Image

വലിയലോകത്തെ ചെറിയ മനുഷ്യന്‍ (നിരൂപണം : അവിചാരിതം റീനി മമ്പലം : ഡോ. മിനി പ്രസാദ്)

Published on 12 November, 2015
വലിയലോകത്തെ ചെറിയ മനുഷ്യന്‍ (നിരൂപണം : അവിചാരിതം റീനി മമ്പലം : ഡോ. മിനി പ്രസാദ്)
അമേരിക്ക ഒരു സ്വപ്‌നഭൂമിയാണ്‌ അധ്വാനിക്കുവാന്‍ കഴിയുന്നവര്‍ വിജയിക്കും. പക്ഷേ ജീവിതം അപ്രതീക്ഷിതങ്ങളിലൂടെയുള്ള ഒരു യാത്രയാണ്‌. ഇത്‌ രണ്ട്‌ വ്യത്യസ്‌തമായ പ്രസ്‌താവനകളാണ്‌. ഈ പ്രസ്‌താവനകള്‍ ചേര്‍ന്ന്‌ നിര്‍മിച്ചെടുക്കുന്ന ഒരു നോവലാണ്‌ റീനി മമ്പലത്തിന്റെ ഭഅവിചാരിതംഭ.

റീനി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന മലയാളിയാണ്‌. തനിക്ക്‌ പരിചിതമായ പ്രവാസലോകത്തെയാണ്‌ റീനി ഈ നോവലിലൂടെ പരിചയപ്പെടുത്തുന്നത്‌. അമേരിക്കയില്‍ പണംകായ്‌ക്കുന്ന മരമുണ്ടെന്ന വിശ്വാസത്താല്‍ അവിടെ എത്തിപ്പെട്ടവരായിരുന്നു മലയാളികള്‍. അവരുടെ അതിജീവനത്തിന്റെ കഥകളാണിവ.രണ്ടു തലമുറകളാണ്‌ ഇതില്‍ പ്രത്യക്ഷപ്പെടുന്നത്‌. മുതിര്‍ന്ന തലമുറ അറിയപ്പെടാത്ത ഒരു നാട്ടിലെത്തി ജീവിതം കരുപ്പിടിപ്പിച്ച്‌ സ്വന്തമായി എന്തൊക്കെയോ ഉണ്ടെന്ന ധൈര്യത്തില്‍ ജീവിക്കുന്നവരാണ്‌. അവരുടെ

പ്രധാന പ്രശ്‌നം അവരിപ്പോഴും അസ്സല്‍ മലയാളികളാണ്‌ എന്നതാണ്‌. മക്കളാവട്ടെ അമേരിക്കക്കാരാവാനോ മലയാളികളാവാനോ കഴിയാതെ പോയവരും. അവരെയാണ്‌ റീനി സാന്‍വിച്ച്‌ ജനറേഷന്‍ എന്നു വിശേഷിപ്പിക്കുന്നത്‌. അവരും മാതാപിതാക്കളും തമ്മിലുള്ള സംഘര്‍ഷങ്ങളാണ്‌ നോവലിന്റെ ഒരുതലം.

ഏകനായകന്‍/ നായികയല്ല നോവലില്‍ പ്രത്യക്ഷപ്പെടുന്നത്‌. എങ്കിലും ശാലിനിയുടെ ആഖ്യാനത്തിലൂടെയാണ്‌ നോവല്‍ പുരോഗമിക്കുന്നതെന്ന്‌ പറയാം. ശാലിനി ഡോക്ടറാണ്‌. എങ്കിലും ഭര്‍ത്താവിന്റെ സംശയരോഗത്തിന്റെ ഇരയായിരുന്നു. അയാള്‍ തനിക്ക്‌ എന്തെങ്കിലും മനോരോഗമുണ്ടെന്ന്‌ സമ്മതിക്കുവാന്‍ തയ്യാറല്ല. ഭാര്യയെ അടിക്കുന്നത്‌ ജന്മാവകാശമാണെന്ന്‌ വിശ്വസിച്ച ആളുമായിരുന്നു. അതുകൊണ്ടുതന്നെ ശാലിനി സ്വാതന്ത്ര്യം കാംക്ഷിച്ചു. ശാലിനിയുടെ സഹോദരിമാര്‍, അവരുടെ കുടുംബങ്ങള്‍, വൃദ്ധനായ പിതാവ്‌ അവരൊക്കെയാണ്‌ കഥാപാത്രങ്ങള്‍. ജീവിതം നേടിക്കാടുത്തതൊക്കെ തികഞ്ഞ തിക്താനുഭവങ്ങളായതിനാലാവാം ഡേവിഡ്‌ പറഞ്ഞ വാക്കുകളിലും പ്രശംസയിലും ശാലിനി അടിപതറി വീണത്‌. അവള്‍ക്ക്‌ അയാളുടെ കുടുംബമോ ജീവിതമോ ഒന്നും പ്രശ്‌നമ അയിരുന്നില്ല . സ്വന്തം കുടുംബത്തിന്റെ മുന്നില്‍വെച്ച്‌ തന്നെ ഡേവിഡ്‌ അവഗണിക്കുന്നു എന്ന്‌ മനസിലായിട്ടുപോലും അയാളിലെ യാഥാര്‍ഥ്യം അവള്‍ മനസിലാക്കുന്നതേയില്ല. സഹപ്രവര്‍ത്തകനായ സ്‌പാനിഷ്‌കാരനെ അവഗണിക്കുന്നതും ഡേവിഡിനുവേണ്ടിയാണു.

നോവല്‍ തുടങ്ങുമ്പോള്‍ ഏകാകിയും മധ്യവയസില്‍ എത്തി നില്‍ക്കുന്നവളുമാണ്‌ ശാലിനി. അവരുടെ ഭൂതകാല ഓര്‍മകള്‍ എന്ന നിലയിലാണ്‌ നോവല്‍ വികസിക്കുന്നത്‌.

കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ആരും അറിയാതെ സൂക്ഷിക്കാനുള്ള കടമ എന്നും സ്‌ത്രീക്കുള്ളതാണ്‌. സുരേഷ്‌ തന്നെ ഉപദ്രവിക്കുമ്പോഴൊക്കെ നിശബ്ദമായി ശാലിനി അത്‌ സഹിക്കുന്നു. അവള്‍ക്ക്‌ സഹോദരിയോട്‌ കാര്യങ്ങള്‍ പറയാമായിരുന്നു. പോലീസിനെ വിളിക്കാമായിരുന്നു. അതിനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമായിരുന്നിട്ടും അവള്‍ അതൊന്നും ചെയ്‌തില്ല. കാരണം നമ്മുടെ പരമ്പരാഗത വിശ്വാസങ്ങള്‍ തന്നെ. അങ്ങനെയൊക്കെ ചെയ്യുന്നത്‌ ഒരു നല്ല ഭാര്യക്ക്‌ യോജിച്ചതല്ലെന്ന ഓര്‍മ. ചെറുപ്പം മുതലേ കേട്ടുവളര്‍ന്നത്‌. ഇതിലെ കഥാപാത്രങ്ങളുടെ സ്വഭാവങ്ങളിലൂടെ കടന്നുപോവുമ്പോള്‍ അവരുടെ ഭൗതിക ജീവിതം മാത്രമാണ്‌ ഒന്നാം ലോകരാജ്യത്തെന്നും മനസും പ്രവര്‍ത്തിയും ചിന്തയും മൂന്നാം ലോകരാജ്യത്തിന്റേതാണന്നും നാം തിരിച്ചറിയുന്നു. അശ്വതി എന്ന തന്റെ മകള്‍ ഒരു കറുത്ത വംശക്കാരനെ വിവാഹംകഴിച്ചാല്‍ ആ കറുമ്പന്‍ പേരക്കുട്ടികളെ താന്‍ എടുക്കേണ്ടിവരുമല്ലോ എന്നതാണ്‌ ആശയെ കുഴയ്‌ക്കുന്നത്‌. അവള്‍ അവനെ കല്ല്യാണം കഴിക്കുന്നതോ അവരുടെ ജീവിതത്തെപ്പറ്റിയുള്ള ഉത്‌കണ്‌ഠയോ അല്ല അവരെ കൂടുതല്‍ വിഷമിപ്പിക്കുന്നത്‌. അതിനുമപ്പുറം മനുഷ്യരുടെ മുഖത്ത്‌ താനും ഭര്‍ത്താവും എങ്ങനെനോക്കും എന്നതാണ്‌ പ്രശ്‌നം. റോഷന്‍ മയക്കുമരുന്നിന്‌ അടിമയാണ്‌ എന്നത്‌ പൂര്‍ണമായും ഒളിപ്പിച്ച്‌നാട്ടിലെത്തി വിവാഹം നടത്തുവാന്‍ ലതയും സാജനും കാണിക്കുന്ന കൗശലവും അവരുടെയും മനസുംഇപ്പോഴും വളര്‍ന്നിട്ടില്ല എന്നു വ്യക്തമാക്കുന്നുണ്ട്‌. റോഷന്‍ ഡ്രഗ്‌സ്‌ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ പരാതിപറയുന്ന മഞ്‌ജുവിനോട്‌ ആണ്‍കുട്ടികളായാല്‍ ചിലപ്പോള്‍ വലിക്കും ചിലപ്പോള്‍ കുടിക്കും നീ അതൊന്നും കാര്യമാക്കേണ്ടെന്ന ഉപദേശവും അടിസ്ഥാനപരമായി ശുദ്ധ മലയാളികളുടേതുതന്നെയാണ്‌. അവരുടെ പാര്‍ട്ടികളിലെ സംസാരം, വീമ്പുപറച്ചില്‍ എന്നിവയിലൂടെ കടന്നു പോവുമ്പോഴും അടിസ്ഥാന സ്വഭാവങ്ങള്‍ മാറിയിട്ടില്ലെന്ന്‌ കാണാം. താന്‍ ബുഷിനേക്കാള്‍ നന്നായി ഭരിക്കുമായിരുന്നു എന്നൊക്കെ പറയുന്നവര്‍, പള്ളികളിലേയും പള്ളി സംഘടനകളിലേയും വഴക്കുകളും നിയന്ത്രിക്കുന്നവര്‍ ഇവരെയൊക്കെ ഈ നോവലിലൂടെ പരിചയപ്പെടുമ്പോള്‍ അവര്‍ കേരളത്തെ അതേപടി അവിടെ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നവരാണെന്നുകാണാം. എല്ലാവരുടെയും സ്വപ്‌നമായ ഏഴാം കടലിനക്കരെയുള്ള ആ രാജ്യത്തേക്കുള്ള യാത്രയെ ഭീതിയോടെ നോക്കുന്നവര്‍ വാര്‍ധക്യത്തിന്റെ പടിവാതിലില്‍ എത്തിയവരാണ്‌. ശാലിനിയുടെ അപ്പന്‍ വര്‍ഗീസ്‌ അക്കൂട്ടത്തില്‍പ്പെടുന്ന ഒരാളാണ്‌. സായിപ്പിന്റെ വഴുവഴുത്ത ഭാഷകേട്ട്‌ ശിഷ്ടകാലം ജീവിക്കുവാന്‍ മാത്രം താന്‍ ഇത്ര വലിയ തെറ്റെന്താണ്‌ ചെയ്‌തതെന്ന്‌ അയാള്‍ ചോദിക്കുന്നു.

കാലാവസ്ഥ,ഭക്ഷണം, സാഹചര്യങ്ങള്‍ ഒന്നിനോടും ഇണങ്ങാനാവാതെ അവസാനം ഓര്‍മകള്‍ നഷ്ടപ്പെട്ടു നില്‍ക്കുന്നവര്‍ഗീസിനെ പടുമരം എന്നാണ്‌ റീനി വിശേഷിപ്പിക്കുന്നത്‌.

പുതിയ തലമുറ അതായത്‌ സാന്‍വിച്ച്‌ ജനറേഷന്‍ ഇങ്ങനയേ അല്ല. അവര്‍ വളരെ വ്യത്യസ്‌തരാവാനാഗ്രഹിക്കുന്നു. വീട്ടിലെ അനാവശ്യനിയന്ത്രണങ്ങള്‍ അവര്‍ക്ക്‌മനസിലാവുന്നതേയില്ല. ഷോണ്‍ എന്ന ചെറുപ്പക്കാരന്‍ കറുത്തവംശത്തില്‍ പിറന്നു എന്നത്‌ അവന്റെ കുറ്റമായി കാണാന്‍ അശ്വതി തയ്യാറല്ല. അവളെ സംബന്ധിച്ചിടത്തോളം ഒരുപാട്‌ പ്‌ളസ്‌ പോയിന്റുകള്‍ അവനുണ്ടായിരുന്നു. അവന്റെ കുടുംബം അവളെ വളരെ സ്‌നേഹത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു. എനിക്ക്‌ സ്‌നേഹമെന്ന മതത്തിലേ വിശ്വാസമുള്ളൂ മനുഷ്യന്‍ എന്ന വര്‍ഗത്തിലും എന്നു പറയുന്ന അനില്‍ ആശയുടെ മകന്‍ പുതിയ തലമുറയുടെ ചിന്താഗതികള്‍ വ്യക്തമാക്കുന്നു. റോഷന്‍ അമേരിക്കന്‍ യുവത്വത്തിന്റെ എതിര്‍ മുഖങ്ങളെ പ്രതിനിധാനം ചെയ്യുന്നു. വീട്ടില്‍ നിന്നും പണം മോഷ്ടിച്ച്‌ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി സ്വയം നശിച്ച്‌ പോകുന്നവര്‍. അവിടെ വളരുന്ന കുട്ടികള്‍ക്ക്‌ കുടുംബബന്ധങ്ങളില്‍ താല്‍പ്പര്യമോ ആരെയും സഹിക്കുവാന ഉള്ള മനോഭാവമോ ഇല്ല എന്നതിന്‌ തെളിവായിട്ടുവേണം വല്യപ്പച്ചന്റെ കുഴമ്പുമണത്തോടുള്ള കുട്ടികളുടെ മനോഭാവത്തെ കാണേണ്ടത്‌. വര്‍ഗീസ്‌ സ്‌മെല്‍ എന്ന്‌ ആ മണത്തിനെ പുച്ഛിക്കുക മാത്രമല്ല അത്‌ തങ്ങളിലേക്ക്‌ വ്യാപിക്കുമോ എന്നുവരെ അവര്‍ ഭയക്കുന്നു.

സ്വവര്‍ഗ വിവാഹങ്ങള്‍ അമേരിക്കയില്‍ സാധാരണ ആയെങ്കിലും അതിനെ ഉള്ളുതുറന്ന്‌ സ്വീകരിക്കുവാന്‍ കുടിയേറ്റക്കാര്‍ക്ക്‌ ഇന്നും കഴിഞ്ഞിട്ടില്ല.അതുകൊണ്ടാണ്‌ സമീര്‍ എന്ന തന്റെ മകന്‌ ഗേള്‍ഫ്രണ്ട്‌സോ മറ്റ്‌ ചീത്ത സ്വഭാവങ്ങളോ ഇല്ല എന്നു പൊങ്ങച്ചം പറഞ്ഞു നടന്ന നാന്‍സി എന്ന പൊങ്ങച്ചക്കാരി തന്റെ മകന്‍ ബോബി എന്ന സുഹൃത്തിനെ വിവാഹം കഴിച്ചു എന്ന വാര്‍ത്തക്കു മുന്നില്‍ പതറിപ്പോവുന്നത്‌.

എന്നാലും അമേരിക്കയില്‍ എത്തിപ്പെട്ടതിനാല്‍ മാത്രം രക്ഷപ്പെട്ടു എന്നു വിശ്വസിക്കുന്ന രണ്ടു കുടുംബങ്ങളെയും റീനി പരിചയപ്പെടുത്തുന്നു. വളരെ കഷ്ടപ്പെട്ട്‌ ജീവിക്കുന്നവര്‍. ആ കുടുംബത്തിലെ കുട്ടികളുടെ പൊതുവായ ഉത്തരവാദിത്തബോധം ശാലിനി അത്ഭുതത്തോടെ നോക്കുന്നു. അതിജീവനത്തിന്റെ മറ്റൊരു മുഖം എന്ന നിലയിലാണ്‌ ഇവരെ കാണേണ്ടത്‌. ഇത്തരം ചില ജീവിതങ്ങള്‍ കൂടി അവിടെയുണ്ട്‌ എന്നു പറയുമ്പോഴേ നോവല്‍ പൂര്‍ണമാവൂ എന്ന എഴുത്തുകാരിയുടെ ബോധ്യമാണ്‌ ഈ പരിചയപ്പെടുത്തലിലൂടെ സാധ്യമായത്‌.

അമേരിക്ക എന്ന പലരുടയും സ്വപ്‌നലോകത്തിന്റെ ആഡംബര പ?!ൂര്‍ണവും സുഖകരവുമായ മുഖങ്ങള്‍ക്ക്‌ പിന്നിലുള്ള ചില യാഥാര്‍ഥ്യങ്ങ ള അണ്‌ റീനി പരിചയപ്പെടുത്തിയത്‌. രാഷ്ട്രീയം, സാമൂഹയം, സാമ്പത്തികം എന്നിവയൊക്കെ വളരെ കുറച്ചുമാത്രമേ ഇതില്‍ കടന്നു വരുന്നുള്ളൂ. പലപ്പോഴും ചില പരാമര്‍ശങ്ങളിലൂടെ നാം അവയിലേക്ക്‌ എത്തിപ്പെടുകയാണ്‌. അതാവാം പ്രവാസ രചനകളിലെ പെണ്ണെഴുത്തിന്റെ വ്യതിയാനത. അവര്‍ ഇരുവരുടെയും അനുഭവങ്ങള്‍ തന്നെ വ്യത്യസ്‌തമാണല്ലോ. ശാലിനി എന്ന കഥാപാത്രത്തെ ഇത്ര സത്യസന്ധമായി സൃഷ്ടിക്കുവാന്‍ ഒരു എഴുത്തുകാരിക്കേ കഴിയൂ.

റീനിക്ക്‌ നല്ല ഭാഷയുണ്ട്‌. ഇത്രകാലം പ്രവാസ ജീവിതം അനുഭവിച്ചും അറിഞ്ഞും ജീവിച്ചിട്ടും ഭാഷയുടെ ഒഴുക്ക്‌ നഷ്ടപ്പെട്ടിട്ടില്ല എന്നതാണ്‌ ഈ നോവലിന്റെ വായനയെ സുഗമമാക്കുന്നത്‌. ശാലിനിയുടെ ഈ ചിന്തകള്‍ നല്ല ഉദാഹരണങ്ങളാണ്‌. `താന്‍ ഈ വഞ്ചി തനിയെ തുഴയുകയാണ്‌. ഇവിടെയുള്ള ഓരോ ഓളവും നുരകളും തന്റേതാണ്‌. തുഴയെറിയുന്ന ദിശ നിര്‍ണയിക്കുന്നതും താന്‍ തന്നെ. ഈ സ്വാതന്ത്ര്യവും സ്വച്ഛതയും താന്‍ ഇഷ്ടപ്പെടുന്നു. ഇപ്പോള്‍ സഞ്ചരിക്കുന്ന തടാകത്തിന്റെ ശാന്തത മറന്ന്‌ കാറ്റും കോളും ഉണ്ടായേക്കാവുന്ന മറ്റൊരു തടാകത്തിലേക്ക്‌ വേണമെങ്കില്‍ തുഴയാം. അപ്പോള്‍ തന്റെ വഞ്ചി മുങ്ങിയേക്കുമോ എന്ന ഭയം അവളില്‍ പടരുന്നു'. ജീവിതം അപ്രതീക്ഷിതങ്ങളിലൂടെയുള്ള ഒരു യാത്രയാണെന്ന്‌?!ൂരു മരീചികയാണെന്ന്‌ ശാലിനി തന്നെത്തന്നെ ഓര്‍മപ്പെടുത്തുന്നയിടത്ത്‌ നോവല്‍ അവസാനിക്കുന്നു. അവിചാരിതമാണെന്ന്‌ നാം കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. സമ്പന്നനാടിന്റെ അധ്വാനം കൊണ്ട്‌ ജയിക്കുന്നവരുടെ നാടിന്റെ സാന്‍വിച്ച്‌ ജനറേഷന്റെ തീരുമാനങ്ങളുടെ, വാര്‍ധക്യം ശാപമായ നാട്ടിലെ ചെറിയ മനുഷ്യരുടെയും അവര്‍ നിലനില്‍ക്കുന്ന വലിയ ലോകത്തിന്റെയും കഥകള്‍.....

അവിചാരിതം, പ്രസാധനം : ന്യൂ ബുക്‌സ്‌ കണ്ണൂര്‍, വില 90 രൂപ

indulekha.com ലും പുസ്‌തകം ലഭ്യമാണ്‌.
വലിയലോകത്തെ ചെറിയ മനുഷ്യന്‍ (നിരൂപണം : അവിചാരിതം റീനി മമ്പലം : ഡോ. മിനി പ്രസാദ്)
വലിയലോകത്തെ ചെറിയ മനുഷ്യന്‍ (നിരൂപണം : അവിചാരിതം റീനി മമ്പലം : ഡോ. മിനി പ്രസാദ്)

Join WhatsApp News
വായനക്കാരൻ 2015-11-12 21:55:27
അമേരിക്കൻ മലയാളി ജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ള റീനി മമ്പലത്തിന്റെ ഈ നോവൽ ലാന അവാർഡ് കമ്മറ്റി കണ്ടോ ആവോ!
sahrudayan 2015-11-13 07:37:06
കാട്ടുകോഴിക്കെന്തു കേട്ടു കേള വി എന്ന്
പറയുന്ന പോലെയാണു അമേരിക്കൻ മലയാള
സാഹിത്യ കാരന്മാരിൽ പലരും.
 കാട്ടിലെ തടി
തേവരുടെ ആന ...ക്ഷമിക്കൂ സുഹൃത്തെ
എല്ലാവരും കാലയവനികൾക്കുള്ളിൽ അണയാനുള്ള
പ്രായമായി... വയസ്സായവരുടെ പ്രവർത്തികൾ കരുണയോടെ കാണുക ഒരു പുതിയ ആകാശവും ഭൂമിയും
അമേരിക്കാൻ മലയാള സാഹിത്യത്തിൽ പുലരും.
റീനി യുടെ മാത്രമല്ല പലതും ലാനയും ഇവിടത്തെ
സംഘടനകളും കാണുന്നില്ല ..
പാസ്റ്റർ മത്തായി 2015-11-13 08:22:54
"എല്ലാവരും കാലയവനികൾക്കുള്ളിൽ അണയാനുള്ള
പ്രായമായി... വയസ്സായവരുടെ പ്രവർത്തികൾ കരുണയോടെ കാണുക ഒരു പുതിയ ആകാശവും ഭൂമിയ്ക്കുമായി കാത്തിരിക്കുന്നവർക്ക് വേണ്ടി നമ്മൾക്ക്  കൊച്ചുകുഞ്ഞു ഉപദേശിയുടെ പാട്ട് കയ്യടിച്ചു പാടാം 

സമയമാം രഥത്തിൽ ഞാൻ  സ്വർഗ്ഗ യാത്ര ചെയ്യുമ്പോൾ 
എന്റെ ദേഹം മൂടുവാനായി  പൊന്നിൽ തീർത്ത ആടയും 
വൈരികളാം വിമർശകരെ അടിച്ചു വീഴ്ത്താൻ ഫലകവും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക