Image

ടിപി 51 സിനിമയുടെ സംവിധായകന് വധ ഭീഷണിയെന്ന് പരാതി

Published on 17 September, 2015
ടിപി 51 സിനിമയുടെ സംവിധായകന് വധ ഭീഷണിയെന്ന് പരാതി


വടകര: ടിപി 51 സിനിമയുടെ സംവിധായകന്‍ മൊയ്തുതാഴത്തിന് വധ ഭീഷണിയെന്ന് പരാതി. ഇതുസംബന്ധിച്ച് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിപ്രകാരം പൊലീസ് കേസെടുത്തു. പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന സിനിമയെടുത്ത തന്നെ ജീവനോടെ വച്ചേക്കില്ലെന്നാണ് ഭീഷണി. മൊബൈല്‍ ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. നീ ആരോടാണ് കളിക്കുന്നതെന്നും സിപിഎമ്മിനെതിരെ കളിക്കാന്‍ വളര്‍ന്നിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയതായി മൊയ്തുതാഴത്ത് പരാതിപ്പെട്ടു.

ചിത്രത്തില്‍ ടിപി യായി വേഷമിട്ട രമേശന്‍ വടകരയുടെ പുറങ്കരയിലെ വീട്ടില്‍ സിനിമ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ചു ചര്‍ച്ച നടക്കുമ്പോള്‍ കഴിഞ്ഞ ദിവസം രാത്രി 10.05 ഓടെയാണ് വിളി വന്നത്. മൊയ്തു രമേശന് ഫോണ്‍ കൊടുത്തപ്പോഴും ഭീഷണി ആവര്‍ത്തിച്ചു. മൊബൈല്‍ ഫോണിലെ നമ്പര്‍ വ്യക്തമായിട്ടുണ്ട്. നേരത്തെയുണ്ടായ ഭീഷണികളധികവും ഇന്റര്‍നെറ്റ് ഫോണ്‍ വഴിയായിരുന്നു. അതിനാല്‍ നമ്പര്‍ വ്യക്തമായിരുന്നില്ല. നമ്പര്‍ സഹിതമുള്ള ഭീഷണി ഇതാദ്യമാണ്. ടിപി 51 എന്ന സിനിമ വെള്ളിയാഴ്ച വടകരയില്‍ റിലീസ് ചെയ്യും. കേരളകൊയര്‍ തിയറ്ററില്‍ 10.30ന് ഒരു ഷോ മാത്രമാണ് ഉണ്ടാവുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക