Image

എഴുത്തുകാരനു സാമുഹ്യ പ്രതിബദ്ധത വേണോ? (ബിനോയി സെബാസ്റ്റ്യന്‍)

Published on 02 November, 2015
എഴുത്തുകാരനു സാമുഹ്യ പ്രതിബദ്ധത വേണോ?  (ബിനോയി സെബാസ്റ്റ്യന്‍)
ഇ-മലയാളിയില്‍ പ്രത്യക്ഷപ്പെട്ട ഒരു വാര്‍ത്തയോടു പ്രതികരിക്കാതിരിക്കുവാന്‍ കഴിയുന്നില്ല! ഡാലസില്‍ നടന്ന ഒരു സാഹിത്യയോഗത്തില്‍ പ്രഭാഷകനും സാഹിത്യ സ്‌നേഹിയുമായ ഡോ.എം.വി.പിള്ള പറഞ്ഞു, എഴുത്തുകാരനു സാമൂഹ്യപ്രതിബദ്ധതയുടെ ആവശ്യമില്ലെന്ന്. പ്രത്യേകിച്ചും ഉത്തരാധുനീക എഴുത്തുകാര്‍ക്ക്.

സമാനമായ വാദഗതികള്‍ കേരളത്തിലോ എഴുത്തിനു പ്രാമുഖ്യമുള്ള മറ്റു രാജ്യങ്ങളിലോ പുതുമയല്ല. എങ്കിലും അഭിപ്രായത്തെ സാദരം മാനിച്ചുകൊണ്ടു തന്നെ ചോദിക്കട്ടേ? സമുഹത്തിനു എഴുത്തുകാരനോടു ഏതെങ്കിലും വിധത്തിലുള്ള പ്രതിബദ്ധത പ്രകടിപ്പിക്കേണ്ട അവശ്യമുണ്ടോ? അവരെ ചുമക്കേണ്ട ബാദ്ധ്യത സമുഹത്തിനുണ്ടോ? പ്രതിബദ്ധതയില്ലാത്ത എഴുത്തുകാരന്‍ സ്വന്തം കൃതിയെഴുതി സ്വന്തം വീട്ടിലെ സാഹിത്യപെട്ടിയില്‍ വളരെ സുക്ഷിച്ചു വച്ചാല്‍ പേരേ? അതിനു ഉത്തരാധുനീകതയുടെ ചങ്ങാത്തം പിടിക്കേണ്ട കാര്യമുണ്ടോ?

ഇന്‍ഡ്യയില്‍ ഇന്നു നടക്കുന്ന സാംസ്‌ക്കാരിക ഫാസിസത്തിനെതിരെ പ്രതികരിച്ചുകൊണ്ടു ഇന്‍ഡ്യയിലെ പല എഴുത്തുകാരും കലാകാരന്മാരും സര്‍ക്കാര്‍ നല്‍കിയ അംഗീകാരങ്ങള്‍ തിരിച്ചു നല്‍കിയ വസ്തുത ഇവിടെ ചുണ്ടിക്കാട്ടട്ടെ. മണ്ടന്മാരായ എഴുത്തുകാര്‍, കലാകാരന്മാര്‍ എന്ന് അവരെ വിളിക്കാമോ?

ഇതിഹാസകാലഘട്ടം മുതല്‍ ഉത്തരാധുനീക ഘട്ടം വരെയുള്ള കൃതികളില്‍ പ്രത്യക്ഷമോ പ്രതീകാത്മകമോ പരോക്ഷമോ ആയ സാമുഹ്യ പ്രതിബദ്ധതയുള്ള കൃതികളാണ് സമുഹം കാലോചിതമായി സ്വീകരിച്ചതെന്നു പറയുവാന്‍ ആഗ്രഹിക്കുന്നു. ഇതേ സാഹിത്യവേദിയില്‍ പ്രസംഗിച്ച ബെന്യാമിന്റെ ആടു ജീവിതമെന്ന കൃതി തന്നെ സമീപകാല ഉദാഹരണമായി ചുണ്ടിക്കാട്ടട്ടെ.

ഭാരത ഇതിഹാസങ്ങളായ മഹാഭാരതത്തിലും രാമായണത്തിലും എഴുത്തുകാരന്‍ തന്നെ കഥാപാത്രവുമാണെന്ന വസ്തുതയും നാം മനസിലാക്കണം. കാരണം ഏതൊരു കാലത്തിലും എഴുത്തുകാരന്‍ സാമുഹ്യജീവിയാണ്. സമുഹത്തിന്റെ ഭാഗമാണ്. ദര്‍ശനശേഷിയുള്ള, സര്‍ഗാത്മകതയുള്ള എഴുത്തുകാരന്‍ സ്വന്തം എഴുത്തിലൂടെ സമുഹത്തിന്റെ കൈചൂണ്ടിയായി മാറുകയും വേണം. അല്ലെങ്കില്‍ അയാള്‍ പരാജിതനായ എഴുത്തുകാരനാണ്!

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ ഉരുത്തിരിഞ്ഞെത്തിയ ഉത്തരാധുനീകതയുടെ സരണിയില്‍ കവിതയെഴുതിയ കടമ്മനിട്ട രാമക്യഷ്ണന്‍, ഡി. വിനയചന്ദ്രന്‍, എന്‍. എന്‍. കക്കാട് , ചെറിയാന്‍ കെ. ചെറിയാന്‍ തുടങ്ങി ബാലചന്ദ്രന്‍ ചുള്ളിക്കാടു വരെയുള്ളവരുടെ കവിതകള്‍ തങ്ങള്‍ ജീവിക്കുന്ന സമുഹത്തിലെ അനുകാലിക വൈതരണികളോടുള്ള പ്രതികരണങ്ങളായിരുന്നു.

ഭാഷയെ സ്‌നേഹിച്ചുകൊണ്ട് വളരുവാന്‍ ആഗ്രഹിക്കുന്ന അമേരിക്കയിലെ എഴുത്തുകാരുടെ ചെറിയ യോഗങ്ങളില്‍ പോലും ഉതിര്‍ക്കപ്പെടുന്ന ഇത്തരം അഭിപ്രായങ്ങള്‍ അവരെ ബാധിക്കാതിരിക്കട്ടെ!

എഴുതുവാന്‍ ആഗ്രഹമുള്ളവര്‍ എഴുതട്ടെ. സര്‍ഗാത്കതയോടെ സ്വയം പ്രകാശിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രകാശിതരാകട്ടെ. പക്ഷെ ഒരു സമുഹത്തിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന തിരിച്ചറിവ് വിസ്മരിക്കാതിരിക്കട്ടെ!!

പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
എഴുത്തുകാരനു സാമുഹ്യ പ്രതിബദ്ധത വേണോ?  (ബിനോയി സെബാസ്റ്റ്യന്‍)
Join WhatsApp News
Reader 2015-11-12 09:35:17
രാമായണവും, ഭാരതവും, ബൈബിളും ആസ്പദമാക്കി ചെറിയാൻ എഴുതിയ
കവിതകൾ അദ്ദേഹത്തിനു പ്രസസ്തി ഉണ്ടാക്കി
. പിന്നെ അദ്ദേഹം ആധുനികതയിലേക്ക് തിരിഞ്ഞു
അതിൽ എന്ത് മാത്രം സാമൂഹ്യ പ്രതിബദ്ധത
ഉണ്ടായിരുന്നു എന്ന് വായനകാര്ക്ക് അറിയാം
വായിക്കാത്ത അമേരിക്കാൻ മലയാളി
എന്തൊക്കെ വിശ്വസിക്കുന്നു. കവികളുടെ പേരു പറയുമ്പോൾ എല്ലാവരെയും കൂട്ടി പറയുക എന്ന സന്മനസ്സ്  നല്ലത് തന്നെ.
. പാവം പാവം അമേരിക്കാൻ മലയാളി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക