ജീവിതം എവിടെ നിന്ന് തുടങ്ങുന്നു എന്നതിനേക്കാള്‍ പ്രധാനം അത് എവിടെ അവസാനിക്കുന്നു എന്നതാണ് എന്ന് പറഞ്ഞത് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറാണ്. തുടങ്ങിയതിനെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയില്‍ ഒടുങ്ങണം എന്നാണ് എല്ലാവരുടെയും മോഹവും. പുരുഷായുസ്സുകള്‍ ഹോമിക്കപ്പെടുന്നത് ആ മോഹം സാക്ഷാത്ക്കരിക്കുന്നതിനാണ് താനും, പൊതുവെ, പറഞ്ഞാല്‍. എന്നാല്‍ എവിടെ നിന്നാണ് തുടങ്ങിയത് എന്ന് ആലോചിക്കാത്ത മനുഷ്യന്‍ ഉണ്ടാവുകയില്ല. അങ്ങനെയാണ് വംശാവലികളും കുടുംബചരിത്രങ്ങളും ഉണ്ടാകുന്നത്.
പഴയ നിയമത്തില്‍ ഇരുപതിലേറെ വംശാവലികള്‍ കാണാം. ജനതകളുടെ ഉത്ഭവം വിശദീകരിക്കുവാനും ഗോത്രങ്ങള്‍ തമ്മിലുള്ള ബന്ധം വിവരിക്കുവാനും അവ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഉല്‍പ്പത്തിപ്പുസ്തകത്തിലെ ആദ്യവംശാവലി നാലാം അദ്ധ്യായത്തില്‍ കാണാം. കായേന്‍ മുതല്‍ തുടങ്ങുന്ന ആ പട്ടികയില്‍ കുടാശവാസികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിശ്വകര്‍മ്മജര്‍ എന്നിവരെ കാണാം. എന്നാല്‍ കൊലപാതകിയായ കായേനില്‍ നിന്നല്ല ആദാമിന്റെ വംശാവലി അടുത്ത അധ്യായത്തില്‍ കാണുന്നത്. ഹാബേലിന്റെ സ്ഥാനത്ത് ആദാമിന് ദൈവം നല്‍കിയ മകനായ ശേത്ത് വഴിയാണ് ആ പരമ്പര.
അതില്‍ അത്ഭുതം വേണ്ട. കായേനെ പോലെ ഒരാളാണ് കാരണവര്‍ എങ്കില്‍ വല്ലവരും വംശാവലി എഴുതുമോ? ചീരോത്തോട്ടത്തിലെ ഇട്ടി മകന്‍, കുര്യന്‍ തൂങ്ങിച്ചത്തു. അവന്റെ ഭാര്യയ്ക്ക് വട്ടായിരുന്നു. അവരുടെ മകനാണ് പ്രശസ്ത വ്യവസായി ഇത്താപ്പിരി എന്ന് വല്ല വംശാവലിയിലും വായിച്ചിട്ടുണ്ടോ നാം. സമാനസൂചനകള്‍ ഉള്ള ഒരേ ഒരു വംശാവലി ശ്രീയേശുവിന്റേതാണ്. അതിന് വേദശാസ്ത്രം വേറെ. ഏറ്റവും ദിനവൃത്താന്തകാരനാണ് ഏറ്റവും വിശദമായ വംശാവലി. രേഖപ്പെടുത്തിയിട്ടുള്ളത്. വംശവിശുദ്ധി തെളിയിക്കുകയായിരുന്നു ദിനവൃത്താന്തകാരന്റെ ലക്ഷ്യം. ദക്ഷിണരാജ്യത്തെ രാജാക്കന്മാരുടെ വംശാവലികളുടെ ലക്ഷ്യം ഓരോ രാജാവിന്റെയും ദാവീദുബന്ധം സൂചിപ്പിക്കുകയായിരുന്നു. പ്രവാസാനന്തര കാലത്താവട്ടെ പൗരോഹിത്യാവകാശം അംഗീകരിക്കപ്പെടുവാന്‍ അഹറൊന്യ പാരമ്പര്യം തെളിയിക്കപ്പെടേണ്ടിയിരുന്നു. ഹേരോദ് തനി യഹൂദന്‍ ആയിരുന്നില്ല. അതുകൊണ്ട് ആ കുടിലമനസ്‌ക്കന്‍ ചെയ്തത് തന്റേതിനെക്കാള്‍ ആഢ്യത്വം അവകാശപ്പെടാവുന്ന വംശാവലികള്‍ എല്ലാം ചുട്ടുകളയുകയാണ്.
ഈ രീതിയില്‍ ആലോചിച്ചാല്‍ സുറിയാനിക്കാരൊക്കെ മാര്‍ത്തൊമ്മാശ്ലീഹാ, നമ്പൂതിരി കുടുംബങ്ങളുടെ മാനസാന്തരം പിന്നെ നൂറ്റാണ്ടുകളുടെ ഇടവേളകള്‍ക്ക് യവനിക ചാര്‍ത്തുന്ന നക്ഷത്രചിഹ്നങ്ങള്‍ എന്നിങ്ങനെ കുടുംബചരിത്രങ്ങള്‍ എഴുതുന്നതില്‍ അത്ഭുതം വേണ്ട.
ഈ നമ്പൂതിരിക്കഥയ്ക്ക് ഞാന്‍ ഒരു ന്യായം പറയാറുണ്ട്. ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ ബുദ്ധ-ജൈന മതങ്ങള്‍ പ്രബലമായിരുന്നപ്പോള്‍ നമ്പൂതിരികള്‍ ഉണ്ടായിരുന്നില്ലെങ്കിലും എട്ടാം നൂറ്റാണ്ട് മുതല്‍ അവര്‍ സമൂഹത്തിലെ ഉന്നതശ്രേണിയില്‍ കാണപ്പെടുന്നുണ്ട്.
ശങ്കരാചാര്യരെയും ശക്തിഭദ്രനെയും കേരളീയ സംസ്‌കൃതസാഹിത്യത്തെയും ഓര്‍ക്കുക. ക്രി.മു.നൂറ് മുതല്‍ ക്രി.പി.നൂറ് വരെ പ്രബലമായിരുന്ന അന്താരാഷ്ട്രീയ വാണിജ്യബന്ധങ്ങളെയും ക്‌നായിത്തോമ്മാ, സാഞ്ചാര്‍-അഫ്രോത്ത് കുടിയേറ്റങ്ങളും വ്യാപാരരംഗത്ത് മേല്‍ക്കോയ്മ പുലര്‍ത്തിയ ഒരു ക്രിസ്തീയ സമൂഹത്തെ കാണിച്ചു തരുന്നുണ്ട്. മൊണ്ടികൊര്‍വ്വീനൊയെ പോലുള്ള ആളുകള്‍ കയറ്റുമതിയുടെ കുത്തക ക്രിസ്ത്യാനികള്‍ക്കാണ് എന്ന് കണ്ടത് പോര്‍ച്ചുഗീസുകാര്‍ വരുന്നതിന് മുന്‍പാണ്. പാശ്ചാത്യസ്വാധീനം പ്രബലമായ പതിനാറ്-പതിനേഴ് നൂറ്റാണ്ടുകള്‍ ആയപ്പോഴേയ്ക്കും വര്‍ണ്ണവ്യവസ്ഥയും തദ്വാരാ ബ്രാഹ്മണമേധാവിത്വവും ജീവിതയാഥാര്‍ത്ഥ്യങ്ങളായി. അപ്പോള്‍ നാം വെറും വൈശ്യരല്ല, സാക്ഷാല്‍ ബ്രാഹ്മണര്‍ തന്നെ ആണ് എന്ന് സായിപ്പിനെ ബോധ്യപ്പെടുത്തുന്നത് അത്യാന്താപേക്ഷിതമായി. അതായത്, പതിനാറാം നൂറ്റാണ്ടിലെ യാഥാര്‍ത്ഥ്യം ഒന്നാം പതിറ്റാണ്ടിലേയ്ക്ക് പറിച്ചു നട്ടു. ഇതാണ് എന്റെ ഊഹം.
അതിരിക്കട്ടെ, നമുക്ക് എത്ര പോകാം പിറകോട്ട്? ബാബൂപോള്‍- പൗലോസ് കോറെപ്പിസ്‌ക്കോപ്പാ-ആദ്യമായി - യാക്കോബാ കോറെപ്പിസ്‌ക്കോപ്പാ-ഗീവര്‍ഗീസ്. പിന്നെ മേക്കടമ്പിലെ പൂര്‍വ്വികര്‍. പിന്നെ കരിങ്ങാശ്രയിലെ മാനസാന്തരം. അത്രയും എത്തുമ്പോള്‍ രേഖകള്‍ക്ക് പകരം കുടുംബപാരമ്പര്യങ്ങളായി. അവിടെ കാല്പനികത കടന്നുവരാന്‍ എളുപ്പണാണ് എന്ന് പറയേണ്ടതില്ല. ആത്തമ്മാലി എന്ന് ഒരു കുടുംബത്തിലെ ആസ്ഥാനചരിത്രകാരന്‍ കാല്പനികതയുടെ കസവിട്ട കഥ പറയുമ്പോള്‍ ആദാം കെട്ടി ദത്തുനിന്നപ്പോള്‍ കൃഷി ചെയ്ത നിലമാണ് ആദ്യം ആദാമിന്റെ മാലി എന്നും പിന്നെ ആത്തമ്മാലി എന്നും അറിയപ്പെട്ടത് എന്ന് എഴുതും.
പാറായി തരകന്മാരുടെ ഒരു ചരിത്രം ഉണ്ട്. അവരിലൊരാള്‍ റോമാസഭയിലെ ഏറ്റവും ഉയര്‍ന്ന പദവി നേടിയ വ്യക്തിയാണ്. രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം എഴുതിയതാണ് ഈ ഗവേഷണഗ്രന്ഥം. അതിലും ഈ പുസ്തകത്തിന് ആധാരമായ തുരുത്തിയില്‍ കുടുംബചരിത്രത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ പതിനേഴാം നൂറ്റാണ്ടിലോ മറ്റോ അരുള്‍പ്രദേശത്ത് എത്തിയ കഥ പോലും ആധാരത്തിലെ മേല്‍വിലാസവിവരണങ്ങളെ പ്രശസ്തനായ പ്രൊഫസര്‍ മുതല്‍ നമ്മുടെ കണ്ണൂര്‍ വൈസ്ചാന്‍സലര്‍ മൈക്കിള്‍ വരെ പ്രഗത്ഭചരിത്രകാരന്മാര്‍ ഉള്ള പ്രശസ്തകുടുംബത്തിന്റെ കഥ ഇതാണെങ്കില്‍ ചരിത്രനിര്‍മ്മാണ വ്യഗ്രതയില്‍ കപോലകല്പിതങ്ങളെ ചരിത്രമാക്കി ചമയ്ക്കുന്നതിനേക്കാള്‍ സത്യസന്ധമായ സമീപനം നോഹയ്ക്ക് മുന്‍പ് ഉണ്ടായിരുന്നതൊക്കെ പ്രളയത്തില്‍ നശിച്ചുപോയി എന്ന് പറയുന്ന സമീപനം തന്നെ ആണ്.
ഞാന്‍ എന്റെ വംശാവലി സൂചിപ്പിച്ചപ്പോള്‍ മുകളില്‍ പറഞ്ഞതുപോലെയും ആദരണീയനായ പ്രൊഫ.ടി.എം.പൈലി തുരുത്തിയില്‍ കുടുംബചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതുപോലെയും ഉള്ള സമീപനം തന്നെ ആണ് ഈ കൃതിയിലും സ്വീകരിച്ചിട്ടുള്ളത്. നമുക്ക് അത് മതിയല്ലോ. ആദാം കെട്ടി തത്തുനിന്നത് എവിടെയുമാകട്ടെ. അഹറോനും ചീരത്തോട്ടം യാക്കോബ് കോറെപ്പിസ്‌ക്കോപ്പയും തമ്മില്‍ ബന്ധം ഉണ്ടാവുകയോ ഇല്ലാതിരിക്കയോ ചെയ്യണ്ട. നമുക്ക് യുക്തിബന്ധമായി എത്തിച്ചേരാന്‍ കഴിയുന്നിടത്ത് നിന്ന് തുടങ്ങി നാം ഇപ്പോള്‍ എത്തിനില്‍ക്കുന്ന ചരിത്രസന്ധി അടയാളപ്പെടുത്തുക. അതാണ് നമ്മുടെ കര്‍ത്തവ്യം.
മഹാസമുദ്രത്തിന്റെയോ സഹാറാ മരുഭൂമിയുടെയോ നടിവില്‍ ദിക്കറിയാനുതകുന്ന കൊമ്പനുമായി നിലയുറപ്പിക്കുകയാണ് കുടുംബചരിത്രം കുറിക്കുന്നവരുടെ ദൗത്യം. ആകാശത്തില്‍ മേഘങ്ങള്‍. അകലെയെവിയെയോ പെരുമഴക്കാലം. അവയുമായി നമുക്ക് ബന്ധം ഉണ്ട്. സംശയമില്ല. എന്നാല്‍ ആ ബന്ധം ഈ കോമ്പസില്‍ തെളിയുന്നില്ല, തെളിയുന്നത് മാത്രമാണ് മുദ്ര. എല്ലാം തെളിയുകയില്ല, തെളിയുന്നത് മാത്രമാണ് ചരിത്രം, ശേഷം പാരമ്പര്യം. ഒന്നും തള്ളിക്കളയണ്ട. ഒന്നും ശഠിച്ച് സ്ഥാപിക്കയും വേണ്ട. ഞാന്‍ ആര്? ഞാന്‍ എവിടെ നിന്ന് വരുന്നു? എന്റെ പ്രപൗത്രന്റെ പ്രപൗത്രന് എന്റെ പ്രപിതാമഹന്റെ പ്രപിതാമഹനില്‍ ഒരു താല്‍പര്യവും ഉണ്ടാവുകയില്ല അതിജീവിക്കാന്‍ അര്‍ഹതയുള്ള കര്‍മ്മം അതിജീവിക്കും. അതിജീവിക്കാത്തത് അത്യന്താപേക്ഷിതമല്ല താനും.
ഈശ്വരബദ്ധമായ ഈ അസ്തിത്വചിന്തയുടെ യുക്തിപൂര്‍വ്വമായ പ്രതിഫലനമാണ് ഈ ലഘുകൃതിയില്‍ കാണുന്നത്. നന്മ വരട്ടെ.