Image

വിലസ്ഥിരത പാളി; വിലയും കുറഞ്ഞു; റബര്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു: ഇന്‍ഫാം

Published on 17 September, 2015
 വിലസ്ഥിരത പാളി; വിലയും കുറഞ്ഞു;  റബര്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു: ഇന്‍ഫാം
കോട്ടയം: വിലയിടിവുമൂലം റബര്‍ മേഖല തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കുവാന്‍ ശ്രമിച്ച വിലസ്ഥിരതാപദ്ധതിയും കര്‍ഷകര്‍ക്ക് ഗുണം ലഭിക്കാതെ അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നും രാഷ്ട്രീയത്തിനതീതമായി 'മൂന്നാര്‍ മോഡല്‍' സമരവുമായി കര്‍ഷകര്‍ സംഘടിച്ചില്ലെങ്കില്‍ അധികാരകേന്ദ്രങ്ങളുടെ കണ്ണുതുറക്കില്ലെന്നും  ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ റബര്‍ കര്‍ഷകരോടുള്ള നിഷേധനിലപാടുകള്‍ തുടരുന്നത് നിരാശയുണര്‍ത്തുന്നു.  സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ വാഗ്ദാനങ്ങള്‍ കേട്ട് 300 കോടിയുടെ സഹായധനപദ്ധതിയില്‍ 2.5 ലക്ഷത്തോളം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തു.  1.5 ലക്ഷം അപേക്ഷകള്‍ വിവിധ ആര്‍.പി.എസ്സുകളില്‍ കെട്ടിക്കിടക്കുന്നു.  ലാറ്റക്‌സ് ഉല്പാദകരുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് നിബന്ധനകളില്‍ ഇതുവരെയും വ്യക്തതയുമില്ല.  മാര്‍ച്ച് 13ന് പ്രഖ്യാപിച്ച് ജൂലൈ 13ന് നടപ്പിലാക്കാന്‍ തുടങ്ങി ഓഗസ്റ്റ് 26ന് ഉദ്ഘാടനം ചെയ്തിട്ടും പണം ലഭിക്കാത്ത ഈ പദ്ധതിയിലുള്ള വിശ്വാസം കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.  വിലയിടിവും മഴയും മൂലം മുന്നോട്ടുപോകുവാന്‍ നിവൃത്തിയില്ലാതെ തോട്ടങ്ങളില്‍ ടാപ്പിംഗ് നിലച്ചു.  മാസങ്ങളായി തുടര്‍ന്ന കര്‍ഷകസമരങ്ങളെയും പ്രതിഷേധങ്ങളെയും നിര്‍ജീവമാക്കുവാന്‍ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയായി മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ച റബര്‍ സംഭരണം പോലെ വിലസ്ഥിരതാ സഹായധനപദ്ധതിയും മാറിയിരിക്കുന്നു.    സഹായധനം ലഭിക്കുന്നതിനുള്ള  രജിസ്‌ട്രേഷനുവേണ്ടി കര്‍ഷകര്‍ മുന്‍കാല പ്രാബല്യത്തോടെ ഖജനാവിലേയ്ക്കടച്ച വര്‍ദ്ധിപ്പിച്ച ഭൂനികുതി മടക്കിത്തരുവാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട്.  അടിയന്തര നടപടികള്‍ സ്വീകരിക്കാതെ കര്‍ഷകരെ ഒന്നടങ്കം വിഢികളാക്കി അനങ്ങാപ്പാറനയം സര്‍ക്കാര്‍ തുടരുകയാണെങ്കില്‍ കര്‍ഷകപ്രക്ഷോഭം ശക്തമാക്കുമെന്നും വരാന്‍പോകുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രതിഷേധം പ്രതിഫലിക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.


ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക