Image

ഇന്ദിര ഗാന്ധി അധികാരമോഹി, സ്റ്റാമ്പുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം തെറ്റല്ല: ജസ്റ്റിസ് കട്ജു

Published on 17 September, 2015
ഇന്ദിര ഗാന്ധി അധികാരമോഹി, സ്റ്റാമ്പുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം തെറ്റല്ല: ജസ്റ്റിസ് കട്ജു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മുഖചിത്രമുള്ള പോസ്റ്റല്‍ സ്റ്റാമ്പുകള്‍ നിര്‍ത്തലാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം വിവാദമായ പശ്ചാത്തലത്തില്‍ വിവാദത്തില്‍ കക്ഷി ചേര്‍ന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് മര്‍കണ്ഡേയ കട്ജു രംഗത്ത്. പ്രധാനമന്ത്രിമാര്‍ എന്ന നിലയിലുള്ള ഇരുവരുടെയും വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനത്തെ പിന്താങ്ങി ജസ്റ്റിസ് കട്ജു രംഗത്തെത്തിയത്. തന്റെ ബ്ലോഗിലൂടെയായിരുന്നു ഇരുവര്‍ക്കുമെതിരായ ജസ്റ്റിസ് കട്ജുവിന്റെ വിമര്‍ശനം.

താനൊരു ബിജെപി അനുഭാവിയല്ലെന്ന് ആദ്യമേ വ്യക്തമാക്കുന്ന ജസ്റ്റിസ് കട്ജു, ഇന്ദിരാ ഗാന്ധിയുടെയും രാജിവ് ഗാന്ധിയുടെയും മുഖചിത്രമുള്ള പോസ്റ്റല്‍ സ്റ്റാമ്പുകള്‍ നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. അധികാരമോഹിയായ സ്ത്രീയായിരുന്നു ഇന്ദിരാ ഗാന്ധി. അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിനായി ഏതറ്റം വരെയും പോകാന്‍ തയാറായിരുന്നു അവര്‍. തിരഞ്ഞെടുപ്പില്‍ കാണിച്ച കൃത്രിമത്വം അലഹാബാദ് ഹൈക്കോടതി പിടികൂടിയതുകൊണ്ടാണ് 1975ല്‍ ഇന്ദിരാ ഗാന്ധി അനാവശ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും കട്ജു അഭിപ്രായപ്പെട്ടു.

ശ്രീലങ്കയിലേക്ക് ഒരു കാരണവും കൂടാതെ ഇന്ത്യന്‍ സേനയെ അയയ്ക്കാനുള്ള രാജീവ് ഗാന്ധിയുടെ തീരുമാനംനിമിത്തം രാജ്യത്തിന് നഷ്ടമായത് ഒട്ടനവധി ധീര ജവാന്‍മാരെയാണെന്നും കട്ജു ചൂണ്ടിക്കാട്ടി. എതാനു ദിവസങ്ങള്‍ക്കു മുന്‍പ് തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ സുഭാഷ് ചന്ദ്രബോസിനെ ജപ്പാന്‍ ഏജന്റെന്നും രവീന്ദ്രനാഥ ടാഗോറിനെ ബ്രിട്ടീഷ് ശിങ്കിടിയെന്നും വിശേഷിപ്പിച്ച് കട്ജു വിവാദം സൃഷ്ടിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക