ചങ്ങനാശ്ശേരിയിലും പാലായിലും യാക്കോബായക്കാരെ കാണുന്ന കത്തോലിക്കരെ പോലെ ആണ് ഞങ്ങളുടെ നാട്ടില്‍ യാക്കോബായക്കാര്‍ റോമാക്കാരെ കണ്ടിരുന്നത്, എന്റെ ബാല്യകാലത്ത്. അന്നും എന്റെ പിതാവ്, വടക്കന്‍ തിരുവിതാംകൂറിന്റെ നവോത്ഥാനനായകനായി വാഴ്ത്തപ്പെടുന്ന പി.എ.പൗലോസ് കോറെപ്പിസ്‌ക്കോപ്പാ, കിഴക്കെപ്പള്ളിയിലെ -മാതൃദേവാലയത്തിന്റെ കിഴക്കായിരുന്നു പതിനെട്ടാം നൂറ്റാണ്ടില്‍ ഭാഗം പിരിഞ്ഞ് വെച്ച മുടക്കിരായി കഞ്ഞാലിക്കാപ്പള്ളി- എല്ലാ ആഘോഷങ്ങള്‍ക്കും മുഖ്യാതിഥിയോ പ്രഭാഷകനോ ആയിരുന്നു. പില്‍ക്കാലത്ത് അച്ചന് അറുപതൊക്കെ കഴിയുകയും ചോദിക്കാനും പറയാനും അച്ഛനേക്കാള്‍ തലയെടുപ്പുള്ള വൈദികര്‍ ആ പ്രദേശത്ത് ഇല്ലാതാവുകയും ചെയ്തപ്പോള്‍ ഞങ്ങളുടെ പള്ളിയില്‍ ദുഃഖവെള്ളിയാഴ്ച ധ്യാനത്തിന് കിഴക്കെ പള്ളിയിലെ അച്ഛന്മാരെ വിളിച്ചു തുടങ്ങി.
1950-55 കാലത്ത് ഞാന്‍ കിഴക്കെ പള്ളിയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. കപാരുമല ഐസക് കത്തനാരാണ് വികാരി അവിടെ. വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ്് ഞാന്‍ മേടയിലെത്തും . ആദ്യത്തെ പരിപാടി ലത്തീന്‍ ക്ലാസ്. രാവിലെ ആറ് മുതല്‍ രാമ, രാമൗഹ, രാമാ: എന്ന് സംസ്‌കൃതം പഠിച്ച ഞാന്‍ വൈകിട്ട് ആറ് വരെ റോസാ, റോസും പഠിക്കും. എന്റെ പിതാവിന്റെ ദീര്‍ഘവീക്ഷണം ആയിരുന്നു അത്. സംസ്‌കൃതം വഴി മലയാളവും ലത്തീന്‍ വഴി ഇംഗ്ലീഷും നേരെയാവുമല്ലോ. ലത്തീന്‍ പൂര്‍ണ്ണമായും സംസ്‌കൃതം ഒട്ടുമുക്കാലും മറന്നെങ്കിലും ആ വഴി കിട്ടിയ നന്മ നഷ്ടമായില്ലെന്ന് തോന്നുന്നു. പിന്നെ കപ്യാരു മലയച്ഛന്റെ കൂടെ പള്ളിക്ക് ചുറ്റും നാലഞ്ച് റൗണ്ട് നടക്കും.
നാട്ടില്‍ ചാഴിപ്പപ്പന്റെ പീടികയിലാണ് കൗമുദി വായന. കിഴക്കെപ്പള്ളിയിലാണ് ഗ്രാമത്തിലെ ഒരേയൊരു ദീപിക. അന്ന് കുറുപ്പംപടിയൊക്കെ എറണാകുളത്തിന്റെ ഭാഗമാണ്. കോതമംഗലം രൂപത ആയിട്ടില്ലെന്ന് തോന്നുന്നു. എറണാകുളത്ത് ഒരു ബുക് എ മന്ത് ക്ലബ്ബ് ഉണ്ടായിരുന്നു. കര്‍ദ്ദിനാള്‍ മിന്‍സെന്തിലൂടെ ജിവചരിത്രം , മരിയകൊരേത്തിയുടെ കഥ ഇത്യാദി പുസ്തകങ്ങളുമായി മടങ്ങും.
അങ്ങനെയിരിക്കവെ കിഴക്കെപ്പള്ളിക്കാര്‍ ഒരു പ്രസംഗയോഗം നടത്തി. ടൗണിലൊന്നും ആരും സ്ഥലം കൊടുക്കയില്ല. കുറച്ച് വടക്കോട്ട് മാറി പുലിമലയുടെ പടിഞ്ഞാറെ ചരിവില്‍ പന്തലിട്ടു. തിരുവല്ലായിലെ സേവേറിയോസ് തിരുമേനിയും തിരുവനന്തപുരത്തെ കൊച്ചു തിരുമേനിയും (ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ്) ഒക്കെ ചേര്‍ന്ന മലങ്കരക്കുര്‍ബ്ബാന. “ദേ റോമാക്കാര് മ്പടെ (നമ്മുടെ) കുര്‍ബ്ബാന ചൊല്ലണ്(ചൊല്ലുന്നു). ദാപ്പെ കേമായെ (ഇതാണ് ഇപ്പോള്‍ കേമായത്)!” എന്ന് പറഞ്ഞ് ഞങ്ങള്‍ കുട്ടികളൊക്കെ അത് കാണാന്‍ പോയി. വൈകിട്ട് പ്രസംഗം. മോണ്‍.വടശ്ശേരി എല്‍.ഡി.(റോം), ഫാദര്‍. പ്ലാസിഡ് ടി.ഒ.സി.ഡി. അന്ന് എനിക്ക് ഓട്ടോഗ്രാഫ് എഴുതിവാങ്ങുന്ന സമ്പ്രദായം ഉണ്ടായിരുന്നു. പ്ലാസിഡച്ഛന്റെ ഒപ്പും വാങ്ങി. പ്ലാസിഡച്ഛന്‍ വലിയ പണ്ഡിതനാണ് എന്ന് അച്ഛന്‍ പറഞ്ഞു തന്നു.
പ്ലാസിഡച്ഛന്‍ അന്ന് അവിടെ വിതച്ച വിത്ത് പാറപ്പുറത്താണ് വീണത്. 2015-ലെ അവസ്ഥയില്‍ നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആ കണ്‍വെന്‍ഷന്‍ പ്രാകൃതമായി തോന്നാം. എന്നാല്‍ അമ്പതുകളിലെ അവസ്ഥ അനുസരിച്ചാണ് അമ്പതുകളിലെ നടപടികളെ വിലയിരുത്തേണ്ടത്. അല്ലാതെ പെന്തക്കോസ്തരുടെ യോഗത്തില്‍ പോയി കൈകൊട്ടി പാടുകയും മുട്ടുകുത്തി പ്രാര്‍ത്ഥിക്കയും ചെയ്ത കര്‍ദ്ദിനാള്‍ മാര്‍പ്പാപ്പയായി വാഴുന്ന കാലത്തെ അളവുകോല്‍ വെച്ചല്ല. റോമാസഭയില്‍ ഈ വീക്ഷണഭേദം ഉണ്ടായത് ജോണ്‍ XXIII മാര്‍പ്പാപ്പയുടെ കാലം മുതലാണ്. അതിന് മുന്‍പ് തന്നെ പ്ലാസിഡച്ഛന്റെ മുന്‍ഗണനകള്‍ മാറിയിരുന്നു എന്നതാണ് സൂഷ്മദൃക്കുകള്‍ ശ്രദ്ധിച്ചുപോവുന്നത്. മാര്‍പ്പാപ്പയെ സഭാധ്യക്ഷനായി അംഗീകരിക്കാത്തവരെ മാര്‍പ്പാപ്പയുടെ കീഴില്‍ കൊണ്ടുവരുന്നതിനെക്കാള്‍ പ്രധാനം മാര്‍പ്പാപ്പയെ അംഗീകരിക്കന്നതിന്റെ ഭാഗമായി സ്വത്വം നഷ്ടപ്പെട്ട പൗരസ്ത്യ കത്തോലിക്കരുടെ സ്വത്വപുനഃസ്ഥാപനമാണ് എന്ന് പരിശുദ്ധാത്മാവ് സ്വത്വപുനഃസ്ഥാനപമാണ് എന്ന് പരിശുദ്ധാത്മാവ് പ്ലാസിഡച്ഛനെ പഠിപ്പിച്ചു. അതിന്റ ഫലമായി ആ മഹാപണ്ഡിതന്റെ ശ്രദ്ധ ആ രംഗത്തേയ്ക്ക് തിരിഞ്ഞു.
മാര്‍ത്തോമ്മാ ശ്ലീഹായെ ക്രിസ്തുവിനെക്കാള്‍ മാനിക്കുന്നവരാണ് നാം എന്നായിരുന്നുവല്ലോ പോര്‍ച്ചുഗീസ് കാലത്തെ പരാതി. സുറിയാനി പുസ്തകങ്ങള്‍ ചട്ടകളഞ്ഞും നമ്മുടെ പാരമ്പര്യങ്ങല്‍ അപ്പാടെ അട്ടിമറിച്ചതും ആ ചിന്തയുടെ ബഹിര്‍സ്ഫുരണം ആയിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇവിടുത്തെ സുറിയാനികത്തോലിക്കര്‍ക്കിടയില്‍ നിലനിന്ന അഭിമാനത്തെ വെല്ലുവിളിക്കുന്ന ഒരു സംഗതി എത്ര പേര്‍ക്കറിയാമോ എന്തോ ? കേരളത്തിലെ സീറോമലബാര്‍ സഭയില്‍ നാട്ടുകാരായ മെത്രാന്മാര്‍ വന്നുകഴിഞ്ഞിട്ടും അവര്‍ പട്ടം കൊടുക്കുന്നത് ലത്തീനിലാവണം എന്ന് ഒരു നിയമം ഉണ്ടായിരുന്നു. കുര്‍ബ്ബാന സുറിയാനിയില്‍ തന്നെ ചൊല്ലാം, എന്നാല്‍ കുര്‍ബ്ബാന മധ്യേ നടത്തുന്ന പട്ടംകൊട ലത്തീനില്‍ വേണം. സായിപ്പിന് തിരിയാത്ത വല്ല കുന്ത്രാണ്ടവും കുത്തിത്തിരുകുമെന്ന് ഭയന്നിട്ടോ സുറിയാനിയെക്കാള്‍ വരേണ്യമാണ് ലത്തീന്‍ എന്ന് വിശ്വസിച്ചിട്ടോ ആവാം ഇങ്ങനെ ഒരു നടപടിക്രമത്തിന് തുടക്കമിട്ടത്. ആ അഭംഗി ഒഴിവാക്കാന്‍ നമ്മുടെ പിതാക്കന്മാര്‍ കണ്ടുപിടിച്ച വഴി ലത്തീന്‍ക്രമം സുറിയാനിയില്‍ ഭാഷാന്തരം ചെയ്ത് ഉപയോഗിക്കുക എന്നതായിരുന്നു.
ആ നിര്‍ദ്ദേശം മാര്‍പ്പാപ്പ തള്ളി. പീയൂസ് XI ആയിരുന്നു അന്ന് സിംഹാസനത്തില്‍. ലത്തിനീകരണം വേണ്ട എന്ന് കല്പിച്ച ആ പരിശുദ്ധപിതാവ് സുറിയാനിയിലെ പഴയ പട്ടംകൊട ക്രമങ്ങള്‍ തേടിപ്പിടിച്ച് പുനരുദ്ധരിക്കാന്‍ നിര്‍ദ്ദേശിച്ചു. 1974-ല്‍ ആയിരുന്നു ഈ നിര്‍ണ്ണായകസംഭവം. കത്തോലിക്കാ സഭയുടെ എക്‌ളീസിയോളജി പില്‍ക്കാലത്ത് വികസിച്ച വഴികള്‍ പരിശോധിക്കുമ്പോള്‍ പതിനൊന്നാം പീയൂസിന്റെ ഈ നിശ്ചയം രണ്ടാം വത്തിക്കാന്‍ സുന്നഹദോസ് പോലെ തന്നെ പ്രധാനമായി വിലയിരുത്താതെ വയ്യ. അന്ന് കഷ്ടിച്ച് 35 വയസ്സ് പ്രായം ഉളള ഒരു കൊച്ചച്ചനാണ് പ്ലാസിഡ്. ഗവേഷണകുതുകിയായ ആ ബുദ്ധിശാലിയുടെ ചിന്താപഥങ്ങള്‍ രൂപപ്പെടുത്തിയതില്‍ പതിനൊന്നാം പീയൂസിന്റെ ഈ അഭിവീക്ഷണം വഹിച്ച പങ്ക് നിസ്തുലവും നിര്‍വ്വചനാത്മകവും ആയിരുന്നു. അത് ഗൗരവമാര്‍ന്ന തപസ്യയായി രൂപപ്പെടാന്‍ രണ്ട് പതിറ്റാണ്ടും ആ തപസ്യ ഫലം കാണാന്‍ പിന്നെയും ഏഴെട്ട് സംവത്സരങ്ങളും വേണ്ടിവന്നു എങ്കിലും.
രണ്ട് മേഖലകളിലാണ് പ്ലാസിഡച്ചന്റെ ഹസ്തമുദ്ര നാം തെളിഞ്ഞുകാണുന്നത്. ഒന്ന്, പൗരസ്ത്യപാരമ്പര്യങ്ങളുടെ പുനരുജ്ജീവനം തന്നെ. ഭാരത്തിലെ സഭയുടെ ആരാധനാഭാഷ ഏതായിരുന്നു എന്ന് അന്വേഷിക്കാന്‍ തുടങ്ങിയാല്‍ ഒരു പത്മവ്യൂഹത്തിലാണ് ചെന്നുപെടുക. ഇവിടെ സഭ കൊണ്ടു നടന്നത് പലരും പറയുമ്പോലെ നമ്പൂരിമാര്‍ ആയിരുന്നുവെങ്കില്‍ ഓം പിതാപുത്രപരിശുദ്ധാത്മസ്വരൂപായ പരമേശ്വരായ നമ: എന്നാവണം നമ്മുടെ ആരാധാന. ഠതാമാശ്ലീഹ, ഉറഹായിലെ യൗസേഫ്, മാര്‍ സാഞ്ചാര്‍- അഫ്രോത്ത് ഇവരൊക്കെയാണ്.
ആരാധനാക്രമം രൂപപ്പെടുത്തിയതും ഭേദപ്പെടുത്തിയതും എങ്കചന്റ അരമായയില്‍ തുടങ്ങി സുറിയാനിയില്‍ എത്തണം. പാശ്ചാത്യസുറിയാനിയില്‍ എഴുതിയ ഒരു രേഖ കണ്ടതിനെക്കുറിച്ച് ആര്‍ച്ചിബാള്‍ഡ് കിങ് പറയുന്നുണ്ടെങ്കിലും മാര്‍, കുര്‍ബ്ബാന ഇത്യാദി സൂചിപ്പിക്കുന്നത് പോലെ പോര്‍ച്ചുഗീസുകാര്‍ വന്ന കാലത്ത് ആരാധാനാസമ്പ്രദായം പൗരസ്ത്യവും ഭാഷ പൗരസ്ത്യസുറിയാനിയും ആയിരുന്നു. അതിനപ്പുറത്തേയ്ക്കുള്ള അറിവിനെ നിര്‍വ്വഹിക്കുന്നത് അനിശ്ചിതത്വം ആകയാല്‍ പൗരസ്ത്യ സുറിയാനി കല്‍ദായ പാരമ്പര്യത്തിനപ്പുറത്തേയ്ക്ക് ഓശാന പാടുന്നതില്‍ കഴമ്പില്ല. വ്യക്തമായത് സ്വീകരിക്കുക അവ്യക്തമായത് തെടിയെടുത്ത് വ്യഖ്യാനിക്കുന്നത് വരെ സ്‌ററാറ്റസ്‌കോ- അതായത് ലത്തീന്‍-മതി എന്ന് പറയാതിരിക്കുക. ഇത് അത്യന്തം യുക്തിഭദ്രമായ നിലപാടാണെന്ന് സമ്മതിക്കാതിരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ആ നിലപാട് ആയിരുന്നു പ്ലാസിഡച്ചന്‍ സ്വീകരിച്ചത്.
രണ്ടാമത് ഈ പണ്ഡിത പ്രകാണ്ഡം ശ്രദ്ധിച്ചത് ഭരണരംഗത്തായിരുന്നു. ഇതിന് തുടക്കം കുറിച്ചത് ഫാദര്‍ പ്ലാസിഡ് അല്ല. തുടക്കം ടിസറാങ്ങ് തിരുമേനിയുടെ കാലത്ത് തന്നെ കാണാം. എന്നാല്‍ അതിന്റെ വളര്‍ച്ചയിലും അതിന് സഹായകമായ ചരിത്രാന്വേഷണത്തിലും പ്ലാസിഡച്ഛന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു എന്നതിന് കാലമാണ് സാക്ഷി. പതിനൊന്നാം പീയൂസ് ലത്തിനീകരണം തള്ളി. കത്തോലിക്കാവല്‍ക്കരണം കണ്ടെത്തി.
പ്ലാസിഡച്ഛന്‍ കത്തോലിക്കാവല്‍ക്കരണം ഔപചാരികമായി തള്ളിയില്ലെങ്കിലും ദേശീയക്രൈസ്തവികതയുടെ ആരാധാനാസ്വത്വം തേടുന്നതാണ് അതിനേക്കാള്‍ പ്രധാനം എന്ന് കണ്ടെത്തി. അതിനുള്ള ഒരു കാരണം ഒരുപക്ഷേ, കല്‍ക്കിദൂന്‍ സുന്നഹദോസിന്റെ പുനര്‍വായന സഭാവിജ്ഞാനീയരംഗത്ത് സൃഷ്ടിച്ച ചലനങ്ങള്‍ തന്നെ ആവണം.
നിഖ്യാതസുന്നഹദോസില്‍ ക്രോഡീകരിച്ച വിശ്വാസപ്രമാണം തന്നെ ആണ് കല്‍ക്കിദൂന്‍ സ്വീകരിക്കുന്നവരും സ്വീകരിക്കാത്തവരും ചൊല്ലിക്കൊണ്ടിരിക്കുന്നത് എന്ന് ഒരു നിമിഷം ഓര്‍മ്മിക്കുമെങ്കില്‍ 1564 സംവത്സരങ്ങള്‍ക്കപ്പുറത്ത്(451 ഒക്‌ടോബറിലായിരുന്നു കല്‍ക്കിദൂന്‍) കൊടുങ്കാറ്റുണ്ടായത് ചായക്കോപ്പയിലാണ് എന്ന് ഗ്രഹിക്കാം.
എവുത്തിക്കോസിന്റെ വാദമോ ഏകസ്വഭാവവാദമോ ആയിരുന്നില്ല സേവേറിയോസിനെ പോലെ ഉള്ളവരുടെ ചിന്തയുടെ അടിസ്ഥാനം. അത് പൗരസ്ത്യരംഗസ്യാത്മകതയുടെ പ്രതിഫലനായിരുന്നു. മനുഷ്യനായി നടക്കാന്‍ മനുഷ്യനാവണം, മരിച്ചവരെ ഉയര്‍പ്പിക്കാന്‍ ദൈവമാവണം. ഇത് നെസ്‌തൊര്‍ പറഞ്ഞതൊ എവുത്തിക്കോസ് പറഞ്ഞതോ അല്ല. ലളിതമായി പറഞ്ഞാല്‍ ശൈലീഭേദം കൊണ്ട് സാരാംശഭേദം. സംശയിക്കപ്പെടേണ്ടതാണ്. നമ്മുടെ വി.സി.ശാമുവല്‍ അച്ഛനെ പോലെ ഉള്ള മഹാപ്രതിഭകളുടെ ഗവേഷണഫലമായി സാധ്യമായ ഈ പുനര്‍വായന കത്തോലിക്കരും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സുകാരും തമ്മിലുള്ള വ്യത്യാസം ഘടനാപരം മാത്രമാണ് എന്ന് തെളിയിച്ചു. അമ്പതുകളില്‍ കുറുപ്പംപടിയില്‍ കത്തോലിക്കാവല്‍ക്കരണത്തിന്റെ അപ്പൊസ്‌തോലനായി പ്രത്യക്ഷപ്പെട്ട പ്ലാസിഡച്ചന്‍ പില്‍ക്കാലത്ത് തന്റെ സഭാവിഭാഗത്തിന്റെ സ്വത്വം പുന:സ്ഥാപിക്കുന്നതാണ് കൂടുതല്‍ പ്രധാനം എന്ന് കണ്ടെത്തിയതിന്റെ പിറകില്‍ സഭാവിഭാഗത്തിന്റെ ഈ നവകിരണങ്ങളുടെ സ്വാധീനതയും തിരിച്ചറിയപ്പെടേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു.
1977-ല്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പയും യാക്കൂപ് തൃദീയന്‍ പാത്രിയര്‍ക്കീസും ചേര്‍ന്ന് തങ്ങളുടെ വിശ്വാസം ഒന്നാണ് എന്ന് ഏറ്റു പറഞ്ഞു. 1984-ല്‍ വി.ജോണ്‍പോള്‍ രണ്ടാമനും സഖാപ്രഥമന്‍ പാത്രിയര്‍ക്കീസും ഇത് കുറെക്കൂടെ വ്യക്തമായി വിസ്തരിക്കുന്ന രേഖയില്‍ ഒപ്പുവയ്ക്കുകയും ഈ സഭകള്‍ തമ്മില്‍ പരിമിതസംസര്‍ഗ്ഗം (? Economic Communion ആണ് മനസ്സിലെ പരദേശിപദം) അംഗീകരിക്കുകയും ചെയ്തതോടെ പ്രതിഭിന്നത വിശ്വാസത്തിലല്ല സഭാഘടനയെക്കുറിച്ചുള്ള സങ്കല്‍പങ്ങളിലാണ് എന്ന് അംഗീകരിക്കുകയും ചെയ്തു. പതിനൊന്നാം പീയൂസിന്റെ കത്തോലിക്കാവല്‍ക്കരണത്തില്‍ നിന്ന് ജോണ്‍ മുതല്‍ ഇങ്ങോട്ടുള്ള മാര്‍പ്പാപ്പമാരുടെ സഹയാത്രയിലേയ്ക്കുള്ള ദാര്‍ശനിക പരിണാമം പ്ലാസിഡച്ഛനെ പോലെ ജ്ഞാനിയും ജ്ഞാനാന്വേഷിയും ആയ ഒരാളെ സ്വാധീനിച്ചില്ലെങ്കിലല്ലെ അത്ഭുതപ്പെടേണ്ടതുള്ളൂ?
പ്ലാസിഡച്ഛനെക്കുറിച്ച് പറയുമ്പോള്‍ ഇതിനെക്കാളൊക്കെ പ്രധാനമായ മറ്റൊന്ന് പറയാനുണ്ട്. അത് അദ്ദേഹത്തിന്റെ ലാളിത്യവും സഹനത്തോടുള്ള സമീപനവും ആണ്. ഒരു സൈക്കിള്‍ മുട്ടി വീണതാണ് ഒരുപക്ഷേ, സീറോ മലബാര്‍ സഭയുടെ അദ്ധ്യക്ഷപദവിയില്‍ നിന്നും കര്‍ദ്ദിനാളിന്റെ ഔന്നത്യത്തില്‍ നിന്നും പ്ലാസിഡച്ഛനെ അകറ്റി നിര്‍ത്തിയത്. എന്നാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തതുപോലെ തന്റെ ബൗദ്ധികചര്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്റെ ശാരീരികാസ്വസ്ഥതകളെ -നടക്കാനും ഇരിക്കാനും കിടക്കാനും ഒക്കെ ക്ലേശമായിരുന്നു ഏതാണ്ട് കേട്ടിട്ടുള്ളത് - തീര്‍ത്തും അവഗണിച്ചുകൊണ്ട് താന്‍ ജീവനെക്കാള്‍ സ്‌നേഹിച്ച തിരുസഭയെ ശുശ്രൂഷിക്കുകയും ചെയ്തു ഫാദര്‍ പ്ലാസിഡ്. ഭൗതികജീവിതത്തിന്റെ അവസാനവര്‍ഷം പക്ഷാഘാതം വന്ന് നിശ്ശബ്ദനായി കിടക്കാനായിരുന്നു യോഗം. താന്‍ നല്‍കിയ മസ്തിഷ്‌ക്ക സിദ്ധികളെ സാധന ചെയ്ത് തണ്ടിന്മേല്‍ വെച്ച വിളക്കു പോലെ പ്രകാശിപ്പിച്ച വിശ്വസ്തഭൃത്യന്റെ ആധ്യാത്മികപൂര്‍ണ്ണതയ്ക്കായി ദൈവം അറിഞ്ഞു നല്‍കിയതാവാം ആ അനുഭവം.
പാശ്ചാത്യസഭയുടെ കാനനൈസേഷന്‍ പൗരസ്ത്യവേദചിന്തയ്ക്ക് അന്യമാണ് എങ്കിലും ഘടനാപരമായ കാരണങ്ങള്‍ കൊണ്ട് പൗരസ്ത്യരും ആ സമ്പ്രദായം സ്വീകരിക്കുന്നുണ്ട് എന്നതിനാല്‍ ഞാന്‍ അറിയാതെ പ്രാര്‍ത്ഥിച്ചു പോകുന്നു, അറിവിന്റെ ഉപാസകനും സഭയുടെ സത്സന്താനവുമായ പ്ലാസിഡച്ഛനെ വിശുദ്ധന്മാരുടെ തോട്ടത്തില്‍ കണ്ട് മാലാഖമാര്‍ സന്തോഷിക്കുമാറാകട്ടെ !!!