Image

'ലാനേയം' ഒരുങ്ങി; പ്രകാശനം ഒക്ടോബര്‍ 31ന്

മൊയ്തീന്‍ പുത്തന്‍ചിറ Published on 09 October, 2015
'ലാനേയം' ഒരുങ്ങി; പ്രകാശനം ഒക്ടോബര്‍ 31ന്
ചിക്കാഗോ: വടക്കേ അമേരിക്കയിലെ ഭാഷാസ്‌നേഹികളുടേയും സാഹിത്യപ്രവര്‍ത്തകരുടേയും കേന്ദ്ര സംഘടനയായ ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ ആഭിമുഖ്യത്തില്‍ വന്‍കരയിലെ എഴുത്തുകാരുടെ തിരഞ്ഞെടുക്കപ്പെട്ട കൃതികളുടെ സമാഹാരമായ 'ലാനേയം' അച്ചടി പൂര്‍ത്തിയാക്കി വിതരണത്തിന് തയ്യാറായതായി പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ജോസ് ഓച്ചാലില്‍, ട്രഷറര്‍ & ചീഫ് എഡിറ്റര്‍ ജെ. മാത്യൂസ് എന്നിവര്‍ അറിയിച്ചു.

ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നുവരെ ഡാളസില്‍ വെച്ച് നടക്കുന്ന ലാനയുടെ പത്താമത് നാഷണല്‍ കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ വെച്ച് പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നടത്തുന്നതാണ്.

ലാനയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സമാഹാരം പ്രസിദ്ധീകരിക്കുന്നത്. അമേരിക്കയിലും കാനഡയിലുമുള്ള മലയാളി എഴുത്തുകാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അറുപതോളം പേരുടെ ചെറുകഥകളും, കവിതകളും, ലേഖനങ്ങളുമാണ് 'ലാനേയ'ത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ കോപ്പികള്‍ സാഹിത്യ അക്കാദമിയുടേതുള്‍പ്പടെ കേരളത്തിലെ വിവിധ ലൈബ്രറികള്‍ക്കും എഴുത്തുകാര്‍ക്കും നല്‍കുന്നതാണ്. അമേരിക്കയിലെ വിവിധ സാഹിത്യസംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുസ്തകം ലഭ്യമാക്കുന്നതായിരിക്കും.

ജെ. മാത്യൂസ്, ഷാജന്‍ ആനിത്തോട്ടം, ജോസ് ഓച്ചാലില്‍ എന്നിവര്‍ എഡിറ്റിംഗും ശ്രേഷ്ഠ ഭാഷാ പബ്ലിക്കേഷന്‍സ് പ്രസാധനവും നിര്‍വ്വഹിച്ചിരിക്കുന്ന പുസ്തകത്തിന്റെ പുറംചട്ടയൊരുക്കിയത് പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് സോമന്‍ കടയണിക്കാടാണ്. ഒക്ടോബര്‍ 31ലെ പ്രകാശന ചടങ്ങിനു ശേഷം എഴുത്തുകാര്‍ക്ക് കോപ്പികള്‍ അയച്ചുകൊടുക്കുന്നതായിരിക്കും.

'ലാനേയം' ഒരുങ്ങി; പ്രകാശനം ഒക്ടോബര്‍ 31ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക