനി മുതല്‍ ഉണ്ടാകില്ല. സുരക്ഷാ പരിശോധന ഒഴിവാക്കി കടന്നു പോകാനുള്ള പരിഗണന കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റി. തന്നെ നോണ്‍ ഫ്രിസ്‌കിംഗ് പട്ടികയില്‍ നിന്ന് മാറ്റാത്തതിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

തനിക്ക് വിമാനത്താവളങ്ങളില്‍ ലഭിക്കുന്ന പ്രത്യേക പരിഗണന സംബന്ധിച്ച വിവാദങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ വാദ്ര ആരോപിച്ചിരുന്നു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും പോയി തന്നെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടണോ എന്നായിരുന്നു വാദ്രയുടെ പരിഹാസം. വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് ശേഷം റോബര്‍ട്ട് വാദ്രയുടെ പ്രതികരണം. ഭരണഘടന അനുശാസിക്കുന്ന പ്രത്യേത പദവിയുള്ളവര്‍ക്കും എസ്പിജി സുരക്ഷയുള്ളവര്‍ക്കും മാത്രമാണ് വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയില്‍ ഇളവ് നല്‍കുന്നത്. വിമാനത്താവളങ്ങളില്‍ സുരക്ഷാപരിശോധന ഒഴിവാക്കാന്‍ വാദ്രക്ക് നേരത്തെ ഉണ്ടായിരുന്ന പ്രത്യേക പരിഗണന വലിയ വിവാദവും ചര്‍ച്ചാ വിഷയവുമായിരുന്നു.

റോബര്‍ട്ട് വാദ്ര തന്നെ ഈ പരിഗണനയില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട സ്ഥിതിക്ക് സര്‍ക്കാര്‍ തീര്‍ത്തും ഉചിതമായ കാര്യമാണ് ചെയ്തതെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ്മ പരിഹസിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വാദ്ര ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. തനിക്കോ ആഭ്യന്തര മന്ത്രിക്കോ ഒരു കത്തയച്ചാല്‍ പെട്ടെന്ന് തന്നെ വാദ്രയുടെ പേര് നീക്കുമായിരുന്നുവെന്നും മഹേഷ് ശര്‍മ്മ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക