Image

ഫയര്‍ഫോഴ്‌സില്‍ നിന്ന് മാറ്റിയതില്‍ ജേക്കബ് തോമസിന് പ്രതിഷേധം

Published on 17 September, 2015
ഫയര്‍ഫോഴ്‌സില്‍ നിന്ന് മാറ്റിയതില്‍ ജേക്കബ് തോമസിന് പ്രതിഷേധം


തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതില്‍ ജേക്കബ് തോമസിന് കടുത്ത പ്രതിഷേധം. പോലീസ് ഹൗസിങ് സൊസൈറ്റി മേധാവിയായാണ് ജോക്കബ് തോമസിന്റെ പുതിയ നിയമനം. എ.ഡി.ജി.പി റാങ്കിലുള്ള ആള്‍ മേധാവിയായിരുന്ന സ്ഥാനത്ത് ഡി.ജി.പി റാങ്കിലുള്ള തന്നെ നിയമിച്ചതിലാണ് അദ്ദേഹത്തിന് പ്രതിഷേധം. ചുമതലയില്‍ നിന്ന് മാറ്റിയത് അറിയിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെ അറിയിപ്പ് കിട്ടിയാല്‍ മറുപടി നല്‍കുമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായാണ് താന്‍ നിലകൊണ്ടതുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 
 
അതേ സമയം ഫ് ളാറ്റ് ഉടമകളുടെ അപ്രീതിയാണ് ജേക്കബ് തോമസിന്റെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന. ഫ് ളാറ്റ് നിര്‍മാണത്തില്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജേക്കബ് തോമസ് നിര്‍ദ്ദേശിച്ചിരുന്നു. അഗ്‌നിശമന മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ഇക്കാര്യത്തില്‍ ഭരണ നേതൃത്വത്തിലുള്ള പലരും ജേക്കബ് തോമസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. നാല് മാസം മുമ്പാണ് ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചത്. വിജിലന്‍സ് എ.ഡി.ജി.പിയായിരുന്ന അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കിയാണ് ഫയര്‍ഫോഴ്‌സ് മേധാവിയാക്കിയത്. ബാര്‍ കോഴ കേസ് അട്ടിമറിക്കാനാണ് ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റിയതെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. 
 
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സില്‍ നിന്ന് മാറ്റി  ഹൗസിങ് സൊസൈറ്റി മേധാവിയായി നിയമിച്ചത്. എസ്.അനില്‍കാന്താണ് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക